Connect with us

ഇറാന് നേരെ വീണ്ടും ഇസ്രായേല്‍

അന്തര്‍ദേശീയം

ഇറാന് നേരെ വീണ്ടും ഇസ്രായേല്‍

ന്യുഡല്‍ഹി: ഇറാന് നേരെ വീണ്ടും ഇസ്രായേല്‍ കനത്ത ആക്രമണം ആരംഭിച്ചു. തലസ്ഥാനമായ ടെഹ്‌റാനിലടക്കം സ്‌ഫോടനം നടക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. യെമനില്‍ നിന്നും ജറുസലേമിലേക്കും റോക്കറ്റാക്രമണം ഉണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ച്ചയായ ആക്രമണ പ്രത്യാക്രമണങ്ങള്‍ അപ്രഖ്യാപിത യുദ്ധത്തിലേക്ക് നീങ്ങുമെന്ന ഭീതിയിലാണ് ലോകം.

യു.എസ്സുമായുള്ള ആണവ ചര്‍ച്ചകളില്‍ നിന്നും ഇറാന്‍ പിന്മാറിയിട്ടുണ്ട്. ഇസ്രായേല്‍ ഇറാന്‍ ആണവകേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഞായറാഴ്ച ഒമാനില്‍ നടക്കേണ്ട ആറാംഘട്ട ചര്‍ച്ചയില്‍ നിന്ന് ഇറാന്‍ പിന്‍മാറിയത്.

വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ഇറാന്‍ ശക്തമായി തിരിച്ചടിച്ചു. ടെല്‍ അവീവില്‍ വിവിധയിടങ്ങളില്‍ ഇറാന്റെ മിസൈലുകള്‍ പതിച്ചതായാണ് വിവരം. ആക്രമണം പ്രതീക്ഷിച്ചിരുന്ന ഇസ്രയേല്‍ ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ആവശ്യപ്പെട്ടിരുന്നു. ഇറാന്റെ ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.

അതേസമയം ഇന്നലെ പുലര്‍ച്ചെ ഇറാനിലെ സൈനിക, ആണവകേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണത്തിനു പിന്നാലെ ഇന്നലെ വൈകുന്നേരത്തോടെയാണ് ഇസ്രയേല്‍ വീണ്ടും ആക്രമണം നടത്തിയത്. തെക്കന്‍ ടെഹ്‌റാനിലെ ആണവകേന്ദ്രം ലക്ഷ്യമിട്ടായിരുന്നു മിസൈല്‍ ആക്രമണം. ഇതിനിടെ ഹൂതി വിമതര്‍ ഇസ്രയേലിലേക്ക് ഡ്രോണ്‍ ആക്രമണം നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇറാന്റെ ആക്രമണം സാധാരണക്കാരുടെ നേരെയെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രി പറഞ്ഞു. ഇസ്രയേലിനെ മുട്ടുകുത്തിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയും സാധാരണക്കാരുടെ നേരെ ആക്രമണം നടത്തിയ ഇറാന്‍ പരിധികള്‍ ലംഘിച്ചെന്ന് ഇസ്രയേല്‍ പ്രതിരോധ മന്ത്രിയും പറഞ്ഞു.

ഇസ്രയേല്‍ ഇന്നലെ പുലര്‍ച്ചെ ഇറാനില്‍ നടത്തിയ ആക്രമണത്തില്‍ 78 പേര്‍ മരിച്ചതായി ഇറാന്‍ ഐക്യരാഷ്ട്രസഭയെ അറിയിച്ചു. 320 പേര്‍ക്ക് പരിക്കേറ്റതായും ഇറാന്‍ അംബാസഡര്‍ ഔദ്യോഗികമായി ഐക്യരാഷ്ട്രസഭയെ അറിയിച്ചു. തലസ്ഥാന നഗരമായ ടെഹ്‌റാനിലും പരിസര പ്രദേശങ്ങളിലും ആണവ റിയാക്ടറുകളിലും ഉള്‍പ്പെടെ ഇസ്രയേല്‍ നടത്തിയ ആക്രമണങ്ങളിലാണ് ഇത്രയും പേര്‍ മരിച്ചത്. അതേസമയം, ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അമേരിക്കയുമായുള്ള ആണവചര്‍ച്ചയില്‍നിന്ന് ഇറാന്‍ പിന്മാറി. ഇക്കാര്യം ഇറാന്‍ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു.

ഇസ്രയേല്‍ ഇറാന്‍ ആക്രമിച്ചതിനു പിന്നാലെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പുതിയ ഭീഷണിയുമായി രംഗത്തെത്തി. ഇറാന്‍ ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പിട്ടില്ലെങ്കില്‍ ഇതിലും രൂക്ഷമായ ആക്രമണം നേരിടേണ്ടി വരുമെന്നാണ് ട്രംപിന്റെ ഭീഷണി. ആണവ പദ്ധതിയില്‍ നിന്ന് ഇറാന്‍ പിന്‍വാങ്ങിയില്ലെങ്കില്‍ ഇസ്രയേലില്‍ നിന്ന് ലഭിച്ചതിലും കൂടുതല്‍ പ്രഹരം ഏറ്റുവാങ്ങേണ്ടി വരുമെന്നാണ് ട്രംപ് വിശദീകരിച്ചത്.

അതേസമയം, ഇറാന്‍ – ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുന്നതില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തി. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ സംസാരിച്ചു. നെതന്യാഹുവിനോട് ഇന്ത്യയുടെ ആശങ്ക നരേന്ദ്രമോദി അറിയിച്ചു. നിലവിലെ സാഹചര്യത്തെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കണമെന്ന ഇന്ത്യയുടെ നിലപാട് നരേന്ദ്രമോദി ആവര്‍ത്തിച്ചെന്നാണ് റിപ്പോര്‍ട്ട്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in അന്തര്‍ദേശീയം

Trending News

To Top