അന്തര്‍ദേശീയം
അധികാരം പൂര്‍ണ്ണമായും താലിബാന് നല്‍കില്ല, അലി അഹമ്മദ് ജലാലി പ്രസിഡന്റായേക്കും
കാബൂള്‍: അഫ്ഗാനിസ്ഥാന്റെ പൂര്‍ണ നിയന്ത്രണം താലിബാന്‍ സൈന്യം പിടിച്ചു. എന്നാല്‍ രക്തച്ചൊരിച്ചില്‍ ഒഴിവാക്കാന്‍ അവര്‍ സൈനികമായി കാബൂള്‍ നഗരത്തില്‍ ഇടപെടില്ലെന്ന് അറിയിച്ച് കാബൂളിന്റെ കവാടത്തിലെത്തി അവിടെ നിലയുറപ്പിച്ചിരിക്കുകയാണ് താലിബാന്‍ സൈന്യം. സുഗമമായ അധികാര കൈമാറ്റത്തിനുള്ള ശ്രമങ്ങളുടെ ഭാഗമായി സമാധാന ചര്‍ച്ചകള്‍ പുരോഗമമാക്കുകയാണ്. ഇതിനായി മുമ്പ് സമാധാന ചര്‍ച്ചചയുടെ ഭാഗമായിരുന്ന താലിബാന്‍ നേതാക്കള്‍ കാബൂളിലെത്തി ചര്‍ച്ച ആരംഭിച്ചിരിക്കുകയാണ്.
രാജ്യം വിട്ട പ്രസിഡന്റ് അഷ്‌റഫ് ഗനിക്ക് പകരം മുന്‍ ആഭ്യന്തര മന്ത്രി അലി അഹമ്മദ് ജലാലി പുതിയ പ്രസിഡന്റാകുമെന്നാണ് ലഭിക്കുന്ന വിവരം. ഇരുവിഭാഗത്തിനും പൊതുസമ്മതനായ വ്യക്തിയാണ് ജലാലി. അഫ്ഗാന്റെ മുന്‍ ആഭ്യന്തരമന്ത്രിയാണ് അലി അഹമ്മദ് ജലാലി. ഇദ്ദേഹം പുതിയ പ്രസിഡന്റാകുമെന്നാണ് വിവരം. അതേസമയം, നിലവിലെ പ്രസിഡന്റ് അഷ്‌റഫ് ഗനി പൂര്‍ണമായും ഒറ്റപ്പെട്ടു. അമേരിക്കന്‍ സൈന്യം രാജ്യം വിട്ടതാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. മാത്രമല്ല, അദ്ദേഹത്തിന് ഉദ്യോഗസ്ഥ തലത്തിലും കാര്യമായ പിന്തുണ കുറഞ്ഞുവെന്നും വാര്‍ത്തകളുണ്ട്. ഈ സാഹചര്യത്തിലാണ് ജലാലിയെ പ്രസിഡന്റാക്കാന്‍ ആലോചിക്കുന്നത്. അഫ്ഗാന്‍ സര്‍ക്കാരിനും താലിബാനും പൊതുസമ്മതനാണ് ഇദ്ദേഹം.
ജലാലിയുടെ കാര്യത്തില്‍ താലിബാന്‍ പൂര്‍ണ്ണ സമ്മതം മൂളിയിട്ടില്ല. എങ്കിലും താലിബാന് കൂടി സമ്മതമുള്ള ഒരു പൊതുനേതാവ് എന്ന നിലയില്‍ ഇതുവരെ ജലാലിക്ക് തന്നെയാണ് മുന്‍തൂക്കം.ജലാലിക്ക് അഫ്ഗാന്‍ ഭരണത്തില്‍ അനുഭവപരിചയമുണ്ട്. അന്താരാഷ്ട്രസമൂഹം പൂര്‍ണ്ണമായും അധികാരം താലിബാന് നല്‍കാതെയുള്ള ഒരു ഇടക്കാല സര്‍ക്കാരാണ് കൂടുതല്‍ സുരക്ഷിതമെന്നാണ് കരുതുന്നത്. എങ്കിലും താലിബാന് ഈ സര്‍ക്കാരില്‍ മേല്‍ക്കയ്യുണ്ടായിരിക്കും.

