കായികം
വനിതാ ക്രിക്കറ്റിന്റെ നെറുകയില്‍ ടീം ഇന്ത്യ
ന്യുഡല്‍ഹി: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ ചരിത്രമെഴുതി ടീം ഇന്ത്യ. ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 52 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ കന്നി കീരീടം ഉയര്‍ത്തി. നവി മുംബൈ, ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ 299 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 45.3 ഓവറില്‍ 246 റണ്‍സിന് പുറത്തായി. ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിന്റെ (98 പന്തില്‍ 101) സെഞ്ചുറിക്കും ദക്ഷിണാഫ്രിക്കയെ രക്ഷിക്കാനായില്ല.
അഞ്ച് വിക്കറ്റ് നേടിയ ദീപ്തി ശര്‍മയാണ് ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ദീപ്തി ശര്‍മ തന്നെയാണ് ഫൈനലിലെ താരം. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയെ ഷെഫാലി വര്‍മ (87), ദീപ്തി ശര്‍മ (58), സ്മൃതി മന്ഥാന (45), റിച്ച ഘോഷ് (34) എന്നിവരുടെ ഇന്നിംഗ്‌സുകളാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്.
ഏഴ് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അയബോംഗ ഖാക മൂന്ന് വിക്കറ്റ് വീഴ്ത്തി.
വനിതാ ലോക കപ്പ് ക്രിക്കറ്റ് ഫൈനലില്‍ 87 റണ്‍സും 2 വിക്കറ്റുമെടുത്ത് മികച്ച പ്രകടനം കാഴ്ച വെച്ച് കളിയിലെ താരമായി മാറിയ ഷഫാലി വര്‍മ ഈ ലോകകപ്പിലേക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡില്‍ നിന്ന് ഒഴിവാക്കപ്പെട്ടയാളായിരുന്നു. മോശം ഫോമും ഫിറ്റ്‌നസ് പ്രശ്‌നങ്ങളുമാണ് ഷഫാലിക്ക് തിരിച്ചടിയായത്. എന്നാല്‍ സെമിക്ക് മുമ്പ് പരിക്കേറ്റ പുറത്തായ പ്രതിക റാവലിന് പകരക്കാരിയായാണ് ഷഫാലി ടീമിലെത്തിയത്.
പ്രതികയ്ക്ക് സംഭവിച്ചതുപോലെ ഒരു കായികതാരത്തിനും സംഭവിക്കരുതെന്നും, പക്ഷേ, ദൈവം ചിലത് ചെയ്യാനാണ് എന്നെ ഇങ്ങോട്ടയച്ചതെന്നുമാണ് പ്രതികയ്ക്ക് പകരം ടീമിലെത്തിയപ്പോള്‍ ഷഫാലി പറഞ്ഞത്. അത് അന്വര്‍ഥമാക്കുന്നതായിരുന്നു ഷഫാലിയുടെ ഫൈനലിലെ പ്രകടനം. കലാശപ്പോരില്‍ ബാറ്റുകൊണ്ടും പന്തുകൊണ്ടും ഷഫാലി ചരിത്രമെഴുതി. ലോകകപ്പ് മാത്രം നേടിയല്ല, ഫൈനലിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം കൂടി സ്വന്തമാക്കിയാണ് ഷഫാലി മടങ്ങുന്നത്. അതും തിരിച്ചുവന്ന രണ്ടാം മത്സരത്തില്‍ തന്നെ.
വനിതാ ലോകകപ്പില്‍ മുത്തമിട്ട ഇന്ത്യന്‍ ടീമിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. അതിശയകരമായ ജയം എന്നാണ് മോദി എക്‌സില്‍ കുറിച്ചത്. ഇന്ത്യന്‍ വനിതകള്‍ മികച്ച കഴിവും ആത്മവിശ്വാസവും പ്രകടിപ്പിച്ചുവെന്നും ടൂര്‍ണമെന്റിലുടനീളം പ്രകടിപ്പിച്ച അസാധാരണമായ ടീം വര്‍ക്കിനെയും സ്ഥിരോത്സാഹത്തെയും പ്രശംസിക്കുവെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു. ചരിത്രപരമായ വിജയമെന്നും ഈ വിജയം ഭാവി ചാമ്പ്യന്‍മാര്‍ക്ക് കായികരംഗത്തേക്ക് കടക്കാന്‍ പ്രചോദനമാകുമെന്നും മോദി പറഞ്ഞു.
