എഡിറ്റോറിയല്‍
ചൂരല്‍ക്കസേരക്ക് പകരം ബുള്ളറ്റ് പ്രൂഫ് കാര്‍
ആര്‍എസ്എസുകാരുടെ മുന്നില്‍ ഒരിക്കലും പതറാത്ത പി.ജയരാജന് സഞ്ചരിക്കാന്‍ ബുള്ളറ്റ് പ്രൂഫ് കാര്‍.

മുഖ്യമന്ത്രി പിണറായി വിജയന് വാങ്ങിയ കാറിനെക്കാള്‍ വിലയുള്ള സുരക്ഷാ വാഹനമാണ് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായ പി.ജയരാജന് അനുവദിച്ചിരിക്കുന്നത്. തികഞ്ഞ കമ്മ്യൂണിസ്റ്റുകാരനായ ഒരാളെ ഇതില്‍പ്പരം അപമാനിക്കാനില്ല. ബോംബിന്റെയും വടിവാളിന്റെയും നടുവിലൂടെ നെഞ്ചുവിരിച്ച് നടന്നത് പിണറായി മാത്രമല്ല, പി.ജയരാജനു്ം ആ ചരിത്രമുണ്ട്. ജയരാജന്‍ തന്നെ പറയും പോലെ അന്ന് ആക്രമണങ്ങളെ തടയാന്‍ വീട്ടിലെ ചൂരല്‍ക്കസേര മാത്രമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. തന്റെ സുരക്ഷയ്ക്ക് ബുള്ളറ്റ് പ്രൂഫ് കാറില്ലെങ്കിലും ഒരു കുഴപ്പവുമില്ലെന്ന് അദ്ദേഹം പറയാതെ പറയുന്നു.

എത്രയോ മുന്‍പ് മന്ത്രിയാകേണ്ടിയിരുന്ന നേതാവാണ് പി.ജയരാജന്‍. പാര്‍ലമെന്ററി വ്യാമോഹങ്ങളോ, അഴിമതിയുടെ ഇടനാഴികളോ തൊടാതെ എന്നും മാറി നടന്ന ഈ സഖാവ് ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടവനാണ്. വൈകിയ വേളയില്‍ ചെറിയാന്‍ ഫിലിപ്പ് വേണ്ടെന്നു പറഞ്ഞ് ഉപേക്ഷിച്ച, ശോഭനാ ജോര്‍ജ്ജ് ഇരുന്ന ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്റെ കസേര നല്‍കിയപ്പോഴാണ് ജയരാജന്‍ ആദ്യമായി അപമാനിക്കപ്പെട്ടത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്ത് 35 ലക്ഷത്തിന്റെ ബുള്ളറ്റ് പ്രൂഫ് കാര്‍ നല്‍കിക്കൊണ്ടാണ് രണ്ടാമത്തെ അവഹേളനം. ചെറിയാന്‍ ഫിലിപ്പിനെ പോലെ ഈ പദവി വേണ്ടെന്നു പറയാന്‍ പാര്‍ട്ടി സഖാവായ ജയരാജന് അച്ചടക്കത്തിന്റെ പേരില്‍ കഴിയാതെ പോയി. ഒരുപക്ഷേ, പിണറായിയെക്കാള്‍, മുന്‍ സെക്രട്ടറി കോടിയേരിയെക്കാള്‍, ഇപ്പോഴത്തെ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെക്കാള്‍ കണ്ണൂരിലെ സഖാക്കള്‍ അംഗീകരിക്കുന്ന നേതാവാണ് പി.ജയരാജന്‍.

കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ വടകര സീറ്റില്‍ കെ.മുരളീധരനോട് മത്സരിക്കാന്‍ സെക്രട്ടറി സ്ഥാനം രാജി വെച്ചതായിരുന്നു ജയരാജന്‍ കാണിച്ച ആദ്യത്തെ വിഡ്ഢിത്തം. മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടര്‍ച്ചയായി വിജയിച്ച വടകര പിടിച്ചെടുക്കുക അസാധ്യമാണ് എന്നറിയാമായിരുന്നിട്ടും കെ.മുരളീധരനോട് മത്സരിക്കാന്‍ ജയരാജന് രണ്ടുവട്ടം ആലോചിക്കേണ്ടി വന്നില്ല. ആദ്യ പിണറായി സര്‍ക്കാരില്‍ തന്നെ മന്ത്രിയാകുമെന്ന് എല്ലാവരും കരുതിയിരുന്ന ജയരാജന് രണ്ടാം ടേമിലും മത്സരിക്കാന്‍ പോലും അവസരം ലഭിച്ചില്ല. തുടര്‍ച്ചയായി അവഗണനയും ഒഴിവാക്കലും അനുഭവിച്ച നേതാവിനെയാണ് ഒടുവില്‍ ശോഭനാ ജോര്‍ജ്ജിന് പകരക്കാരനായി ഖാദി ബോര്‍ഡില്‍ പ്രതിഷ്ഠിച്ചത്.

സാമ്പത്തിക പ്രതിസന്ധി മൂലം ചെലവ് ചുരുക്കുമെന്ന് ധനമന്ത്രിയും ചീഫ് സെക്രട്ടറിയും ഉത്തരവിട്ട് ആഴ്ചകള്‍ കഴിയുമ്പോഴാണ് മന്ത്രിമാര്‍ക്കും ഖാദി ബോര്‍ഡ് ചെയര്‍മാനും ചീഫ് വിപ്പിനും 33 ലക്ഷവും 35 ലക്ഷവും വിലയുള്ള കാറുകള്‍ വാങ്ങുന്നത്. സര്‍ക്കാരിന്റെ പണം കൊണ്ടല്ല, ഖാദി ബോര്‍ഡിന്റെ പണം ഉപയോഗിച്ചാണ് ജയരാജന് കാര്‍ വാങ്ങുന്നതെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി കാനത്തിന്റെ വിശദീകരണം. മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗമാണ് ഈ തീരുമാനം എടുത്തത്. മന്ത്രിസഭ അത് അംഗീകരിക്കുകയും ചെയ്തു. എന്നിട്ടും കാനത്തിന്റെ ഭാഷയില്‍ ഈ 35 ലക്ഷം സര്‍ക്കാര്‍ ഖജനാവില്‍ നിന്നല്ല. ചെലവ് ചുരുക്കും എന്നുപറഞ്ഞാല്‍ പുതിയ വാഹനങ്ങള്‍ വാങ്ങില്ല. ശമ്പളം നല്‍കില്ല എന്നൊന്നും അര്‍ത്ഥമില്ലെന്നാണ് ധനമന്ത്രി കെ.എന്‍ ബാലഗോപാലിന്റെ വെളിപാട്. ആഴ്ചകള്‍ക്കു മുന്‍പ് ജില്ല വിട്ട് സഞ്ചരിക്കാത്തവര്‍ക്ക് ചെറിയ വാഹനങ്ങള്‍ എന്ന നിര്‍ദ്ദേശം വെച്ചത് ഇതേ മന്ത്രിയാണ്.

പഴക്കം ചെന്നതുകൊണ്ടാണത്രെ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്റെ കാര്‍ മാറ്റുന്നത്. പത്തുകൊല്ലമാണ് നിലവിലുള്ള വാഹനത്തിന്റെ പഴക്കം. 20 കൊല്ലം വരെ ഉപയോഗിക്കാവുന്ന വാഹനങ്ങളാണ് ഇപ്പോള്‍ മാറ്റി പുത്തന്‍ ഇന്നോവ ക്രിസ്റ്റകള്‍ വാങ്ങുന്നത്. മന്ത്രിമാരായ വിഎന്‍ വാസവന്‍, റോഷി അഗസ്റ്റിന്‍, ജിആര്‍ അനില്‍, വി.അബ്ദു റഹിമാന്‍, തുടങ്ങിയവര്‍ക്കും ചീഫ് വിപ്പ് പ്രൊഫ.എന്‍.ജയരാജനുമാണ് 33 ലക്ഷം വീതം വിലയുള്ള പുത്തന്‍ വാഹനങ്ങള്‍ വാങ്ങുന്നത്. ഇപ്പോള്‍ പുതിയ വാഹനങ്ങള്‍ കിട്ടാത്ത മന്ത്രിമാര്‍ക്ക് നിരാശ വേണ്ട. അടുത്ത ഘട്ടത്തില്‍ അവരെയും പരിഗണിക്കും.

