Connect with us

ടെഹ്‌റാനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍

അന്തര്‍ദേശീയം

ടെഹ്‌റാനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍

ന്യുഡല്‍ഹി: ഇറാന്‍ തലസ്ഥാനമായ ടെഹ്‌റാനില്‍ ആക്രമണം കടുപ്പിച്ച് ഇസ്രായേല്‍. ടെഹ്‌റാനില്‍ നിന്നും ജനങ്ങള്‍ ഒഴിയണമെന്നും സൈനിക നടപടിയുണ്ടാകുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ടെഹ്‌റാനില്‍ നിന്നും ജനങ്ങള്‍ ഒഴിഞ്ഞു പോകണമെന്ന് ആവശ്യപ്പെട്ട നെതന്യാഹു, ഇറാന്റെ വ്യോമ മേഖല ഇസ്രായേലിന്റെ നിയന്ത്രണത്തിലേക്ക് വരുന്നുവെന്നും അവകാശപ്പെട്ടു.

നെതന്യാഹുവിന്റെ മുന്നറിയിപ്പിനു പിന്നാലെ ടെഹ്‌റാനിലെ ഇറാന്‍ ടെലിവിഷന്‍ ആസ്ഥാനത്തും മിസൈല്‍ ആക്രമണമുണ്ടായി. തല്‍സമയ സംപ്രേഷണത്തിനിടെ ആയിരുന്നു മിസൈല്‍ ആക്രമണം. നിരവധി മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ടെഹ്‌റാന്റെ വിവിധ മേഖലകളില്‍ മിസൈലാക്രമണം നടന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖമനയിയെ ഇല്ലാതാക്കിയാല്‍ മാത്രമേ സംഘര്‍ഷം അവസാനിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു പറഞ്ഞു. എ.ബി.സി. ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഈക്കാര്യം വ്യക്തമാക്കിയത്. ഇറാനെതിരായ ഇസ്രയേലിന്റെ തുടര്‍ച്ചയായ സൈനിക നടപടികളെയും അദ്ദേഹം ന്യായീകരിച്ചു.

ഇസ്രയേലിനെതിരെയുള്ള പ്രതികാരം പൂര്‍ത്തിയാകുന്നതുവരെ അമേരിക്കയുമായി ചര്‍ച്ചകള്‍ നടത്തില്ലെന്ന് വിവിധ രാജ്യങ്ങളിലെ ഇറാന്‍ നയതന്ത്രജ്ഞര്‍ പ്രതികരിച്ചു. ഒമാന്‍, ഖത്തര്‍ തുടങ്ങിയ മധ്യസ്ഥ ശ്രമങ്ങള്‍ നടത്തുന്ന രാജ്യങ്ങളെ ഇറാന്‍ ഇക്കാര്യം അറിയിച്ചതായി നയതന്ത്രജ്ഞരെ ഉദ്ധരിച്ച് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം, ഇസ്രയേലുമായി യുദ്ധം തുടരുന്നതിനിടെ രാജ്യത്തെ ജനങ്ങളോട് ഐക്യത്തോടെ ഒരുമിച്ച് നില്‍ക്കണമെന്ന് ആവശ്യപ്പെട്ട് ഇറാന്‍ പ്രസിഡന്റ്് മസൂദ് പെസഷ്‌കിയാന്‍ ആവശ്യപ്പെട്ടു. ആണവായുധം നിര്‍മ്മിക്കുന്നത് ഇറാന്റെ പദ്ധതിയിലില്ലെന്ന് ആവര്‍ത്തിച്ച അദ്ദേഹം ഇതിന് വിരുദ്ധമായ നിലപാടെടുക്കുന്നവരാരും ഇറാന്റെ നയരൂപീകരണ സമിതികളിലില്ലെന്നും പറഞ്ഞു.

ഇസ്രയേല്‍ ആണവാക്രമണം നടത്തിയാല്‍ ഇറാനുവേണ്ടി പാകിസ്താന്‍ ആണവായുധം പ്രയോഗിക്കുമെന്ന ഇറാന്റെ വാദം പാകിസ്താന്‍ തള്ളി. അത്തരം വാഗ്ദാനങ്ങള്‍ ഇറാന് നല്‍കിയിട്ടില്ലെന്നും സ്വന്തം രാജ്യത്തിന്റെ സുരക്ഷയ്ക്കായി മാത്രമേ ആണവായുധം പ്രയോഗിക്കൂവെന്നും പാകിസ്താന്‍ പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് വ്യക്തമാക്കി.

അതേസമയം, യുദ്ധം കനക്കുന്ന പശ്ചാത്തലത്തില്‍ ഇറാനിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ടെഹ്‌റാന്‍ വിടണമെന്ന നിര്‍ദേശത്തിന് പിന്നാലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഇറാനില്‍ നിന്നും ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇതിന്റെ ഭാഗമായി 110 വിദ്യാര്‍ഥികളുമായി ഒരു ബസ് അര്‍മേനിയന്‍ അതിര്‍ത്തിയിലേക്ക് യാത്ര തിരിച്ചതായാണ് വിവരം. ഇവിടെ നിന്നും വിമാനത്തില്‍ ഇവരെ ഇന്ത്യയിലെത്തിക്കാനാണ് നീക്കം. മൂവായിരത്തോളം വിദ്യാര്‍ഥികളുള്‍പ്പെടെ ഇരുപതിനായിരത്തോളം ഇന്ത്യക്കാര്‍ ഇറാനിലുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in അന്തര്‍ദേശീയം

Trending News

To Top