Connect with us

അടച്ചിട്ട വ്യോമപാത ഇന്ത്യക്കായി തുറന്ന് ഇറാന്‍

അന്തര്‍ദേശീയം

അടച്ചിട്ട വ്യോമപാത ഇന്ത്യക്കായി തുറന്ന് ഇറാന്‍

ന്യുഡല്‍ഹി: ഇസ്രായേലുമായുള്ള സംഘര്‍ഷത്തിന് പിന്നാലെ അടച്ചിട്ട വ്യോമപാത ഇന്ത്യക്കായി മാത്രം തുറന്ന് ഇറാന്‍. സംഘര്‍ഷബാധിത ഇറാനിയന്‍ നഗരങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന 1,000 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കുന്ന ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായാണ് ഇറാന്‍ വ്യോമപാത തുറന്നത്.

ഇറാനില്‍ കുടുങ്ങിയ ഇന്ത്യന്‍ വിദ്യാര്‍ഥികളുമായി മഷ്ഹദില്‍നിന്നുള്ള ആദ്യ വിമാനം ഇന്നലെ രാത്രി ഡല്‍ഹിയിലെത്തിയിരുന്നു. 290 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ ഏറെയും ജമ്മു കശ്മീരില്‍ നിന്നുള്ളവരാണ്. അഷ്ഗാബത്തില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം ഇന്ന് രാവിലെ ഏകദേശം 10 മണിയോടെയും മൂന്നാമത്തെ വിമാനം ഇന്ന് വൈകുന്നേരവും ഇന്ത്യയിലെത്തും. ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ആയിരത്തോളം ഇന്ത്യക്കാരെ മൂന്ന് പ്രത്യേക വിമാനങ്ങളിലാണ് തിരിച്ചെത്തിക്കുന്നത്.

അതേസമയം, ഇസ്രയേല്‍ – ഇറാന്‍ സംഘര്‍ഷത്തിനിടെ അമേരിക്കയ്ക്ക് വീണ്ടും മുന്നറിയിപ്പുമായി ഇറാന്‍ രംഗത്തെത്തിയിരുന്നു. അമേരിക്ക യുദ്ധത്തിനിറങ്ങിയാല്‍ അമ്പരപ്പിക്കുന്ന മറുപടിയുണ്ടാകുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കി. മേഖലയിലെ അമേരിക്കന്‍ താല്‍പര്യങ്ങള്‍ സുരക്ഷിതമായിരിക്കില്ലെന്നും ഇറാന്‍ പാര്‍ലമെന്ററി ദേശീയ സുരക്ഷ കൗണ്‍സില്‍ മേധാവി വ്യക്തമാക്കി

അതിനിടെ, അത്യാധുനിക മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇസ്രയേലില്‍ വീണ്ടും ഇറാന്‍ ആക്രമണം നടത്തി. ഇസ്രയേലിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ഇറാന്‍ മിസൈലുകള്‍ പതിച്ച് നിരവധിപേര്‍ക്ക് പരിക്കേറ്റു. ഡേ കെയറടക്കമുള്ള ജനവാസ കേന്ദ്രങ്ങളിലാണ് ഇറാന്‍ ആക്രമണം നടത്തിയതെന്ന് ഇസ്രയേല്‍ ആരോപിച്ചു. എന്നാല്‍ സൈനിക ലക്ഷ്യങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണമെന്നാണ് ഇറാന്റെ അവകാശവാദം. സര്‍പ്രൈസുകള്‍ക്കായി ലോകം ഇനിയും കാത്തിരിക്കണമെന്നും വിജയത്തോടെ മാത്രമേ ഈ പ്രത്യാക്രമണം അവസാനിക്കൂവെന്നും ഇറാന്‍ സൈനിക വക്താവ് അവകാശപ്പെട്ടു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in അന്തര്‍ദേശീയം

Trending News

To Top