Connect with us

ശതകോടീശ്വരനായ തരൂരിന് എന്ത് പ്രസക്തി

എഡിറ്റോറിയല്‍

ശതകോടീശ്വരനായ തരൂരിന് എന്ത് പ്രസക്തി

‘ജനനേതാക്കളാണോ, പ്രശസ്തരായ ആളുകളാണോ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും പോലുള്ള പദവികളില്‍ എത്തേണ്ടത്’? ഒരിക്കല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റും തമിഴ്‌നാട് മുഖ്യമന്ത്രിയുമായിരുന്ന കെ.കാമരാജിനോട് ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ ഇങ്ങനെ ചോദിച്ചു. ‘ജനനേതാക്കള്‍ പെറ്റമ്മയെ പോലെയും രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്ന പ്രഗത്ഭര്‍ പോറ്റമ്മയെ പോലെയുമായിരിക്കും’. തമിഴ് മക്കളുടെ ഏഴൈതോഴന്‍ പറഞ്ഞ ഈ മറുപടി ഏതുകാലത്തും പ്രസക്തമാണ്.

ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ പ്രധാനമന്ത്രിയാകേണ്ടിയിരുന്നത് സോണിയാ ഗാന്ധിയോ, പ്രണബ് മുഖര്‍ജിയോ ആയിരുന്നു. വിദേശ പൗരത്വം ആരോപിച്ചതുകൊണ്ട് സോണിയ സ്വയം മാറിനിന്നു.

പ്രണബ് മുഖര്‍ജിയെ പ്രധാനമന്ത്രിയാക്കിയതുമില്ല. പകരം നറുക്ക് വീണത് റിസര്‍വ്വ് ബാങ്ക് മുന്‍ ഗവര്‍ണറും സാമ്പത്തിക വിദഗ്ധനുമായ ഡോ.മന്‍മോഹന്‍ സിംഗിനാണ്.

ഇദ്ദേഹത്തിന്റെ വ്യക്തിത്വത്തെക്കുറിച്ചോ, കഴിവുകളെക്കുറിച്ചോ ആര്‍ക്കും വ്യത്യസ്ത അഭിപ്രായം ഇല്ലെങ്കിലും കാമരാജ് പറഞ്ഞതുപോലെ പ്രജകളുടെ പെറ്റമ്മയാകാന്‍ അദ്ദേഹത്തിന് കഴിയാതെ പോയി. അതുകൊണ്ടാണ് രണ്ടാം വട്ടവും വിജയിച്ചെങ്കിലും അതോടെ കോണ്‍ഗ്രസിന്റെ അധികാര കുത്തക ബിജെപി പിടിച്ചെടുത്തത്.

കോണ്‍ഗ്രസ് പ്രസ്ഥാനത്തിലൂടെ വളര്‍ന്നുവന്ന ജനകീയ നേതാവായിരുന്ന പ്രണബ് മുഖര്‍ജി ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ നരേന്ദ്ര മോദിക്ക് വിജയം നേടാനോ, പ്രധാനമന്ത്രി പദത്തിലെത്താനോ കഴിയുമായിരുന്നില്ല. മന്‍മോഹന്‍ സിംഗ് റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായിരിക്കുമ്പോള്‍ ധനകാര്യ മന്ത്രിയായിരുന്നു പ്രണബ് മുഖര്‍ജി. ധനമന്ത്രിയുടെ കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന ഉദ്യോഗസ്ഥനെയാണ് കോണ്‍ഗ്രസ് നേതൃത്വം മുഖര്‍ജിയെ കേന്ദ്രമന്ത്രിയാക്കിക്കൊണ്ട് അദ്ദേഹത്തിന്റെ മുകളില്‍ പ്രധാനമന്ത്രിയായി അവരോധിച്ചത്. കോണ്‍ഗ്രസ് നേതൃത്വത്തിന് പറ്റിയ ഈ തെറ്റിന്റെ ഫലമാണ് ഇന്ന് കോണ്‍ഗ്രസ് പാര്‍ട്ടിയും രാജ്യവും അനുഭവിക്കുന്നത്.

അനുഭവങ്ങളില്‍ നിന്ന് പാഠം പഠിക്കുന്നവരാണ് യഥാര്‍ത്ഥ നേതാക്കള്‍. ഇപ്പോള്‍ വിശ്വ പൗരത്വ പട്ടം ചാര്‍ത്തിക്കൊടുത്ത ശശി തരൂര്‍ കേരളത്തിലെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വരുമെന്നാണ് ചര്‍ച്ച. മൂന്നുവട്ടം തിരുവനന്തപുരത്തു നിന്നും വിജയിച്ച തരൂര്‍ പണ്ഡിതനാണ്. എഴുത്തുകാരനാണ്. ശതകോടീശ്വരനാണ്. കേരളത്തിലെ 20 എംപിമാരില്‍ ഏറ്റവും മോശപ്പെട്ട പ്രകടനം മണ്ഡലത്തില്‍ നടത്തിയിട്ടുള്ളതും തരൂരാണ്. തിരുവനന്തപുരത്തിനു വേണ്ടി എംപി എന്ന നിലയില്‍ ഇദ്ദേഹം 15 കൊല്ലം കൊണ്ട് എന്തെല്ലാം ചെയ്തു എന്ന് പരിശോധിച്ചാല്‍ ഉത്തരം ഇതായിരിക്കും.

