എഡിറ്റോറിയല്‍
നേതാക്കളെ സൃഷ്ടിക്കുന്നത് ജനങ്ങള്‍
നിയമസഭയിലെ ഗര്‍ജ്ജിക്കുന്ന സിംഹമായിരുന്ന എംവിആറിനെ തോല്‍പ്പിക്കാന്‍ സിപിഎം രംഗത്തിറക്കിയ പ്രശസ്ത കവിയായിരുന്നു കടമ്മനിട്ട രാമകൃഷ്ണന്‍. ആരോടും തോറ്റിട്ടില്ലാത്ത എംവിആര്‍ കവിയോട് തോറ്റു. എന്നാല്‍ മലയാളികളുടെ പ്രിയപ്പെട്ട കവി കടമ്മനിട്ട എംഎല്‍എ എന്ന നിലയില്‍ ഒരു വലിയ പരാജയമായി. ജനപ്രതിനിധിയായി ശോഭിച്ചില്ലെന്നു മാത്രമല്ല, അതിനുശേഷം മലയാള കവിതയെ മാറ്റിമറിച്ച കുറത്തിയും, ശാന്തയും, കടിഞ്ഞൂല്‍ പൊട്ടനും, നഗരത്തില്‍ പറഞ്ഞ സുവിശേഷവും … തുടങ്ങിയ അസാധാരണമായ കവിതകള്‍ എഴുതിയ കടമ്മനിട്ട പിന്നീട് എഴുതിയത് ‘പൂച്ചയാണിന്നെന്റെ ദുഃഖം’ എന്ന ഒരു കവിത മാത്രം. ഒരു മഹാകവിയെ പിടിച്ച് ജനപ്രതിനിധിയാക്കിയാല്‍ അദ്ദേഹത്തിന്റെ സര്‍ഗ്ഗാത്മകത പോലും നശിച്ചുപോകും എന്നോര്‍മ്മപ്പെടുത്താനാണ് കടമ്മനിട്ടയെക്കുറിച്ച് പറഞ്ഞത്.

എംടി വാസുദേവന്‍ നായര്‍ മലയാളിയുടെ ഹൃദയം കീഴടക്കിയ എഴുത്തുകാരനാണ്. അദ്ദേഹം മാതൃഭൂമിയുടെ പത്രാധിപരായും തിളങ്ങി. എന്നുവെച്ച് മറ്റൊരു എഴുത്തുകാരന് പത്രാധിപരായി തിളങ്ങാന്‍ കഴിയണമെന്നില്ല. അതിനുദാഹരണമാണ് വാഗ്മിയും എഴുത്തുകാരനുമായ പ്രൊഫസര്‍ സുകുമാര്‍ അഴീക്കോട് വര്‍ത്തമാനം പത്രത്തിന്റെ എഡിറ്ററായി ചുമതലയേറ്റെങ്കിലും അത് വിജയിപ്പിക്കാന്‍ അദ്ദേഹത്തിന് കഴിയാതെ പോയത്. സാഗര സമാനമായ അഴീക്കോടിന്റെ പ്രസംഗം പോലെ ഒന്നല്ല പത്രാധിപരുടെ പണിയെന്ന് തിരിച്ചറിഞ്ഞപ്പോള്‍ അഴീക്കോട് ആ ദൗത്യത്തില്‍ നിന്ന് പിന്മാറി.

തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ച് അതിപ്രശസ്തരായ എഴുത്തുകാര്‍ പലരും തോറ്റുപോയിട്ടുണ്ട്. എസ്‌കെ പൊറ്റക്കാടും അഴീക്കോടും ഒഎന്‍വിയും ഇത്തരത്തില്‍ പരാജയത്തിന്റെ രുചി അറിഞ്ഞവരാണ്.

