മഞ്ഞിനുമപ്പുറം
അരമന രഹസ്യങ്ങളുമായി ചെറിയാന്‍ തറവാട്ടില്‍
ഇരുപത് വര്‍ഷത്തിനുശേഷം ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിലേക്ക് മടങ്ങിവരുമ്പോള്‍ എന്റെ ഓര്‍മ്മ നാല്‍പത് വര്‍ഷം പുറകോട്ട് പോകുകയാണ്.

അടിയന്തരാവസ്ഥ കഴിഞ്ഞ കാലത്ത് യൂണിവേഴ്സിറ്റി കോളേജില്‍ കെഎസ്യുവിന് നേതൃത്വം നല്‍കാനായി ചെറിയാന്‍ ഫിലിപ്പ് മലയാളം എം.എക്ക് വന്നുചേര്‍ന്നത് അന്ന് വാര്‍ത്തയായിരുന്നു. എല്‍.എല്‍.ബി കഴിഞ്ഞ ശേഷമാണ് ചെറിയാന്‍ കെഎസ്യുവിന്റെ നേതൃത്വം ശക്തിപ്പെടുത്താനായി യൂണിവേഴ്സിറ്റി കോളേജില്‍ എത്തിയത്. എസ്.എഫ്.ഐയുടെ നേതൃത്വം ചെറിയാനെതിരെ അന്ന് നടത്തിയ ആക്രമണങ്ങള്‍ മറക്കാനാവില്ല. ഞാന്‍ ഉള്‍പ്പെടെയുള്ള എസ്എഫ്ഐക്കാര്‍ എത്രയോ പ്രാവശ്യം ചെറിയാന്‍ ഫിലിപ്പിനെ വളഞ്ഞിട്ട് മര്‍ദ്ദിച്ചിട്ടുണ്ട്. യൂണിയന്‍ തിരഞ്ഞെടുപ്പ് കാലത്ത് എസ്എഫ്ഐയുടെ പ്രചരണ നേതൃത്വം എനിക്കും കെ.എസ്.യുവിന്റെ പ്രചരണ നേതൃത്വം ചെറിയാനുമായിരുന്നു.

അക്കാലത്തെ അറിയപ്പെടുന്ന പ്രാസംഗികനായിരുന്നു ചെറിയാന്‍. കേരള സര്‍വ്വകലാശാല യുണിയന്‍ ചെയര്‍മാന്‍ പദവി അടക്കം വഹിച്ചിട്ടുള്ള ചെറിയാന്‍ ഫിലിപ്പിന്റെ യൂണിവേഴ്സിറ്റി കോളേജിലെ വരവ് കോളേജ് യൂണിയന്‍ പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. ഇത് തിരിച്ചറിഞ്ഞ അന്നത്തെ എസ്എഫ്ഐ നേതാക്കളായ തോമസ് എബ്രഹാമും കെ.ചന്ദ്രനും അടക്കമുള്ളവര്‍ എങ്ങനെയും ചെറിയാനെ ക്യാംപസില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ഭീഷണിയും മര്‍ദ്ദനവും അഴിച്ചുവിട്ടെങ്കിലും ചെറിയാന്‍ എല്ലാം അതിജീവിച്ച് ക്യാംപസില്‍ നിറഞ്ഞുനിന്നു. എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി എന്നെ തീരുമാനിച്ചപ്പോള്‍ എതിര്‍ സ്ഥാനാര്‍ത്ഥി ചെറിയാനാകുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാവായ ചെറിയാന്‍ എനിക്ക് പറ്റിയ എതിരാളിയെ കണ്ടെത്താനാണ് ശ്രമിച്ചത്. ബിഎ വിദ്യാര്‍ത്ഥിയായിരുന്ന എനിക്കെതിരെ എംഎ ഇംഗ്ലീഷ് വിദ്യാര്‍ത്ഥിയായിരുന്ന എസ്.എം വിജയാനന്ദിനെ സ്ഥാനാര്‍ത്ഥിയാക്കാനായിരുന്നു നീക്കം. മുന്‍ ചീഫ് സെക്രട്ടറിയായ എസ്.എം വിജയാനന്ദ് അടുത്ത കാലത്ത് ആ സംഭവത്തെക്കുറിച്ച് എന്നോട് സംസാരിച്ചിരുന്നു. പലവട്ടം യൂണിവേഴ്സിറ്റി കോളേജിന് അടുത്തുള്ള ട്യൂട്ടേഴ്സ് ലെയ്നിലെ വിജയാനന്ദിന്റെ വീട്ടിലെത്തിയാണ്