രാഹുല്‍ ഗാന്ധി പ്രതിനിധാനം ചെയ്യുന്ന വയനാട്ടില്‍ തിരക്കുകള്‍ക്കിടയില്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങള്‍ എതിരാളികള്‍ പോലും അംഗീകരിക്കും.

കെ.മുരളീധരനും എന്‍.കെ പ്രേമചന്ദ്രനും ഹൈബി ഈഡനും ടിഎന്‍ പ്രതാപനും ഡീന്‍ കുര്യാക്കോസും രമ്യ ഹരിദാസും വി.കെ ശ്രീകണ്ഠനും ആരിഫും  അടക്കമുള്ള എംപിമാര്‍ അവരുടെ മണ്ഡലങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. പ്രവര്‍ത്തകര്‍ക്ക് എപ്പോഴും സമീപിക്കാവുന്ന നേതാക്കളാണ് ഇവരെല്ലാം. മണ്ഡലത്തിന്റെ വികസനത്തിനു വേണ്ടി സംസ്ഥാന – കേന്ദ്ര സര്‍ക്കാരുകളില്‍ ഇവരെല്ലാം നടത്തുന്ന സമ്മര്‍ദ്ദങ്ങള്‍ ചെറുതല്ല. കേന്ദ്രം ഭരിക്കുന്നത് മോദിയായതുകൊണ്ട് കോണ്‍ഗ്രസ് എംപിമാര്‍ക്ക് വേണ്ടത്ര പരിഗണനയോ, അവസരങ്ങളോ ലഭിക്കാറുമില്ല. എന്നിട്ടും സ്വന്തം മണ്ഡലങ്ങളില്‍ കഴിയുന്നത്ര വികസനം കൊണ്ടുവരാനാണ് എല്ലാ എംപിമാരും കിണഞ്ഞു ശ്രമിക്കുന്നത്.

തരൂരാകട്ടെ, ഒരുഘട്ടത്തില്‍ നരേന്ദ്ര മോദിയെ പ്രശംസിച്ച് വിവാദമുണ്ടാക്കി. പല സന്ദര്‍ഭങ്ങളില്‍ മുഖ്യമന്ത്രി പിണറായിയെ പുകഴ്ത്തി ഇടതുപക്ഷത്തിന്റെ കയ്യടി വാങ്ങി. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയതിനെ ന്യായീകരിക്കാന്‍ തരൂരിന് ഒരു മടിയുമുണ്ടായില്ല. സില്‍വര്‍ ലൈനിനെതിരെ കേരളത്തിലെ ജനങ്ങള്‍ വന്‍ പ്രക്ഷോഭങ്ങള്‍ നടത്തിയപ്പോള്‍ തരൂര്‍ സില്‍വര്‍ ലൈനിനെ അനുകൂലിച്ചു. വിഴിഞ്ഞം പദ്ധതി മൂലം കടലും തീരവും ജീവിതവും നഷ്ടപ്പെട്ട വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍ ജീവന്മരണ സമരത്തിലാണ്. അവരുടെ എംപിയായ തരൂര്‍ വിഴിഞ്ഞം പോര്‍ട്ടിന് അനുകൂലമായ നിലപാടിലാണ്. സമരക്കാരെ സന്ദര്‍ശിക്കാനോ, പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനോ തരൂരിന് കഴിഞ്ഞിട്ടില്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും ഇപ്പോഴും ഉയര്‍ന്ന ഒരു ജനകീയ പ്രക്ഷോഭങ്ങളിലും എംപി എന്ന നിലയില്‍ തരൂര്‍ ഇടപെട്ടില്ല. എന്നിട്ടും ജനനേതാക്കളെക്കാള്‍ കേരളത്തിന് ആവശ്യം തരൂരാണെന്നാണ് ടി.പത്മനാഭന്‍ അടക്കമുള്ള ബുദ്ധിജീവികളുടെ പക്ഷം.

