Connect with us

നഗ്‌നനായ രാജാവിനെ തൊലിയുരിച്ച് എം.ടി

എഡിറ്റോറിയല്‍

നഗ്‌നനായ രാജാവിനെ തൊലിയുരിച്ച് എം.ടി

സഖാവ് എന്നു മലയാളി വിളിക്കുന്ന പി കൃഷ്ണപിള്ളയെ പോലെ അവര്‍ സ്‌നേഹിക്കുന്ന രണ്ടക്ഷരമാണ് എം ടി. ലോകത്ത് മലയാളി എവിടെയുണ്ടെങ്കിലും എംടി എഴുതുന്നതും പറയുന്നതും അവര്‍ക്കു വേദവാക്യം തന്നെ. മഹാമൗനത്തിന്റെ കാലത്തെ ഭേദിച്ചുകൊണ്ട്, എംടി പറഞ്ഞ വാക്കുകള്‍ ഇടിമുഴക്കം പോലെ മലയാളിയുടെ മനസ്സില്‍ പതിയുകയാണ്. രാഷ്ട്രീയകേരളത്തില്‍ പുതിയൊരു ചര്‍ച്ചയ്ക്കും തിരിച്ചറിവിനും എം ടി വഴിമരുന്നിടുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയനെ മുന്നിലിരുത്തിക്കൊണ്ട് എം ടി നടത്തിയ പ്രസംഗം കേട്ടപ്പോള്‍ ഓര്‍മ്മ വന്നത് രാജാവ് നഗ്‌നനാണെന്നു വിളിച്ചുപറഞ്ഞ കുട്ടിയുടെ കഥയാണ്. സത്യം പറയാന്‍ ഭയപ്പെടുന്ന കേരളത്തിലെ പത്രാധിപന്‍മാര്‍ തൊണ്ണൂറു കഴിഞ്ഞ എം.ടി എന്ന പത്രാധിപരില്‍ നിന്ന് എന്തെങ്കിലും പഠിക്കുമെന്നു കരുതാം.

‘അധികാരമെന്നാല്‍ ആധിപത്യമോ, സര്‍വ്വാധിപത്യമോ ആണെന്നാണ് നേതാക്കള്‍ കരുതുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനം അവര്‍ക്ക് അധികാരത്തിലെത്താനുള്ള ഒരു വഴി മാത്രമാണെ’ന്നും എം.ടി മുഖ്യമന്ത്രിയുടെ മുഖത്തു നോക്കിപ്പറഞ്ഞു. കോഴിക്കോട് കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിലായിരുന്നു പിണറായി വിജയനെ ഇരുത്തിക്കൊണ്ട് എം.ടിയുടെ തുറന്നുപറച്ചില്‍.

‘അധികാരമെന്നാല്‍ ജനസേവനത്തിനു കിട്ടുന്ന മെച്ചപ്പെട്ട അവസരമാണെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മള്‍ കുഴിവെട്ടി മൂടി. അതു മറന്നുകൊണ്ട് ആള്‍ക്കൂട്ടത്തെ അടിച്ചമര്‍ത്താന്‍ നോക്കിയതാണ് റഷ്യയിലെ പരാജയത്തിന്റെ കാരണമെന്നും എംടി അടിവരയിടുന്നു. ശിഥിലീകരണത്തിന്റെ കാരണങ്ങളെ അപഗ്രഥിക്കുകയാണ് അതിനെ നിഷേധിച്ച് ഇല്ലെന്നു പറയുന്നതിനു പകരണം ജാഗ്രതയോടെ ചെയ്യേണ്ടതെന്നു ഉദ്ധരണിയിലൂടെ എംടി ഓര്‍മിപ്പിക്കുന്നു. തെറ്റുപറ്റിയെന്ന് തോന്നിയാല്‍ അത് സമ്മതിക്കുകയെന്നത് ഒരു മാന്യതയാണ്. അത് ചെയ്യുന്ന ഒരു മഹാരഥനെയും ഇവിടെ കാണാനില്ല. ജനാധിപത്യമെന്നാല്‍ നയിക്കാന്‍ ഏതാനും പേരും നയിക്കപ്പെടാന്‍ അനേകം പേരുമെന്ന രീതി മാറ്റാനാണ് ഇഎംഎസ് ശ്രമിച്ചത്.

