ദേശീയം
‘മോന്ത’ ചുഴലികാറ്റ് ഇന്ന് കര തൊടും
തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘മോന്ത’ ചുഴലികാറ്റ് ഇന്ന് കര തൊടും. ഇന്ന് വൈകിട്ടോടെയായിരിക്കും കര തൊടുക. ആന്ധ്രാതീരത്ത് കനത്ത ജാഗ്രത തുടരുകയാണ്. ഒഡിഷ, ആന്ധ്ര, തമിഴ്നാട് സംസ്ഥാനങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. മഴയ്ക്കൊപ്പം മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. മൂന്ന് സംസ്ഥാനങ്ങളും കനത്ത ജാഗ്രതയിലാണ്. തമിഴ്നാട്ടില്‍ ചെന്നൈ അടക്കം വടക്കന്‍ ജില്ലകളിലും കനത്ത മഴ പെയ്യുമെന്നാണ് മുന്നറിയിപ്പ്. ഈ സാഹചര്യത്തില്‍ ആന്ധ്രയിലെയും ഒഡിഷയിലെയും തമിഴ്നാട്ടിലെയും തീരദേശ ജില്ലകളില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.
കേരളത്തില്‍ മൊൻതയുടെ പ്രഭാവം ശക്തമാവുകയാണ്. ഇന്നും നാളെയും വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ച കാലാവസ്ഥാ വകുപ്പ്, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ ഓറഞ്ച് അലർട്ടും മറ്റ് ഒൻപത് ജില്ലകളില്‍ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വരുന്ന രണ്ടു ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരുമെന്നാണ് നിലവിലെ പ്രവചനം.
മണിക്കൂറില്‍ 15 കിലോമീറ്റർ വേഗതയില്‍ വടക്കു പടിഞ്ഞാറൻ ദിശയില്‍ സഞ്ചരിക്കുന്ന ഈ ചുഴലിക്കാറ്റ്, നാളെ വൈകീട്ടോ രാത്രിയോ ആന്ധ്രാപ്രദേശിലെ മച്ചിലപട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയില്‍ തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിൻ്റെ മുന്നറിയിപ്പ്.
കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കിയേക്കാമെന്ന ആശങ്കയില്‍, ആന്ധ്രാപ്രദേശ് സർക്കാർ നടപടികള്‍ ഊർജിതമാക്കി, ശ്രീകാകുളം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങി. 23 ജില്ലകളില്‍ അതീവ ജാഗ്രതാ നിർദ്ദേശം നല്കി. കൂടാതെ കാക്കിനട, കോണസീമ, വെസ്റ്റ് ഗോദാവരി ജില്ലകളിലെ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇന്ന് തൃശ്ശൂര്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് അവധി പ്രഖ്യാപിച്ചു. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി ഉണ്ടായിരിക്കില്ല. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും ജില്ലാ ശാസ്ത്രമേളക്കും മാറ്റം ഉണ്ടായിരിക്കില്ല. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനത്തോടനുബന്ധിച്ച് പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പരിധിയിലെ വിദ്യാലയങ്ങള്‍ക്ക് തൃശ്ശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു.
