അന്തര്‍ദേശീയം
പാരീസ് മ്യുസിയം കവര്‍ച്ച; അറസ്റ്റ് നടന്നതായി ഫ്രഞ്ച് അധികൃതര്‍
ന്യുഡല്‍ഹി: പാരീസിലെ ലൂവ്ര് മ്യുസിയത്തില്‍ നിന്നു നെപ്പോളിയന്‍ ചക്രവര്‍ത്തി ഉള്‍പ്പെടെ രാജ കുടുംബാംഗങ്ങളുടെ വില പിടിച്ച ആഭരണങ്ങളും രത്‌നങ്ങളും കവര്‍ച്ച ചെയ്ത നാലംഗ സംഘത്തില്‍ പെട്ട ചിലരെ അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് അധികൃതര്‍.
രണ്ടു പേര്‍ പിടിയിലായെന്നും അതില്‍ ഒരാള്‍ അള്‍ജീരിയയിലേക്കു പറക്കാന്‍ റോയ്‌സിഡിഗോള്‍ വിമാനത്താവളത്തില്‍ എത്തിയതായിരുന്നു എന്നും ഫ്രഞ്ച് മാധ്യമങ്ങള്‍ പറഞ്ഞു. ലോകത്തെ ഞെട്ടിക്കുകയും ഫ്രാന്‍സിന്റെ മാനം കെടുത്തുകയും ചെയ്ത കവര്‍ച്ച നടന്നു ഒരാഴ്ച്ച കഴിഞ്ഞാണ് അറസ്റ്റ് ഉണ്ടാവുന്നത്. ആഭരണങ്ങള്‍ കണ്ടെടുത്തോ എന്നു വ്യക്തമല്ല.
ബാന്‍ഡിട്രി റിപ്രഷന്‍ ബ്രിഗേഡ് (ബി.ആര്‍.ബി) ആണ് അറസ്റ്റ് നടത്തിയതെന്നു പാരീസ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഓഫിസ് അറിയിച്ചു. അറസ്റ്റ് ചെയ്തവരെ കോടതിയില്‍ ഹാജരാക്കാതെ 96 മണിക്കൂര്‍ ചോദ്യം ചെയ്യാം. രാവിലെ 9:30നു മ്യുസിയത്തില്‍ എത്തിയ കവര്‍ച്ചാ സംഘം എട്ടു മിനിറ്റ് കൊണ്ട് രണ്ടാം നിലയിലെ അപ്പോളോ ഗാലറിയില്‍ നിന്നു ചില്ലു കൂടുകള്‍ തകര്‍ത്താണ് ആഭരണങ്ങള്‍ എടുത്ത് മുങ്ങിയത്.
