എഡിറ്റോറിയല്‍
മഴപോലെ ദുരന്തങ്ങള്‍ ദൈവങ്ങള്‍ കാണുന്നില്ലേ
ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്കു മുകളില്‍ മരംവീണ് അട്ടപ്പാടിയിലെ ഫൈസല്‍ എന്ന മനുഷ്യന്‍ മരിച്ചു.
അട്ടപ്പാടി കോട്ടത്തറ ആശുപത്രിയിലെ ആംബുലന്‍സ് കട്ടപ്പുറത്തായിട്ട് രണ്ടുമാസം കഴിയുന്നു. ചികിത്സ കിട്ടാന്‍ 3 മണിക്കൂറോളം വൈകിയപ്പോഴാണ് ഓട്ടോ ഡ്രൈവര്‍ ഫൈസലിന്റെ ജീവന്‍ നഷ്ടപ്പെട്ടത്. വേനല്‍ മഴയിലും കാറ്റിലും ദുരന്തങ്ങള്‍ പെയ്തിറങ്ങുന്നതും മനുഷ്യ ജീവനുകള്‍ കവര്‍ന്നെടുക്കുന്നതും ദൈവങ്ങള്‍ അറിയുന്നില്ലേ? ദൈവമാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രിയും ദൈവതുല്യനെന്ന് എ.കെ ബാലനെപ്പോലെയുള്ള നേതാക്കളെക്കൊണ്ട് പറയിക്കുന്ന മുഖ്യമന്ത്രി പിണറായിയും ഇതൊന്നും കാണുന്നില്ലേ?. ദൈവ ദൃഷ്ടികൊണ്ട് ദുരന്തങ്ങള്‍ മുന്‍കൂട്ടിക്കാണാനും പാവങ്ങളെ രക്ഷിക്കാനും ഈ ആള്‍ ദൈവങ്ങള്‍ക്ക് കഴിയാത്തത് എന്തുകൊണ്ടാണ്?.
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാന്‍ ഓട്ടോഡ്രൈവര്‍ ഫൈസലിന് ഏഴുദിവസവും ഓട്ടോറിക്ഷ ഓടിക്കണം. ദൈവത്തിനെ പോലെ ഏഴാംദിവസം വിശ്രമിച്ചാല്‍ കുടുംബം പട്ടിണിയാകും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് രണ്ടു ഘട്ടം പോലും കഴിയും മുമ്പായിരുന്നു മുഖ്യമന്ത്രിയുടേയും കുടുംബത്തിന്റെയും മന്ത്രി മുഹമ്മദ് റിയാസിന്റെയും വിദേശങ്ങളിലേക്കുള്ള വിനോദയാത്ര. പ്രതിപക്ഷം ആ യാത്രയെ വിമര്‍ശിച്ചപ്പോഴാണ് എ.കെ ബാലന്റെ ചെറിയ ബുദ്ധിയില്‍ ദൈവം പോലും ഏഴാം ദിവസം വിശ്രമിക്കുമെന്ന് കണ്ടെത്തിയത്. വേനല്‍ മഴ കേരളത്തിലെ റോഡുകളും വീടുകളുമെല്ലാം തകര്‍ത്തുകൊണ്ട് തിമിര്‍ത്ത് പെയ്യുമ്പോഴാണ് പാലക്കാട്ടെ മന്ത്രി എം.ബി രാജേഷ് ഇന്ന് പുലര്‍ച്ചെ യൂറോപ്പിലേക്ക് പറന്നത്. രണ്ടാം ബാര്‍ കോഴ ആരോപണം നിസ്സാരമായി തള്ളിക്കളഞ്ഞുകൊണ്ടാണ് മന്ത്രിയുടെ സ്വകാര്യ പറക്കല്‍. അട്ടപ്പാടി ഉള്‍പ്പെടുന്ന ആദിവാസി മേഖലകളില്‍ കാലവര്‍ഷത്തിന് മുമ്പ് മുന്‍കരുതല്‍ നടപടി എടുക്കേണ്ടതായിരുന്നു. രണ്ടുമാസമായി കട്ടപ്പുറത്തിരിക്കുന്ന ആംബുലന്‍സ് ഓടാത്തതിനെക്കുറിച്ച് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. യോഗവും വിളിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ പതിവ് അനുസരിച്ചുള്ള കര്‍ശന നടപടിയും പ്രതീക്ഷിക്കാം. എന്തായാലും ദൈവങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കാലമെന്നോ കാലവര്‍ഷമെന്നോ വ്യത്യാസമില്ല. അവര്‍ അമാനുഷരും ശക്തരുമാണല്ലോ. വിശ്രമവും വിനോദവും മരിച്ച ഫൈസലിനെപ്പോലുള്ള തൊഴിലാളി വര്‍ഗ്ഗത്തിന് സ്വപ്‌നം കാണാനേ കഴിയൂ.