ആചാര ഉപചാരങ്ങളിലോ, നേതൃത്വ പൂജകളിലോ അദ്ദേഹത്തെ കണ്ടിരുന്നില്ല. ഉത്തരവാദിത്വങ്ങളെ ആദരവോടെ സ്വീകരിച്ച് എല്ലാവിധത്തിലുമുള്ള അടിച്ചമര്‍ത്തലുകളില്‍ നിന്ന് മോചനം നേടാന്‍ വെമ്പുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിയാണ് ഇഎംഎസ് ലക്ഷ്യമിട്ടിരുന്നത്. അത്തരം നേതാക്കള്‍ക്ക് പുതിയ പഥങ്ങളിലേക്ക് ചിന്തയെയും പുതിയ ചക്രവാളങ്ങളിലേക്ക് വീക്ഷണങ്ങളെയും എത്തിക്കാന്‍ കഴിയും. അപ്പോള്‍ നേതാവ് ഒരു നിമിത്തം അല്ലാതെ ചരിത്രപരമായ ഒരു ആവശ്യകതയായി മാറുന്നു. ഇതായിരുന്നു ഇഎംഎസ്. ഇത് കാലത്തിന്റെ ആവശ്യമാണെന്ന് അധികാരത്തിലുള്ളവര്‍ ഉള്‍ക്കൊള്ളണം. അങ്ങനെ പ്രവര്‍ത്തിക്കാന്‍ ഇന്നത്തെ നേതാക്കള്‍ തയ്യാറാകുമെന്ന് പ്രത്യാശിക്കുന്നു’വെന്നും എംടി മുഖമടച്ചു പറഞ്ഞു.

‘ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ലക്ഷ്യം നേടിയെന്ന അലംഭാവത്തില്‍ എത്തിപ്പെട്ടവരുണ്ടാകാം. അത് ഒരു ആരംഭം മാത്രമാണെന്നും ജാഥ നയിച്ചും മൈതാനങ്ങളില്‍ ഇരമ്പിക്കൂടിയും വോട്ടുപെട്ടികള്‍ നിറച്ചും സഹായിച്ച ആള്‍ക്കൂട്ടത്തെ ഉത്തരവാദിത്വമുള്ള ഒരു സമൂഹമായി മാറ്റാനുള്ള തുടക്കം മാത്രമാണ് അധികാരത്തിന്റെ അവസരമെന്നു വിശ്വസിച്ചതുകൊണ്ടാണ് ഇഎംഎസ് സമാരാധ്യനും മഹാനുമായ നേതാവാകുന്ന’തെന്ന് എംടി പറയുമ്പോള്‍ അമ്പ് ചെന്നു കൊള്ളുന്നത് എവിടെയെന്നു വ്യക്തം.

‘തെറ്റുപറ്റിയെന്ന് തോന്നിയാല്‍ അത് സമ്മതിക്കാനുള്ള ആര്‍ജ്ജവമാണ് നേതാക്കള്‍ക്ക് വേണ്ടത്. എന്നാല്‍ ആ ഗുണം രാഷ്ട്രീയ മണ്ഡലത്തിലെ ഒരു മഹാരഥനും ഇവിടെ കാണിക്കാറില്ല. രാഷ്ട്രീയത്തിന്റെ മൂല്യച്യുതിയെപ്പറ്റി കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. അധികാരത്തിലെത്താനുള്ള മാര്‍ഗ്ഗമായി മാത്രം രാഷ്ട്രീയത്തെ കാണുന്നതാണ് ഇതിന് കാരണം. ആള്‍ക്കൂട്ടത്തെ എളുപ്പം ക്ഷോഭാകുലരാക്കാനോ, ആരാധകരാക്കാനോ ആര്‍ക്കും കഴിയും. എന്നാല്‍ തെറ്റായ ആ മാര്‍ഗ്ഗത്തിലേക്ക് പോകാതിരിക്കുകയാണ് വേണ്ടത്’. ഇത്തരത്തില്‍ മുഖ്യമന്ത്രിയെ ഇരുത്തിക്കൊണ്ട് ഇന്നുണ്ടായിരിക്കുന്ന രാഷ്ട്രീയ അപചയത്തിലേക്കും ധാര്‍മ്മിക തകര്‍ച്ചയിലേക്കും വിരല്‍ ചൂണ്ടുകയായിരുന്നു എംടി.