പറഞ്ഞുവന്നത് എഴുത്തുകാരനായ ശശി തരൂരിന്റെ നീക്കങ്ങളെക്കുറിച്ചാണ്. അതാണല്ലോ കേരളത്തിലെ അന്തിചര്‍ച്ച. തരൂര്‍ എഴുത്തുകാരനാണ്. വാഗ്മിയാണ്. ബുദ്ധിജീവിയാണ്. അക്കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍ ഇഎംഎസിനെ പോലെ, നായനാരെ പോലെ, വിഎസിനെ പോലെ കേരളത്തിന്റെ മുഖ്യമന്ത്രിയായി മാറാന്‍ തരൂരിന് കഴിയില്ല. എഴുത്തുപോലെ, പ്രസംഗം പോലെ ഒന്നല്ല ജനനേതാവിന്റെ ദൗത്യം. ഒരു സുപ്രഭാതത്തില്‍ രാഷ്ട്രീയത്തിലേക്ക് കയറി വന്നവരല്ല കേരളത്തിലെ മുഖ്യമന്ത്രിമാരാരും. ബാല്യവും യൗവ്വനവും ജീവിതം തന്നെയും രാഷ്ട്രീയത്തിനു വേണ്ടി, ജനങ്ങള്‍ക്കു വേണ്ടി സമര്‍പ്പിച്ചവരാണ് പിന്നീട് കേരളത്തിന്റെ മുഖ്യമന്ത്രിമാരായി മാറിയ പിണറായി വരെയുള്ള നേതാക്കള്‍. ആര്‍.ശങ്കറും സി.അച്യുതമേനോനും ഒരുപരിധി വരെ വ്യത്യസ്തരായിരുന്നു എന്നുപറയാം. മറ്റുള്ള മുഖ്യമന്ത്രിമാരെല്ലാം ജനങ്ങള്‍ക്കിടയില്‍ നിന്ന് വളര്‍ന്നുവന്ന് ആ പദവിയില്‍ എത്തിയവരാണ്.

എഴുത്ത് പോലെ, പ്രസംഗം പോലെ ഒരു കല തന്നെയാണ് രാഷ്ട്രീയം. ജനങ്ങളുടെ ആവശ്യങ്ങള്‍ അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും ജനപക്ഷത്തു നില്‍ക്കാനും അവര്‍ പഠിക്കുന്നത് ജനങ്ങളില്‍ നിന്നാണ്. ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന അനുഭവങ്ങളാണ് അവരെ ഉന്നത പദവികളില്‍ എത്തിക്കുന്നത്. അതുകൊണ്ടാണ് മഹാപണ്ഡിതന്മാരെക്കാള്‍ മന്ത്രിപദത്തിലും മുഖ്യമന്ത്രിപദത്തിലും ജനനേതാക്കള്‍ക്ക് ശോഭിക്കാന്‍ കഴിയുന്നത്.
രാഷ്ട്രീയത്തിലും ഭരണരംഗത്തും പരാജയപ്പെട്ട പ്രഗത്ഭരായ സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥരെയും നമുക്കറിയാം. എഴുത്തുകാര്‍ക്ക് മാത്രമല്ല, പ്രശസ്തരായ ബ്യൂറോക്രാറ്റുകള്‍ക്കും വഴങ്ങുന്നതല്ല മന്ത്രിപ്പണി. ബുള്‍ഡോസര്‍ ഉപയോഗിച്ച് ഡല്‍ഹിയിലെ കയ്യേറ്റങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇടിച്ചുനിരത്തിയ ഐഎഎസ് ഉദ്യോഗസ്ഥനായിരുന്നു അല്‍ഫോന്‍സ് കണ്ണന്താനം. കണ്ണന്താനം കേരളത്തില്‍ കളക്ടറായിരിക്കെ ഏറെ കാര്യങ്ങള്‍ ചെയ്തിട്ടുമുണ്ട്. എന്നാല്‍ ഇടതുപക്ഷ പിന്തുണയോടെ എംഎല്‍എയായപ്പോഴും ഒന്നാം മോദി സര്‍ക്കാരില്‍ കേന്ദ്ര മന്ത്രിയായപ്പോഴും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കണ്ണന്താനത്തിന് മന്ത്രി എന്ന നിലയില്‍ തിളങ്ങാന്‍ കഴിഞ്ഞില്ല.

