എഡിറ്റോറിയല്‍
സഹകരണ മേഖല അഴിമതിയുടെ കാമധേനു
ജീവിത സമ്പാദ്യം കരുവന്നൂര്‍ ബാങ്കില്‍ ഉണ്ടായിരുന്നിട്ടും ചികിത്സയ്ക്ക് പണമില്ലാതെ ഭാര്യ ഫിലോമിന മരിച്ചപ്പോള്‍ ഭര്‍ത്താവ് ദേവസി മൃതദേഹവുമായി പ്രതിഷേധിച്ചത് അക്ഷന്തവ്യമായ അപരാധമാണ്.
എണ്‍പതാം വയസില്‍ പെട്ടി ഓട്ടോ ഓടിച്ച് ചിലവുനടത്തേണ്ടി വന്ന ഈ ദമ്പതികളുടെ 30 ലക്ഷം രൂപയാണ് തട്ടിപ്പു വീരന്മാര്‍ അടിച്ചുമാറ്റിയത്. മകന്റെ ചികിത്സയ്ക്കായി ഈ നിക്ഷേപത്തില്‍ നിന്നും നേരത്തെ നാലരലക്ഷം നല്‍കിയതാണ് ഇപ്പോള്‍ സ്ഥലം എം.എല്‍.എ കൂടിയായ മന്ത്രി ബിന്ദുവും സഹകരണ മന്ത്രി വാസവനും ഉയര്‍ത്തിക്കാണിക്കുന്നത്. പണം നല്‍കിയില്ല എന്നു പറയുന്നത് തെറ്റാണെന്ന് സ്ഥാപിക്കാന്‍ നേരത്തെ നല്‍കിയ നാലരലക്ഷത്തിന്റെ കണക്ക് സഖാക്കളെല്ലാം ഏറ്റുപാടുന്നു. ഭാര്യയുടെ മൃതദേഹം ബാങ്കിനുമുന്നില്‍ വെച്ച് പ്രതിഷേധിച്ചതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യമുണ്ടെന്നാണ് മന്ത്രിമാരുടെ പരാതി. മൃതദേഹവുമായുള്ള പ്രതിഷേധത്തില്‍ കോണ്‍ഗ്രസും ബിജെപിയും എത്തിയതാണ് പ്രകോപനം. സ്ഥലം എം.എല്‍.എയായ ബിന്ദുവിന് ആ വീട്ടിലോ ബാങ്കിനു മുന്നിലോ ഒന്നു പോകാന്‍ എന്തായിരുന്നു തടസം. സ്വന്തം മണ്ഡലത്തിലെ ദുരന്തങ്ങളില്‍ ഓടിയെത്തേണ്ട കടമ മന്ത്രിയായതുകൊണ്ട് എം.എല്‍.എയ്ക്കില്ല എന്നുണ്ടോ?. സഹകരണ മന്ത്രി വാസവന്‍ ഒരു സത്യം കൂടി പറഞ്ഞു. ‘ഏറ്റവും ഒടുവില്‍ പണം ആവശ്യപ്പെട്ടപ്പോള്‍ അത് നല്‍കിയില്ല, ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറി. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നാണ്’ മന്ത്രിയുടെ വിശദീകരണം.
സംസ്ഥാനത്ത് 164 ബാങ്കുകള്‍ ഇത്തരത്തില്‍ നിക്ഷേപ തട്ടിപ്പ് നടത്തി പ്രതിസന്ധിയിലാണെന്ന് പറയുന്നത് ശരിയല്ല. 46 ബാങ്കുകളില്‍ മാത്രമാണ് പ്രതിസന്ധിയുള്ളത്. ശേഷിക്കുന്ന നൂറോളം ബാങ്കുകള്‍ കടലാസില്‍ മാത്രം ബാങ്ക് എന്നു പറയുന്ന സൊസൈറ്റികളാണെന്ന് മന്ത്രിയുടെ കണ്ടെത്തല്‍. എന്നാല്‍ നിയമസഭയില്‍ ഇതേ മന്ത്രി നല്‍കിയ മറുപടിയില്‍ 164 എന്ന കണക്ക് പറഞ്ഞിരുന്നു. അതല്ല ശരിയെന്നാവാം ഇപ്പോള്‍ മന്ത്രി പറയുന്നത്.
