Connect with us

രഞ്ജിത്തിന്റെ രക്ഷകന്‍  ഗോവിന്ദന്റെ മകന്‍

എഡിറ്റോറിയല്‍

രഞ്ജിത്തിന്റെ രക്ഷകന്‍  ഗോവിന്ദന്റെ മകന്‍

വൃന്ദ കാരാട്ട് പറയുന്നത് ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍ അതീവ ഗൗരവമുള്ളതാണെന്നാണ്. പക്ഷേ, സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്തിന്റെ രാജി ആവശ്യപ്പെടാന്‍ സിപിഎം സംസ്ഥാന നേതൃത്വത്തിന് അത്ര എളുപ്പമല്ല. കാരണം രഞ്ജിത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍ ശ്യാംജിത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മകനാണ്. ബംഗാളിലെ നടി ഇടതു സഹയാത്രികയായതുകൊണ്ടുമാത്രം രഞ്ജിത്തിനെ തൊടാന്‍ പിണറായി സര്‍ക്കാരിന് പലവട്ടം ആലോചിക്കേണ്ടി വരും. മോഹന്‍ലാല്‍ നായകനായ സ്പിരിറ്റ്, മമ്മൂട്ടി നായകനായ കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി, ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ഞാന്‍ എന്നീ രഞ്ജിത്ത് ചിത്രങ്ങളില്‍ അസോസിയേറ്റ് ഡയറക്ടറായിരുന്നു എം.വി ഗോവിന്ദന്റെ മകന്‍. ഗുരുതരമായ പീഡന ആരോപണം ഉയര്‍ന്നിട്ടും അക്കാദമി ചെയര്‍മാന്‍ കുലുങ്ങാത്തതിന്റെ പിന്നിലെ രഹസ്യം ഇതാണ്.

ഈ ബന്ധം അറിയാത്തതുകൊണ്ടാവാം വൃന്ദാ കാരാട്ട് നടിയുടെ ഭാഷയിലെ ആര്‍ജ്ജവവും വിശ്വാസ്യതയും എടുത്തുപറഞ്ഞത്. സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ പരാതി പുറത്തുവന്ന ഉടന്‍ രഞ്ജിത്തിന് രക്ഷാകവചം ഒരുക്കി. പരാതി ലഭിച്ചാല്‍ അന്വേഷിക്കാം എന്നായിരുന്നു ആദ്യ പ്രതികരണം. അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജി വെയ്‌ക്കേണ്ടതില്ലെന്നും അന്വേഷണത്തില്‍ ആരോപണം തെളിഞ്ഞാല്‍ അപ്പോള്‍ ആലോചിക്കാം. നിരപരാധിയെന്ന് വന്നാല്‍ എന്തുചെയ്യും എന്ന ആശങ്കയും മന്ത്രി സജി ചെറിയാന്‍ പ്രകടിപ്പിച്ചു. വനിതാ മന്ത്രിമാരായ വീണാ ജോര്‍ജ്ജും ആര്‍.ബിന്ദുവും വ്യവസ്ഥാപിത മാര്‍ഗ്ഗത്തിലൂടെ നടി പരാതിപ്പെട്ടാല്‍ അവര്‍ക്കു വേണ്ട സഹായങ്ങള്‍ ചെയ്യുമെന്നാണ് പറഞ്ഞത്. നിയമത്തിന് മുകളില്‍ ആരും പറക്കില്ലെന്ന മട്ടിലാണ് മന്ത്രി എം.ബി രാജേഷ് പ്രതികരിച്ചത്. നടപടിയെടുക്കില്ലെന്ന് ആരും പറഞ്ഞിട്ടില്ലെന്നായിരുന്നു മന്ത്രി ശിവന്‍കുട്ടിയുടെ പ്രസ്താവന. വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ സതീദേവി മാത്രമാണ് നടിയുടെ പക്ഷത്തു നിന്നുകൊണ്ട് സംസാരിച്ച ഏക സിപിഎം നേതാവ്. സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പരാതി ലഭിച്ചില്ലെങ്കിലും പീഡനശ്രമത്തിന് നടപടിയെടുക്കുമെന്നും അവര്‍ പറഞ്ഞു. വനിതാ കമ്മിഷന്‍ ചെയര്‍പേഴ്‌സണായതുകൊണ്ടാവാം സ്ത്രീപക്ഷത്തു നിന്നുകൊണ്ട് സതീദേവി പ്രതികരിച്ചത്.

