അന്തര്‍ദേശീയം
ഗാസ യുദ്ധം വൈകാതെ അവസാനിക്കുമെന്ന് ട്രംപ്
വാഷിംഗ്ടണ്‍: പലസ്തീനിലെ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള ഇസ്രയേല്‍ നീക്കം നടക്കില്ലെന്നും ഗാസ യുദ്ധം വൈകാതെ അവസാനിക്കുമെന്നും യു.എസ്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇന്നലെ ഐക്യരാഷ്ട്ര പൊതുസഭയില്‍ നെതന്യാഹു പ്രസംഗിക്കുന്നതിന് മുന്നോടിയായി വൈറ്റ് ഹൗസ് റിപ്പോര്‍ട്ടര്‍മാരോടാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. ഇസ്രയേലിനെ വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാന്‍ എന്തായാലും താന്‍ അനുവദിക്കില്ലെന്നും അത് സംഭവിക്കില്ല എന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ടെന്നുമാണ് ട്രംപ് വ്യക്തമാക്കിയത്.
വെസ്റ്റ് ബാങ്ക് പിടിച്ചെടുക്കാനുള്ള നീക്കവുമായി ഇസ്രയേല്‍ മുന്നോട്ട് പോയാല്‍ ഉണ്ടാകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് പ്രധാന അറബ്, മുസ്ലീം രാജ്യങ്ങളിലെ നേതാക്കള്‍ ട്രംപിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്രംപിന്റെ പ്രഖ്യാപനം എന്നത് ശ്രദ്ധേയമായി. ഗാസയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള വെടിനിര്‍ത്തല്‍ ഉടമ്പടി ഏതാണ്ട് അടുത്തെത്തിയെന്ന സൂചനയും ട്രംപ് നല്‍കി.
അതേസമയം, കൂട്ടക്കുരുതിയെയും നിലവിലെ ആക്രമണങ്ങളെയും ന്യായീകരിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഐക്യരാഷ്ട്രസഭയില്‍ നടത്തിയ പ്രസംഗം നിരവധി രാജ്യങ്ങള്‍ ബഹിഷ്‌കരിച്ചു. യു.എന്‍. ജനറല്‍ അസംബ്ലിയില്‍ നെതന്യാഹു പ്രസംഗിക്കുമ്പോള്‍ നിരവധി നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഹാള്‍ വിട്ടുപോയതോടെ വേദി ഏതാണ്ട് ഒഴിഞ്ഞ നിലയിലായിരുന്നു. അതേസമയം, ഹമാസിന്റെ ഭീഷണിയില്ലാതാകും വരെ യുദ്ധം തുടരുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചു.
ഇന്ത്യ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ സാധ്യമാക്കിയത് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണെന്നും അദ്ദേഹത്തിന്റെ ധീരമായ ഇടപെടല്‍ യുദ്ധം അവസാനിപ്പിച്ചു എന്നുമാണ് പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് യുഎന്നില്‍ പ്രസ്താവന നടത്തിയത്. യുദ്ധത്തില്‍ വിജയിച്ചത് പാക് സൈന്യമെന്നും പ്രധാനമന്ത്രി അവകാശ വാദമുന്നയിച്ചു. ട്രംപിനെ നൊബേല്‍ സമ്മാനത്തിന് പാക്കിസ്ഥാന്‍ നാമനിര്‍ദേശം ചെയ്തു. ഈ പുരസ്‌കാരത്തിന് ഏറ്റവും അര്‍ഹനായ വ്യക്തിയാണെന്നും ഷെഹബാസ് ഷെരീഫ് പറഞ്ഞു.
വൈറ്റ് ഹൗസിലെത്തിയ പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിനെയും സൈനിക മേധാവി അസിം മുനീറിനെയും സ്വാഗതം ചെയ്ത് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ‘മഹാന്‍മാരായ നേതാക്കളെ’ന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് ഇരുവരെയും ട്രംപ് സ്വാഗതം ചെയ്തത്. അതേസമയം പാകിസ്ഥാനും അമേരിക്കയും തമ്മിലുള്ള ബന്ധം അടുത്തിടെ വളരെയധികം മെച്ചപ്പെട്ടതിന്റെ സൂചനയായാണ് ഈ കൂടിക്കാഴ്ചയെ വിലയിരുത്തുന്നത്.