ഇഎംഎസ് മുഖ്യമന്ത്രിയായിരിക്കേ അദ്ദേഹത്തെ ഇരുത്തിക്കൊണ്ട് ചരിത്രപ്രസിദ്ധമായ കുളത്തൂര്‍ പ്രസംഗം നടത്തിയ ഒരു പത്രാധിപര്‍ നമുക്കുണ്ടായിരുന്നു. പത്മഭൂഷണ്‍ കെ.സുകുമാരന്‍. അന്ന് ആ വേദിയില്‍ പ്രസംഗിച്ചുകഴിഞ്ഞ് മുഖ്യമന്ത്രി ഇ എം എസ് ഇറങ്ങിപ്പോകാന്‍ തുടങ്ങുമ്പോള്‍, അദ്ദേഹത്തോട് അവിടെ ഇരിക്കാനും ഇതുകൂടി കേട്ടിട്ടു പോകാനും പറയാന്‍ തക്ക ആര്‍ജവം ആ പത്രാധിപര്‍ക്കുണ്ടായിരുന്നു. മുഖ്യമന്ത്രിക്ക് ആ വാക്കുകള്‍ കേളക്കാതിരിക്കാനും കഴിയുമായിരുന്നില്ല. വളര്‍ന്നുവളര്‍ന്ന് സാംസ്‌കാരിക ഔന്നത്യത്തിന്റെ വലിയ കൊമ്പുകളിലെത്തിയെന്ന് ഊറ്റംകൊള്ളുന്ന കേരളത്തില്‍ ഇന്ന് അത്തരമൊരു ക്യാരം സങ്കല്പിക്കാനാവുമോ? കാരണം ആ പത്രാധിപരുടെ നട്ടെല്ലിന്റെ സ്ഥാനത്തുണ്ടായിരുന്നത് വാഴപ്പിണ്ടി അല്ലായിരുന്നു.
മുഖ്യമന്ത്രിയായിരുന്ന അച്ഛന്‍ സി. കേശവനെതിരെ എഡിറ്റോറിയല്‍ എഴുതിയ മറ്റൊരു പത്രാധിപരായിരുന്നു കൗമുദി ബാലകൃഷ്ണന്‍. ആ പത്രാധിപന്‍മാരുടെ പാരമ്പര്യമാണ് ഈ തുറന്നുപറച്ചിലിലൂടെ എംടി ഉയര്‍ത്തിപ്പിടിക്കുന്നത്.

എംടി ഇങ്ങനെ പൊട്ടിത്തെറിച്ചിട്ടുള്ളത് അപൂര്‍വം ചില സമയങ്ങളില്‍ മാത്രമാണ്. അപ്പോഴെല്ലാം ആ വാക്കുകള്‍ക്ക് വെടിയുണ്ടയെക്കാള്‍ ശക്തിയുണ്ടായിരുന്നു. മുത്തങ്ങയില്‍ നിരപരാധികളായ ആദിവാസികളെ വെടിവച്ചു കൊന്നപ്പോള്‍ അന്നത്തെ മുഖ്യമന്ത്രി എകെ ആന്റണിക്കു നേരേ എംടി പൊട്ടിത്തെറിച്ചിരുന്നു. നോട്ടു നിരോധനം പ്രഖ്യാപിച്ച് ജനത്തെ പൊരിവെയിലിട്ടു ബോധം കെടുത്തി കൊന്നപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കു നേരേയും എംടിയുടെ വാക് ശരങ്ങള്‍ തൊടുക്കപ്പെട്ടിരുന്നു. പിന്നെ, ഇപ്പോഴിതാ അധികാര കേരളത്തിനു മുമ്പെങ്ങുമില്ലാത്ത വിധം ഭ്രാന്തുപിടിച്ചിരിക്കെ, എംടി തിരുത്തല്‍ ശക്തിയാവുകയാണ്. ഇനിയൊരു വട്ടം കൂടി അധികാരം കിട്ടിയാല്‍ കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇല്ലാതാകുമെന്നു പറഞ്ഞ് പിറ്റേ ദിവസം അതു തിരുത്തിയ സാഹിത്യ അക്കാഡമി മുന്‍ സെക്രട്ടറി കെ സച്ചിദാനന്ദനെയും മുഖ്യമന്ത്രിയുടെ നിഴലായ മരുമകന്‍ മന്ത്രിയേയും കൂടി സാക്ഷിനിറുത്തിക്കൊണ്ടായിരുന്നു എംടിയുടെ ശരവര്‍ഷം എന്നതും കൗതുകരമായി.

