എഡിറ്റോറിയല്‍
സൂര്യ ശോഭയോടെ രാഹുല്‍ ഗാന്ധി

എസ്. ജഗദീഷ് ബാബു
ജയിലിലടച്ചാലും മാപ്പു പറയില്ലെന്ന രാഹുലിന്റെ ഉറച്ച നിലപാടിനുള്ള അംഗീകാരമാണ് സുപ്രീ കോടതിയുടെ വിധി.
‘ഇന്ത്യ’യെ നയിക്കാന്‍ നട്ടെല്ലുള്ള ഒരു നേതാവ് ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് രാഹുല്‍ ഗാന്ധി. സത്യത്തെ എത്ര ആഴത്തില്‍ ചവിട്ടി താഴ്ത്തിയാലും സൂര്യ പ്രകാശം തട്ടുമ്പോള്‍ താമരപൂവ് ഉയര്‍ന്നുവരുന്നതുപോലെ സത്യം ഒരു നാള്‍ പുറത്തുവരും. അതുകൊണ്ടാണ് രാഹുലിനെ അയോഗ്യനാക്കിക്കൊണ്ടുള്ള ഗുജറാത്ത് കോടതി വിധികള്‍ ബി.ആര്‍ ഗവായ് അധ്യക്ഷനായ മൂന്നംഗ ബഞ്ച് സ്‌റ്റേ ചെയ്തത്. കോടതി നടപടിയോട് പ്രിയങ്കാ ഗാന്ധി പ്രതികരിച്ചത് ശ്രദ്ധേയമാണ്. ശ്രീ ബുദ്ധന്റെ വരികളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് അവര്‍ പറഞ്ഞു ‘സൂര്യ-ചന്ദ്രന്മാരെയും സത്യത്തെയും എല്ലാക്കാലവും ആര്‍ക്കും മറയ്ക്കാനാവില്ല’.
ബി.ആര്‍ ഗവായ്, പി.എസ് നരസിംഹ, സഞ്ജയ് കുമാര്‍ എന്നിവര്‍ അടങ്ങിയ ബഞ്ച് ഹര്‍ജിക്കാരന്റെ അഭിഭാഷകനായ മഹേഷ് ജെഠ് മലാനിയുടേയും രാഹുലിന്റെ അഭിഭാഷകനായ അഭിഷേക് മനു സിംഗ്വിയുടേയും വാദങ്ങള്‍ ഒരു മണിക്കൂറോളം കേട്ടു. എന്നാല്‍ മൂവരും അഞ്ച് മിനിട്ടിന്റെ ഇടേവള മാത്രമാണ് വിധി പ്രസ്താവിക്കാന്‍ എടുത്തത്.
മാനനഷ്ട കേസില്‍ നല്‍കാവുന്ന പരമാവധി ശിക്ഷയായ രണ്ട് വര്‍ഷം തടവ് വിധിച്ച മജിസ്‌ട്രേറ്റ് കോടതിയും അപ്പീല്‍ വാദം കേട്ട ഗുജറാത്ത് സെഷന്‍സ് കോടതിയും ഹൈക്കോടതിയും ‘എന്തുകൊണ്ട് പരമാവധി ശിക്ഷ’ എന്ന ചോദ്യത്തിന് മറുപടി നല്‍കിയില്ല. കീഴ്‌കോടതികളുടെ ഗുരുതരമായ ഈ വീഴ്ച ഉയര്‍ത്തിക്കാണിച്ചുകൊണ്ടാണ് രാഹുലിന്റെ അയോഗ്യതയ്ക്ക് സുപ്രീം കോടതി സ്‌റ്റേ നല്‍കിയത്. രണ്ട് വര്‍ഷത്തെ ശിക്ഷയില്‍ ഒരു ദിവസം കുറഞ്ഞാല്‍ പോലും രാഹുലിന് എം.പി സ്ഥാനം നഷ്ടപ്പെടുമായിരുന്നില്ല. എം.പി സ്ഥാനത്ത് അയോഗ്യത കല്‍പ്പിക്കാനുള്ള ശിക്ഷയായി ഇത് മാറിയോ? എന്ന് പറയാതെ പറയുകയാണ് സുപ്രീം കോടതി. വയനാട്ടിലെ വോട്ടര്‍മാരുടെ അവകാശങ്ങള്‍ ഗുജറാത്തിലെ കോടതികള്‍ പരിഗണിച്ചിട്ടേ ഇല്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു. അതേസമയം, രാഹുലിന്റെ പ്രസംഗങ്ങള്‍ രുചികരമല്ലെന്ന് ഓര്‍മ്മിപ്പിക്കാനും പരമോന്നത കോടതി മറന്നില്ല. അപ്രിയ സത്യങ്ങള്‍ രുചികരമാവില്ല എന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള വിധിയാണ് പക്ഷേ സുപ്രിം കോടതി പ്രഖ്യാപിച്ചത്.