സ്ഥാനാര്‍ത്ഥിയാകണമെന്ന് ചെറിയാന്‍ നിര്‍ബന്ധിച്ചത്. മണിക്കൂറുകളോളം നിര്‍ബന്ധിച്ചിട്ടും വിജയാനന്ദ് അതിന് വഴങ്ങിയില്ല. എന്തുകൊണ്ടാണ് ചെറിയാനെ പോലെ ഒരു നേതാവിന്റെ സ്നേഹപൂര്‍വ്വമായ നിര്‍ബന്ധം അന്ന് നിരസിച്ചതെന്ന് ഞാന്‍ വിജയാനന്ദിനോട് ചോദിച്ചു. തിരഞ്ഞെടുപ്പ് കാലത്ത് തന്നെ എസ്.എം വിജയാനന്ദ് എതിരാളിയായി വരുമെന്ന് ക്യാംപസില്‍ വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ താന്‍ മത്സരത്തിനില്ല എന്ന് അന്നുതന്നെ നേരിട്ട് വിജയാനന്ദ് പറയുകയും ചെയ്തു. ചെറിയാന്റെ നിര്‍ബന്ധമോ, മത്സരിക്കാതിരിക്കാനുള്ള കാരണമോ അന്ന് അദ്ദേഹം വെളിപ്പെടുത്തിയിരുന്നില്ല. എന്തായിരുന്നു കാരണം എന്ന് മാസങ്ങള്‍ക്ക് മുന്‍പാണ് വിജയാനന്ദ് പറഞ്ഞത്. കെ.എസ്.യുവിലായാലും എസ്.എഫ്.ഐയിലായാലും പ്രവര്‍ത്തിച്ചാല്‍ സ്വാതന്ത്ര്യം നഷ്ടപ്പെടും. മാത്രവുമല്ല, എസ്എഫ്ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥി നിങ്ങളാണെന്ന് അറിഞ്ഞപ്പോള്‍ മത്സരിക്കാനും തോന്നിയില്ല – ഇതായിരുന്നു വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള വെളിപ്പെടുത്തല്‍.

കെ.എസ്.യു എന്ന വിദ്യാര്‍ത്ഥി പ്രസ്ഥാനം ശക്തിപ്പെടുത്താന്‍ എസ്.എഫ്.ഐയുമായി ഏറ്റവും കൂടുതല്‍ ഏറ്റുമുട്ടിയിട്ടുള്ള രണ്ട് നേതാക്കള്‍ മുന്‍ സര്‍വ്വകലാശാല ചെയര്‍മാനായിരുന്ന എ.നീലലോഹിതദാസന്‍ നാടാരും അതിനുശേഷം ചെറിയാന്‍ ഫിലിപ്പുമാണ്. അക്കാലത്ത് തന്നെ എഴുത്തും വായനയും ഗവേഷണവും ചെറിയാന്റെ പ്രവര്‍ത്തന മേഖലകളായിരുന്നു. സാഹിത്യവും രാഷ്ട്രീയ ചരിത്രവും സാമൂഹ്യ ചരിത്രവും ചെറിയാന് ഹൃദിസ്ഥമായിരുന്നു. മണിക്കൂറുകള്‍ വേണമെങ്കിലും ഏത് വിഷയത്തെക്കുറിച്ചും പ്രസംഗിക്കാനുള്ള പാടവം അദ്ദേഹത്തിനുണ്ട്. ലീഡറുടെ വീട്ടിലെ നിത്യ സന്ദര്‍ശകനായിരുന്നു അക്കാലത്ത് ജി.കാര്‍ത്തികേയനും രമേശ് ചെന്നിത്തലയും ചെറിയാനും അടക്കമുള്ളവര്‍. കാര്‍ത്തികേയനും രമേശും എല്ലാം പലവട്ടം എംഎല്‍എമാരും മന്ത്രിമാരുമായപ്പോഴും ചെറിയാന്‍ ആദര്‍ശം മുറുകെ പിടിച്ച് എ.കെ ആന്റണിയുടെ നിഴലായി നടന്നു. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ ചെറിയാന് മത്സരിക്കാന്‍ നല്‍കിയ സീറ്റുകളാകട്ടെ, സിപിഎം കോട്ടകളായിരുന്നു. വര്‍ഷങ്ങള്‍ നീണ്ട അവഗണനയെ തുടര്‍ന്നാണ് കോണ്‍ഗ്രസ് വിട്ട് ഇടതുസഹയാത്രികനായി ചെറിയാന്‍ ഫിലിപ്പ് മാറിയത്. തലസ്ഥാനത്തെ രാഷ്ട്രീയ നേതാക്കളില്‍ ഏതുകാലത്തും നിറഞ്ഞുനിന്ന വ്യക്തിത്വമാണ് ചെറിയാന്റേത്.