പുരുഷ ഐപിഎസുകാര്‍ക്ക് പോലും പേടിസ്വപ്നമായിരുന്ന തീഹാര്‍ ജയില്‍ മാറ്റിമറിച്ച ഐപിഎസുകാരിയായിരുന്നു കിരണ്‍ ബേദി. രാജ്യത്തെ വനിതകള്‍ അന്നും ഇന്നും ആവേശത്തോടെയാണ് കിരണ്‍ ബേദിയെ കാണുന്നത്. എന്നാല്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണറായും പുതുച്ചേരി ഗവര്‍ണറായും എത്തിയപ്പോള്‍ സര്‍വ്വീസ് കാലത്തുണ്ടാക്കിയ അംഗീകാരം നിലനിര്‍ത്താന്‍ കിരണ്‍ ബേദിക്ക് കഴിയാതെ പോയി. കേരളത്തിലെ പ്രഗത്ഭ ഐഎഎസുകാരനായിരുന്ന എസ്.കൃഷ്ണകുമാര്‍ കേന്ദ്ര മന്ത്രിയായപ്പോള്‍ അദ്ദേഹത്തിന് ആ മന്ത്രിപദവി വഴങ്ങിയില്ല.

ബുദ്ധിയും പ്രാഗത്ഭ്യവുമുള്ള സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിയാത്ത മന്ത്രിപദവിയാണ് സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള പല ജനനേതാക്കളും വിജയകരമായി ഏറ്റെടുക്കുന്നത്. ഭരണകര്‍ത്താവ് എന്ന നിലയില്‍ വിജയിക്കണമെങ്കില്‍ ജനങ്ങളെ അറിയുകയും അവരുടെ അംഗീകാരം നേടിയെടുക്കുകയും തന്നെ വേണം എന്ന് സൂചിപ്പിക്കാനാണ് സിവില്‍ സര്‍വ്വീസ് ഉന്നതരുടെ പരാജയങ്ങള്‍ ഓര്‍മ്മിപ്പിച്ചത്.

ഇഎംഎസ് മന്ത്രിസഭയിലെ ഗതാഗത മന്ത്രിയായിരുന്നു ഇകെ ഇമ്പിച്ചി ബാവ. അദ്ദേഹത്തിനെതിരെ അക്കാലത്ത് കോണ്‍ഗ്രസ് ഗുരുതരമായ ഒരു അഴിമതിയാരോപണം ഉന്നയിച്ചു. സിഗരറ്റ് പാക്കറ്റിന്റെ കടലാസില്‍ നിയമന ഉത്തരവുകള്‍ നല്‍കിയെന്നായിരുന്നു ആരോപണം. ആരോപണം നിഷേധിക്കാനോ, ഒളിച്ചോടാനോ ഇമ്പിച്ചി ബാവ തയ്യാറായില്ല. അര്‍ഹതയുള്ള സഖാക്കള്‍ക്ക് ഞങ്ങളല്ലാതെ നിങ്ങള്‍ ജോലി കൊടുക്കുമോ എന്ന ഇമ്പിച്ചി ബാവയുടെ ചോദ്യത്തിന് മുന്നില്‍ പ്രതിപക്ഷം പോലും മുട്ടുമടക്കി.

