അന്തര്‍ദേശീയം
അരുതുകള്‍ അതിരുകളാകുന്ന താലിബാനിലെ സ്ത്രീകള്‍
കരഞ്ഞുകലങ്ങിയ കണ്ണുകളും ചിരിമാഞ്ഞ് വിറയാര്‍ന്ന ചുണ്ടുകളും ശ്വാസത്തിന് പോലും പേടിയുടെ താളവുമായി ഇവിടെക്കുറേ പെണ്‍ജന്മങ്ങളുണ്ട്…ചിലപ്പോള്‍ അവര്‍ ഉറക്കെ നിലവിളിക്കും, പുരുഷമേധാവിത്വങ്ങളുടെ കാലടികളില്‍ ഞെരിഞ്ഞമര്‍ന്ന് സ്വാതന്ത്ര്യം വേണമെന്ന് ഉച്ചത്തില്‍ ആക്രോശിക്കും, യാചിക്കും… പക്ഷേ അതൊക്കെ മനസിന്റെ ഉള്ളറകളിലാണെന്ന് മാത്രം… കാരണം ഇത് താലിബാന്റെ മണ്ണാണ് ഇനി ഇവിടെ കാര്യങ്ങള്‍ ഇങ്ങനൊക്കെയാണ്… അഫ്ഗാനിസ്ഥാന്റെ മണ്ണില്‍ താലിബാന്റെ അധികാരം വീണ്ടുമെത്തുമ്പോള്‍ ലോകരാജ്യങ്ങളുടെ കണ്ണ് അവിടുത്തെ സ്ത്രീകളിലേക്കാണ്. ഇനി അവര്‍ അനുഭവിക്കേണ്ടി വരുന്നത് ഭീകരമായ അവകാശ ലംഘനങ്ങളാണ്.
താലിബാന്‍
താലിബ് എന്ന് അറബി വാക്കിര്‍ത്ഥം വിദ്യാര്‍ത്ഥി എന്നാണ്. ഇതില്‍ നിന്നാണ് താലിബാന്‍ എന്ന പദമുണ്ടായത്. അഫ്ഗാനിലെ സോവിയറ്റ് പിന്മാറ്റത്തിന് ശേഷം രാജ്യത്ത് ആഭ്യന്തര യുദ്ധം ഉണ്ടായപ്പോള്‍ താലിബാന്‍ എന്ന സംഘടന അവിടെ ഇടപെടുകയും 1996 മുതല്‍ 2001-ല്‍ വരെ അഫ്ഗാനിസ്ഥാനില്‍ ഭരണം നിലനിര്‍ത്തുകയും ചെയ്തു. എന്നാല്‍ പിന്നീടവര്‍ പുറത്താക്കപ്പെട്ടു. തുടര്‍ന്ന് 20 വര്‍ഷക്കാലം യു.എസ് സൈന്യത്തെ അഫ്ഗാനിസ്ഥാനില്‍ വിന്യസിപ്പിച്ചു. എന്നാല്‍ അമേരിക്കന്‍ സേനയുടെ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള പിന്മാറ്റത്തെ ത്തുടര്‍ന്ന് താലിബാന്‍ വീണ്ടും എത്തുകയായിരുന്നു.
അരുതുകള്‍ക്കൊണ്ട് ഭരണം
1996-ല്‍ താലിബാന്‍ കാബൂള്‍ പിടിച്ചടക്കിയതിന് പിന്നാലെ രാജ്യത്ത് കര്‍ശന സ്ത്രീവിരുദ്ധ നിയമങ്ങളാണ് നടപ്പാക്കിയത്. അവരുടെ വസ്ത്ര സ്വാതന്ത്ര്യം പൂര്‍ണ്ണമായും ഹനിക്കപ്പെട്ടു. സ്ത്രീകള്‍ തല മുതല്‍ കാല്‍ വരെ മറയുന്ന വസ്ത്രം ധരിക്കണം, സ്ത്രീകളെ പഠിക്കുന്നതിനോ, ജോലി ചെയ്യുന്നതിനോ അനുവദിച്ചിരുന്നില്ല. ഒറ്റയ്ക്ക് യാത്ര ചെയ്യാനും അനുമതിയില്ല. ടെലിവിഷന്‍, സംഗീതം, ഇസ്ലാമിക് അല്ലാത്ത ആഘോഷങ്ങള്‍ തുടങ്ങിയവയ്‌ക്കെല്ലാം നിരോധനമേര്‍പ്പെടുത്തി. അവരുടെ അഞ്ചുവര്‍ഷത്തെ ഭരണകാലത്ത് താലിബാന്‍ നടപ്പാക്കിയത് ശരീഅത്ത് നിയമമായിരുന്നു. അതായിരുന്നു അവരുടെ ശരികളും.