എഴുത്തുകാരനായതുകൊണ്ടോ, വാഗ്മിയായതുകൊണ്ടോ, വിവിധ ഭാഷകള്‍ അറിയുന്നതുകൊണ്ടോ ഒരാള്‍ നേതാവാകുന്നില്ല. ജനങ്ങള്‍ക്കൊപ്പം നില്‍ക്കാനും അവരുടെ വികാര വിചാരങ്ങള്‍ അടുത്തറിയാനും കഴിയുന്നത് അവരുടെ ഇടയില്‍ നിന്ന് വളര്‍ന്നുവന്ന നേതാക്കള്‍ക്കാണ്.

പ്രധാനമന്ത്രിമാരായിട്ടുള്ളതും മുഖ്യമന്ത്രിമാരായിട്ടുള്ളതും ജനനേതാക്കളാണ്. കേരളത്തിലെ മുന്‍ മുഖ്യമന്ത്രിമാരെല്ലാം തന്നെ ഇത്തരത്തില്‍ അവര്‍ക്കിടയില്‍ നിന്നും വളര്‍ന്നുവന്നവരാണ്. ഇഎംഎസായാലും നായനാരായാലും വിഎസായാലും പികെവിയായാലും കെ.കരുണാകരനായാലും ആന്റണിയായാലും ഉമ്മന്‍ചാണ്ടിയായാലും ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വരെയുള്ളവര്‍ ജനപിന്തുണയുള്ള നേതാക്കളാണ്. അപവാദമായി പറയാവുന്ന ഒരു മുഖ്യമന്ത്രി സി.അച്യുതമേനോനാണ്. അദ്ദേഹവും നേരത്തെ പറഞ്ഞതുപോലെ പണ്ഡിതനും പ്രഗത്ഭനുമായിരുന്നു.

മന്ത്രിമാരായാലും മുഖ്യമന്ത്രിമാരായാലും പ്രധാനമന്ത്രിമാരായാലും അവര്‍ക്ക് രാഷ്ട്രീയ പാരമ്പര്യവും ജനകീയ അടിത്തറയും ഇല്ലെങ്കില്‍ അവര്‍ ഭരണരംഗത്ത് പരാജയപ്പെടും. പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവു ഇതിനുദാഹരണമാണ്. കവി കൂടിയായിരുന്ന അദ്ദേഹത്തിന് പതിനാറിലേറെ ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്നു.

എന്നാല്‍ ഇന്ത്യാചരിത്രത്തിലെ കറുത്ത ദിനം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടത് നരസിംഹറാവുവിന്റെ ഭരണകാലത്താണ്. അതുകൊണ്ടുതന്നെയാകണം റാവുവിന്റെ കാലത്തെ ഭരണ നേട്ടങ്ങളെക്കുറിച്ചോ, അദ്ദേഹത്തെക്കുറിച്ചോ കോണ്‍ഗ്രസുകാര്‍ പോലും ഒന്നും ഓര്‍ക്കാറില്ല. ഇത്തരം നേതാക്കള്‍ ചരിത്രത്തിന്റെ ഭാഗമായി പോലും ചര്‍ച്ച ചെയ്യപ്പെടാറില്ല.

കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള ജനനേതാക്കള്‍ പലരുമുണ്ട്. മുന്‍ പ്രതിപക്ഷ നേതാവ് ചെന്നിത്തലയും മുന്‍ കെപിസിസി പ്രസിഡന്റ് കെ.മുരളീധരനും അടക്കമുള്ള നേതാക്കള്‍ ഒരുതരത്തിലും അയോഗ്യരല്ല. ശശി തരൂരിനെ പോലെ എഴുത്തുകാരല്ലെങ്കിലും ഇപ്പറഞ്ഞവരെല്ലാം കെഎസ്‌യുവിലൂടെ, യൂത്ത് കോണ്‍ഗ്രസിലൂടെ, പാര്‍ട്ടിയിലൂടെ, പ്രക്ഷോഭങ്ങളിലൂടെ വളര്‍ന്നു വന്നവരാണ്. അത്തരം നേതാക്കളെയാണ് എഴുത്തുകാരനായ ടി.പത്മനാഭന്‍ ഇത്തിരി വെട്ടം മാത്രം കാണുന്നവര്‍ എന്നുപറഞ്ഞ് അധിക്ഷേപിച്ചത്. ടി.പത്മനാഭനെക്കാള്‍ മലയാളികള്‍ നെഞ്ചേറ്റിയ എഴുത്തുകാരനാണ് എം.ടി വാസുദേവന്‍ നായര്‍. അദ്ദേഹത്തെ പോലും അംഗീകരിക്കാന്‍ കഴിയാത്ത ടി.പത്മനാഭന്‍ എങ്ങനെയാണ് രാഷ്ട്രീയ നേതാക്കളെ സമചിത്തതയോടെ വിലയിരുത്തുക?

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in എഡിറ്റോറിയല്‍

Trending News

To Top