എഡിറ്റോറിയല്‍
വനിതാ ഡോക്ടര്‍ക്ക് മുന്നില്‍ പോലീസ് വട്ടപ്പൂജ്യം
പ്രഭാതസവാരിക്കിടയില്‍ അപ്രതീക്ഷിതമായി തന്നെ കയറിപ്പിടിച്ച അക്രമിയെ പിടികൂടാനായി വനിതാ ഡോക്ടര്‍ നടത്തിയ പോരാട്ടം അഭിമാനകരമാണ്.

പുലര്‍ച്ചെ അഞ്ചുമണിയോടെ മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നില്‍ വെച്ച് തന്നെ ആക്രമിച്ച പ്രതിക്ക് പിന്നാലെ ഓടിയപ്പോള്‍ യുവ ഡോക്ടര്‍ വീണുപോയി. ഇല്ലായിരുന്നെങ്കില്‍ അവനെ പിടികൂടാന്‍ പോലീസിന് ഇത്രയും ദിവസം വേണ്ടിവരുമായിരുന്നില്ല. കയ്യോടെ അവനെ കൈകാര്യം ചെയ്യാന്‍ കഴിയാത്തതിലുള്ള രോഷവുമായി നേരെ മ്യൂസിയം പോലീസ് സ്റ്റേഷനില്‍ കയറി പരാതി നല്‍കി. ജോലിക്ക് പോകും മുന്‍പ് വീണ്ടും പോലീസ് സ്റ്റേഷനിലെത്തി എഫ്ഐആര്‍ വായിച്ചുകേട്ടു. വൈകുന്നേരം വീണ്ടും പോലീസ് സ്റ്റേഷനിലെത്തി അന്വേഷണ പുരോഗതി തിരക്കി. തുടര്‍ന്ന് പോലീസിന്റെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചു. അക്രമിയുടെ മുഖവും അയാള്‍ വന്നിറങ്ങിയ ഇന്നോവയുടെ നമ്പറും തെളിയാതെ വന്നപ്പോള്‍ സ്വകാര്യ സ്ഥാപനങ്ങളിലെ സിസിടിവികള്‍ ഡോക്ടര്‍ തന്നെ പരിശോധിച്ചു. കവടിയാര്‍ വരെയുള്ള പോലീസ് സിസിടിവികളും പരിശോധിക്കാന്‍ അവര്‍ ശ്രമിച്ചു. സംഭവത്തെ തുടര്‍ന്നുള്ള ദിവസങ്ങളില്‍ അക്രമിയുടെ മുഖം കണ്ടെത്താനായി അവര്‍ ഒറ്റയ്ക്ക് പുലര്‍ച്ചെയും വൈകുന്നേരവും മ്യൂസിയത്തും പരിസരത്തും തിരച്ചില്‍ നടത്തി. ഇതിന്റെ എല്ലാം ഫലമായി ഒടുവില്‍ പുറത്തുവന്ന മാനഭംഗക്കേസ് കേരളത്തെ ഞെട്ടിക്കുന്നതാണ്.

