Connect with us

കര്‍ണ്ണാടകയില്‍ സ്‌നേഹത്തിന്റെ കട തുറന്നു

എഡിറ്റോറിയല്‍

കര്‍ണ്ണാടകയില്‍ സ്‌നേഹത്തിന്റെ കട തുറന്നു

എസ്. ജഗദീഷ് ബാബു

കുറേ പേരെ കുറേ കാലത്തേക്ക് പറ്റിക്കാനാകും, എന്നാല്‍ എല്ലാവരേയും എല്ലാക്കാലത്തേക്കും പറ്റിക്കാനാവില്ല. കര്‍ണ്ണാടകയിലെ കോണ്‍ഗ്രസിന്റെ തിളക്കമാര്‍ന്ന വിജയം ഓര്‍മ്മപ്പെടുത്തുന്നത് ഈ ആപ്ത വാക്യമാണ്.
രാജ്യത്തെ പ്രതിപക്ഷത്തെ ആരു നയിക്കും എന്ന ചോദ്യത്തിനുള്ള ഉജ്ജലമായ മറുപടിയാണ് കര്‍ണ്ണാടക   വിജയത്തിലൂടെ കോണ്‍ഗ്രസ് നല്‍കുന്നത്. ഒരു വര്‍ഷം കഴിഞ്ഞ് 2024 ല്‍ മോദിക്ക് വെല്ലുവിളിയായി രാഹുല്‍ ഗാന്ധി മാറും എന്ന മുന്നറിയിപ്പ് ഇനി അവഗണിക്കാനാവില്ല.
ജന ഹൃദയങ്ങളെ കീഴടക്കിയ രാഹുല്‍ ഗാന്ധിയുടെ ജോഡോ യാത്രയെ പരിഹസിച്ച മോദിക്കും ബിജെപിക്കും സിപിഎമ്മിനും പുനര്‍ചിന്തയ്ക്കുള്ള സമയമായിരിക്കുകയാണ്.
വിദ്വേഷത്തിന്റെ ചന്തയില്‍ സ്‌നേഹത്തിന്റെ കട തുറക്കുമെന്ന് രാഹുല്‍ കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ആവര്‍ത്തിച്ചപ്പോള്‍ അത് തള്ളിക്കളഞ്ഞവര്‍ക്ക് തെറ്റ് തിരുത്തേണ്ടിവരും. ബിജെപിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരെ കര്‍ണ്ണാടകയിലെ ജനങ്ങള്‍ നല്‍കിയിരിക്കുന്നത് ശക്തമായ താക്കീതാണ്.
ലോക ചരിത്രത്തില്‍ത്തന്നെ പുതിയ അധ്യായമായി മാറി രാഹുലിന്റെ ജോഡോ യാത്ര. കശ്മീര്‍ പ്രസംഗത്തിന്റെ പേരില്‍ ഡല്‍ഹി പോലീസ് രാഹുലിന്റെ വീട്ടില്‍ നടത്തിയ കോപ്രായങ്ങളും, കര്‍ണ്ണാടകയിലെ പ്രസംഗത്തിന്റെ പേരില്‍ പാര്‍ലമെന്റ് അംഗത്വം നഷ്ടമാക്കിയ സൂറത്ത് കോടതി വിധിയും, മോദി-അദാനി ബന്ധവും ചര്‍ച്ചചെയ്യപ്പെട്ട തിരഞ്ഞെടുപ്പാണ്  കര്‍ണ്ണാടകയിലേത്.
പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാനുള്ള അവസരംപോലും ലോക്‌സഭാ സ്പീക്കര്‍ രാഹുലിന് നിഷേധിച്ചു. അതിനു പിന്നാലെയാണ് സൂറത്ത് കോടതി കര്‍ണ്ണാടകയിലെ വിവാദ പ്രസംഗത്തിന്റെ പേരില്‍ 2 വര്‍ഷം തടവ് വിധിച്ചത്. 24 മണിക്കൂര്‍ തികയും മുമ്പ് വയനാട് എം.പി അംഗത്വം ലോക്‌സഭാ സെക്രട്ടറി ജനറല്‍ റദ്ദാക്കി. കീഴ്‌വഴക്കങ്ങളുടേയും നിയമങ്ങളുടേയും ലംഘനമായിരുന്നു ഈ നടപടികള്‍. തൊട്ടുപിന്നാലെ രാഹുലിന്റെ വസതി ഒഴിപ്പിച്ചു. ഈ നടപടികളെല്ലാം ജനാധിപത്യ വിരുദ്ധമാണെന്ന് പൊതു സമൂഹം പറഞ്ഞിട്ടും മോദിയും ബിജെപിയും മുഖവിലയ്‌ക്കെടുത്തില്ല. മോദി എന്ന് പേരുള്ളവരെല്ലാം കള്ളന്മാരാണോ എന്ന പ്രസംഗത്തിന്റെ പേരിലാണ് പാര്‍ലമെന്റ് അംഗത്വവും കിടപ്പാടവും രാഹുലിന് നഷടപ്പെട്ടത്.