പുരുഷ രക്ഷകര്‍ത്താവിനൊപ്പം മാത്രമേ സ്ത്രീകള്‍ക്ക് വീടിനുപുറത്തിറങ്ങാന്‍ കഴിയുമായിരുന്നുള്ളൂ. വധശിക്ഷയും ചാട്ടവാറടികളും സാധാരണമായിരുന്നു എന്നുമാത്രമല്ല അതൊക്കെ പരസ്യമായി നടപ്പാക്കിയിരുന്നു എന്നുള്ളതാണ് ആളുകളുടെ പേടിസ്വപ്‌നവും. താലിബാന്‍ നിയന്ത്രിക്കുന്ന മേഖലകളില്‍ ഈ ഭരണരീതി മടക്കിക്കൊണ്ടുവരാന്‍ ആഗ്രഹിക്കുന്നു എന്നാണ് അവരെ എതിര്‍ക്കുന്നവരും പാശ്ചാത്യ രാജ്യങ്ങളും വിലയിരുത്തുന്നത്. എന്നാല്‍ ആ വാദം താലിബാന്‍ നിഷേധിച്ചുകൊണ്ട് അതില്‍ ഉറച്ചുനില്‍ക്കുകയാണ് അവരെന്ന് നിസംശയം പറയാം. 2001 ല്‍ അഫ്ഗാനില്‍ നിന്ന് പുറത്താക്കപ്പെട്ടതിനുശേഷം രണ്ടുപതിറ്റാണ്ടിനിപ്പുറം അവര്‍ തിരിച്ചുവന്നെങ്കില്‍ അത് പൂര്‍വ്വാധികം ശക്തിയില്‍ തന്നെയാവണം.
സമാധാനത്തില്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് താലിബാന്‍ പറയുമ്പോള്‍ കാബൂളിലെ ബുര്‍ഖ കടകളില്‍ തിരക്കുവര്‍ദ്ധിക്കുകയാണ്. സ്ത്രീകള്‍ക്കുള്ള ‘ചില’ അവകാശങ്ങള്‍ നിലനിര്‍ത്താന്‍ തയ്യാറാണെന്ന ഔദാര്യം പ്രഖ്യാപിക്കുമ്പോള്‍ നിലവില്‍ സ്ത്രീകള്‍ വഹിച്ച പദവികള്‍ രക്തബന്ധമുള്ള പുരുഷനു കൈമാറുമെന്ന തീരുമാനം കൈക്കൊണ്ടത് എന്തിനായിരുന്നു എന്നതും പ്രസക്തമാണ്. സ്ത്രീകളെ എല്ലായിടത്തുനിന്നും പടിയിറക്കുകയും പുരുഷാധിപത്യത്തിന് കീഴിലാക്കുകയും ചെയ്യുക തന്നെയാണ് താലിബാന്‍.
ബുര്‍ഖ നിര്‍ബന്ധമായും ധരിക്കണം, സ്ത്രീകള്‍ നടന്നുപോകുന്ന ശബ്ദം കേള്‍ക്കരുത്, ഹൈ ഹീല്‍സ് ഷൂസ് ധരിക്കരുത്. സ്ത്രീകള്‍ സംസാരിക്കുമ്പോള്‍ ശബ്ദം അപരിചിതര്‍ കേള്‍ക്കരുത്, തെരുവുകളില്‍നിന്ന് നോക്കിയാല്‍ കെട്ടിടത്തിലെ സ്ത്രീകളെ കാണരുത്, ജനാലകള്‍ മറച്ചുവയ്ക്കണം. സ്ത്രീകള്‍ക്ക് അവരുടെ ചിത്രങ്ങള്‍ എടുക്കുന്നതിനും, പത്രം, പുസ്തകം, കടകള്‍, വീടുകള്‍ എന്നിവയില്‍ പ്രദര്‍ശിപ്പിക്കുന്നതിനും വിലക്ക്. സ്ഥലനാമങ്ങളില്‍നിന്ന് ‘വനിത’ എന്ന് അര്‍ഥം വരുന്നവ മാറ്റണം, ബാല്‍ക്കണികളില്‍ കയറി നില്‍ക്കരുത്, റേഡിയോ, ടിവി, പൊതുപരിപാടികള്‍ എന്നിവയില്‍ പങ്കെടുക്കരുത്…ഇങ്ങനെ എഴുതിയാല്‍ തീരാത്ത അരുതുകളുടെ അതിരുകളിലാണ് താലിബാന്‍ ഭരിക്കുന്ന മണ്ണും പെണ്ണും.