മടങ്ങിവരവിന് തൊട്ടുമുന്‍പ് ചെറിയാന്റെ കാര്യത്തില്‍ തെറ്റുപറ്റിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പരസ്യമായി കുറ്റസമ്മതം നടത്തിയിരുന്നു. തന്റെ രക്ഷാകര്‍ത്താവായിരുന്നു ഉമ്മന്‍ചാണ്ടി എന്നായിരുന്നു ഇതിനുള്ള ചെറിയാന്‍ ഫിലിപ്പിന്റെ മറുപടി. സിപിഎമ്മില്‍ എത്തിയ ശേഷം മുഖ്യമന്ത്രി പിണറായിയുമായി ഏറെ അടുപ്പമാണ് ചെറിയാന് ഉണ്ടായിരുന്നത്. അതിന്റെ ഫലമായിട്ടാണ് എകെജി സെന്ററില്‍ ഒരു ഓഫീസ് മുറി തന്നെ ചെറിയാന് നല്‍കിയത്. എഴുതാനും വായിക്കാനുമുള്ള കേന്ദ്രമായി അദ്ദേഹം എകെജി സെന്ററിലെ ഓഫീസ് മുറി പ്രയോജനപ്പെടുത്തുകയും ചെയ്തു. പ്രസംഗിക്കാതിരിക്കാന്‍ ചെറിയാന് കഴിയില്ല എന്നറിയാവുന്ന സഖാക്കള്‍ കൈരളി ചാനലില്‍ ചെറിയാന്‍ ഫിലിപ്പ് പ്രതികരിക്കുന്നു എന്ന സ്ഥിരം പരിപാടി ആരംഭിക്കുകയും ചെയ്തു. ഒരുപക്ഷേ കോണ്‍ഗ്രസിനെ രണ്ട് പതിറ്റാണ്ടോളം ചെറിയാന്‍ ഫിലിപ്പ് ആക്രമിച്ചതുപോലെ സിപിഎം നേതാക്കള്‍ പോലും വിമര്‍ശിച്ചിട്ടുണ്ടാകില്ല. സോണിയാഗാന്ധിയും രാഹുല്‍ ഗാന്ധിയും അടക്കമുള്ള ദേശീയ നേതാക്കളെയും എ.കെ ആന്റണി അടക്കമുള്ള നേതാക്കളെയും നിശിതമായി വിമര്‍ശിക്കാന്‍ ഒരു മടിയും ചെറിയാന് ഉണ്ടായിരുന്നില്ല.

സി.പി.എമ്മില്‍ നിന്ന് പുറത്തുപോയ ഏതെങ്കിലും ഒരു നേതാവ് ഇരുപത് വര്‍ഷം തുടര്‍ച്ചയായി സിപിഎമ്മിനെ വിമര്‍ശിച്ചാല്‍ ആ പാര്‍ട്ടിയിലേക്ക് തിരിച്ചുവരാന്‍ കഴിയുമോ? അക്കാര്യം ചിന്തിക്കാന്‍ പോലും കഴിയില്ല. അതാണ് കോണ്‍ഗ്രസും സിപിഎമ്മും തമ്മിലുള്ള വ്യത്യാസം. ഇന്ത്യയിലെ ഏറ്റവും വലിയ ജനാധിപത്യ പ്രസ്ഥാനമായ കോണ്‍ഗ്രസിലേക്ക് വിട്ടുപോയ നേതാക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഉപാധികളില്ലാതെ മടങ്ങിവരാന്‍ കഴിയും. അതുകൊണ്ടാണ് സ്വന്തം വീട്ടിലേക്ക് മടങ്ങിവരികയാണെന്ന് ചെറിയാന്‍ ഫിലിപ്പ് ഇന്ന് മാധ്യമങ്ങളോട് പറഞ്ഞത്. അഭയ കേന്ദ്രത്തില്‍ കിടന്ന് മരിക്കുന്നതിനെക്കാള്‍ സ്വന്തം വീട്ടില്‍ കിടന്ന് മരിക്കുന്നതാണ് അഭികാമ്യം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മിതത്വം പാലിച്ച ചെറിയാന്‍ മനോരമയില്‍ ജോണി ലൂക്കോസുമായുള്ള അഭിമുഖത്തില്‍ പിണറായി സര്‍ക്കാരിനെതിരെ കടന്നാക്രമണമാണ് നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ചീങ്കണ്ണികളാണ് ഉള്ളതെന്നാണ് വെളിപ്പെടുത്തല്‍. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്നതൊന്നും അദ്ദേഹം അറിയുന്നില്ല. അവതാരങ്ങളെ സൂക്ഷിക്കണമെന്ന് പിണറായി പറഞ്ഞെങ്കിലും അദ്ദേഹത്തിന്റെ ഓഫീസില്‍ തന്നെ ചീങ്കണ്ണികളുള്ളത് തിരിച്ചറിയാന്‍ പോലും പിണറായിക്ക് കഴിയുന്നില്ല. ഇതിനെക്കാള്‍ ഗുരുതരമായ മറ്റൊരു സത്യം കൂടി ചെറിയാന്‍ തുറന്നടിച്ചു. മന്ത്രിമാര്‍ക്കെല്ലാം മുഖ്യമന്ത്രിയെ ഭയമാണ്. സിപിഎം സെക്രട്ടറിയേറ്റ് അംഗങ്ങള്‍ക്ക് പോലും പിണറായിയെ പേടിയാണ്. വസ്തുതകള്‍ പറയാനോ, വിയോജിപ്പുകള്‍ അറിയിക്കാനോ മന്ത്രിമാരും നേതാക്കളും ഭയപ്പെടുന്ന അവസ്ഥ. ഇത് അപകടകരമാണെന്ന സൂചനയാണ് ചെറിയാന്‍ ഫിലിപ്പ് നല്‍കിയത്.

ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുത്തിരുന്നെങ്കില്‍ വിജിലന്‍സ് കേസില്‍ പ്രതിയാകേണ്ടി വരുമായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യസഭാ സീറ്റ് കിട്ടാത്തതു കൊണ്ടാണോ സി.പി.എം വിട്ടത് എന്ന ചോദ്യത്തിന് രാഷ്ട്രീയത്തില്‍ നില്‍ക്കുന്നത് മോക്ഷത്തിന് വേണ്ടിയല്ല. മോഹങ്ങള്‍ എല്ലാ രാഷ്ട്രീയക്കാര്‍ക്കുമുണ്ടാകും. എന്നാല്‍ തനിക്ക് ഒരിക്കലും അതിമോഹം ഉണ്ടായിട്ടില്ലെന്നും ചെറിയാന്‍ പറഞ്ഞു.

ചെറിയാന്‍ ഫിലിപ്പിന്റെ ആരോപണങ്ങളെക്കുറിച്ച് സി.പി.എം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്റെ പ്രതികരണം ജാഗ്രതയോടെയായിരുന്നു. ചെറിയാന്‍ ഏകനായി വന്നു. ഏകനായി പോയി. ഇന്ന് അദ്ദേഹം സി.പി.എം സഹയാത്രികനല്ല. മുഖ്യമന്ത്രിയുടെ ഓഫീസ് സുതാര്യമാണ്. കോണ്‍ഗ്രസില്‍ ചേര്‍ന്നതുകൊണ്ട് ചെറിയാന്‍ ഫിലിപ്പ് പറയുന്നത് ഗൗരവമായി എടുക്കേണ്ടതില്ല. മുഖ്യമന്ത്രിയെ ജനങ്ങള്‍ക്ക് അറിയാം – ഇത്തരത്തിലായിരുന്നു വിജയരാഘവന്റെ മറുപടി. കൂടുതല്‍ ചോദ്യങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറുകയും ചെയ്തു.

കോണ്‍ഗ്രസില്‍ നിന്ന് പല നേതാക്കളും സി.പി.എമ്മിലേക്ക് അടുത്ത കാലത്ത് ചേക്കേറിയിരുന്നു. എന്നാല്‍ ഇരുപത് വര്‍ഷം സി.പി.എമ്മിന്റെ നാവായി മാറിയ ചെറിയാന്റെ കോണ്‍ഗ്രസിലേക്കുള്ള തിരിച്ചുപോക്ക് സി.പി.എമ്മിന് കനത്ത നഷ്ടമാണ്. പാര്‍ട്ടി രഹസ്യങ്ങള്‍ പലതും അറിയാവുന്ന, പ്രതികരണശേഷിയുള്ള ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസിന്റെ നേതൃസ്ഥാനത്ത് എത്തുന്നത് സി.പി.എമ്മിനെ അലോസരപ്പെടുത്തുന്നുണ്ട്. കെടിഡിസി ചെയര്‍മാന്‍ എന്ന നിലയിലും നവകേരള മിഷന്‍ അധ്യക്ഷന്‍ എന്ന നിലയിലും ചെറിയാന്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഇടതുമുന്നണിക്ക് മുതല്‍ക്കൂട്ടാണ്. അഴിമതിരഹിതമായ സംശുദ്ധ രാഷ്ട്രീയത്തിന്റെ ആള്‍രൂപമാണ് ചെറിയാന്‍. കോണ്‍ഗ്രസിലായാലും ഇടതുപക്ഷത്തായാലും സ്വന്തം അഭിപ്രായം ആരുടെ മുഖത്ത് നോക്കിയും പറയാനുള്ള ആര്‍ജ്ജവമാണ് ഒരുപക്ഷേ ചെറിയാനെ രാഷ്ട്രീയത്തില്‍ ഒറ്റയാനാക്കി മാറ്റുന്നത്.
