Connect with us

ഫീനിക്‌സിനെ പോലെ പറന്ന് ഉയര്‍ന്ന് സുപ്രീം കോടതി

എഡിറ്റോറിയല്‍

ഫീനിക്‌സിനെ പോലെ പറന്ന് ഉയര്‍ന്ന് സുപ്രീം കോടതി

ഇന്ത്യന്‍ ജുഡീഷ്യറിക്ക് നട്ടെല്ലുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ‘മീഡിയാ വണ്‍ വിലക്ക്’ റദ്ദാക്കിക്കൊണ്ടുള്ള സുപ്രീം കോടതി വിധി.

എന്നെന്നേക്കുമായി നഷ്ടമായെന്ന് ജനങ്ങള്‍ ഭയപ്പെട്ട ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഈ വിധിയിലൂടെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന് കഴിഞ്ഞിരിക്കുകയാണ്.

കേന്ദ്രസര്‍ക്കാര്‍ മീഡിയവണ്ണിന് കല്‍പ്പിച്ച വിലക്ക് ശരിവെച്ചുകൊണ്ട് കേരളാ ഹൈക്കോടതി സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും പുറപ്പെടുവിച്ച ഉത്തരവുകള്‍ റദ്ദാക്കിക്കൊണ്ടാണ് പരമോന്നത നീതിപീഠത്തിന്റെ ചരിത്ര വിധി.

‘ദേശ സുരക്ഷ’ എന്ന് പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന മുദ്രവെച്ച കവറുകള്‍ ഇനി പരിഗണിക്കില്ലെന്ന് നേരത്തെതന്നെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. മീഡിയാ വണ്ണിനെതിരെ ദേശസുരക്ഷയ്ക്ക് ഭീഷണി എന്ന തരത്തിലുള്ള രഹസ്യപൊലീസ് റിപ്പോര്‍ട്ടുകളാണ് കേന്ദ്രസര്‍ക്കാര്‍ സീല്‍ഡ് കവറുകളില്‍ നല്‍കിയത്. എന്നാല്‍ ഈ ആരോപണങ്ങള്‍ തെളിയിക്കാനുള്ള ഒരു രേഖയും സര്‍ക്കാരിന് സമര്‍പ്പിക്കാന്‍ കഴിഞ്ഞില്ല. ദേശസുരക്ഷയുടെ പേരുപറഞ്ഞ് പൗരന്റെ സ്വാതന്ത്ര്യം ഹനിക്കാന്‍ സര്‍ക്കാരിന് അധികാരമില്ലെന്ന് സുപ്രീം കോടതി ഈ വിധിയില്‍ വ്യക്തമാക്കി. മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടേണ്ടത് ജനങ്ങളുടെ അവകാശമാണ്. ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് മാധ്യമസ്ഥാപനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമില്ല. സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ നടത്തുന്നത് അവരുടെ കടമയാണ്. മാധ്യമങ്ങള്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുകയും സര്‍ക്കാരിനോട് ചേര്‍ന്നു നില്‍ക്കുകയും വേണമെന്ന് നിര്‍ബന്ധിക്കാന്‍ പാടില്ല. രാജ്യം നേരിടുന്ന വെല്ലുവിളികള്‍ യഥാസമയം ജനങ്ങളെ അറിയിക്കുക എന്ന കര്‍ത്തവ്യം മാധ്യമങ്ങള്‍ നിറവേറ്റണം. സര്‍ക്കാരിന്റെ ജനവിരുദ്ധമായ നടപടികള്‍ തുറന്നുകാണിക്കാന്‍ മാധ്യമങ്ങള്‍ക്ക് അവകാശമുണ്ട്. സര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടുള്ള മീഡിയാ വണ്ണിലേയും മാധ്യമം പത്രത്തിലേയും റിപ്പോര്‍ട്ടുകളാണ് ദേശവിരുദ്ധ പ്രവര്‍ത്തനമായി സര്‍ക്കാര്‍ ചിത്രീകരിച്ചത്. ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയിലെ ആളുകള്‍ക്ക് മീഡിയാ വണ്ണില്‍ ഷെയര്‍ ഉണ്ടെന്നാണ് സര്‍ക്കാര്‍ ചൂണ്ടിക്കാണിച്ച മറ്റൊരു ആരോപണം. മാധ്യമ സ്ഥാപനത്തിന് വിലക്ക് ഏര്‍പ്പെടുത്താന്‍ മതിയായ ആരോപണങ്ങളല്ല ഇതെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

വിയോജിക്കാനുള്ള അവകാശവും സ്വതന്ത്രമായി പ്രതികരിക്കാനുള്ള പൗരാവകാശവും ചോദ്യം ചെയ്യപ്പെടുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ ഈ സുപ്രീം കോടതി വിധി ജനങ്ങള്‍ക്ക് പുതിയ വെളിച്ചമാണ് നല്‍കുന്നത്. എന്നേക്കുമായി മൂല്യച്യുതി സംഭവിച്ചു എന്നു കരുതിയ സത്യം, ധര്‍മ്മം, നീതി തുടങ്ങിയ ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്ന ഈ വിധി ജുഡീഷ്യറിയുടെ ചരിത്രത്തിലെ നാഴികക്കല്ലായി മാറും. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സുപ്രീം കോടതിയുടെ മുന്‍ ചീഫ് ജസ്റ്റിസുമാരടക്കം ആരോപണങ്ങളുടെ നിഴലിലായിരുന്നു. മുന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ നാലു സുപ്രീം കോടതി ജസ്റ്റിസുമാര്‍ പരസ്യമായി വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. എന്നാല്‍, വിവാദ നായകനായ ചീഫ് ജസ്റ്റിസ് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട നിര്‍ണ്ണായക കേസുകളിലാണ് ഈ കാലയളവില്‍ വിധി പറഞ്ഞത്. അദ്ദേഹം റിട്ടയര്‍ ചെയ്ത് ദിവസങ്ങള്‍ക്കകം രാജ്യസഭാ അംഗമായി ചുമതലയേറ്റത് ആരോപണങ്ങളുടെ ആക്കം കൂട്ടി.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്ന നടപടികള്‍ ഭരണഘടനാ അനുസൃതമല്ലെങ്കില്‍ അത് ചോദ്യം ചെയ്യാന്‍ ഏത് പൗരനും അവകാശമുണ്ട്. പൗരാവകാശങ്ങളെ ദേശദ്രോഹ നിയമം കൊണ്ട് നേരിടാനാണ് സര്‍ക്കാര്‍ പല ഘട്ടങ്ങളിലും ശ്രമിച്ചത്. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച പ്രമുഖരായ പല പത്രാധിപന്മാര്‍ക്കും ജയില്‍വാസംവരെ അനുഭവിക്കേണ്ടിവന്നു. ബിബിസി അടക്കമുള്ള മാധ്യമ സ്ഥാപനങ്ങളില്‍പ്പോലും നടത്തിയ റെയിഡ് അന്തര്‍ദേശീയ തലത്തില്‍ തന്നെ വിമര്‍ശനത്തിന് ഇടയാക്കി. രാജ്യത്ത് ജനാധിപത്യവും മാധ്യമ സ്വാതന്ത്ര്യവും അപകടത്തിലായിരിക്കുന്ന ഘട്ടത്തിലാണ് സുപ്രീം കോടതിയുടെ ഇപ്പോഴത്തെ ചരിത്ര വിധി.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in എഡിറ്റോറിയല്‍

Trending News

To Top