അന്തര്‍ദേശീയം
ഐക്യരാഷ്ട്ര സഭയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് പാകിസ്ഥാന്‍
ന്യുഡല്‍ഹി: ഇന്ത്യ ആക്രമിക്കാന്‍ ഒരുങ്ങുന്നുവെന്നും ഇടപെടല്‍ വേണമെന്നും ഐക്യരാഷ്ട്ര സഭയോട് (യു എന്‍) ആവശ്യപ്പെട്ട് പാകിസ്ഥാന്‍. ഇതുസംബന്ധിച്ച് വ്യക്തമായ വിവരം ലഭിച്ചെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് പറഞ്ഞു. അന്വേഷണത്തിന് അന്താരാഷ്ട്ര കമ്മീഷനെ അംഗീകരിക്കാമെന്നും അദ്ദേഹം അറിയിച്ചു.
യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടസിനോടാണ് പാകിസ്ഥാന്‍ ഇടപെടല്‍ തേടിയിരിക്കുന്നത്.
ഇന്ത്യ 36 മണിക്കൂറിനുള്ളില്‍ ആക്രമിക്കാന്‍ പദ്ധതിയിടുന്നതായി തെളിവ് ലഭിച്ചെന്ന് പാകിസ്ഥാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രിയും പറഞ്ഞിരുന്നു.
അതേസമയം, പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമാകവേ സ്ഥിതി വഷളാക്കാതെ നോക്കാന്‍ ഇന്ത്യയോടും പാകിസ്ഥാനോടും അമേരിക്ക അറിയിച്ചു. സാഹചര്യങ്ങള്‍ വിലയിരുത്താന്‍ യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറെ വിളിക്കും.
സൗഹൃദമുള്ള മറ്റ് രാജ്യങ്ങളും വിഷയത്തില്‍ ഇടപെടണമെന്ന് അമേരിക്ക ആവശ്യപ്പെട്ടിട്ടുണ്ട്. പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പാകിസ്ഥാന് സൈനികതലത്തില്‍ തിരിച്ചടി നല്‍കാന്‍ ഇന്ത്യയുടെ തീരുമാനം. എവിടെ, എപ്പോള്‍, എങ്ങനെ പ്രഹരിക്കണമെന്നും ആക്രമണത്തിന്റെ വ്യാപ്തി എന്തായിരിക്കണമെന്നും തീരുമാനിക്കാനുള്ള പൂര്‍ണ സ്വാതന്ത്ര്യം പ്രധാനമന്ത്രി സേനാവിഭാഗങ്ങള്‍ക്ക് നല്‍കിയതോടെ യുദ്ധത്തിലേക്ക് നീങ്ങുന്നുവെന്ന പ്രതീതിയിലായി രാജ്യം.
ദേശീയ സുരക്ഷാ കാര്യങ്ങളില്‍ നിര്‍ണായക തീരുമാനമെടുക്കുന്ന മന്ത്രിതല സമിതി ഇന്നു രാവിലെ സ്ഥിതിഗതികള്‍ വിലയിരുത്തും. ഏപ്രില്‍ 22 ന് നടന്ന പഹല്‍ഗാം ആക്രമണത്തിനുശേഷം പ്രധാനമന്ത്രി അദ്ധ്യക്ഷനായ സുരക്ഷാ സമിതിയുടെ രണ്ടാം യോഗമാണ് ഇന്ന് രാവിലെ 11ന് ചേരുക.
ഇന്ത്യക്കും പാക്കിസ്ഥാനും ഇടയില്‍ ഉടലെടുത്ത സംഘര്‍ഷ സാധ്യതയില്‍ ആശങ്കയറിയിച്ച് ഐക്യരാഷ്ട്രസഭ രംഗത്തെത്തി. ഇന്ത്യയുമായും പാക്കിസ്ഥാനുമായും യു.എന്‍. സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് സംസാരിച്ചു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍, പാക് പ്രധാനമന്ത്രി ശഹബാസ് ഷരീഫ് എന്നിവരെ നേരിട്ട് വിളിച്ചാണ് യു.എന്‍. സെക്രട്ടറി ജനറല്‍ ചര്‍ച്ച നടത്തിയത്. സംഘര്‍ഷം ഒഴിവാക്കണമെന്നും ഏത് തരത്തിലുള്ള മധ്യസ്ഥത വഹിക്കാനും യു.എന്‍. ഒരുക്കമാണെന്നും സെക്രട്ടറി ജനറല്‍ അറിയിച്ചു. എന്നാല്‍ യു.എന്‍. ആവശ്യത്തോട് ഇരു രാജ്യങ്ങളും ഇതുവരെ പ്രതികരിച്ചിട്ടില്ല.