കരുവന്നൂര്‍ ബാങ്കില്‍ നൂറുകോടിയുടെ തട്ടിപ്പാണ് നടന്നത്. അതില്‍ 48 കോടി നിക്ഷേപകര്‍ക്ക് മടക്കി നല്‍കിയിട്ടുണ്ട്. പലിശകൂടി കണക്കാക്കിയാണ് 200 കോടിയുടെ അഴിമതി എന്നു പറയുന്നു. എന്നാല്‍ 400 കോടിയിലേറെയാണ് ഉദ്യോഗസ്ഥരും ഭരണസമിതിയും ചേര്‍ന്ന് തട്ടിയതെന്നാണ് മാധ്യമങ്ങള്‍ തുടക്കം മുതല്‍ പറയുന്നത്. ഇത് ഇടതുപക്ഷ സര്‍ക്കാരിനെതിരെ മാധ്യമ സിന്‍ഡിക്കേറ്റിന്റെ പ്രചരണമാണെന്നാണ് സഖാക്കള്‍ പറയുന്നത്. തട്ടിയെടുത്ത പണംകൊണ്ട് പ്രതികള്‍ തേക്കടിയിലും മൂന്നാറിലും റിസോര്‍ട്ട് പണിതതിനെക്കുറിച്ച് ആര്‍ക്കും തര്‍ക്കമില്ല. ഇപ്പോഴും ജയിലില്‍ കഴിയുന്ന ഒന്നാം പ്രതി സുനില്‍കുമാറിന്റെ അച്ഛന്‍ പറയുന്നത് സിപിഎം അറിയാതെ ഒരു തട്ടിപ്പും നടക്കില്ലെന്നാണ്. നേതാക്കള്‍ പറഞ്ഞത് അനുസരിച്ച തന്റെ മകന്‍ വഞ്ചിക്കപ്പെട്ടുവെന്നാണ് അച്ഛന്‍ രാമകൃഷ്ണന്റെ ആരോപണം. ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഉള്‍പ്പെടെ മുന്‍മന്ത്രിവരെ അറിഞ്ഞുകൊണ്ടാണ് കോടികളുടെ കൊള്ള നടന്നതെന്നാണ് അരമന രഹസ്യം. മുന്‍മന്ത്രി മൊയ്തീന്‍ തുടക്കം മുതല്‍ ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.
ദേശസാല്‍കൃത ബാങ്കിലാണ് ഇത്തരമൊരു തിരിമറി നടന്നതെങ്കില്‍ എന്തായിരിക്കും പുകില്‍. ആ ബാങ്ക് അടച്ചുപൂട്ടേണ്ടിതന്നെവന്നേനെ. അക്കൗണ്ടിലെ പണത്തില്‍ നിന്ന് 100 നഷ്ടപ്പെട്ടാല്‍പ്പോലും ഒരാളും ക്ഷമിക്കില്ല. ജീവിതകാലത്ത് സമ്പാദിച്ച തുകയെല്ലാം നഷ്ടപ്പെട്ട മനുഷ്യരോട് ഒരുകൊല്ലം കഴിഞ്ഞിട്ടും മറുപടി പറയാതെ ഒഴിയുകയാണ് സര്‍ക്കാര്‍. 70 ലക്ഷം രൂപ നിക്ഷേപിച്ച പൊറിഞ്ചു എന്ന മനുഷ്യന്‍ കുട്ടികളുടെ ചികിത്സയ്ക്ക് പലിശയ്ക്ക് കടംവാങ്ങി. ഒരു പൈസപോലും അക്കൗണ്ടില്‍ നിന്നും നല്‍കിയില്ലെന്നാണ് പൊറിഞ്ചുവിന്റെ പരാതി. സ്വന്തം നിക്ഷേപത്തില്‍ ലക്ഷങ്ങളുള്ളപ്പോള്‍ ചിലര്‍ക്ക് ബാങ്ക് നല്‍കിയത് അമ്പതിനായിവും ഒരുലക്ഷവുമാണ്. അതിനുവേണ്ടിത്തന്നെ അപേക്ഷയുമായി പലവട്ടം അവര്‍ ബാങ്കില്‍ കയറിയിറങ്ങേണ്ടി വന്നു. കരുവന്നൂരിലും പരിസരങ്ങളിലുമായി ആയിരങ്ങളാണ് ഈ തട്ടിപ്പിന്റെ ഇരയായത്. എന്നിട്ടും ശക്തമായ പ്രക്ഷോഭം നടത്താന്‍ കോണ്‍ഗ്രസിനോ ബിജെപിക്കോ കഴിഞ്ഞിട്ടില്ല. കാരണം ഇവര്‍ ഭരിക്കുന്ന സഹകരണ ബാങ്കുകളിലും നടക്കുന്നത് സമാനമായ തട്ടിപ്പുകളാണ്. സര്‍ക്കാരിനെ ചൊറിഞ്ഞാല്‍ അതെല്ലാം പുറത്തുവരുമെന്ന ഭയമാണ് എല്ലാവര്‍ക്കും. മലപ്പുറത്തെ സഹകരണ ബാങ്കിലെ കോടികളുടെ തട്ടിപ്പ് മുന്‍ മന്ത്രി ജലീല്‍ പുറത്തുകൊണ്ടുവന്നപ്പോള്‍ പൊള്ളിയത് കുഞ്ഞാലിക്കുട്ടിക്കും ലീഗിനുമാണ്. കേന്ദ്ര ഏജന്‍സി തട്ടിപ്പ് അന്വേഷിക്കണമെന്ന് ജലീല്‍ ആവശ്യപ്പെട്ടപ്പോള്‍ മുഖ്യമന്ത്രി പിണറായിയുടെ പ്രതികരണം രസകരമായിരുന്നു. ഇ.ഡി ചോദ്യം ചെയ്തതോടെ ജലീലിന് ഇ.ഡിയെക്കുറിച്ച് നല്ലമതിപ്പായിക്കാണും എന്നായിരുന്നു മുഖ്യമന്ത്രി അന്ന് പറഞ്ഞത്. പിന്നീട് ആ വഴിക്ക് കെ.ടി ജലീലിന്റെ പൊടിപോലും കണ്ടില്ല.