ബ്രിട്ടീഷുകാരന്റെ തൂക്കു കയറിനു മുന്നില്‍ ഈന്‍ക്വിലാബ് വിളിച്ച ഭഗത് സിംഗിന്റെ നാടാണ് ഇന്ത്യ. ഭഗത് സിംഗിന്റെയും സുഭാഷ് ചന്ദ്രബോസിന്റെയും രാജ്ഗുരുവിന്റെയും പിന്‍മുറക്കാര്‍ ഇപ്പോഴും ഉണ്ട്. ഇത് തെളിയിക്കുകയാണ്, തുറങ്കില്‍ അടച്ചാലും സത്യത്തിനു വേണ്ടി അവസാന നിമിഷം വരെ പോരാടുമെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാട്.
നെഹ്രുവിന്റെയും ഇന്ദിരാഗാന്ധിയുടെയും, അച്ഛന്‍ രാജീവ് ഗാന്ധിയുടേയും പാരമ്പര്യം കൊണ്ട് മാത്രം പ്രധാനമന്ത്രി പദം കൈ വെള്ളയില്‍ കിട്ടുമായിരുന്നു രാഹുലിന്. 10 വര്‍ഷം മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി ആയിരുന്നപ്പോള്‍ ആ പദവി വേണ്ടെന്നുവെച്ച അമ്മ സോണിയയുടെ ഒരു വാക്ക് മതിയായിരുന്നു രാഹുലിന് അധികാരത്തിന്റെ പടവുകള്‍ കയറാന്‍. എന്നാല്‍ ആ 10 വര്‍ഷവും സംഘടനാ പ്രവര്‍ത്തനം നടത്തുകയും കോണ്‍ഗ്രസ് പാര്‍ട്ടിയെ പുനര്‍ ജീവിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു രാഹുല്‍. നെഹ്രുവിന്റെയും ഇന്ദിരയുടേയും പാരമ്പര്യം പറഞ്ഞ് രാഹുലിനെ അപമാനിക്കാനാണ് മോദി സര്‍ക്കാര്‍ കഴിഞ്ഞ 9 വര്‍ഷവും നിരന്തരം ശ്രമിച്ചത്. എന്നാല്‍ പാരമ്പര്യത്തിന്റെ ഭാരം ഇറക്കി വെയ്ക്കാനാണ് കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി രാഹുല്‍ ഗാന്ധി ശ്രമിച്ചത്. നെഹ്രു കുടുംബത്തില്‍ ജനിച്ചതുകൊണ്ടോ, ഗാന്ധി എന്ന പേര് ഉള്ളതുകൊണ്ടോ ഒരാള്‍ മഹാനാകുന്നില്ല. അതുകൊണ്ടുമാത്രം ഒരാള്‍ മോശക്കാരനുമാകുന്നില്ല. പ്രധാനമന്ത്രി മോദിയായാലും രാഹുല്‍ ഗാന്ധി ആയാലും അവരുടെ പ്രവര്‍ത്തനങ്ങളെയാണ് ജനങ്ങള്‍ വിലയിരുത്തുക.
നിരോധനം ഒരു കാലത്തും ഒരു പാര്‍ട്ടിക്കും ഗുണം ചെയ്തിട്ടില്ല. ഏകാധിപതികളുടെ ഭരണം ഫാസിസത്തിലേക്ക് മാറുമ്പോള്‍ ആ ഭരണത്തിന്റെ ആയുസ് എണ്ണപ്പെടുകയാണ്. ലോകം കണ്ട ഏറ്റവും വലിയ ഏകാധിപതികളായിരുന്ന ഹിറ്റ്‌ലറുടേയും മുസ്സോളിനിയുടേയും അന്ത്യം ഇത്തരത്തിലായിരുന്നു. കവി കടമ്മനിട്ട എഴുതിയതുപോലെ ”എല്ലാ കോട്ട കൊത്തളങ്ങളും പുരാവസ്തുക്കളാകും.. രാജാക്കന്മാര്‍ ഒളിച്ചോടും…”
