അന്തര്‍ദേശീയം
ഖജനാവും ജനാധിപത്യവും പ്രതിസന്ധിയില്‍
ജനാധിപത്യ രാഷ്ട്രമായ അമേരിക്കയുടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ പ്രഖ്യാപിച്ച ‘വ്യാജ വാര്‍ത്താ’ പുരസ്‌കാരം ഏവരേയും അമ്പരപ്പിച്ചിട്ടുണ്ടാവാം. ഇതില്‍ ജേതാക്കളായത് സി.എന്‍.എന്‍, ന്യൂയോര്‍ക്ക് ടൈംസ്, എ.ബി.സി, ദി വാഷിങ്ടണ്‍ പോസ്റ്റ് തുടങ്ങിയ പ്രശസ്ത മാധ്യമങ്ങളാണ്. അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള ഭരണകൂടത്തിന്റെ അസഹിഷ്ണുതയാണ് ഇതിലൂടെ വെളിവാകുന്നത്. തന്റെ ഭരണവീഴ്ചകളെ വിമര്‍ശിക്കുകയും, തന്റെ അസ്വീകാര്യമായ നയങ്ങള്‍ക്കെതിരെ നിലപാട് എടുക്കുകയും ചെയ്ത മുഖ്യധാരാ മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ള എല്ലാ ജനാധിപത്യ വിശ്വാസികളെയും ആക്ഷേപിക്കുന്ന തരത്തിലാണ് ഈ പുരസ്‌ക്കാര പ്രഖ്യാപനം. ഇത്തരത്തിലൊരു സമീപനത്തിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുക മാത്രമല്ല, എല്ലാ ജനാധിപത്യ സ്ഥാപനങ്ങളെയും മൂല്യങ്ങളെയും ഇല്ലാതാക്കുക കൂടിയാണ് ചെയ്യുന്നത്.
ഈ വ്യാജ വാര്‍ത്താ പുസ്‌ക്കാരങ്ങളില്‍ ഒന്നാം സ്ഥാനം ലഭിച്ചത് 2008 ല്‍ സാമ്പത്തികശാസ്ത്രത്തിന് നോബല്‍ സമ്മാനം ലഭിച്ച പ്രഗല്ഭ സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ.പോള്‍ ക്രൂഗ്മാന്‍ ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ഒരു അഭിപ്രായത്തിനാണ്. ഡൊണാള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റ് ആയി അധികാരമേറ്റെടുത്ത അന്ന് അദ്ദേഹം എഴുതിയ ഒരു കുറിപ്പില്‍ യു.എസ് സമ്പദ് വ്യവസ്ഥ കരകയറില്ലെന്നും ആഗോള സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ടെന്നും അഭിപ്രായപ്പെട്ടു. മൂന്നു ദിവസങ്ങള്‍ക്ക് ശേഷം അദ്ദേഹം പ്രതികരണം അല്പമൊന്ന് മയപ്പെടുത്തുകയും വന്‍തോതില്‍ സര്‍ക്കാര്‍ ചെലവിന്റെ പിന്‍ബലത്തില്‍ സമ്പദ് വ്യവസ്ഥ ശക്തിപ്പെടാമെന്നും അമേരിക്കയ്ക്ക് സല്‍പ്പേരാകുന്ന ഒരു വലിയ മൂലധനത്തിന്റെ ശേഖരമുണ്ടെന്നും അത് ധൂര്‍ത്തടിക്കാന്‍ ട്രംപിനുപോലും സമയമെടുക്കും എന്നും നിരീക്ഷിക്കുകയുണ്ടായി. ഒരു കോളംനിസ്റ്റ് എന്ന നിലയിലും സാമ്പത്തിക ശാസ്ത്രജ്ഞന്‍ എന്ന നിലയിലും രേഖപ്പെടുത്തിയ അഭിപ്രായങ്ങള്‍ ഭരണാധികാരികളെ പ്രീണിപ്പിക്കാത്തതുകൊണ്ടു മാത്രം ലേഖനം വ്യാജ വാര്‍ത്താ പുരസ്‌കാരത്തിനര്‍ഹമായി. ഇത് വാസ്തവത്തില്‍ ജനാധിപത്യ പ്രതിസന്ധിയല്ലേ?