പേടിപ്പെടുത്തുന്നശിക്ഷകള്‍
എല്ലാത്തിനേയും വെല്ലുവിളിച്ച് ഈ സ്ത്രീകള്‍ക്ക് പ്രതികരിച്ചുകൂടേ എന്ന് നമുക്ക് സംശയം തോന്നുക സ്വാഭാവികം. പക്ഷേ ക്രൂരമായ ശിക്ഷാ വിധികളാണ് അവരെ നിയമം അനുസരിക്കാന്‍ പ്രേരിപ്പിക്കുന്നത്. അതിശക്തമായ ചാട്ടവാറടിയില്‍ നിന്ന് മൃദുലമായ ശരീരങ്ങളെ അവര്‍ എങ്ങനെ സംരക്ഷിക്കാനാണ്.
പലപ്പോഴും താലിബാന്റെ ക്രൂരതകള്‍ രാജ്യാന്തര തലത്തില്‍ വാര്‍ത്തയായിട്ടുണ്ട്. നെയില്‍ പോളിഷ് ഇട്ടതിന്റെ പേരില്‍ 1996 ഒക്ടോബറില്‍ ഒരു സ്ത്രീയുടെ വിരല്‍ വെട്ടിക്കളഞ്ഞു. ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്നാരോപിച്ച് ഏഴു മക്കളുടെ അമ്മയായ വനിതയെ 30,000 കാഴ്ചക്കാരുടെ മുന്നില്‍വച്ചാണു ശിക്ഷിച്ചത്. വസ്ത്രധാരണം മതനിയമമനുസരിച്ചല്ലെന്നു പറഞ്ഞ് 1996 ഡിസംബറില്‍ കാബുളില്‍ 225 സ്ത്രീകളെ തടവിലാക്കി.

വിവാഹം ചെയ്തയച്ച വീട്ടിലെ പീഡനങ്ങള്‍ സഹിക്കാന്‍ വയ്യാതെ ആയിഷ ബീബിയെന്ന അഫ്ഗാന്‍ പെണ്‍കുട്ടി ഭര്‍ത്താവിന്റെ വീടുവിട്ടോടി. അവളെ താലിബാന്‍ പിടികൂടി ചെവികളും മൂക്കും അറുത്തെടുത്ത സംഭവത്തിന് ലോകം സാക്ഷിയാണ്.
താലിബാന് മുമ്പ്സ്വതന്ത്രരായിരുന്ന സ്ത്രീകള്‍
താലിബാന്‍ ആദ്യമായി അഫ്ഗാന്‍ പിടിക്കും മുന്‍പുള്ള സ്ത്രീകളുടെ ജീവിതം വളരെ സാധാരണമായിരുന്നു. ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയും, സഞ്ചാരവും, ഭക്ഷണവും എല്ലാം സ്വതന്ത്രമായി ആരും അവര്‍ക്കുമേല്‍ കൈകടത്താത്ത സാധാരണ ജീവിതം.
ഒരിക്കല്‍ സ്വതന്ത്രമായി അനുഭവിച്ചതൊക്കെയും ഇന്ന് അവര്‍ക്കന്യമാണ്. ജീവന്‍ മാത്രം സ്വന്തം കയ്യിലും ജീവിതം താലിബാന്റെ കയ്യിലും എന്നതാണ് അവരുടെ ഗുരുതരമായ അവസ്ഥ. അവര്‍ ജീവിക്കുകയാണ് താലിബാന്റെ ഇഷ്ടത്തിനനുസരിച്ച്…താലിബാന്റെ മണ്ണില്‍ ഇനിയാരും പെണ്ണായി പിറക്കാതിരിക്കുന്നതാവും നല്ലത്… വിടരുംമുമ്പ് കൊഴിയുന്നതിലും നല്ലതാണല്ലോ വിടരാതിരിക്കുക എന്നത്…
