Connect with us

ലോകായുക്തയുടെ വിധി; അതി നിര്‍ണ്ണായകം

എഡിറ്റോറിയല്‍

ലോകായുക്തയുടെ വിധി; അതി നിര്‍ണ്ണായകം

എസ്. ജഗദീഷ് ബാബു

ഡെമോക്ലസിന്റെ വാള്‍ പോലെ പിണറായി സര്‍ക്കാരിന്റെ തലയ്ക്കുമുകളില്‍ ലോകായുക്തയുടെ വിധി നാളെ.

20 വര്‍ഷം മുമ്പ് ഇ.കെ നായനാര്‍ സര്‍ക്കാര്‍ കൊണ്ടുവന്ന ലോകായുക്തയുടെ കര-ചരണങ്ങള്‍ രണ്ടാം പിണറായി സര്‍ക്കാര്‍ മുറിച്ചു. എന്നാല്‍ സര്‍ക്കാര്‍ പാസ്സാക്കിയ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇതുവരെ ഒപ്പുവെച്ചില്ല. ഗവര്‍ണര്‍ ഒപ്പിട്ട് ഓര്‍ഡിനന്‍സ് നിയമം ആയിരുന്നെങ്കില്‍ മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ ശിക്ഷിക്കാനുള്ള അധികാരം ലോകായുക്തയ്ക്ക് നഷ്ടപെടുമായിരുന്നു.

ഉന്നത വിദ്യാഭ്യാസ കണ്‍വീനര്‍ ആര്‍.എസ്. ശശികുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് ലോകായുക്ത നാളെ വിധി പറയുന്നത്. ഒരു വര്‍ഷം മുമ്പ് തെളിവെടുപ്പു പൂര്‍ത്തിയായെങ്കിലും വിധി അകാരണമായി ലോകായുക്ത മാറ്റിവെക്കുകയായിരുന്നു. ഇതിനെതിരെ ശശികുമാര്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്നാണ് നിര്‍ണ്ണായക വിധി പറയാന്‍ ലോകായുക്ത നിര്‍ബന്ധിതമായത്.

ഒന്നാം പിണറായി സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റി ചിലവഴിച്ച് സ്വജനപക്ഷപാതം കാണിച്ചെന്നാണ് കേസ്. അന്തരിച്ച ചെങ്ങന്നൂര്‍ മുന്‍ എം.എല്‍.എ രാമചന്ദ്രന്‍ നായരുടെ മകന് ജോലി നല്‍കുകയും, കുടുംബത്തിന് എട്ടരലക്ഷത്തിലധികം രൂപ നല്‍കുകയും ചെയ്തു. പരേതനായ മുന്‍ എന്‍.സി.പി നേതാവ് ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് ദുരിതാശ്വാസ, ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ അനുവദിച്ചു. പാര്‍ട്ടി സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ട് മരിച്ച പോലീസുകാരന്റെ ഭാര്യയ്ക്ക് ജോലിയും 20 ലക്ഷം രൂപയും നല്‍കി. പ്രളയകാലത്ത് നിക്ഷേപ പെട്ടി പൊട്ടിച്ച് സ്‌കൂള്‍ക്കുട്ടികളും കണ്ണൂരിലെ ബീഡി തൊഴിലാളി മുഴുവന്‍ ജീവിത സമ്പാദ്യവും ദുരിതാശ്വാസ ഫണ്ടിലേക്ക് നല്‍കിയിരുന്നു. ദുരിത ബാധിതര്‍ക്കും സാധുക്കളായ ആളുകളുടെ ചികിത്സയ്ക്കും മറ്റ് അടിയന്തര ഘട്ടങ്ങളിലും ഉപയോഗിക്കാനുള്ളതാണ് ദുരിതാശ്വാസ ഫണ്ട്. മുന്‍ എം.എല്‍.എ രാമചന്ദ്രന്‍ നായരുടെ മകന് ജോലി നല്‍കിയ നടപടി നേരത്തെ ഹൈക്കോടതി റദ്ദാക്കിയിരുന്നു. അതിനു പുറമേയാണ് അദ്ദേഹത്തിന്റെ ഭാര്യയ്ക്ക് എട്ടര ലക്ഷത്തോളം രൂപ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിച്ചത്.

സാധാരണ നേരിട്ടും ജനപ്രതിനിധികള്‍ വഴിയും ലഭിക്കുന്ന അപേക്ഷകള്‍ വില്ലേജ് ഓഫീസര്‍ വഴിയും ജില്ലാ കളക്ടര്‍ മുഖേനയും അന്വേഷണം നടത്തിയാണ് സഹായം അനുവദിക്കുക. ഇപ്പറഞ്ഞ മൂന്ന് കേസുകളിലും ഇത്തരം നടപടിക്രമങ്ങള്‍ പാലിച്ചാണോ ലക്ഷങ്ങള്‍ നല്‍കിയതെന്ന പരിശോധനയും ലോകായുക്ത നടത്തിയിരുന്നു. ആദ്യം പറഞ്ഞ ഉഴവൂര്‍ വിജയനും മുന്‍ എം.എല്‍.എയും മുഖ്യമന്ത്രിയുടെ പാര്‍ട്ടിക്കാരനും മറ്റൊരാള്‍ ഘടകകക്ഷി നേതാവുമാണ്. അപകടത്തില്‍ മരിച്ച പൊലീസുകാരന്റെ ഭാര്യയ്ക്ക് ജോലി നല്‍കിയത് ന്യായീകരിക്കാവുന്നതാണ്. എന്നാല്‍, ധനസഹായം ഇത്തരം അപകട മരണത്തിന് നല്‍കാറുണ്ടോ എന്നത് തര്‍ക്ക വിഷയമാണ്.

ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കെ.ടി ജലീനെതിരെ ലോകായുക്ത നടപടി എടുത്തിരുന്നു. തുടര്‍ന്നാണ് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചത്. ലോകായുക്ത വിധിയെ കെ.ടി ജലീല്‍ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും ചോദ്യം ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. ബന്ധുനിയമനമായിരുന്നു ജലീലിന്റെ രാജിക്ക് ഇടയാക്കിയ കേസ്. ആ കേസില്‍ വിധി പറഞ്ഞ മുഖ്യ ലോകായുക്ത മുന്‍ സുപ്രീം കോടതി ജസ്റ്റിസ് സിറിയക് ജോസഫ്, ഉപ ലോകായുക്ത മുന്‍ ഹൈക്കോടതി ജസ്റ്റിസ് ഫറൂഖ് ആര്‍. റഷീദ് എന്നിവരാണ് മുഖ്യമന്ത്രിക്കെതിരെയുള്ള നിര്‍ണ്ണായക വിധി പറയാന്‍ പോകുന്നത്.

ഗവര്‍ണര്‍ ഇപ്പോഴും ഒപ്പിടാതെ വെച്ചിരിക്കുന്ന ഓര്‍ഡിനന്‍സ് നിയമമായിരുന്നെങ്കില്‍ മുഖ്യമന്ത്രിക്കെതിരെയുള്ള അഴിമതി ആരോപണത്തില്‍ തീരുമാനം എടുക്കാനുള്ള അധികാരം നിയമസഭയ്ക്ക് ആകുമായിരുന്നു. മന്ത്രിമാര്‍ക്ക് എതിരെയാണ് ആരോപണം എങ്കില്‍ തീരുമാനം എടുക്കാനുള്ള അധികാരം മുഖ്യമന്ത്രിക്ക് നല്‍കുന്നതാണ് ഓര്‍ഡിനന്‍സ്. എം.എല്‍.എ മാര്‍ക്ക് എതിരെയാണ് ആരോപണം എങ്കില്‍ സ്പീക്കര്‍ക്ക് അന്തിമ തീരുമാനം കൈക്കൊള്ളാം. ലോകായുക്തയ്ക്ക് മുഖ്യമന്ത്രി അടക്കമുള്ള ഉന്നതര്‍ക്കെതിരെ വിധി പറയാനുള്ള അധികാരമാണ് ഓര്‍ഡിനന്‍സിലൂടെ പിണറായി സര്‍ക്കാര്‍ എടുത്തുകളഞ്ഞത്. ഓര്‍ഡിനന്‍സ് പാസായി ഒരു വര്‍ഷം ആകാറായിട്ടും ഗവര്‍ണര്‍ ഒപ്പിടാത്തതാണ് ഗവര്‍ണറും മുഖ്യമന്ത്രിയുമായുള്ള തുറന്ന യുദ്ധത്തിന് വഴിവെച്ചത്.

ഇ.കെ നായനാര്‍ മുഖ്യമന്ത്രിയും സിപിഐയുടെ ഇ. ചന്ദ്രശേഖരന്‍ നായര്‍ നിയയമന്ത്രിയും ആയിരിക്കുമ്പോഴാണ് രാജ്യത്തിന് തന്നെ മാതൃകയായ ലോകായുക്ത നിയമം നിലവില്‍ വന്നത്. ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന സുബ്രഹ്മണ്യം പോറ്റിയാണ് അന്ന് ഓര്‍ഡിനന്‍സ് എഴുതിയുണ്ടാക്കിയത്. 20 വര്‍ഷത്തിനു ശേഷം ലോകായുക്തയ്ക്ക് നല്‍കിയ അധികാരം അമിതമാണ് എന്ന കണ്ടെത്തലാണ് പുതിയ ഓര്‍ഡിനന്‍സിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

മാനനഷ്ട കേസില്‍ സൂറത്ത് കോടതി രാഹുല്‍ ഗാന്ധിക്ക് പരമാവധി ശിക്ഷ നല്‍കി അയോഗ്യത കല്‍പ്പിച്ചത് രാജ്യമാകെ ചര്‍ച്ചചെയ്യപ്പെടുന്ന സന്ദര്‍ഭമാണ്. ഈ സാഹചര്യത്തില്‍ ലോകായുക്ത മുഖ്യമന്ത്രി പിണറായിക്കും മന്ത്രിസഭയ്ക്കുമെതിരെ വിധി പറയുകയാണെങ്കില്‍ അത് ഏറെ നിര്‍ണ്ണായകമാണ്. ലോകായുക്ത വിധി പ്രതികൂലമായാല്‍ അപ്പീല്‍ പോകാന്‍ സര്‍ക്കാരിന് കഴിയും. എന്നാല്‍, ലോകായുക്ത വിധി എതിരാണെങ്കില്‍ മുഖ്യമന്ത്രി അധികാരത്തില്‍ തുടരുന്നത് ഇടതുപക്ഷത്തിന്റെ ധാര്‍മ്മികതയ്ക്ക് വെല്ലുവിളിയായി മാറും.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in എഡിറ്റോറിയല്‍

Trending News

To Top