അന്തര്‍ദേശീയം
താലിബാന്റെ ആദ്യവരവില്‍ അവരെ ഒരു ‘വിസ്മയം’ പോലെ കണ്ടത് മാധ്യമം ദിനപത്രം മാത്രമാണോ?
ജയ് എന്‍.കെ
‘വിസ്മയം പോലെ താലിബാന്‍ പട’ എന്ന 96ലെ മാധ്യമം പത്രവാര്‍ത്തയെ വിമര്‍ശിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ അനവധി കണ്ടു. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ അന്ന്, മലയാളമാധ്യമങ്ങള്‍ക്കെല്ലാം താലിബാന്‍ ഒരു വിസ്മയം തന്നെയായിരുന്നു.
മുന്‍ പ്രസിഡന്റ് നജീബുള്ളയെ കൊലപ്പെടുത്തി തെരുവ് വിളക്കുകാലില്‍ കെട്ടിത്തൂക്കിയത് അഴിമതി നിറഞ്ഞ ഭരണത്തോടുള്ള സാധാരണ ജനങ്ങളുടെ പ്രതികരണമായിട്ടും അടിമകളായിരുന്നവരുടെ ഉയര്‍ത്തെഴുന്നേല്‍പ്പായിട്ടാണ് എല്ലാ മലയാളമാധ്യമങ്ങളും അച്ച് നിരത്തിയത് എന്നാണെന്റെ ഓര്‍മ്മ. രാഷ്ട്രീയനേതൃത്വങ്ങളെ നമ്മുടെ നാട്ടിലും ഇതേപോലെ തൂക്കിക്കൊല്ലണമെന്ന് അഭിപ്രായപ്പെട്ട പലരെയും എന്റെ ‘പൂനെ’ ജീവിതത്തില്‍ കണ്ട ഓര്‍മ്മയുണ്ട്. അവരിലൊരാള്‍ പോലും മൗദൂദികളായിരുന്നില്ല, എന്തിന് മുസ്ലീം പോലുമായിരുന്നില്ല. താലിബാനികളെ പ്രെയ്സ് ചെയ്തുള്ള ആദ്യകാല അഭിപ്രായങ്ങള്‍ രൂപപ്പെട്ടത് ‘മാധ്യമം’ വായിച്ചിട്ടുമല്ല. മാധ്യമം എന്ന പത്രത്തെപ്പറ്റി കേട്ടിട്ടുപോലുമില്ലയന്ന്. മുംബൈയില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന കലാകൗമുദി പത്രവും, ഇന്ത്യാടുഡേ, മാതൃഭൂമി, കേരളശബ്ദം വാരികകളുമായിരുന്നു അക്കാലത്ത് വായിച്ചിരുന്നത്.
പക്ഷെ മലയാളമാധ്യമലോകവും ഒരു ന്യൂനപക്ഷം പിന്തിരിപ്പന്‍ വര്‍ഗ്ഗീയക്കോമരങ്ങള്‍ ഒഴിച്ചുള്ള പൊതുസമൂഹവും തെറ്റിദ്ധാരണയില്‍ നിന്നും പുറത്ത് വന്ന് താലിബാനിസത്തെ വിമര്‍ശിക്കുകയും എതിര്‍ക്കുകയും ചെയ്യുമ്പോഴും ‘മാധ്യമ’വും മൗദൂദികളും അതേ 96ല്‍ തന്നെ നില്‍ക്കുകയാണ്, അതും ഭൂതകാലത്തിലേക്ക് ആശയോടെ മുഖംതിരിച്ചുകൊണ്ട്. എത്ര എതിര്‍ത്താലും, എത്ര വിമര്‍ശിച്ചാലും അവര്‍ ആ പിന്തിരിപ്പന്‍ മനുഷ്യത്വഹീന മനഃസ്ഥിതിയില്‍ നിന്ന് പുറത്ത് കടക്കുമെന്ന പ്രതീക്ഷയുമില്ല. കാരണം അവര്‍ക്കതിലെ മനുഷ്യത്വരാഹിത്യം മനസ്സിലാവുകയില്ല. കണ്ണും കാതും മൂടപ്പെട്ട മസ്തിഷ്‌കത്തില്‍ വെളിച്ചം എങ്ങനെയെത്താനാണ്?
രജതരേഖ എങ്ങും കാണുന്നില്ല. ഇതിലും മോശപ്പെട്ടതൊക്കെ ഈ ലോകത്ത് സംഭവിക്കാന്‍ പോവുന്നതേയുള്ളൂ, നമ്മളതും നിര്‍വികാരതയോടെ കാണും. എത്ര നിലവിളിച്ചാലും എത്ര വേദനിച്ചാലും താലിബാന്‍ കുറെയധികം നാളുകള്‍ അഫ്ഗാനിസ്ഥാനിന്റെ അധികാരസ്ഥാനത്ത് ഉണ്ടാവുമെന്ന് ഉറപ്പാണ്. ആ സത്യത്തെ അംഗീകരിക്കാതെ തരമില്ല. ചൈനയും പാകിസ്ഥാനും ആ ഭരണകൂടത്തെ അംഗീകരിച്ചുകഴിഞ്ഞു. അധികം താമസിയാതെ, നമ്മുടെ ഇന്ത്യയും താലിബാന്‍ ഭരണകൂടത്തെ അംഗീകരിക്കാനാണ് സാദ്ധ്യത. കുറഞ്ഞ പക്ഷം മൗനം സമ്മതം എന്ന മട്ടിലെങ്കിലും. ഇന്ത്യന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനിടയില്‍ കുറെ കൗമാരക്കാരികളുടെയും സ്ത്രീകളുടെയും നിലവിളിക്കെന്ത് പ്രസക്തി. ഒരു ഭരണാധികാരിയുടെയും കാതോളം എത്തില്ലയത്. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ നമ്മളും അഫ്ഘാനിസ്ഥാനെ മറക്കും. അതിന്റെ ഇന്റന്‍സിറ്റിയെ പുതിയ വാര്‍ത്തകള്‍ ലഘൂകരിച്ച് കളയും.
