അന്തര്‍ദേശീയം
പാകിസ്ഥാന്‍ നടത്തിയ ഗൂഢാലോചനകള്‍ പൊളിച്ച് ഇന്ത്യ
ന്യുഡല്‍ഹി: മെയ് എട്ടിന് രാത്രി ഇന്ത്യയെ ആക്രമിക്കാനായി പാകിസ്ഥാന്‍ നടത്തിയ ഗൂഢാലോചനകള്‍ പൊളിച്ച് ഇന്ത്യ. വ്യോമാതിര്‍ത്തി അടക്കാതെ സിവിലിയന്‍ വിമാനങ്ങള്‍ മറയാക്കി ഇന്ത്യയെ കുടുക്കാനുള്ള പാക് കുതന്ത്രം തിരിച്ചറിഞ്ഞ് പ്രതികരിച്ച് സൈന്യം. തിരിച്ചടിയില്‍ സിവിലിയന്‍ വിമാനങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടാകാനുള്ള ഗൂഢാലോചനയാണ് പാകിസ്ഥാന്‍ നടത്തിയതെന്നും എന്നാല്‍ പാകിസ്ഥാന്റെ ഗൂഢാലോചന തിരിച്ചറിഞ്ഞാണ് പ്രതിരോധ നടപടികള്‍ സ്വീകരിച്ചതെന്നും പ്രതിരോധ മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി.
നാല് വ്യോമ താവളങ്ങളടക്കം രാജ്യത്തിന്റെ സുപ്രധാനമായ 36 കേന്ദ്രങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാന്‍ സേന നടത്തിയ ആക്രമണം ഫലപ്രദമായി ഇന്ത്യ തടഞ്ഞുവെന്ന് വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി. ആക്രമണത്തില്‍ പാകിസ്താന്റെ ഏരിയല്‍ റഡാര്‍ തകര്‍ത്തുവെന്നും പാക് സൈന്യത്തിന് കനത്ത നാശമുണ്ടാക്കിയെന്നും സൈനിക വക്താക്കള്‍ വ്യക്തമാക്കി. ആകെ നാനൂറോളം ഡ്രോണുകളാണ് പാകിസ്ഥാന്‍ ഇന്ത്യക്ക് നേരെ ഉപയോഗിച്ചതെന്നെന്നും, ഇവയില്‍ കനത്ത പ്രഹരശേഷിയുള്ള തുര്‍ക്കി ഡ്രോണുകളുമുണ്ടായിരുന്നുവെന്നും എന്നാല്‍ പാകിസ്ഥാന്റെ ഒറ്റ ഡ്രോണുകളും മിസൈലുകളും ലക്ഷ്യം കാണാന്‍ ഇന്ത്യ അനുവദിച്ചില്ലെന്നും സൈന്യം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
അതേസമയം, ഇന്ത്യയുടെ പ്രത്യാക്രമണത്തില്‍ തളര്‍ന്നെങ്കിലും പൊളളയായ അവകാശവാദങ്ങളും യുദ്ധവെറി നിറഞ്ഞ പ്രകോപന പ്രസ്താവനകളുമായി പാകിസ്ഥാന്‍ രംഗത്തുണ്ട്. ഇപ്പോഴത്തെ ഏറ്റുമുട്ടല്‍ കൂടുതല്‍ വ്യാപിപ്പിക്കുമെന്ന് പാക് പ്രതിരോധ മന്ത്രി കാജാ ആസിഫ് പറഞ്ഞു. കറാച്ചി തുറമുഖത്തിന് കേടുപാടുണ്ടായെന്ന വാര്‍ത്ത തള്ളിയ പാകിസ്ഥാന്‍ ഇതുവരെ ഇന്ത്യയുടെ 3 പോര്‍ വിമാനങ്ങളും 77 ഡ്രോണുകളും വെടിവെച്ചിട്ടെന്നും അവകാശപ്പെട്ടു.