പാലേരിമാണിക്യം ചിത്രത്തിനു വേണ്ടിയാണ് ബംഗാളി നടിയെ രഞ്ജിത്ത് കൊച്ചിയിലേക്ക് ക്ഷണിച്ചുവരുത്തിയത്. ഫ്‌ളാറ്റില്‍ വെച്ച് തന്റെ കൈകളിലും പിന്നീട് കഴുത്തിലും പിടിച്ചതായിട്ടാണ് ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍. ഒരുദിവസം കഴിഞ്ഞപ്പോഴും അവര്‍ തന്റെ മൊഴിയില്‍ ഉറച്ചുനില്‍ക്കുകയാണ്. രഞ്ജിത്ത് വലിയ സംവിധായകനാണെന്ന മന്ത്രിയുടെ വെളിപ്പെടുത്തലിന് അവര്‍ മറുപടി പറഞ്ഞു. എത്ര വലിയ ബുദ്ധിജീവിയായാലും ഇത്തരം ആളുകള്‍ നല്ല മനുഷ്യരാകണമെന്നില്ല. അദ്ദേഹം പ്രഗത്ഭനാകാം, മിടുക്കനാകാം. പക്ഷേ, നല്ല മനുഷ്യനല്ല. ഇടതുപക്ഷത്തോടൊപ്പം നടക്കുന്ന ആള്‍ തന്നെയാണ് താനും. എന്നാല്‍ രാഷ്ട്രീയവും വ്യക്തിപരമായ കാര്യങ്ങളും കൂട്ടിക്കുഴയ്ക്കാന്‍ പാടില്ല. കേരളത്തില്‍ നിന്ന് സഹായം ലഭിച്ചാല്‍ കേസുമായി മുന്നോട്ടുപോകാന്‍ തയ്യാറാണെന്നും നടി ആവര്‍ത്തിച്ചു.

വിവാദങ്ങള്‍ കത്തിപ്പടരുമ്പോള്‍ വയനാട്ടിലെ റിസോര്‍ട്ടിലായിരുന്നു രഞ്ജിത്ത്. രംഗം പന്തിയല്ലെന്ന് കണ്ടപ്പോള്‍ ഔദ്യോഗിക കാറിലെ സര്‍ക്കാര്‍ ബോര്‍ഡ് ആദ്യം അഴിച്ചുമാറ്റി. പിന്നീട് കാറും ഉപേക്ഷിച്ചു. സ്വകാര്യ വാഹനത്തിലാണ് അദ്ദേഹം കോഴിക്കോട്ടെ വീട്ടിലേക്ക് പോയത്. രഞ്ജിത്തിന്റെ ചാലപ്പുറത്തെ വീട്ടിന് പോലീസ് കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കാറും ബോര്‍ഡും ഉപേക്ഷിച്ച സമയം മുതല്‍ രഞ്ജിത്ത് ഉടന്‍ രാജി വെയ്ക്കുമെന്ന വാര്‍ത്ത പരന്നു. രാത്രി വൈകുമ്പോഴും രാജിക്കാര്യത്തില്‍ തീരുമാനമായിട്ടില്ല.

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രഞ്ജിത്ത് രാജി വെയ്ക്കണമെന്ന് സിപിഐ നേതാവ് ആനി രാജ ആവശ്യപ്പെട്ടിട്ടുണ്ട്. തൊട്ടുപിന്നാലെ ഇരയോടൊപ്പമാണ് തങ്ങളെന്ന് സംശയത്തിനിട നല്‍കാതെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും പറഞ്ഞു. ചുരുക്കത്തില്‍ സിപിഐ കടുത്ത നിലപാടാണ് എടുത്തിരിക്കുന്നത്. അറിയപ്പെടുന്ന ഒരു നടി ഉന്നയിച്ച പരാതി ഗൗരവത്തിലെടുത്ത് നിയമ നടപടി സ്വീകരിക്കണമെന്നാണ് സിപിഐയുടെ യുവജന സംഘടനയും ആവശ്യപ്പെട്ടിരിക്കുന്നത്. രഞ്ജിത്ത് രാജി വെച്ചില്ലെങ്കില്‍ ചലച്ചിത്ര അക്കാദമിയിലേക്ക് അടുത്ത ദിവസം മാര്‍ച്ച് നടത്തുമെന്ന് എഐവൈഎഫും എഐഎസ്എഫും പ്രഖ്യാപിച്ചിരിക്കുകയാണ്. യൂത്ത് കോണ്‍ഗ്രസുകാര്‍ തിരുവനന്തപുരത്ത് രാജി ആവശ്യപ്പെട്ടുകൊണ്ട് പ്രതിഷേധം നടത്തിയിരുന്നു. രഞ്ജിത്തിന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗും രംഗത്തുവന്നിട്ടുണ്ട്. സിപിഎമ്മിന് അകത്തുതന്നെ ഈ സംഭവത്തില്‍ വ്യത്യസ്തമായ നിലപാടുകളാണുള്ളത്. ഹേമ കമ്മിഷന്‍ റിപ്പോര്‍ട്ട് നാലര വര്‍ഷം പൂഴ്ത്തിവെച്ചതും വേട്ടക്കാരുടെ പേരുകള്‍ ഒഴിവാക്കിയതും വലിയ പ്രതിഷേധത്തിന് വഴിവെച്ചിരിക്കുകയാണ്. അമ്മ സംഘടനയുടെ ജനറല്‍ സെക്രട്ടറി സിദ്ദിഖ് സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചെങ്കിലും പീഡനവീരന്‍മാരായ പവര്‍ ഗ്രൂപ്പിന്റെ പേര് വെളിപ്പെടുത്തണമെന്ന് വൈസ് പ്രസിഡന്റ് ജഗദീഷ് കഴിഞ്ഞ ദിവസം തന്നെ ആവശ്യപ്പെട്ടിരുന്നു. ലൊക്കേഷനുകളില്‍ നടികളുടെ മുറിയില്‍ രാത്രി മുട്ടിവിളിച്ചവരെ കണ്ടെത്തണം. അവര്‍ക്കെതിരെ നിയമ നടപടികളെടുക്കണം. തെറ്റ് ചെയ്തവര്‍ ആരായാലും സംഘടന അവര്‍ക്കുവേണ്ടി നിലകൊള്ളില്ലെന്ന് ജഗദീഷ് പറഞ്ഞു.