ഇതോടൊപ്പം തന്നെ അമേരിക്കയില്‍ നിന്നും വന്ന സാമ്പത്തിക പ്രാധാന്യമുള്ള മറ്റൊരു വാര്‍ത്തയും ചേര്‍ക്കട്ടെ. ഡൊണാള്‍ഡ് ട്രംപ് യു.എസ് പ്രസിഡന്റായി അധികാരമേറ്റ് ഒന്നാം വര്‍ഷ തലേന്ന് ‘കണ്‍ടിന്യൂയിങ് റസല്യൂഷന്‍’ അഥവാ സര്‍ക്കാരിന്റെ ദൈനംദിന ചെലവുകള്‍ നടത്താന്‍ വേണ്ടുന്ന ബജറ്റ് ബില്ല് സെനറ്റില്‍ പാസാക്കാന്‍ സാധിക്കാത്തതിനെത്തുടര്‍ന്ന് യു.എസ് ഖജനാവ് പൂട്ടി. ഇതുമൂലം താത്ക്കാലികമായി സര്‍ക്കാര്‍ മേഖല നിശ്ചലമാകും. അവശ്യസേവനമൊഴികെ ബാക്കി എല്ലാ സര്‍ക്കാര്‍ മേഖലകളും പ്രവര്‍ത്തനരഹിതമാകുകയും ജീവനക്കാര്‍ക്ക് താത്്ക്കാലിക തൊഴില്‍ നഷ്ടം ഉണ്ടാവുകയും ചെയ്യും. ഇത്തരമൊരു പ്രതിസന്ധി മുന്‍പും ഉണ്ടായിട്ടുണ്ട്, അത് താത്ക്കാലികവുമാകാം. എന്നാല്‍ ഈ പ്രതിസന്ധിയിലേക്ക് നയിച്ച കാരണങ്ങളും അതിനോടുള്ള ഭരണകര്‍ത്താക്കളുടെ പ്രതികരണവും ജനങ്ങളുടെ താത്പര്യങ്ങളെ ഹനിക്കുന്നതാണെന്ന് ഖജനാവ് പ്രതിസന്ധിയെക്കുറിച്ച് പോള്‍ ക്രൂഗ്മാന്‍ നടത്തിയ നിരീക്ഷണങ്ങളിലൂടെ തന്നെ ഇവിടെ അവതരിപ്പിക്കാമെന്ന് തോന്നുന്നു.
ശൈശവത്തില്‍ നിയമവിരുദ്ധമായി അമേരിക്കയിലേക്ക് കുടിയേറിയ യുവാക്കളെ സംരക്ഷിക്കുന്ന നടപടികള്‍ ട്രംപ് ഗവണ്‍മെന്റ് സ്വീകരിക്കുകയാണെങ്കില്‍ ഡെമോക്രാറ്റുകള്‍ ഈ ബില്ലിന് അനുമതി നല്‍കുമായിരുന്നു. എന്നാല്‍ ലാറ്റിന്‍ അമേരിക്കയിലെയും ആഫ്രിക്കയിലെയും ദരിദ്ര രാഷ്ട്രങ്ങളില്‍ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ അമേരിക്കയില്‍ താമസിപ്പിക്കാന്‍ താത്പര്യമില്ലാത്തതിനാല്‍ യു.എസ് പ്രസിഡന്റ് തന്നെയാണ് ഈ പോംവഴി ഇല്ലാതാക്കിയതെന്ന് പോള്‍ ക്രൂഗ്മാന്‍ അഭിപ്രായപ്പെടുന്നു. ഇതിന് ബദലായി റിപ്പബ്ലിക്കന്‍സ് മുന്നോട്ട് വയ്ക്കുന്ന പുതിയ പോംവഴിയാകട്ടെ നാല് മാസം മുന്‍പ് ഈ ഗവണ്‍മെന്റ് നിര്‍ത്തലാക്കിയ CHIP (Children’s Health Insurance Programme) താഴ്ന്ന വരുമാനക്കാരുടെ കുട്ടികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ പുനരാരംഭം ഈ ബില്‍ പാസാക്കുന്നതിലൂടെ മാത്രമേ സാധ്യമാകുകയുള്ളൂ എന്നുള്ളതാണ്. ലക്ഷക്കണക്കിന് കുട്ടികളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഒരു പദ്ധതി രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുന്നത് അപലപനീയമാണ്.
ഖജനാവ് പ്രതിസന്ധി താത്്ക്കാലികവും പെട്ടെന്ന് പരിഹരിക്കപ്പെടാവുന്നതുമാണ്. എന്നാല്‍ പാവപ്പെട്ട അല്ലെങ്കില്‍ സാധാരണ ജനവിഭാഗങ്ങളെ ഏറ്റവും അധികം ബാധിക്കുന്ന ഒരു സര്‍ക്കാര്‍ പദ്ധതിയുടെ നടത്തിപ്പ് രാഷ്ട്രീയവല്‍ക്കരിക്കുന്നതിലൂടെ യഥാര്‍ത്ഥത്തില്‍ ഖജനാവ് പ്രതിസന്ധിയെക്കാളുപരി രൂക്ഷമാകുന്നത് ജനാധിപത്യ പ്രതിസന്ധിയാണ്.
