എഡിറ്റോറിയല്‍
ദേശീയ പാതയിലെ കുഴികള്‍ക്കുപിന്നില്‍ 100 കോടിയുടെ അഴിമതി
സോണിയയേയും രാഹുലിനേയും അഴിമതിയുടെ പേരില്‍ വേട്ടയാടുന്ന കേന്ദ്ര സര്‍ക്കാരിന് നൂറുകോടിയിലേറെ അഴിമതി നടത്തിയ ഉദ്യോഗസ്ഥരെ പേടി.
മണ്ണൂത്തി – ഇടപ്പള്ളി ദേശീയ പാത നിര്‍മ്മാണത്തില്‍ അഴിമതി നടത്തിയ നാഷണല്‍ ഹൈവേ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ കേന്ദ്രം അനുമതി നല്‍കുന്നില്ലെന്ന് പറയുന്നത് സിബിഐയാണ്. ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കരാര്‍ കമ്പനി നടത്തിയ റോഡ് നിര്‍മ്മാണത്തില്‍ നൂറുകോടിയിലധികം രൂപയുടെ അഴിമതി നടന്നതായി സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. കരാറു കമ്പനിയിലെ എട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്തെങ്കിലും കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്തതുകൊണ്ട് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ പോലും കഴിഞ്ഞില്ലെന്ന നിസ്സഹായതയാണ് സിബിഐ പ്രകടിപ്പിക്കുന്നത്.
ഒരാഴ്ചയ്ക്കകം മരണക്കെണിയായി മാറിയ ദേശീയ പാതയിലെ കുഴികള്‍ അടയ്ക്കാന്‍ ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ഉത്തരവിട്ട ദിവസമാണ് ഹൈവേ നിര്‍മ്മാണത്തിലെ ഞെട്ടിക്കുന്ന അഴിമതികള്‍ പുറത്തുവന്നിരിക്കുന്നത്. റോഡ് നിര്‍മ്മാണത്തില്‍ ടാര്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മിതികളിലാണ് ക്രമക്കേടുകള്‍ നടന്നിരിക്കുന്നത്. ദേശീയ പാതയില്‍ വ്യാപകമായി കാണുന്ന കുഴികള്‍ യാത്രക്കാരുടെ മരണത്തിന് ഇടയാക്കിയ സാഹചര്യത്തിലാണ് ഹൈക്കോടതി ശക്തമായി ഇടപെട്ടത്. ഈ ദുരന്തങ്ങളെല്ലാം മനുഷ്യ നിര്‍മ്മിതമാണെന്നും ജില്ലാ കളക്ടര്‍മാര്‍ വെറും കാഴ്ച്ചക്കാരായി നില്‍ക്കുകയാണെന്നും ഹൈക്കോടതി വിമര്‍ശിച്ചു. ദുരന്ത നിവാരണ നിയമമനുസരിച്ച് കരാറുകാരുടെയും ഉദ്യോഗസ്ഥരുടേയും പേരില്‍ കേസെടുക്കണമെന്ന് കോടതി ഉത്തരവിട്ടു. കഴിഞ്ഞ ആഴ്ച നെടുമ്പാശ്ശേരിയിലെ കുഴിയില്‍ വീണ് മരിച്ച ഹാഷിമിന്റെ മരണത്തിനുത്തരവാദികളായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കരാര്‍ കമ്പനിയുടെ പേരില്‍ നെടുമ്പാശ്ശേരി പോലീസ് ഒടുവില്‍ കേസെടുത്തു. ദേശീയ പാതയിലെ കുഴികളുടെ ഉത്തരവാദിത്വം കരാറുകമ്പനിക്കാണെന്നും ദേശീയപാതാ ഉദ്യോഗസ്ഥര്‍ വാദിച്ചു. എന്നാല്‍, ഉദ്യോഗസ്ഥര്‍ക്ക് ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
നാഷണല്‍ ഹെറാള്‍ഡ് കേസിലെ പണം തിരിമറി ആരോപിച്ചാണ് ഇ.ഡി രാഹുല്‍ ഗാന്ധിയെ 60 മണിക്കൂറും സോണിയാ ഗാന്ധിയെ 15 മണിക്കൂറും ചോദ്യം ചെയ്തത്. എന്നാല്‍, രാജ്യത്തെ ഏറ്റവും വലിയ കുറ്റാന്വേഷണ ഏജന്‍സിയായ സിബിഐ നൂറുകോടിയുടെ അഴിമതി കണ്ടെത്തിയിട്ടും ദേശീയപാതാ ഉദ്യോഗസ്ഥരെ സംരക്ഷിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. സാമ്പത്തിക കുറ്റങ്ങള്‍ ആരോപിച്ച് രാജ്യത്തെ എല്ലാ പ്രതിപക്ഷ നേതാക്കളേയും വേട്ടയാടുന്ന കേന്ദ്രസര്‍ക്കാര്‍ ദേശീയ പാതാ ഉദ്യോഗസ്ഥരെ എന്തുകൊണ്ടാണ് ഭയക്കുന്നത്. ഹൈവേ കൊള്ളക്കാരെപ്പോലും പിന്നിലാക്കുന്ന തരത്തിലാണ് കരാറുകാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് നൂറുകോടിയിലേറെ കൊള്ള നടത്തിയത്. റോഡ് നിര്‍മ്മാണത്തിലെ അഴിമതിയുടെ ഫലമായി ദേശീയ പാതയിലാണ് വാരിക്കുഴികള്‍ക്ക് തുല്യമായ കുഴികള്‍ പ്രത്യക്ഷപ്പെട്ടത്. ഇതില്‍ വീണ് മരിക്കുന്ന ആളുകളുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ പോലും കൂട്ടാക്കാത്ത ഉദ്യോഗസ്ഥര്‍ ടോള്‍ പ്ലാസകള്‍ വഴി ശതകോടികളാണ് ഈ കാലയളവില്‍ പിരിച്ചത്. ഹൈവേ കൊള്ളയ്ക്ക് കൊടിപിടിക്കുന്ന നിലപാടാണ് സിബിഐ കുറ്റപത്രം പോലും മുഖവിലയ്‌ക്കെടുക്കാത്ത മോദി സര്‍ക്കാരിന്റെ നടപടി.