സഖാക്കള്‍ക്കു വേണ്ടി ന്യായമായ കാര്യങ്ങള്‍ ചെയ്തതിന്റെ ഉത്തരവാദിത്തം ശിരസ്സാവഹിക്കാന്‍ ഇമ്പിച്ചി ബാവ കാണിച്ച ചങ്കൂറ്റമാണ് അദ്ദേഹത്തെ അന്ന് ആരോപണത്തില്‍ നിന്ന് രക്ഷിച്ചത്. സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുണ്ടായിരുന്ന ഇമ്പിച്ചി ബാവ തികഞ്ഞ കമ്മ്യൂണിസ്റ്റായിരുന്നു. അതുകൊണ്ടുതന്നെ ജനങ്ങളുടെ ആവശ്യങ്ങള്‍ അറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അക്കാദമിക് വിദ്യാഭ്യാസമോ, പാണ്ഡിത്യമോ അല്ല ഒരു ജനനേതാവിനെ വിലയിരുത്താനുള്ള അളവുകോല്‍. ജനങ്ങളോടൊപ്പം നില്‍ക്കുന്ന നേതാക്കളെ ഏത് പ്രതിസന്ധിയിലും ജനങ്ങള്‍ സംരക്ഷിക്കും.

ജനകീയാസൂത്രണത്തിന്റെ അമരക്കാരനായ മന്ത്രി പാലോളി മുഹമ്മദ് കുട്ടി. അഴിമതിയുടെ കറ പുരളാത്ത രാഷ്ട്രീയ ജീവിതം. പാലോളിക്കും വിദ്യാഭ്യാസം വളരെ കുറവായിരുന്നു. പക്ഷേ കേരളം കണ്ട ഏറ്റവും പ്രഗത്ഭനായ പഞ്ചായത്ത് വകുപ്പ് മന്ത്രിയായിരുന്നു പാലോളി മുഹമ്മദ് കുട്ടി. ഇന്നും ആ കാലത്തെക്കുറിച്ച് ഒരു അവകാശവാദവും പാലോളി ഉന്നയിക്കാറില്ല.

വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായപ്പോള്‍ നെറ്റി ചുളിച്ചവര്‍ അനവധിയാണ്. അക്കൂട്ടത്തില്‍ അഴിമതിക്കാരും മുതലാളിമാരും ബ്യൂറോക്രാറ്റുകളും ഉണ്ടായിരുന്നു. സ്‌കൂള്‍ വിദ്യാഭ്യാസം മാത്രമുള്ള ഫാക്ടറി തൊഴിലാളിയായിരുന്ന വിഎസിന് മുഖ്യമന്ത്രി എന്ന നിലയില്‍ വിജയിക്കാന്‍ കഴിയില്ല എന്ന് അവര്‍ അടക്കം പറഞ്ഞു. എന്നാല്‍ കേരളം കണ്ട പ്രഗത്ഭനായ മുഖ്യമന്ത്രിയാണ് താന്‍ എന്ന് വിഎസിന് എല്ലാവരെയും ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. പണ്ഡിതനോ, മഹാനോ, എഴുത്തുകാരനോ ആയതുകൊണ്ടല്ല മുഖ്യമന്ത്രി എന്ന നിലയില്‍ വിഎസ് വിജയിച്ചത്. ത്യാഗപൂര്‍ണ്ണമായ രാഷ്ട്രീയ ജീവിതമായിരുന്നു അദ്ദേഹത്തിന്റെ സര്‍വ്വകലാശാല. കൃഷിക്കാരന്റെയും ഫാക്ടറി തൊഴിലാളിയുടെയും പട്ടിണിപ്പാവങ്ങളുടെയും ജീവിതവും ആശയാഭിലാഷങ്ങളും തിരിച്ചറിഞ്ഞതുകൊണ്ടാണ് അദ്ദേഹം പ്രതിപക്ഷ നേതാവായും മുഖ്യമന്ത്രിയായും കഴിവ് തെളിയിച്ചത്.

