ദേശീയം
എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി ഇറക്കി
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ചെന്നൈയില്‍ അടിയന്തരമായി ഇറക്കി. റഡാറിലെ തകരാറിനെ തുടര്‍ന്നാണ് വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയത്. എംപിമാരായ കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, കെ. രാധാകൃഷ്ണന്‍, തമിഴ്‌നാട്ടില്‍ നിന്നുള്ള റോബര്‍ട്ട് ബ്രൂസ് എന്നിവരടക്കം 160 യാത്രക്കാര്‍ വിമാനത്തിലുണ്ടായിരുന്നു. സാങ്കേതിക തകരാര്‍ കാരണം അടിയന്തര ലാന്‍ഡിംഗിന് ശ്രമിക്കവെ റണ്‍വേയില്‍ മറ്റൊരു വിമാനം എത്തിയത് പ്രതിസന്ധിയുടെ ആക്കം കൂട്ടി. ആകാശത്ത് വട്ടമിട്ട് കറങ്ങിയ എയര്‍ ഇന്ത്യ വിമാനം മണിക്കൂറുകള്‍ക്ക് ശേഷമാണ് ചെന്നൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തത്.
വിമാനം അടിയന്തരമായ ലാന്‍ഡ് ചെയ്ത സംഭവത്തില്‍ രൂക്ഷമായി പ്രതികരിച്ച് കെ.സി. വേണുഗോപാലും അടൂര്‍ പ്രകാശുമടക്കമുള്ള എം.പിമാര്‍ രംഗത്തെത്തി. അടിയന്തര ലാന്‍ഡിംഗിനിടെ വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടെന്നാണ് കെ.സി. വേണുഗോപാല്‍ പറഞ്ഞത്. അടിയന്തര ലാന്‍ഡിംഗില്‍ ഗുരുതര സുരക്ഷ വീഴ്ച ഉണ്ടായെന്നും അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രണ്ട് മണിക്കൂറോളം സമയം ചെന്നൈയ്ക്ക് മുകളില്‍ പറന്നുവെന്ന് അടൂര്‍ പ്രകാശും പറഞ്ഞു. അരമണിക്കൂര്‍ വൈകി തിരുവനന്തപുരത്ത് നിന്ന് ദില്ലിയിലേക്ക് പറന്ന വിമാനം ഒരു മണിക്കൂറിലേറെ പറന്ന ശേഷം തകരാര്‍ കണ്ടെത്തിയതോടെ, രണ്ട് തവണ ലാന്‍ഡിംഗിന് ശ്രമിച്ച ശേഷം ചെന്നൈയില്‍ ഇറക്കുകയായിരുന്നു.
