എഡിറ്റോറിയല്‍
മരണത്തെ മുഖാമുഖം കാണുന്ന കാല്‍നടക്കാര്‍
റോഡപകടങ്ങളില്‍ മരിക്കുന്ന കാല്‍നടക്കാര്‍ക്കുവേണ്ടി ആരും പ്രതികരിക്കാത്തത് തന്നെ അത്ഭുതപ്പെടുത്തുന്നു എന്ന് ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. റോഡുകളില്‍ അപകടം വരുത്തുന്ന കുഴികള്‍ ഇല്ലാതാക്കണമെന്ന് ഹൈക്കോടതിക്ക് പറയേണ്ടിവരുന്നത് ഗതികേടാണെന്നും അദ്ദേഹം സര്‍ക്കാരുകളെ ഓര്‍മ്മിപ്പിച്ചു. വീട്ടില്‍ നിന്നും പുറത്തേക്കു പോകുന്ന ഒരാള്‍ അപകടം കൂടാതെ വീട്ടില്‍ തിരിച്ചെത്തുമെന്ന് എന്താണ് ഉറപ്പ്?. ഇതാണോ സര്‍ക്കാരുകള്‍ നടപ്പാക്കുന്ന റോഡ് സുരക്ഷ സംവിധാനമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചോദിച്ചു.
കഴിഞ്ഞ കുറേ ദിവസങ്ങളായി കൊച്ചി നഗരത്തിലേയും ദേശീയ പാതയിലേയും റോഡുകളുടെ അപകടസ്ഥിതി പരിഹരിക്കണമെന്ന് പലവട്ടം ആവശ്യപ്പെട്ട കോടതി ഇന്നൊരു പൊതുചടങ്ങിലാണ് സമൂഹത്തോടുള്ള തന്റെ ആശങ്കകള്‍ പങ്കുവെച്ചത്.
മുന്‍കാലങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്ന അപകടമരണങ്ങളുടെ കണക്കാണ് ഇതുകേട്ടപ്പോള്‍ ഓര്‍മ്മവന്നത്. ടൂ വീലറുമായി വീട്ടിനുപുറത്തേക്ക് പോകുന്ന ഒരാള്‍ മടങ്ങിയെത്താനുള്ള സാധ്യത 25 ശതമാനമാണ്. ഫോര്‍ വീലറുമായി പുറത്തുപോകുന്നവര്‍ അപകടം കൂടാതെ മടങ്ങിയെത്താനുള്ള സാധ്യത 50 ശതമാനത്തോളമാണ്. കാല്‍നടയായി പുറത്തുപോകുന്നവര്‍ 75 ശതമാനവും അപകടം കൂടാതെ വീട്ടില്‍ മടങ്ങിയെത്തും. എന്നാല്‍ ഇത് 25 വര്‍ഷം മുമ്പുള്ള ഒരു സങ്കല്‍പ്പമാണ്. ഇന്ന് കാല്‍നടയായി പോകുന്ന ആള്‍ അപകടമില്ലാതെ തിരിച്ചെത്താനുള്ള സാധ്യത കേവലം 25 ശതമാനമായി കുറഞ്ഞിരിക്കുകയാണ്. കാരണം നഗരങ്ങളിലുള്‍പ്പെടെ ഒരു സ്ഥലത്തും റോഡുകളില്‍ നടപ്പാതകളോ റോഡ് മുറിച്ചുകടക്കാനുള്ള സംവിധാനങ്ങളോ വളരെ കുറവാണ്. ഒറ്റപ്പെട്ട സീബ്രാ ലൈനുകള്‍ ഉണ്ടെങ്കിലും അതുവഴി റോഡ് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്ന കാല്‍നടക്കാരോട് ചീറിപ്പാഞ്ഞ് വരുന്ന വാഹനങ്ങള്‍ ഒരു കാരുണ്യവും കാണിക്കാറില്ല. നിയമമനുസരിച്ച് എല്ലാ റോഡുകളിലും കാല്‍ നടക്കാര്‍ക്ക് ഫുട്പാത്തുകളും അവര്‍ക്ക് റോഡ് മുറിച്ചുകടക്കാന്‍ വേണ്ട സംവിധാനങ്ങളും നിര്‍ബന്ധമാണ്. വാഹനമുള്ളവരുടെ എണ്ണം പെരുകുകയും കാല്‍നടക്കാരുടെ എണ്ണം കുറയുകയും ചെയ്തു എന്ന മട്ടിലാണ് എല്ലാ റോഡുകളുടേയും നിര്‍മ്മാണം. നൂറുകണക്കിന് വാഹനങ്ങള്‍ തലങ്ങും വിലങ്ങും കടന്നുപോകുന്ന റോഡെല്ലാം വാഹനങ്ങള്‍ക്കുമാത്രമുള്ളതായി മാറിയിരിക്കുന്നു. കാല്‍നടക്കാര്‍ ഓരംപറ്റി ഒറ്റയടിപ്പാതയിലൂടെ നടന്നുവേണം ലക്ഷ്യത്തിലെത്താന്‍. സ്‌കൂള്‍ കുട്ടികളുടേയും പ്രായമായവരുടേയും കാര്യമാണ് ഏറെ ദയനീയം. റോഡിനു പുറത്ത് ഓടയ്ക്കുമീതെയിട്ടിരിക്കുന്ന സ്ലാബിലൂടെയാണ് രാവിലെയും വൈകിട്ടും ആയിരക്കണത്തിന് കുട്ടികള്‍ നടന്നുപോകുന്നത്. പൊട്ടിപ്പൊളിഞ്ഞ സ്ലാബുകളില്‍ കാലൊന്നു തെറ്റിയാല്‍ ഓടയിലോ, റോഡിലോ തെറിച്ചുവീണെന്നിരിക്കും. മത്സര ഓട്ടവുമായി വരുന്ന ബസുകളില്‍ കയറിക്കൂടുന്നതും ഇത്തരത്തിലാണ്. വലിയ നഗരങ്ങളൊഴിച്ച് ചെറുനഗരങ്ങളിലൊന്നും ബസുകള്‍ നിര്‍ത്താനുള്ള ഷെല്‍ട്ടറുകളില്ല. എം.