Connect with us

പൊലീസ് സേനയ്ക്ക് പുതിയ മുഖം

എഡിറ്റോറിയല്‍

പൊലീസ് സേനയ്ക്ക് പുതിയ മുഖം

മ്യൂണിസ്റ്റ് ഭാഷയില്‍ ഭരണകൂടത്തിന്റെ മര്‍ദ്ദനോപകരണമാണ് പൊലീസ്. എന്നാല്‍, പൊലീസിന് ജനകീയ മുഖം നല്‍കാന്‍ കഴിയുമ്പോഴാണ് ഒരു സര്‍ക്കാര്‍ വിജയിക്കുന്നത്. ഭരണ വര്‍ഗ്ഗത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിക്കാനല്ല, മറിച്ച് നിയമത്തിന്റെയും ജനങ്ങളുടേയും കാവല്‍ക്കാരാകാനാണ് പൊലീസ് ശ്രമിക്കേണ്ടത്. പൊലീസിന്റെ തലപ്പത്ത് മനുഷ്യത്വമുള്ള ഒരാള്‍ വന്നതുകൊണ്ട് മാത്രം മാറ്റമുണ്ടാവില്ല. സര്‍ക്കാരിന്റെയും ബ്യൂറോക്രസിയുടെയും താത്പര്യങ്ങള്‍ നോക്കുമ്പോള്‍ത്തന്നെ ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കാനുള്ള പ്രാപ്തി കൂടി പൊലീസിന് ഉണ്ടാവണം. പൊലീസ് മേധാവിയായി ഇന്ന് ചുമതലയേല്‍ക്കുന്ന ഷെയ്ക്ക് ദര്‍വേഷ് സാഹിബ് നേരിടുന്ന വെല്ലുവിളി വലുതാണ്. പൊലീസ് സേനയ്ക്ക് കൈമോശം വന്ന മുഖം തിരിച്ചുപിടിക്കുക എന്ന വലിയ ദൗത്യമാണ് ഇദ്ദേഹം ഏറ്റെടുക്കുന്നത്.

ദര്‍വേഷ് സാഹിബ് കാസര്‍കോട് എസ്.പിയായിരിക്കെ ഉണ്ടായ രസകരമായ ഒരു സംഭവമാണ് ഓര്‍മ്മവരുന്നത്.

1998 ഫെബ്രുവരി 21 നായിരുന്നു ആ സംഭവം. കാസര്‍കോട് എസ്.പിയായി ചുമതലയേറ്റ ദര്‍വേഷ് സാഹിബിനെ കാണാന്‍ രണ്ട് ചന്ദനഫാക്ടറി ഉടമകള്‍ ഓഫീസിലെത്തി. പരിചയപ്പെട്ട ശേഷം 5000 രൂപ അടങ്ങിയ നോട്ടുകെട്ട് അദ്ദേഹത്തിന് നല്‍കി. ഒരു പാരിതോഷികമായി ഇത് സ്വീകരിക്കണം എന്നായിരുന്നു ചന്ദന ഫാക്ടറി ഉടമകളുടെ അപേക്ഷ. പൊലീസുകാരെയും വിജിലന്‍സിനേയും വിളിച്ചുവരുത്തി ഇവരെ എസ്.പി അകത്താക്കി. കാസര്‍കോട് സ്വദേശികളായ എന്‍.എ അബ്ദുള്‍റഹിമാന്‍, എല്‍.എം അബ്ദുള്ള എന്നിവരാണ് എസ്പിക്ക് കൈക്കൂലി നല്‍കാനെത്തി കുടുങ്ങിയത്. കൈക്കൂലി കേസായതുകൊണ്ടാണ് വിജിലന്‍സ് ഡിവൈഎസ്പിയെ വിളിച്ചുവരുത്തി കേസ് അവര്‍ക്ക് കൈമാറിയത്. ഈ കേസില്‍ വിജിലന്‍സ് കോടതി പ്രതികള്‍ക്ക് രണ്ടുവര്‍ഷം തടവുശിക്ഷ വിധിക്കുകയും ചെയ്തു.

മാത്യു പോളികാർപ്പ്

അന്ന് കാസര്‍കോട് വിജിലന്‍സ് ഡിവൈഎസ്പി ആയിരുന്ന, പിന്നീട് എസ്.പിയായി വിരമിച്ച മാത്യു പോളികാര്‍പ്പാണ് അന്വേഷണം നടത്തി പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. അക്കാലത്ത് സര്‍ക്കാര്‍ രേഖകളില്‍ കാസര്‍കോട് ജില്ലയില്‍ ചന്ദഫാക്ടറികള്‍ ഉണ്ടായിരുന്നില്ല. ഡിവൈഎസ്പിയായിരുന്ന പോളികാര്‍പ്പ് കാസര്‍കോട്, കണ്ണൂര്‍ ഡിഎഫ്ഒ മാര്‍ക്ക് കത്ത് നല്‍കി അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന 10 ചന്ദന ഫാക്ടറികള്‍ കണ്ടെത്തി. വന്‍ സന്നാഹത്തോടെയാണ് ചന്ദന മാഫിയയ്‌ക്കെതിരെ എസ്.പി ദര്‍വേഷ് സാഹിബിന്റെ നിര്‍ദ്ദേശം അനുസരിച്ച് പരിശോധന നടത്തിയത്.

