അന്തര്‍ദേശീയം
ഇസ്രയേല്‍ ആക്രമണത്തില്‍ 250ഓളം പേര്‍ക്ക് പരിക്കേറ്റെന്ന് ഹമാസ് ആരോഗ്യമന്ത്രാലയം
ന്യുഡല്‍ഹി: ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 46 കുട്ടികളും 20 സ്ത്രീകളും ഉള്‍പ്പെടെ 104 പലസ്തീനികള്‍ കൊല്ലപ്പെട്ടതായി ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇസ്രയേല്‍ ആക്രമണത്തില്‍ 250ഓളം പേര്‍ക്ക് പരിക്കേറ്റെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു. ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ആരോപിച്ചാണ് ഇസ്രയേല്‍ കഴിഞ്ഞദിവസം ഗാസയില്‍ ആക്രമണം ആരംഭിച്ചത്. അതേസമയം, ബുധനാഴ്ച രാവിലെയോടെ ആക്രമണം നിര്‍ത്തിവെച്ചതായും ഇസ്രയേല്‍ വീണ്ടും വെടിനിര്‍ത്തല്‍ കരാര്‍ പുനഃസ്ഥാപിച്ചതായും എന്നാല്‍, ഏതെങ്കിലും തരത്തില്‍ ലംഘനമുണ്ടായാല്‍ അതിന് ശക്തമായ തിരിച്ചടി നല്‍കുമെന്നും ഇസ്രയേല്‍ പ്രതിരോധസേന അറിയിച്ചു.
എന്നാല്‍, ഗാസയിലെ സമാധാന കരാര്‍ കൂടുതല്‍ വഷളാകുകയാണ്. മൃതദേഹങ്ങള്‍ കൈമാറുന്നതില്‍ കൃത്രിമത്വം കാണിച്ചതിലൂടെ ഹമാസ് ഇസ്രയേലിനെയും അമേരിക്കയെയും ലോകത്തെയും ചതിച്ചെന്ന രൂക്ഷമായ പ്രതീകരണവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു രംഗത്തെത്തിയിരിക്കുകയാണ്. ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളില്‍ 90 ലധികം പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഒരു ഇസ്രയേല്‍ സൈനികനും ആക്രമണത്തില്‍ കൊല്ലപ്പെട്ടു.