അടിയന്തരമായി അഫ്ഗാന്‍ വിഷയത്തില്‍ ഐക്യരാഷ്ട്രസമിതി യോഗം ചേരാന്‍ റഷ്യ ആവശ്യപ്പെട്ടിരിക്കുകയാണ്. ബ്രിട്ടീഷ് പ്രധാനമന്ത്രിയും രാജ്യത്ത് അടിയന്തര യോഗം വിളിച്ചിട്ടുണ്ട്. ഒരു അരാജകത്വത്തിലേക്ക് അഫ്ഗാന്‍ അന്തരീക്ഷം വഴുതി വീഴുന്നതില്‍ ആര്‍ക്കും താല്‍പര്യമില്ല. അതേ സമയം, സ്ത്രീകള്‍ക്കെതിരെ എല്ലാതരം ക്രൂരതകളും അരങ്ങേറുന്ന പഴയ താലിബാന്‍ ഭരണം തിരിച്ചുവരുമെന്ന ഭീതിയില്‍ സമ്പന്നരായ അഫ്ഗാനികള്‍ രാജ്യം വിടുകയാണ്.
യുഎസില്‍ പഠിച്ച ജലാലിക്ക് അഫ്ഗാന്‍ ഭരണത്തില്‍ അനുഭവ പരിചയമുണ്ട്. അന്താരാഷ്ട്രസമൂഹം പൂര്‍ണ്ണമായും അധികാരം താലിബാന് നല്‍കാതെയുള്ള ഒരു ഇടക്കാല സര്‍ക്കാരാണ് കൂടുതല്‍ സുരക്ഷിതമെന്നാണ് കരുതുന്നത്. എന്നാല്‍ താലിബാന് ഈ സര്‍ക്കാരില്‍ മേല്‍ക്കയ്യുണ്ടായിരിക്കും.
അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണിലെ നാഷണല്‍ ഡിഫന്‍സ് യൂണിവേഴ്‌സിറ്റിയിലാണ് ജലാലി പ്രവര്‍ത്തിക്കുന്നത്. അദ്ദേഹം കാബൂളിലേക്ക് തിരിച്ചു. താലിബാന് അഫ്ഗാന്റെ പൂര്‍ണ നിയന്ത്രണം ലഭിച്ചു എന്ന വാര്‍ത്തകള്‍ക്കിടെയാണ് ജലാലി കാബൂളിലേക്ക് പുറപ്പെട്ടത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെയാണ് അഫ്ഗാനിലെ മൂന്നില്‍ രണ്ട് പ്രദേശങ്ങളും താലിബാന്‍ നിയന്ത്രണത്തിലാക്കിയത്.
കഴിഞ്ഞ 48 മണിക്കൂറിനിടെയാണ് അഫ്ഗാനിലെ കാര്യങ്ങള്‍ വേഗത്തില്‍ മാറിമറിഞ്ഞത്. രാജ്യത്തെ പ്രധാന നഗരങ്ങളായ മസാറി ശെരീഫ്, ജലാലാബാദ്, ഖാണ്ഡഹാര്‍, ഹെറാത്ത് എന്നിവയെല്ലാം അതിവേഗം താലിബാന്‍ പിടിക്കുകയായിരുന്നു. അതിനിടെ ഖത്തറിലെ ദോഹയില്‍ ലോകരാജ്യങ്ങളുമായി ചര്‍ച്ച നടത്തിയ താലിബാന്‍ നേതാക്കള്‍ ഞായറാഴ്ച ഉച്ചയോടെ കാബൂളില്‍ തിരിച്ചെത്തി. ദോഹയില്‍ നടന്ന ചര്‍ച്ചയില്‍ അഫ്ഗാന്റെ അധികാര കൈമാറ്റം സംബന്ധിച്ച് ധാരണയായി എന്നാണ് വിവരം.