ലക്ഷക്കണക്കിന് വിലവരുന്ന ചന്ദന തടികളും ചന്ദന തൈലവും ഈ റെയ്ഡില്‍ പിടിച്ചെടുത്തു. ഏറ്റവും വിചിത്രം ഒരു ഫാക്ടറിയില്‍ നിന്നും പിടിച്ചെടുത്ത ചന്ദനത്തടികള്‍ മംഗലാപുരത്തെ ഫോറസ്റ്റ് ഓഫീസില്‍ നിന്നും കവര്‍ച്ച ചെയ്യപ്പെട്ടതാണെന്ന് കണ്ടെത്തി. ഇതിനുപുറമെ ആനക്കൊമ്പുകളും അന്നത്തെ റെയ്ഡില്‍ കണ്ടെടുത്തു.

Sandalwood | Indian & Australian Sandalwood l Quintis

ഐ.പി.എസുകാര്‍ തുടക്കത്തില്‍ കൈക്കൂലിക്കും അഴിമതിക്കുമെതിരെ ശക്തമായ നടപടി എടുക്കുമെങ്കിലും സ്ഥാനക്കയറ്റം കിട്ടി ഡി.ഐ.ജിയും ഐജിയും എഡിജിപിയും ആകുമ്പോഴേക്കും അഴിമതിക്കാരായി മാറുകയാണ് പതിവ്. ഇത്തരത്തില്‍ ആദ്യകാലത്ത് സമര്‍ത്ഥരായിരുന്ന പല ഉദ്യോഗസ്ഥരും സര്‍വ്വീസില്‍ നിന്ന് പിരിയുമ്പോഴേക്കും അഴിമതിയുടെ അംബാസിഡര്‍മാരായി മാറിയത് നമുക്കറിയാം. എന്നാല്‍ ഇതിന് ഒരു അപവാദമാണ് ദര്‍വേഷ് സാഹിബ്. എസ്.പിയായിരിക്കെ കാണിച്ച ആര്‍ജ്ജവം ഡിജിപി ആകുമ്പോഴും സൂക്ഷിക്കാന്‍ ഇദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.

2013 ല്‍ ഡിജിപിയായിരുന്ന ജേക്കബ്ബ് പുന്നൂസ് റിട്ടയര്‍ ചെയ്ത ശേഷം ആ കസേരയില്‍ ജനങ്ങള്‍ അംഗീകരിക്കുന്ന ഒരു പൊലീസ് മേധാവി ഇരുന്നിട്ടില്ല. ടി.പി സെന്‍കുമാര്‍ ഡിജിപി ആയെങ്കിലും അദ്ദേഹത്തെ പിണറായി സര്‍ക്കാര്‍ പുകച്ച് ചാടിക്കുകയായിരുന്നു. ലോക്‌നാഥ് ബെഹ്‌റയും ഇക്കഴിഞ്ഞ ദിവസം പിരിഞ്ഞ അനില്‍കാന്തും ഏറെ വിമര്‍ശനങ്ങളാണ് നേരിട്ടത്. ബെഹ്‌റ സര്‍വ്വീസില്‍ നിന്നും പിരിഞ്ഞിട്ടും മെട്രോയുടെ എംഡിയായി തുടരുകയാണ്. അനില്‍കാന്ത് ആകട്ടെ സര്‍വ്വീസിന്റെ തുടക്കം മുതല്‍ വിവാദ പുരുഷനായിട്ടാണ് അറിയപ്പെട്ടത്. അദ്ദേഹം പടിയിറങ്ങുമ്പോള്‍ പൊലീസ് സേന കുത്തഴിഞ്ഞ അവസ്ഥയിലാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ കേരളാ പൊലീസിന് നഷ്ടപ്പെട്ടുപോയ വിശ്വാസ്യത തിരിച്ചുപിടിക്കുക എളുപ്പമല്ല. രണ്ടാം പിണറായി സര്‍ക്കാര്‍ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കപ്പെടുന്നത് പൊലീസിന്റെ പേരിലാണ്. ഇതെല്ലാം മാറ്റിയെടുത്ത് പൊലീസ് സേനയ്ക്ക് പുതിയമുഖം നല്‍കാന്‍ ദര്‍വേഷ് സാഹിബിന് കഴിയണം. വിവാദങ്ങളുടെയോ, പ്രശസ്തിയുടെയോ പിന്നാലെ പോകുന്ന ആളല്ല ഇദ്ദേഹം. എല്ലാ അര്‍ത്ഥത്തിലും നന്മയുടെ പക്ഷത്ത് നില്‍ക്കുന്ന ഉദ്യോഗസ്ഥന്‍. സര്‍ക്കാരും ആഭ്യന്തര വകുപ്പും ഒട്ടേറെ വിവാദങ്ങളില്‍ അകപ്പെട്ടിരിക്കുമ്പോഴാണ് പൊലീസ് ചീഫിന്റെ മുള്‍ക്കിരീടം ദര്‍വേഷ് സാഹിബ് ഏറ്റെടുക്കുന്നത്. മുഖം നോക്കാതെ നിയമത്തിന്റെയും നീതിയുടെയും പക്ഷത്ത് നില്‍ക്കാന്‍ ഇദ്ദേഹത്തിന് കഴിയുമോ? അങ്ങനെ കഴിഞ്ഞാല്‍ ജനങ്ങള്‍ക്ക് നഷ്ടപ്പെട്ട പൊലീസിലുള്ള വിശ്വാസം സര്‍ക്കാരിന് തിരിച്ചുപിടിക്കാന്‍ കഴിയും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in എഡിറ്റോറിയല്‍

Trending News

To Top