സിവില്‍ സര്‍വ്വീസ് മോഹവുമായി തലസ്ഥാനത്തെത്തിയ നാല് പെണ്‍കുട്ടികള്‍ കുറവന്‍കോണത്ത് ഒരു വീടിന്റെ മുകളിലത്തെ നില വാടകയ്ക്കെടുത്ത് താമസിച്ചിരുന്നു. ഒരു വര്‍ഷം മുന്‍പ്, കൃത്യമായി പറഞ്ഞാല്‍ 2021 ഡിസംബര്‍ 19ന് രാത്രി രണ്ടു മണിയോടെ ഇതേ പ്രതി പെണ്‍കുട്ടികള്‍ താമസിക്കുന്ന വീട്ടിലേക്ക് പൂട്ടുപൊളിച്ച് കടന്ന് ഒരു മുറിയില്‍ ഒറ്റയ്ക്ക് ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ വായ പൊത്തിപ്പിടിച്ച് കത്തി കാണിച്ച് മാനഭംഗത്തിന് ശ്രമിച്ചു. ബഹളം കേട്ട് മറ്റ് കുട്ടികള്‍ ഓടിയെത്തിയപ്പോള്‍ പുതപ്പ് വലിച്ച് അവരുടെ നേരെ വലിച്ചെറിഞ്ഞ ശേഷം പ്രതി സന്തോഷ് ഇരുട്ടില്‍ ഓടിമറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ നാട്ടുകാര്‍ ഇയാളെ പിടികൂടാന്‍ കാവലിരുന്നു. എന്നാല്‍ ഒരാഴ്ച കഴിഞ്ഞ് ക്രിമിനല്‍ വീണ്ടും ആ വീട്ടിലെത്തി. കുട്ടികള്‍ ബഹളം വെച്ചപ്പോള്‍ അയാള്‍ ഓടി രക്ഷപ്പെട്ടു. സംഭവദിവസം ആക്രമണത്തില്‍ കുട്ടിയുടെ കൈയ്ക്ക് പരിക്കേറ്റിരുന്നു. പേരൂര്‍ക്കട പോലീസ് എത്തി തെളിവെടുക്കുകയും എഫ്ഐആര്‍ ഇടുകയും ചെയ്തിരുന്നു. അന്ന് ഫോറന്‍സിക് വിദഗ്ധര്‍ ശേഖരിച്ച പ്രതിയുടെ വിരലടയാളം മ്യൂസിയം കേസിലെ പ്രതിയായ സന്തോഷിന്റേതാണെന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞു. സിവില്‍ സര്‍വ്വീസ് മോഹം ഉപേക്ഷിച്ച് തലസ്ഥാനത്തോട് വിടപറഞ്ഞ ആ പെണ്‍കുട്ടിയുടെ കണ്ണീരിന് മറുപടി കണ്ടെത്താന്‍ യുവ ഡോക്ടര്‍ക്ക് കഴിഞ്ഞിരിക്കുകയാണ്. കുറവന്‍കോണത്ത് തന്നെ പ്രതി സര്‍ക്കാര്‍ വാഹനത്തില്‍ വന്ന് മറ്റൊരു വനിതാ ഹോസ്റ്റലിലും കയറാന്‍ ശ്രമിച്ചിരുന്നതായി യുവതികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

ഡോക്ടറാണെങ്കിലും മ്യൂസിയത്ത് ആക്രമണത്തിനിരയായ ഈ യുവതിയെ ആദരിക്കാനും അംഗീകരിക്കാനും നമുക്ക് കഴിയണം. സംസ്ഥാന പോലീസിന് പോലും ഒരു വര്‍ഷം എടുത്തിട്ടും തുമ്പുണ്ടാക്കാന്‍ കഴിയാത്ത ബലാത്സംഗക്കേസാണ് ഈ യുവതിയുടെ പോരാട്ടത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. ഡിജിപി അടക്കമുള്ള ഉന്നതര്‍ ഈ യുവ ഡോക്ടറുടെ മുന്നില്‍ നമ്രശിരസ്‌കരായി ഒരുനിമിഷമെങ്കിലും നില്‍ക്കണം. അപ്പോള്‍ മാത്രമേ കേരളാ പോലീസ് കാണിച്ച അക്ഷന്തവ്യമായ തെറ്റിന് പ്രായശ്ചിത്തമാകൂ.

ഒരു വര്‍ഷത്തിലേറെയായി സ്ത്രീകളെ ആക്രമിച്ച പ്രതി ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്റെ സെക്രട്ടറിയുടെ ഡ്രൈവറാണ് എന്ന വിവരം ഞെട്ടലോടെയാണ് എല്ലാവരും കേട്ടത്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ജലസേചന മന്ത്രിയായിരുന്ന കെ.കൃഷ്ണന്‍കുട്ടിയുടെ ഓഫീസ് ഡ്രൈവറായി ഇയാള്‍ പ്രവര്‍ത്തിച്ചിരുന്നു. കരാറുകാരനായ സന്തോഷിനെ പിരിച്ചുവിട്ടെന്ന് മന്ത്രി പറഞ്ഞെങ്കിലും മ്യൂസിയം ആക്രമണ ദിവസം സര്‍ക്കാര്‍ വാഹനത്തില്‍ എങ്ങനെ ഇയാള്‍ പുലര്‍ച്ചെ അവിടെ എത്തിയെന്ന ലോഗ് ബുക്ക് പുറത്തുവിട്ടിട്ടില്ല. മന്ത്രിയുടെ ഓഫീസിലെ വാഹനവുമായി രണ്ടുകൊല്ലമായി ഒരു ക്രിമിനല്‍ ഭരണസിരാകേന്ദ്രത്തില്‍ വിലസിയെന്ന് പറഞ്ഞാല്‍ ആരും മൂക്കത്ത് വിരല്‍ വെച്ചുപോകും.

