എഡിറ്റോറിയല്‍
മുഖ്യമന്ത്രി പിണറായി പിടിച്ചത് പുലിവാല്‍

ഭാര്യയും ആലപ്പുഴ കളക്ടറുമായ രേണുരാജ് ഭര്‍ത്താവ് ശ്രീറാം വെങ്കിട്ടരാമന് അധികാരം കൈമാറുന്നു
ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറാക്കിയ മുഖ്യമന്ത്രി പിടിച്ചത് പുലിവാലാണ്. വിടാനും വയ്യ, വിടാതിരിക്കാനും വയ്യ എന്നതാണ് ഏത് തീരുമാനങ്ങളെയും മുറുകെ പിടിക്കുന്ന പിറണായിയുടെ അവസ്ഥ. വൈകാതെ ജില്ലാ കളക്ടര്‍ നിയമനം പിന്‍വലിക്കേണ്ട അവസ്ഥയിലാണ് സര്‍ക്കാര്‍. ഇന്നല്ലെങ്കില്‍, നാളെ അത്തരമൊരു തീരുമാനം ഉണ്ടായാല്‍ ആരും അത്ദുതപ്പെടാനില്ല.
കളക്ടര്‍ നിയമനത്തിനെതിരെ സമരം നടത്തുന്ന യുഡിഎഫിന്റെയും പത്രപ്രവര്‍ത്തക സംഘടനകളുടേയും പ്രതിഷേധത്തിനു മുന്നില്‍ സര്‍ക്കാരിന് വഴങ്ങാതിരിക്കാം. എന്നാല്‍, വെങ്കിട്ടരാമനെ നിയമിച്ചതിനെതിരെ സുന്നികളും കേരളാ ജമാഅത്ത് ഇസ്ലാമിയും സമരരംഗത്താണ്. അവര്‍ കെ.എം. ബഷീറിന്റെ മരണത്തിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെ കളക്ടര്‍ സ്ഥാനത്തുനിന്നും പിന്‍വലിക്കണമെന്ന ഉറച്ച നിലപാടിലാണ്. അപകട മരണം നടന്ന ഘട്ടം മുതല്‍ ഈ സംഘടനകളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ബഷീറിന്റെ കുടുംബത്തിന് ജോലിയും പ്രതിയായ ശ്രീറാമിനെതിരെ കാര്യമായ വകുപ്പുകള്‍ ചുമത്താനും സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. ഇപ്പോഴുണ്ടായിരിക്കുന്ന നിയമന വിവാദത്തിലും മുസ്ലീം സംഘടനകള്‍ക്കു മുന്നില്‍ സര്‍ക്കാരിന് തെറ്റ് തിരുത്തേണ്ടിവരും.
സഹപ്രവര്‍ത്തകനായിരുന്ന പത്രപ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതുമുതല്‍ കളക്ടര്‍ നിയമനം വരെയും കെ.യുഡബ്ല്യുജെയ്ക്കും കെ.ജെ.യുവിനും ഒരു ചുക്കും ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കോണ്‍ഗ്രസും മുസ്ലീം സംഘടനകളും ശക്തമായ സമരവുമായി രംഗത്തിറങ്ങിയപ്പോള്‍ പേരിനൊരു പ്രതിഷേധം സംഘടിപ്പിക്കാന്‍ മാത്രമാണ് പത്രപ്രവര്‍ത്തകരുടെ അട്ടിപ്പേറവകാശം പേറുന്ന കെ.യു.ഡബ്ല്യു.ജെയ്ക്ക് കഴിഞ്ഞത്. മുഖ്യമന്ത്രി പിണറായിയെ സംബന്ധിച്ചിടത്തോളം മാധ്യമങ്ങളോടുള്ള നിലപാട് ”കടക്കൂ പുറത്ത്” എന്ന് മാത്രമാണ്. പ്രതിപക്ഷ നേതാക്കളുടേയും ബി.ജെ.പി നേതാക്കളുടേയും പത്ര സമ്മേളനങ്ങളില്‍ ഉറഞ്ഞുതുള്ളുന്ന ഇവര്‍ പിണറായിയുടെ മുന്നില്‍ പഞ്ചപുഞ്ചമടക്കി അദ്ദേഹം പറയുന്നത് വിഴുങ്ങും. അസോലരപ്പെടുത്തുന്ന ചോദ്യങ്ങള്‍ മുഖ്യമന്ത്രി അവഗണിച്ച് സ്ഥലം വിടും. ബഷീറിന്റെ കേസിലും നിവേദനം നല്‍കാനും അപേക്ഷിക്കാനുമല്ലാതെ നിവര്‍ന്ന് നിന്ന് കളക്ടര്‍ നിയമനത്തില്‍ ഒരു ചോദ്യം ചോദിക്കാന്‍ പോലും മാധ്യമ സിംഹങ്ങള്‍ക്ക് നട്ടെല്ലുണ്ടായില്ല.
