ഈ കോണ്ഗ്രസുകാരേക്കൊണ്ടു തോറ്റു ! ഞങ്ങളെ തല്ലേണ്ട ബി.ജെ.പിക്കാരേ, ഇടതു പക്ഷക്കാരേ….ഞങ്ങള്‍ നന്നാകില്ല, എന്ന ഒരൊറ്റ പിടിവാശിയിലാണ് കേരളത്തിലെ കോണ്‍ഗ്രസുകാര്‍. കോഴിക്കോട്ട് കെ. കരുണാകരന് അനുസ്മരണ വേളയില്‍ ഹസനിക്കയ്ക്കുണ്ടായ വെളിപാടിനു പിന്നാലെ കോണ്‍ഗ്രസിലെ വാക്പോരു തുടരുന്നു. ഹസന് കുറ്റസമ്മതം നടത്തിയിട്ടും എന്തുകൊണ്ട് കരുണാകരന്റെ പുത്രന് കെ. മുരളീധരന് പ്രതികരിക്കുന്നില്ല എന്നതായിരുന്നു അന്നത്തെ ചാനല്‍ ചര്‍ച്ചകളില്‍ മുഴുവന്‍ നിറഞ്ഞു നിന്ന ചോദ്യം. സ്ഥാനം മോഹിച്ചാണു മുരളിയുടെ മൗനം എന്നൊക്കെ വിശകലന കൂലിക്കാര് വിലയിരുത്തിയിരുന്നു. അങ്ങനെ പ്രതികരിച്ചു പ്രതികരിച്ചു മുന്നോട്ടു പോയാലല്ലേ ചാനലുകാര്‍ക്ക് പണിയുണ്ടാകൂ. ചര്‍ച്ചകള്‍ക്കു വിഷയം വേണ്ടേ ? ഇത്രയുമായപ്പോള്‍ പ്രതികരിക്കാ തിരിക്കുന്നതു മോശമല്ലേ എന്നു മുരളിക്കും തോന്നി (ഈ ചാനലുകാരുടെയൊരു ബുദ്ധി !).ചാരക്കേസ് വിവാദത്തില്‍ താന്‍ മിണ്ടാതി രിക്കുന്നതു സ്ഥാനം മോഹിച്ചല്ലെന്നായിരുന്നു. മുരളിയുടെ പ്രതികരണം. മുഖ്യമന്ത്രി സ്ഥാനത്തു നിന്നുള്ള കരുണാകരന്റെ അന്നത്തെ രാജി അനാവശ്യമായിരുന്നു. ചതിച്ചത് ഒട്ടേറെ പ്പേര് ചേര്‍ന്നായിരുന്നു. പാമോലിന്‍ കേസിലും രാജന് കേസിലും നടന്നത് കരുണാകരനെതിരെയുള്ള ഗൂഢാലോചനയാണ്. ഒരേ ഇലയില്‍ ഭക്ഷണം കഴിച്ചവര്‍ വരെ കരുണാകരനെ ചതിച്ചു. പഴയ കാര്യങ്ങള്‍ പറഞ്ഞാല്‍ പാര്‍ട്ടിയില്‍ വീണ്ടും പൊട്ടിത്തെറിയുണ്ടാകും. ബി.ജെ. പിക്കും ഇടതുസര്‍ക്കാരിനുമെതിരെ നടത്തേണ്ട പോരാട്ടം പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പുകാര്‍ തമ്മിലാവുമെന്നും അതാണു താന്‍ മൗനം പാലിക്കുന്നതെന്നും മുരളി പറഞ്ഞു തീര്‍ന്നതും ഐ ഗ്രൂപ്പുകാര്‍ ചാടി വീണു. ദോഷം പറയരുതല്ലോ, അതെന്നെ ഉദ്ദേശിച്ചു തന്നെ….തന്നെ….എന്നു പറഞ്ഞു രമേശ് ചെന്നിത്തല അലമുറയിട്ടു ! പോരാത്തതിനു രമേശും ലീഡറും ഒരേ ഇലയില്‍ ഭക്ഷണം കഴിക്കുന്നതിന്റെ പഴയ ചിത്രങ്ങള്‍ കൊണ്ടു ഫേസ്ബുക്ക് നിറഞ്ഞു. അതുകൊണ്ടാണല്ലോ അതേറ്റു പിടിച്ച് രമേശിന്റെ പ്രധാന ശിങ്കിടി ജോസഫ് വാഴയ്ക്കന് തൊടുപുഴയില്‍ പ്രതികരിച്ചത്. മുരളീധരന് പാര്‍ട്ടിയോടു കൂറു കാണിക്കണമെന്നാണ് കെ.പി. സി.സി വക്താവു കൂടിയായ വാഴയ്ക്കന് പറയുന്നത്. കരുണാകരനെ ഏറ്റവു മധികം വേദനിപ്പിച്ചതു മുരളിയണെന്നും തന് പ്രമാണി ആകാനാണു മുരളി ശ്രമിക്കുന്നതെന്നും വാഴയ്ക്കന് ആരോപി ക്കുന്നു. വിവാദങ്ങള്‍ സ്വയം അവസാനിപ്പിച്ച ശേഷം മറ്റുള്ളവരെ കുത്തുന്നതു ശരിയ ല്ലെന്നും വാഴയ്ക്കന് ഉപദേശിക്കുന്നു. ഹസന് പറഞ്ഞതും ശരി. മുരളി പറഞ്ഞതും ശരി. ദാ, ഇപ്പോള്‍ വാഴയ്ക്കന് പറഞ്ഞതും ശരി. അതും ശരിയാ, ഇതും ശരിയാ ! ഇനി അടുത്ത കുത്തുമായി ആരാണാവോ അവതരിക്കുന്നത്. എന്തായാലും, ഈ കോണ്‍ഗ്രസുകാര്‍ സ്വയം കുത്തിച്ചാകാനുറച്ചിരിക്കയാണ്. അതുകൊ ണ്ടാണ് തെരഞ്ഞെടുപ്പു വേളയില്‍ രാഹുല്‍ജി പറഞ്ഞത്….ഇവിടെ ആര്‍ക്കെങ്കിലും കോണ്‍ഗ്രസുകാരെ തോല്‍പ്പിക്കാന്‍ പറ്റുമെങ്കില്‍ അതു കോണ്‍ഗ്രസുകാര്‍ക്കു മാത്രമാണെന്ന്. ദേ, കരുണാകരന് വീണ്ടും കണ്ണിറുക്കി ചിരിക്കുന്നു !