സിനിമാ രംഗത്തെ പ്രഗത്ഭ സംവിധായകനായ ഭദ്രന്‍ ഇക്കാര്യത്തില്‍ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ടു. ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് രഞ്ജിത്ത് തുടരാന്‍ പാടില്ലെന്നും ഭദ്രന്‍ പറഞ്ഞു. വര്‍ഷങ്ങളായി അമ്മയുടെ നേതൃത്വത്തിനെതിരെ രംഗത്തുള്ള സംവിധായകന്‍ വിനയന്‍ നിയമപോരാട്ടം തുടരുമെന്ന് കഴിഞ്ഞ ദിവസം തന്നെ പറഞ്ഞിരുന്നു. അവസരം നിഷേധിച്ചതിന്റെ പേരില്‍, ഷൂട്ടിംഗ് മുടക്കിയതിന്റെ പേരില്‍ സുപ്രീം കോടതി വരെ കേസ് പറഞ്ഞ് വിജയിച്ചിട്ടും പൊതുസമൂഹവും മാധ്യമങ്ങളും പിന്തുണ നല്‍കാത്തതിന്റെ ഫലമാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ – വിനയന്‍ മാധ്യമങ്ങളോട് ഇത്തരത്തിലാണ് പ്രതികരിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും നല്ല നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ച ഉര്‍വ്വശി ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. അമ്മയുടെ നേതാവായ സിദ്ദിഖ് കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തിലെ അഴകൊഴഞ്ചന്‍ നിലപാട് ശരിയായില്ലെന്ന് ഉര്‍വ്വശി പറഞ്ഞു. സ്ത്രീകള്‍ പീഡിപ്പിക്കപ്പെട്ടതിനെതിരെ ശക്തമായ നിലപാട് സംഘടനയ്ക്ക് എടുക്കാന്‍ കഴിയണം. അടിയന്തരമായി അമ്മയുടെ യോഗം വിളിച്ച് ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും ഉര്‍വ്വശി ആവശ്യപ്പെട്ടു. തനിക്കും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രതിസ്ഥാനത്തുള്ളവരുടെ കുടുംബങ്ങളെ ഓര്‍ത്ത് ഒന്നും പറയുന്നില്ല. ബംഗാളി നടി പരാതിപ്പെട്ട സാഹചര്യത്തില്‍ രഞ്ജിത്ത് അക്കാദമി ചെയര്‍മാന്‍ പദവിയില്‍ നിന്ന് മാറി നില്‍ക്കുന്നതാണ് ഉചിതമെന്നും ഉര്‍വ്വശി പറഞ്ഞു. അമ്മ എക്‌സിക്യൂട്ടീവ് അംഗമായ അന്‍സിബ ശക്തമായിട്ടാണ് പ്രതികരിച്ചത്. എത്ര ഉന്നതരായാലും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്ന വേട്ടക്കാര്‍ക്കെതിരെ നിയമ നടപടി മുഖം നോക്കാതെ സ്വീകരിക്കണമെന്ന് അന്‍സിബ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in എഡിറ്റോറിയല്‍

Trending News

To Top