Connect with us

‘വോട്ട് കൊള്ള’: ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധം ഇന്ന്

ദേശീയം

‘വോട്ട് കൊള്ള’: ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധം ഇന്ന്

ന്യുഡല്‍ഹി: ‘വോട്ട് കൊള്ള’ ആരോപണത്തില്‍ രാജ്യതലസ്ഥാനത്ത് ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധം ഇന്ന്. തെരഞ്ഞെടുപ്പ് കമ്മീഷനെതിരായ തുറന്ന യുദ്ധം പ്രഖ്യാപിച്ചുള്ള ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ‘വോട്ട് കൊള്ള’ ആരോപണത്തില്‍ കമ്മീഷന്‍ ആസ്ഥാനത്തേക്കുള്ള ഇന്ത്യ സഖ്യത്തിന്റെ മാര്‍ച്ച് പ്രതിപക്ഷത്തിന്റെ ശക്തി വിളിച്ചറിയിക്കുന്നതായിരിക്കും. രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുമടക്കം 300 ഓളം എം പിമാര്‍ പ്രതിഷേധത്തില്‍ അണിനിരക്കും. ബീഹാറിലെ എസ്. ഐ.ആര്‍. റദ്ദാക്കണമെന്നും, രാഹുല്‍ ഗാന്ധി ഉന്നയിച്ച വോട്ടര്‍പട്ടിക ക്രമക്കേട് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് ഇന്ത്യ സഖ്യം ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുന്നത്.

വോട്ട് കൊള്ളയ്‌ക്കെതിരായ സാമൂഹ്യമാധ്യമ പ്രചാരണത്തിനും രാഹുല്‍ ഗാന്ധി തുടക്കം കുറിച്ചു. കര്‍ണാടകയിലെ ഒരു ലോക്‌സഭ സീറ്റിലെ വോട്ടര്‍ പട്ടിക ക്രമക്കേട് ചൂണ്ടിക്കാട്ടിക്കൊണ്ട് പോരാട്ടം തുടങ്ങിയ രാഹുല്‍, തന്റെ പ്രചാരണത്തിന് ദേശീയ പിന്തുണ തേടിയുള്ള നീക്കത്തിനാണ് തുടക്കം കുറിച്ചത്. തെരഞ്ഞെടുപ്പില്‍ വോട്ട് കൊള്ള തടയാനുള്ള പ്രചാരണത്തിനായി വോട്ട്‌ചോരി.ഇന്‍ (votechori.in) എന്ന വെബ്‌സൈറ്റ് ആരംഭിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്റെ പ്രചാരണം. തെരഞ്ഞെടുപ്പ് പ്രക്രിയ സുതാര്യമാക്കുന്നതിനും വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകള്‍ തടയുന്നതിനുമാണ് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം തുടങ്ങുന്നതെന്ന് രാഹുല്‍ പറഞ്ഞു.

കര്‍ണാടകയിലെ വോട്ടര്‍ പട്ടികയിലെ ക്രമക്കേട് സംസ്ഥാന സര്‍ക്കാര്‍ അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചുണ്ട്. സംസ്ഥാനത്തെ നിയമ വകുപ്പിനോട് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. രാഹുല്‍ ഗാന്ധി പുറത്തുവിട്ട രേഖകള്‍ ഉള്‍പ്പെടെ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

അതേസമയം, വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് ആരോപിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു. രാഹുല്‍ കാണിച്ചത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രേഖയല്ലെന്ന് കമ്മീഷന്‍ പറയുന്നു. ശകുന്‍ റാണി എന്ന സ്ത്രീ രണ്ടു തവണ വോട്ട് ചെയ്തു എന്നതിന് തെളിവെന്താണെന്നും അന്വേഷണത്തിനായി ശകുന്‍ റാണി രണ്ട് തവണ വോട്ടു ചെയ്തതിന് തെളിവു നല്‍കണമെന്നും കമ്മീഷന്‍ പറയുന്നു. രാഹുല്‍ ഗാന്ധിയുടെ ആരോപണം വലിയ രീതിയില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് നോട്ടീസ് നല്‍കിയുള്ള കമ്മീഷന്റെ നീക്കം.

തെളിവുകള്‍ ചൂണ്ടിക്കാണിക്കുന്നവരെ നോട്ടീസ് കാണിച്ച് പേടിപ്പിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിചാരിക്കേണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി വേണുഗോപാല്‍ മുന്നറിയിപ്പ് നല്‍കി. ജനാധിപത്യം കൊല ചെയ്യപ്പെടുന്ന സാഹചര്യമാണെന്നും ഇതിന് കൂട്ട് നില്‍ക്കുന്ന ഇലക്ഷന്‍ കമ്മിഷന്‍ ഉദ്യോഗസ്ഥന്‍മാരെ എന്ത് ചെയ്യണമെന്ന് ഇന്ത്യയിലെ ജനങ്ങള്‍ തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in ദേശീയം

Trending News

To Top