സിവില്‍ സര്‍വ്വീസിന് പഠിക്കാന്‍ വന്ന ഒരു പെണ്‍കുട്ടി താമസസ്ഥലത്ത് അര്‍ദ്ധരാത്രി ആക്രമിക്കപ്പെട്ട സംഭവം എത്ര ലാഘവത്തോടെയാണ് നമ്മുടെ പോലീസ് പൂഴ്ത്തിവെച്ചത്. ഒരു വര്‍ഷത്തിനിടയില്‍ ഈ പരാതിയില്‍ എന്തെങ്കിലും അന്വേഷണം നടത്തിയിരുന്നുവെങ്കില്‍ തുടര്‍ന്നുള്ള ആക്രമണങ്ങള്‍ ഒഴിവാക്കാനെങ്കിലും കഴിയുമായിരുന്നു.

യുവ ഡോക്ടറുടെ ചെറുത്തുനില്‍പ്പും പോരാട്ടവും കേരളത്തിലെ പെണ്‍കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ്. ആക്രമിക്കപ്പെട്ടാല്‍ നാണക്കേടും ഭയവുമല്ല വേണ്ടത്. മറിച്ച്, അക്രമിയെ പിടികൂടാന്‍ തങ്ങള്‍ക്ക് കഴിയുന്നത് ഓരോ പെണ്‍കുട്ടിയും ചെയ്യണമെന്ന സന്ദേശമാണ് ഡോക്ടര്‍ നല്‍കുന്നത്. എല്ലാം പോലീസ് നോക്കും എന്ന മൂഢസ്വര്‍ഗ്ഗത്തില്‍ കഴിയാതെ മാധ്യമങ്ങളോടും ജനങ്ങളോടും സംസാരിക്കാനും സ്വയം അന്വേഷണം നടത്താനും കാണിച്ച ഡോക്ടറുടെ ആര്‍ജ്ജവവും ധീരതയും പ്രശംസാവചനങ്ങള്‍ക്ക് അപ്പുറമാണ്.

പൗരന്‍മാരുടെ ജീവനും സ്വത്തും സംരക്ഷിക്കലാണ് പോലീസിന്റെ പ്രഥമപ്രധാനമായ കടമ. അതില്‍ പോലീസ് പരാജയപ്പെട്ടാല്‍ അവരെ ഭരിക്കുന്ന ഡിജിപിയും പോലീസ് മന്ത്രിയും വട്ടപ്പൂജ്യമാണ്. ആത്മാഭിമാനത്തിന്റെ കണികയെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ ഡിജിപി അനില്‍കാന്തും പോലീസ് മന്ത്രി കൂടിയായ മുഖ്യമന്ത്രി പിണറായി വിജയനും പൊതുസമൂഹത്തോട് നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കാനെങ്കിലും തയ്യാറാകണം.

അപരനുണ്ടാകുന്ന ദുരന്തങ്ങള്‍ കാഴ്ചക്കാരെപ്പോലെ നോക്കിനില്‍ക്കുകയാണ് പൊതുസമൂഹം. താനും കെട്ട്യോളും തട്ടകത്തിലെ കൊള്ളാവുന്ന അച്ചായനും മാത്രമാണ് ലോകം എന്ന ഇടുങ്ങിയ ചിന്തയില്‍ നിന്ന് പൊതുസമൂഹം സടകുടഞ്ഞ് എഴുന്നേല്‍ക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഓര്‍മ്മ വരുന്നത് പ്രശസ്ത കവി ബെര്‍ടോള്‍ഡ് ബ്രെഹ്തിന്റെ വരികളാണ്. ‘ഒരു ഗ്രാമത്തില്‍ ഒരു അനീതിയുണ്ടായാല്‍ അവിടെ ഒരു കലാപം ഉണ്ടാകണം. ഇല്ലെങ്കിലോ, സന്ധ്യ മയങ്ങും മുന്‍പേ ആ ഗ്രാമം കത്തിച്ചാമ്പലാകുന്നതാണ് നല്ലത്’.

അടുത്ത കാലത്ത് ഉത്തരാഖണ്ഡില്‍ ബിജെപി നേതാവിന്റെ മകന്റെ ഉടമസ്ഥതയിലുള്ള നക്ഷത്രഹോട്ടലില്‍ ജീവനക്കാരി പീഡിപ്പിക്കപ്പെട്ട് കൊല ചെയ്യപ്പെട്ടപ്പോള്‍ അവിടുത്തെ ജനങ്ങള്‍ ആ ഹോട്ടലിന് തീവെച്ചിരുന്നു. അപ്പോഴും ഓര്‍മ്മയില്‍ ഓടിയെത്തിയത് ബ്രെഹ്തിന്റെ തീപിടിപ്പിക്കുന്ന വരികളാണ്.