എല്‍.എമാരുടേയും മന്ത്രിമാരുടേയും പേരെഴുതി വയ്ക്കാനായി സ്ഥാപിച്ച ബസ്‌സ്റ്റോപ്പുകള്‍ കാണാം. പക്ഷേ തൊട്ടുമുന്നില്‍ റോഡാണ്. ബസ്‌സ്‌റ്റോപ്പിനു മുന്നില്‍ ബസുകള്‍ നിര്‍ത്തുന്നതും അപൂര്‍വ്വമാണ്. കോളേജുകള്‍ക്കും സ്‌കൂളുകള്‍ക്കും മുന്നില്‍ പൊലീസുകാര്‍ ഡ്യൂട്ടിക്കുണ്ടെങ്കിലേ ബസുകള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നിര്‍ത്തിക്കൊടുക്കൂ. ഇത്തരത്തില്‍ ജീവിതത്തിനും മരണത്തിനുമിടയിലാണ് വിദ്യാര്‍ത്ഥികളും ജീവനക്കാരും ഓരോ ദിവസവും പിന്നിടുന്നത്.
റോഡപടകങ്ങളെക്കുറിച്ച് അത് സംഭവിക്കുമ്പോള്‍ മാത്രം ഞെട്ടുന്ന ഭരണാധികാരികള്‍ ഈ തിരക്കിലൂടെ ബുള്ളറ്റ് പ്രൂഫ് കാറുകളില്‍ പാഞ്ഞു പോകുന്നത് കാണാം. ‘കാറിന്റെ പിന്‍ സീറ്റില്‍ കുട്ടിത്തേവാങ്കിനെപ്പോലെ കുനിഞ്ഞിരുന്നു പോകുന്ന ഇവര്‍ക്കുനേരെ കല്ലെറിയുക…’ഇങ്ങനെ പറഞ്ഞത് മരിച്ചുപോയ ഒരു മഹാകവിയാണ്.
ടൂവിലര്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങള്‍ക്കും 15 വര്‍ഷത്തേക്ക് റോഡ് ടാക്‌സ് മുന്‍കൂറായി വാങ്ങുന്ന സര്‍ക്കാരാണ് കുഴികളില്ലാത്ത, നടപ്പാതയുള്ള റോഡുകള്‍ ജനങ്ങള്‍ക്ക് സജ്ജമാക്കേണ്ടത്. കോടാനുകോടി രൂപയാണ് റോഡ് സുരക്ഷയുടെ പേരില്‍ പിരിച്ചെടുക്കുന്നത്. അതിന്റെ പത്തുശതമാനമെങ്കിലും ചിലവിട്ടിരുന്നെങ്കില്‍ ഹൈക്കോടതി ജസ്റ്റിസിന് ഇത്തരത്തില്‍ വിലപിക്കേണ്ടിവരുമായിരുന്നില്ല.
ദേശീയ പാതയിലെ കുഴികള്‍ അടയ്ക്കാന്‍ കഴിഞ്ഞ ദിവസം ഇതേ ജസ്റ്റിസ് ഉത്തരവിട്ടിരുന്നു. ഇന്ന് നടന്ന കുഴിയടയ്ക്കല്‍ തൃശൂര്‍ കളക്ടര്‍ ഹരിത വി. നായര്‍ നേരിട്ട് പരിശോധിച്ചിരുന്നു. പ്രഹസനമാണ് കുഴിയടയ്ക്കലെന്ന് കളക്ടര്‍ക്കൊപ്പമുണ്ടായിരുന്ന പി.ഡബ്ല്യു.ഡി എഞ്ചിനീയര്‍മാര്‍ പരിശോധിച്ച് കണ്ടെത്തി. കരാറുകാരെ കരിമ്പട്ടികയില്‍ പെടുത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് തൃശൂര്‍ കളക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞത്. എറണാകുളം കളക്ടറോടും ഇത്തരത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ആലുവയിലെ വെള്ളപ്പൊക്ക ഭീഷണികൊണ്ടാവാം ഇന്ന് അത്തരം പരിശോധന നടക്കാതിരുന്നത്. സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകള്‍ ചെയ്യേണ്ട കാര്യങ്ങള്‍ക്ക് ഹൈക്കോടതി ചൂരല്‍വടിയുമായി പുറകേ നടക്കേണ്ടിവരുന്നത് ഗതികേടു തന്നെ.