കുടുംബശ്രീയില്‍ നിന്ന് രാജ്ഭവനില്‍ ജോലി ചെയ്യുന്ന 20 താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ ഗവര്‍ണര്‍ ആരിഫ് ഖാന്‍ 2020 ഡിസംബറില്‍ എഴുതിയ കത്ത് സര്‍ക്കാര്‍ ഇപ്പോള്‍ പുറത്തുവിട്ടിട്ടുണ്ട്. 20 കൊല്ലമായി ജോലി ചെയ്ത ജീവനക്കാരനെ ഗവര്‍ണറുടെ ശുപാര്‍ശ അനുസരിച്ച് ഫോട്ടോഗ്രാഫറാക്കി നിയമിക്കുകയും ചെയ്തിരുന്നു. കത്ത് പുറത്തുവന്ന ഉടന്‍ ഡിവൈഎഫ്‌ഐ നേതാവ് ഷിജു ഖാന്റെ നേതൃത്വത്തില്‍ ഡിവൈഎഫ്‌ഐ രാജ്ഭവനിലേക്ക് പ്രകടനം നടത്തി. അഴിമതി നടത്തിയ ഗവര്‍ണര്‍ക്കെതിരെ രാഷ്ട്രപതി നടപടിയെടുക്കണമെന്നാണ് ഡിവൈഎഫ്‌ഐയുടെ ആവശ്യം. 295 പിന്‍വാതില്‍ നിയമനത്തിനായി ജില്ലാ സെക്രട്ടറിക്ക് മേയര്‍ ആര്യ എഴുതിയ കത്ത് ഇപ്പോഴും വിവാദത്തിലാണ്. കത്തിന്റെ ഉറവിടം കണ്ടെത്താന്‍ കഴിയാത്തതുകൊണ്ട് കേസെടുക്കണമെന്നാണ് ക്രൈംബ്രാഞ്ച് ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിലെ ആവശ്യം. 295 പിന്‍വാതില്‍ നിയമനമാണോ, 20 കുടുംബശ്രീക്കാരെ സ്ഥിരപ്പെടുത്തണമെന്ന ഗവര്‍ണര്‍ ആരിഫ് ഖാന്റെ കത്താണോ യഥാര്‍ത്ഥ നിയമ ലംഘനം?
മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകള്‍ക്ക് ആജീവനാന്ത പെന്‍ഷന്‍ നല്‍കുന്നതിനെ ചോദ്യം ചെയ്ത ആരിഫ് ഖാന്റെ വായടപ്പിക്കാനാണ് ഇപ്പോഴത്തെ കത്ത് സര്‍ക്കാര്‍ തന്നെ പുറത്തുവിട്ടിരിക്കുന്നത്. ഊരിപ്പിടിച്ച കത്തിക്കും വാളുകള്‍ക്കും നടുവിലൂടെ നടന്നു എന്ന് അവകാശപ്പെടുന്ന മുഖ്യമന്ത്രി പിണറായി സഞ്ചരിക്കുന്നത് ഡസന്‍ കണക്കിന് സുരക്ഷാ വാഹനങ്ങളുടെ അകമ്പടിയോടെയാണ്.
പ്രധാനമന്ത്രി മോദിക്ക് വിലയേറിയ ബുള്ളറ്റ് പ്രൂഫ് കാറാകാമെങ്കില്‍ കേരള രാജ്യം ഭരിക്കുന്ന പിണറായിക്ക് എന്തുകൊണ്ട് പാടില്ല എന്നാണ് സഖാക്കളുടെ ചോദ്യം. എന്നാലും പാവം ജയരാജനോട് ഈ കൊടും ചതി ചെയ്തതില്‍ ചില സഖാക്കള്‍ക്കെങ്കിലും പ്രതിഷേധമുണ്ട്.
