അന്തര്‍ദേശീയം
മോക്ക് ഡ്രില്‍ നടത്തി ഇന്ത്യന്‍ കരസേന
ന്യുഡല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷ സാഹചര്യങ്ങള്‍ നിലനില്‍ക്കെ അടിയന്തര സാഹചര്യം നേരിടാനുള്ള മോക്ക് ഡ്രില്‍ നടത്തി കരസേന. പഞ്ചാബിലെ ഫിറോസ് പൂരിലാണ് ലൈറ്റുകള്‍ എല്ലാം അണച്ച് ബ്ലാക്ക് ഔട്ട് ഡ്രില്‍ നടത്തിയത്. രാത്രി അരമണിക്കൂറോളം ലൈറ്റുകള്‍ അണയ്ക്കുകയും അടിയന്തര സാഹചര്യം വന്നാല്‍ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ പരീക്ഷിക്കുകയും ചെയ്തു
രാത്രി 9 നും 9.30 നും ഇടയിലായിരുന്നു മോക് ഡ്രില്‍. പഞ്ചാബ് സ്റ്റേറ്റ് പവര്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (പി.എസ്.പി.സി.എല്‍.) 30 മിനിറ്റ് നേരത്തേക്ക് വൈദ്യുതി വിച്ഛേദിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു മോക്ക് ഡ്രില്ലെന്ന് ഫിറോസ്പൂര്‍ കാന്റ് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ. ഗുര്‍ജന്ത് സിംഗ് പറഞ്ഞു. ലൈറ്റുകള്‍ പൂര്‍ണമായും ഓഫ് ചെയ്തു. വാഹനങ്ങളുടെ ലൈറ്റും ഓഫാക്കി. പൂര്‍ണമായും ഇരുട്ടത്തായിരുന്നു മോക്ക് ഡ്രില്‍. എല്ലാ കവലകളിലും പൊലീസിനെ വിന്യസിച്ചിരുന്നു
പരിശീലനം പതിവ് തയ്യാറെടുപ്പിന്റെ ഭാഗമാണെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ ദീപ്ശിഖ ശര്‍മ്മ പറഞ്ഞു. അതീവ ജാഗ്രതയിലാണെന്നും ഏത് സാഹചര്യം വന്നാലും നേരിടാന്‍ സജ്ജമാണെന്നും ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു. അതിര്‍ത്തി സുരക്ഷാ സേന പട്രോളിംഗ് ശക്തമാക്കി. പഞ്ചാബ് പൊലീസ് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി പ്രധാന സ്ഥലങ്ങളില്‍ ചെക്ക്‌പോസ്റ്റുകള്‍ സ്ഥാപിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന് തക്ക മറുപടി നല്‍കിയിരിക്കുമെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. അതിര്‍ത്തി സംരക്ഷണം പ്രതിരോധ മന്ത്രിയായ തന്റെ ഉത്തരവാദിത്തമാണെന്നും മറുപടി നല്‍കേണ്ടതും തന്റെ ഉത്തരവാദിത്തമാണെന്നും രാജ്‌നാഥ് സിംഗ് വ്യക്തമാക്കി. അതിര്‍ത്തി കാക്കുന്ന സൈനികര്‍ക്ക് പൂര്‍ണ്ണ പിന്തുണയെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
ഇന്ത്യയില്‍ വന്ന് ഒരാളെ കൊല്ലുന്നതിന് മുമ്പ് പാകിസ്ഥാന്‍ നൂറ് തവണ ചിന്തിക്കുന്ന മറുപടിയാകണം ഇന്ത്യ പാകിസ്ഥാന് നല്‍കേണ്ടതെന്ന് എ.ഐ.എം.ഐ.എം. പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി. രാജ്യത്തെ ശക്തമായി നിലനിര്‍ത്താന്‍ വെറുപ്പല്ല, സമാധാനവും സ്‌നേഹവും പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും വെറുപ്പും വിഷവും പ്രചരിപ്പിക്കുന്നവര്‍ പാകിസ്ഥാന്റെ മുഖത്ത് പുഞ്ചിരി വിടര്‍ത്തുകയാണെന്ന് ഓര്‍മ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു. ആ ക്രൂരന്മാരുടെ മുഖത്ത് നിന്ന് പുഞ്ചിരി തുടയ്ക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും ഹൈദരാബാദ് എംപി പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനിലേക്കുള്ള ജലമൊഴുക്ക് ഇന്നലെ ഇന്ത്യ കുറച്ചു. ചിനാബ് നദിയിലെ ബഗ്ലിഹാര്‍ ഡാമിലെ ഷട്ടര്‍ താഴ്ത്തിയതോടെയാണ് പാകിസ്ഥാനിലേക്കുള്ള ജലനിരപ്പ് കുറഞ്ഞത്. ഝലം നദിയിലെ കിഷന്‍ഗംഗ ഡാമിലും സമാന നടപടി സ്വീകരിക്കും. ഹ്രസ്വ കാലത്തേക്കാണ് നടപടിയെന്ന് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
അതേസമയം, ഇന്ത്യക്കെതിരെ ആണവ ആക്രമണത്തിനും മടിക്കില്ലെന്ന് റഷ്യയിലെ പാകിസ്ഥാന്‍ അംബാസഡര്‍ മുഹമ്മദ് ഖാലിദ് ജമാലി അറിയിച്ചു. സിന്ധു നദീജലം തടഞ്ഞുനിര്‍ത്തിയാല്‍ ഇന്ത്യക്കെതിരെ സൈനിക ആക്രമണം നടത്തുമെന്ന് പാക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് കഴിഞ്ഞ ദിവസം ഭീഷണി മുഴക്കിയിരുന്നു.