ഇന്ന് ലോര്‍ഡ്സില്‍ ഇന്ത്യ ടെസ്റ്റ് ജയിച്ചതാവും നാളത്തെ ചര്‍ച്ചാവിഷയം. മറ്റന്നാള്‍ കോഹ്ലിയോ, സുരേന്ദ്രനോ, മമ്മൂട്ടിയോ, മെസ്സിയോ, കങ്കണയോ ഇതുവരെ പേര് കേള്‍ക്കാത്ത വല്ല യൂട്യൂബറോ ഒക്കെ പുതിയ കൗതുകങ്ങളുമായി വരുമ്പോള്‍ നമ്മളും എല്ലാം മറക്കും. താലിബാനികള്‍ അയല്‍രാജ്യങ്ങളില്‍ ഇടപെടാതെയിരുന്നാല്‍ പ്രത്യേകിച്ചും.
പക്ഷെ ഭരണകൂടത്തിന് ചെയ്യാനാവാത്തയൊന്ന് നമുക്ക് ചെയ്യാനാവും. താലിബാന്‍ മനസ്സുള്ളവരെ നമ്മളില്‍ നിന്നകറ്റുകയെന്നതാണത്. പൗരാവകാശത്തിന്റെ, സ്വാതന്ത്ര്യത്തിന്റെ മൂല്യം മതപുസ്തകങ്ങളുടെ ഏടുകളിലെ വരികള്‍ക്ക് കീഴെയാണെന്ന് കരുതുന്നവരെ സമൂഹത്തില്‍ നിന്ന് ഒറ്റപ്പെടുത്തുകയെന്നതാണത്. താല്‍ക്കാലികലാഭത്തിന് വേണ്ടിപ്പോലും താലിബാന്‍ മനസ്ഥിതിയുള്ളവരോട് സന്ധി ചെയ്യരുത്. ഓര്‍ക്കുക, ആ മനഃസ്ഥിതി ഒരു മതത്തിന്റെ മാത്രം പ്രത്യേകതയല്ല. ഇന്റന്‍സിറ്റി കുറവാണെങ്കിലും ആ വിത്തുകള്‍ മറ്റുള്ളവരിലും കാണാം. അവരെയും സൂക്ഷിക്കുക.
ഞാന്‍ കേരളത്തിലെ ചില പ്രമുഖനേതാക്കളുടെ ഫേസ്ബുക്ക് പേജുകള്‍ ഇന്ന് സന്ദര്‍ശ്ശിച്ചു. വിടി ബലറാം രണ്ടു മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ താലിബാനിസത്തിനെതിരെ പ്രതികരിച്ചിരുന്നു. ഇന്ന് ലീഗിന്റെ എം. കെ മുനീറിന്റെയും പ്രതികരണം കണ്ടു.
പക്ഷെ കേരളത്തിലെ ഇടത്പക്ഷനേതാക്കള്‍ ഒരാളും ഒരക്ഷരം പോലും അഫ്ഘാന് വേണ്ടി ഈ നേരം വരെ സംസാരിച്ചിട്ടില്ല. എ. വിജയരാഘവന്‍, സിപിഎമ്മിന്റെ ഒഫിഷ്യന്‍ പേജ്, കാനം രാജേന്ദ്രന്‍, എം എ ബേബി, തോമസ് ഐസക്, സീതാറാം യെച്ചൂരി… എല്ലായിടത്തും ലോര്‍ഡ്സിലെ ക്രിക്കറ്റ് വിജയവും നീരജ് ചോപ്രയുടെ ജാവലിനും ജനകീയാസൂത്രണ ജൂബിലിയും സ്വതന്ത്ര്യസമരത്തിലെ ആര്‍ എസ് എസ് ന്റെ ഒളിച്ചോട്ടവുമാണ് വിഷയം.
ഈ മൗനവും ഭയപ്പെടുത്തുന്ന ഒന്നാണ്. താലിബാനെതിരെ രണ്ട് വാക്കെഴുതാന്‍ എന്തിനിത്ര ചിന്തിക്കേണ്ടിവരുന്നു? പണ്ട് അമേരിക്ക റഷ്യക്കെതിരെ താല്‍ക്കാലികലാഭത്തിന് താലിബാനെ വളര്‍ത്തിയ അബദ്ധത്തിന്റെ ചെറിയ പതിപ്പാവരുത് കേരളത്തിലും. വലിയ വില കൊടുക്കേണ്ടി വരും.