കൊല്ലപ്പെട്ട ബഷീര്‍ സുഹൃത്താണെന്നും അപകടമരണ കേസില്‍ ശക്തമായ നടപടികള്‍ എടുക്കുമെന്നും പറഞ്ഞ മുഖ്യമന്ത്രി ശ്രീറാമിന്റെ നിയമനം കേവലം ഭരണപരമായ നടപടിയെന്ന് പറഞ്ഞാണ് തടിതപ്പിയത്. ഐ.എ.എസ്‌കാര്‍ക്ക് കളക്ടര്‍ നിയമനം നിശ്ചിത വര്‍ഷത്തിനുള്ളില്‍ നല്‍കണമെന്ന് ഒരു നിയമവുമില്ല. എത്ര വര്‍ഷം കഴിഞ്ഞാലും സീനിയറായ ഐഎഎസുകാരെ കളക്ടര്‍മാരായി നിയമിക്കാന്‍ ഒരു തടസവുമില്ല. ഒരു മുന്‍ ചീഫ് സെക്രട്ടറി പറഞ്ഞു- ‘നരഹത്യ കേസില്‍ വിചാരണ നേരിടുന്ന ആളെ ജില്ലാ കളക്ടറായി നിയമിച്ചത് അനൗചിത്യവും അധാര്‍മ്മികവുമാണ്. സര്‍ക്കാര്‍ വിചാരിച്ചാല്‍ ആറുമാസത്തിനുള്ളില്‍ ഈ കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ കഴിയും”. മദ്യപിച്ച് ലക്കുകെട്ട് അമിത വേഗതയില്‍ ശ്രീറാം വണ്ടിയോടിച്ചതാണ് കെ.എം ബഷീറിന്റെ ജീവനെടുത്തത്. ഐ.എ.എസ് ഉദ്യോഗസ്ഥനോട് സംഭവ സമയത്ത് പൊലീസും സഹപാഠികളായ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും സഹകരിച്ചതുകൊണ്ട് തെളിവുകളെല്ലാം അന്നേ നശിപ്പിക്കപ്പെട്ടു. ശ്രീറാം വെങ്കിട്ടരാമന് സംഭവത്തെക്കുറിച്ച് ഓര്‍മ്മയില്ലെന്നാണ് വാദം. ഇത്രയും പ്രധാനപ്പെട്ട സംഭവം മറന്നുപോകുന്നത് മറവിരോഗമാണ്. ഡോക്ടര്‍കൂടിയായ ശ്രീറാമിന് ഇത്തരമൊരു പ്രശ്‌നമുണ്ടെങ്കില്‍ ജില്ലാ കളക്ടറുടെ പദവി വഹിക്കാന്‍ എങ്ങനെ കഴിയും ?. ഐ.എ.എസ് പരീക്ഷയില്‍ രണ്ടാം റാങ്കുനേടിയ ശ്രീറാം അതിബുദ്ധിമാനാണ്. ഭരണകാര്യങ്ങളില്‍ അതി സമര്‍ത്ഥനുമാണ്. അപ്പോള്‍ മറവി രോഗം കേസില്‍ നിന്നും തലയൂരാനുള്ള ഡിഫന്‍സുമാത്രമാണ്. ഇഷ്ടമുള്ളവരെ കളക്ടറായി നിയമിക്കാന്‍ മുഖ്യമന്ത്രിക്ക് അധികാരമുണ്ട്. ധാര്‍മ്മികമായി ശ്രീറാമിനെ കളക്ടറായി നിയമിച്ചത് പൊതു സമൂഹം അംഗീകരിക്കില്ല. എന്തായാലും ധാര്‍മ്മികതയെ പുല്ലുപോലെ അവഗണിച്ച മുഖ്യമന്ത്രി വര്‍ഗ്ഗീയ കക്ഷികളുടെ പ്രതിഷേധത്തിനുനുന്നില്‍ എന്ത് നിലപാട് എടുക്കും?. നിയമനം റദ്ദാക്കപ്പെട്ടാല്‍ അത് സുന്നി സംഘടനകളുടെയും കേരള ജമാഅത്തിന്റെയും വിജയമാണ്. ‘അപ്പോള്‍ അത് ഞമ്മളാണ്’ എന്ന് എട്ടുകാലി മമ്മൂഞ്ഞിനെപ്പോലെ പറഞ്ഞുകൊണ്ട് പത്രപ്രവര്‍ത്തക യൂണിയന്‍ രംഗത്ത് വരാതിരുന്നാല്‍ മതി.