വിദ്യാഭ്യാസ മന്ത്രിമാരുടെ ചരിത്രം പരിശോധിക്കാം. പ്രൊഫസര്‍ ജോസഫ് മുണ്ടശേരി മുതല്‍ ഇപ്പോഴത്തെ മന്ത്രി വി.ശിവന്‍കുട്ടി വരെയുള്ളവരെ ഒന്ന് വിലയിരുത്താം. വിദ്യാഭ്യാസ വിപ്ലവം കൊണ്ടുവന്ന മഹാനായിരുന്നു ജോസഫ് മുണ്ടശേരി. ആ പരിഷ്‌കാരങ്ങളുടെ അനന്തര ഫലമായിരുന്നു വിമോചന സമരം ഉള്‍പ്പെടെയുള്ള കലാപങ്ങള്‍. ഇതിനിടയില്‍ എത്രയോ വിദ്യാഭ്യാസ മന്ത്രിമാര്‍ നമ്മെ ഭരിച്ചു. സിഎച്ച് മുഹമ്മദ് കോയയും ടിഎം ജേക്കബും എംഎ ബേബിയും പ്രൊഫ. രവീന്ദ്രനാഥും പ്രൊഫ.കെ.ടി ജലീലും ഒടുവിലത്തെ പട്ടികയിലുണ്ട്. അവരുടെ പിന്തുടര്‍ച്ചക്കാരനാണ് ട്രേഡ് യൂണിയന്‍ നേതാവായ ഇപ്പോഴത്തെ മന്ത്രി വി.ശിവന്‍കുട്ടി. കലാകാരനും ബുദ്ധിജീവിയുമാണ് എംഎ ബേബി. ജനകീയനായ പ്രൊഫസറായിരുന്നു രവീന്ദ്രനാഥ്. ജനകീയ എംഎല്‍എയുമായിരുന്നു അദ്ദേഹം. ചരിത്രകാരനും പ്രഭാഷകനും പ്രൊഫസറുമാണ് കെ.ടി ജലീല്‍. എന്നാല്‍ ഇപ്പറഞ്ഞ ബുദ്ധിജീവികള്‍ക്ക് പകരം വിദ്യാഭ്യാസ വകുപ്പ് സാധാരണക്കാരനായ വി.ശിവന്‍കുട്ടിയെ പിണറായി ഏല്‍പ്പിച്ചപ്പോള്‍ എല്ലാവരും മൂക്കത്ത് വിരല്‍ വെച്ചു.

എസ്എഫ്‌ഐ കാലത്ത് എന്നോടൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള നേതാവ് കൂടിയാണ് ശിവന്‍കുട്ടി. വിദ്യാഭ്യാസ വകുപ്പ് ശിവന്‍കുട്ടിക്കാണെന്ന് അറിഞ്ഞപ്പോള്‍ എല്ലാവരെയും പോലെ ഞാനും ഒന്ന് ഞെട്ടി. പക്ഷേ, ബേബിയെക്കാള്‍, പ്രൊഫ.രവീന്ദ്രനാഥിനെക്കാള്‍, പ്രൊഫ.കെ.ടി ജലീലിനെക്കാള്‍ മിടുക്കോടെയാണ് വിദ്യാഭ്യാസ വകുപ്പ് ശിവന്‍കുട്ടി ഭരിക്കുന്നത്. ഇതിന്റെ കാരണം സാധാരണ ജനങ്ങളുടെ ആവശ്യങ്ങളും അവരുടെ വികാര വിചാരങ്ങളും ബുദ്ധിജീവികളെക്കാള്‍ മനസ്സിലാക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും ശിവന്‍കുട്ടിക്ക് കഴിഞ്ഞതുകൊണ്ടാണ്. അപ്പോള്‍ ഒരുകാര്യം നമുക്ക് ഉറപ്പിച്ചു പറയാന്‍ കഴിയും. നല്ല ഭരണകര്‍ത്താക്കള്‍ പലരും ബുദ്ധിജീവികളോ, എഴുത്തുകാരോ, ജീനിയസുകളോ അല്ല. മറിച്ച്, അവര്‍ ജനനേതാക്കളാണ്. അവരുടെ ശക്തിയും ദൗര്‍ബല്യവും ജനങ്ങളാണ്.