കേരളത്തിലെ സഹകരണ പ്രസ്ഥാനം പാവങ്ങളുടേയും സാധാരണക്കരുടേയും പ്രതീക്ഷയാണ്. വലിയ ബാങ്കുകളെക്കാള്‍ അവര്‍ക്ക് വിശ്വാസം സ്വന്തം നാട്ടിലെ സഹകരണ ബാങ്കുകളേയാണ്. അതുകൊണ്ടാണ് ഇന്ത്യയിലെ ഏറ്റവും വലിയ പ്രസ്ഥാനമായി സഹകരണ മേഖല വളര്‍ന്ന് പന്തലിച്ചത്. ചെറുകിട ബാങ്കുകളും ഭൂപരിഷ്‌കരണ ബാങ്കുകളും ജില്ലാ ബാങ്കുകളും ഇപ്പോള്‍ കേരള ബാങ്കും തുടങ്ങി എല്ലാം സാധാരണക്കാരുടെ അത്താണിയാണ്. സഹകരണബാങ്കുകളുടെ ഭരണം പിടിക്കാന്‍ നടക്കുന്ന മത്സരങ്ങള്‍ നിയമസഭാ തിരഞ്ഞെടുപ്പുപോലെ വീറും വാശിയും നിറഞ്ഞതാണ്. ഒരിക്കല്‍ ഭരണത്തിലെത്തുന്ന പാര്‍ട്ടികള്‍ പത്തും അമ്പതും വര്‍ഷം കഴിഞ്ഞാലും ഭരണത്തില്‍ തുടരും. ജനസേവനമല്ല, മറിച്ച് ബാങ്കിനെ മറയാക്കി നടത്താന്‍ കഴിയുന്ന കരുവന്നൂര്‍ മോഡല്‍ കൊള്ളയാണ് എല്ലാ പാര്‍ട്ടികളുടേയും അജണ്ട. സത്യം തിരിച്ചറിഞ്ഞ് ജനങ്ങള്‍ ഈ തട്ടിപ്പുകള്‍ക്കെതിരെ രംഗത്തുവരുമെന്നുറപ്പാണ്. സഹകരണ മേഖലയുടെ നിലനില്‍പ്പ് അപകടത്തിലാകുമെന്ന് പറഞ്ഞാണ് ജനങ്ങളെ നേതാക്കള്‍ ഭയപ്പെടുത്തുന്നത്. യഥാര്‍ത്ഥഭയം വര്‍ഷങ്ങളായി ബാങ്കുകളുടെ ഭരണം കയ്യടക്കിവെച്ചിരിക്കുന്ന സഹകാരികളായ നേതാക്കന്മാര്‍ക്കാണ്. അഞ്ച് വര്‍ഷത്തിലൊരിക്കലെങ്കിലും ഭരണമാറ്റമുണ്ടാകാത്ത പതിനായിരക്കണക്കിന് ബാങ്കുകളുണ്ട് സംസ്ഥാനത്ത്. അഴിമതിക്കെതിരെ ഉറഞ്ഞുതുള്ളുന്ന ഇടതു സര്‍ക്കാര്‍ ചെയ്യേണ്ടത് സത്യസന്ധമായ ഒരു പരിശോധനയാണ്. അപ്പോഴറിയാം സ്വര്‍ണത്തിനു പകരം മുക്കുപണ്ടംവെച്ച് കോടീശ്വരന്മാരായ പല നേതാക്കളുടേയും പൊയ്മുഖം.