പരിണിതപ്രജ്ഞനായ എംടിക്ക് സാമൂഹ്യ വിമര്‍ശനം നടത്താന്‍ വലിയ തയ്യാറെടുപ്പിന്റെയൊന്നും ആവശ്യമില്ല. ആ കണ്ഠത്തില്‍ നിന്ന് വാക്കുകള്‍ അനര്‍ഗളം വരാറുണ്ട്. പക്ഷേ, ഇവിടെ എഴുതി തയ്യാറാക്കി കൊണ്ടുവന്ന പ്രസംഗമാണ് അദ്ദേഹം വായിച്ചത്. അതിനര്‍ത്ഥം ചിലതു പറയാന്‍ അദ്ദേഹം നേരത്തേ ഉറപ്പിച്ചിരുന്നുവെന്നും പറയേണ്ടത് പറയേണ്ട വേദിയില്‍ കേള്‍ക്കേണ്ടവരുടെ മുന്നില്‍ തന്നെ വേണമെന്നും അദ്ദേഹത്തിനു നിഷ്‌കര്‍ഷയുണ്ടായിരുന്നു. അതു മനസ്സിലാവാത്ത ചിലര്‍ എം ടി പറഞ്ഞത് കേന്ദ്ര സര്‍ക്കാരിനെക്കുറിച്ചാണെന്നൊക്കെ പറയുന്നുണ്ടാവും. പക്ഷേ, ഇ എം എസിനെയും റഷ്യന്‍ വിപഌവത്തെയും കൂട്ടുപിടിച്ച് എംടി ഉന്നയിക്കുന്ന ആശങ്ക എന്തിനെക്കുറിച്ചാണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്ക് അറിയാം.

‘കടക്ക് പുറത്ത്’ എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോള്‍ എന്തിനെന്നുചോദിക്കാന്‍ തലസ്ഥാനത്തെ ഒരു മാധ്യമപ്രവര്‍ത്തകനും നട്ടെല്ലുണ്ടായിരുന്നില്ല. ചെമ്മരിയാടുകളെ പോലെ തല കുനിച്ച് ഇറങ്ങിപ്പോയ മാധ്യമപ്രവര്‍ത്തകര്‍ക്കുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് എം.ടിയുടെ പ്രസംഗം. ജ്ഞാനപീഠം ഉള്‍പ്പെടെ ഉന്നത ബഹുമതികള്‍ നല്‍കി രാജ്യം ആദരിച്ച എം.ടി എഴുത്തുകാരന്‍ മാത്രമല്ല, മാതൃഭൂമിയുടെ മുന്‍ പത്രാധിപര്‍ കൂടിയായിരുന്നു. അതുകൊണ്ടുതന്നെയാകണം തൊണ്ണൂറ് പിന്നിട്ട എം.ടിയുടെ വാക്കുകള്‍ക്ക് യുവത്വത്തിന്റെ ഗാംഭീര്യം. വടി കുത്തി നടക്കുന്ന നമ്മുടെ മാധ്യമപ്രവര്‍ത്തകര്‍ തൊണ്ണൂറിലും നട്ടെല്ലോടെ നിവര്‍ന്നു നില്ക്കുന്ന എം.ടിയെ കണ്ടുപഠിക്കട്ടെ.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in എഡിറ്റോറിയല്‍

Trending News

To Top