അന്തര്‍ദേശീയം
ട്രംപിന്റെ അന്ത്യശാസനം തള്ളിക്കളഞ്ഞ് ഇറാന്‍
ന്യുഡല്‍ഹി: ഇറാനെതിരായ ആക്രമണത്തിനുള്ള സൈനിക പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയിരുന്നുവെന്നും എന്നാല്‍ ഇതുവരെ അന്തിമ ഉത്തരവ് നല്‍കിയിട്ടില്ലെന്നും യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഇറാന് അവരുടെ ആണവ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ ട്രംപ് ഒരു അവസരം കൂടി നല്‍കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ഇറാനെതിരായ യുദ്ധത്തില്‍ ഇസ്രയേലിന് സൈനിക സഹായം നല്‍കരുതെന്ന് അമേരിക്കയോട് റഷ്യ. ഇസ്രയേലിനുള്ള യുഎസ് സഹായം മിഡില്‍ ഈസ്റ്റിനെ അസ്ഥിരപ്പെടുത്തുമെന്ന് റഷ്യന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെര്‍ജി റിയാബ്‌കോവ് മുന്നറിയിപ്പ് നല്‍കി. ഇറാനും ഇസ്രയേലും തമ്മിലുള്ള വ്യോമാക്രമണം ആറ് ദിവസമായി തുടരുന്ന സാഹചര്യത്തിലാണ് റഷ്യയുടെ പ്രതികരണം.
ഇസ്രയേലുമായുള്ള സംഘര്‍ഷത്തില്‍ നിരുപാധികം കീഴടങ്ങണമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അന്ത്യശാസനം ഇറാന്‍ തള്ളിക്കളഞ്ഞു. പോരാട്ടം തുടങ്ങിയിട്ടേ ഉള്ളുവെന്നും ഇറാന്‍ കീഴടങ്ങില്ലെന്നും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി വ്യക്തമാക്കി. ഇറാന്‍ ദേശീയ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തുള്ള പ്രസ്താവനയിലാണ് ആയത്തുള്ള അലി ഖമനേയി ഇക്കാര്യം വ്യക്തമാക്കിയത്.
സംഘര്‍ഷം അവസാനിപ്പിക്കണമെന്നും ഇരു രാജ്യങ്ങളും ചര്‍ച്ചകളിലേക്ക് മടങ്ങണമെന്നും സി 3 രാജ്യങ്ങളായ ഫ്രാന്‍സ്, ജര്‍മ്മനി, യുകെ. ആവശ്യപ്പെട്ടു. സ്വയം പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ അവകാശം അന്താരാഷ്ട്ര നിയമങ്ങള്‍ അനുസരിച്ചായിരിക്കണമെന്നും ഇറാന്റെ ആണവ സമ്പുഷ്ടീകരണം സിവിലിയന്‍ ആവശ്യങ്ങള്‍ക്കും അപ്പുറമാണെന്നും മൂന്ന് രാഷ്ട്രങ്ങളും വ്യക്തമാക്കി.
സംഘര്‍ഷം മൂര്‍ച്ഛിക്കുന്ന സാഹചര്യത്തില്‍ സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് വാട്‌സ് ആപ് നീക്കം ചെയ്യാന്‍ ഇറാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടുരുന്നു. ഇറാനിയന്‍ സ്റ്റേറ്റ് ടെലിവിഷനിലൂടെയാണ് വാട്‌സ് ആപ് നീക്കം ചെയ്യണമെന്ന് പൊതുജനങ്ങളോട് ആവശ്യപ്പെട്ടത്. ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും മാതൃ കമ്പനിയായ മെറ്റയുടെ ഉടമസ്ഥതയിലുള്ളതാണ് വാട്‌സ്ആപ്പ്.
അതേസമയം, ഇറാനില്‍ നിന്നും ഒഴിപ്പിച്ച ഇന്ത്യക്കാരുമായുള്ള ആദ്യവിമാനം ദില്ലിയിലെത്തി. അര്‍മേനിയയുടെ തലസ്ഥാനമായ യെരേവാനില്‍ നിന്ന് പുറപ്പെട്ട വിമാനത്തില്‍ 110 ഇന്ത്യാക്കാരാണുള്ളത്. ജമ്മു കശ്മീര്‍ സ്വദേശികളാണ് ഇവരില്‍ കൂടുതലും. ഈ സംഘത്തില്‍ മലയാളികള്‍ ഇല്ലെന്നാണ് നോര്‍ക്ക നല്‍കുന്ന വിവരം.