വിവാദ പ്രസംഗം നടന്ന കര്‍ണ്ണാടകയില്‍ തമ്പടിച്ച് മോദി റോഡ് ഷോ നടത്തിയിട്ടും ജനകീയ കോടതി രാഹുലിനെ കുറ്റവിമുക്തനാക്കിയിരിക്കുകയാണ്. ഇനിയെങ്കിലും അധികാരത്തിന്റെ തിമിരത്തില്‍ നിന്നും കാഴ്ചയുടെ ലോകത്തേക്ക് മടങ്ങിവരാന്‍ പ്രധാനമന്ത്രിക്ക് കഴിയണം. ഡബിള്‍ എഞ്ചിന്‍, കേരള സ്റ്റോറി തുടങ്ങി 19ാമത്തെ അടവ് വരെ ബിജെപി കര്‍ണ്ണാടകയില്‍ പരീക്ഷിച്ചു. മന്‍ കി ബാത്തിന്റെ 100 എപ്പിസോഡുകള്‍ തികഞ്ഞത് കൊണ്ടാടിയിട്ടും ഫലമുണ്ടായില്ല. പോളിംഗിന് തൊട്ടുപിന്നാലെ തൂക്ക് മന്ത്രിസഭയെന്നും, ബിജെപി വിജയം ആവര്‍ത്തിക്കുമെന്നും എക്‌സിറ്റ് പോളിലൂടെ പ്രവചിച്ച ചാനലുകള്‍ തലവഴി മുണ്ട് ഇടേണ്ട അവസ്ഥയിലാണ്. 113 എന്ന മാന്ത്രിക സംഖ്യയും കടന്ന് 137 എന്ന അവിശ്വസനീയ വിജയമാണ് കോണ്‍ഗ്രസ് കൈ പിടിയില്‍ ഒതുക്കിയത്. പ്രധാനമന്ത്രിയായി ഒമ്പതാം വര്‍ഷത്തില്‍ എത്തിനില്‍ക്കുന്ന മോദി ഒരിക്കല്‍പോലും ഒരു പത്ര സമ്മേളനം പോലും വിളിച്ചിട്ടില്ല. ഇന്ത്യയുടെ ചരിത്രത്തില്‍ മറ്റൊരു പ്രധാനമന്ത്രിയും മാധ്യമങ്ങളോട് ഇത്രയും വലിയ അഹന്ത കാണിച്ചിട്ടില്ല. എന്നിട്ടും പെയിഡ് ന്യൂസിലൂടെയും, സോഷ്യല്‍ മീഡിയ അട്ടിമറിയിലൂടെയും മാധ്യമ സമൂഹത്തെയാകെ വെല്ലുവിളിക്കുകയാണ് ഈ കാലയളവില്‍ പ്രധാനമന്ത്രി ചെയ്തത്. എന്നിട്ടും മോദിക്ക് മുന്നില്‍ സാഷ്ടാംഗം വീണ് കിടക്കുന്ന ദേശീയ മാധ്യമങ്ങള്‍ ഇനിയെങ്കിലും ചോദ്യങ്ങള്‍ ചോദിക്കണം. മോദി – അദാനി ബന്ധം പുറത്തുകൊണ്ടുവന്നതിന്റെ പേരില്‍ പുറത്താക്കപ്പെട്ട ഇപിഡബ്ല്യു ചീഫ് എഡിറ്റര്‍ പരഞ്‌ജോയ് ഗുഹ താകുര്‍ത്തയെ മറക്കാനാവില്ല. ഈ പത്രാധിപരുടെ പേര് ഒരുവട്ടമെങ്കിലും നിത്യവും ഓര്‍ക്കാനെങ്കിലും ദേശീയ മാധ്യമങ്ങള്‍ ശ്രമിക്കണം.
രാജ്യത്തിന് സ്വര്‍ണ്ണം നേടിത്തന്ന വനിതാ ഗുസ്തി താരങ്ങള്‍ ആഴ്ചകളായി നടത്തിവരുന്ന സമരത്തെപ്പോലും അവഗണിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. എട്ട് ഗുസ്തി താരങ്ങളെ പീഡിപ്പിച്ച ബ്രിജ് ഭൂഷന്റെ രാജി ആവശ്യപ്പെടാന്‍ പോലും ബിജെപിക്കായില്ല.  കൊലപാതക കേസില്‍ ഉള്‍പ്പെടെ പ്രതിയായിരുന്ന ഈ നേതാവ് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞാല്‍ ബിജെപിയുടെ താരനേതാവാണ്. പീഡന കേസില്‍ എഫ്‌ഐആര്‍ ഇട്ടിട്ടും ഇയാളെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര സര്‍ക്കാരാണ് പ്രസംഗത്തിന്റെ പേരില്‍ രാഹുല്‍ ഗാന്ധിയെ വേട്ടയാടുന്നത്. ഗുസ്തി താരങ്ങളുടെ ‘സഹന സമരം’ രാജ്യത്തെ സ്ത്രീകളുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നതാണ്. ഈ സമരത്തില്‍ അണി ചേരാന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ധാര്‍മ്മികമായ ബാധ്യതയുണ്ട്. മോദി സര്‍ക്കാരില്‍ മന്ത്രിമാരായും എം.പിമാരായും ഇരിക്കുന്ന വനിതാ കേസരികള്‍ക്കെങ്കിലും ഈ സംഭവത്തില്‍ ഉളുപ്പുണ്ടാവേണ്ടതാണ്.
ഭരണഘടനാ മൂല്യങ്ങളേയും സ്ഥാപനങ്ങളേയും നോക്കുകുത്തിയാക്കിക്കൊണ്ടാണ് സര്‍ക്കാരിന്റെ നടപടി. അടുത്ത കാലത്തായി സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ പല വിധികളും വിരല്‍ ചൂണ്ടുന്നത് ഈ യാഥാര്‍ത്ഥ്യത്തിലേക്കാണ്. തെറ്റു തിരുത്താനുള്ള അവസരമായി കര്‍ണ്ണാടകയിലെ തോല്‍വിയെ കണ്ടില്ലെങ്കില്‍ ബിജെപിക്ക് വരും നാളുകളില്‍ വലിയ വില കൊടുക്കേണ്ടിവരും.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in എഡിറ്റോറിയല്‍

Trending News

To Top