മഞ്ഞിനുമപ്പുറം
ക്യാമറയ്ക്ക് പിന്നില്‍ നിന്ന് അഷറഫ് മലയാളി യാത്രയായി
മാതൃ രാജ്യത്തെയും മാതൃ ഭാഷയെയും ആത്മാവില്‍ കൊണ്ടുനടന്നവരായിരുന്നു എ,എ മലയാളിയും മകന്‍ അഷറഫ് മലയാളിയും. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന അദ്ദേഹം മലയാളി എന്ന പേരില്‍ അറിയപ്പെട്ടു. അഷറഫ് മലയാളിയായി ജീവിക്കുകയും ഇനി മലയാളികളുടെ മനസ്സില്‍ അമരനായി തീരുകയും ചെയ്യും.
മാതൃഭൂമിയുടെ ആദ്യകാല ലേഖകനായിരുന്ന എ.എ മലയാളി എന്റെ സുഹൃത്തായിരുന്നു. ആ സൗഹൃദത്തിന്റെ പിന്നാലെയാണ് മകന്‍ അഷറഫ് പിന്നീട് എന്റെ സുഹൃത്തായി മാറിയത്. കേരള കൗമുദിയുടെ പാലക്കാട് ഓഫീസിന്റെ പടിക്കെട്ടുകള്‍ കയറി പ്രായത്തെ അവഗണിച്ചുകൊണ്ട് എന്നെ കാണാന്‍ വന്നിരുന്ന എ.എ മലയാളിയെ ഓര്‍ക്കാതെ അഷറഫിനെക്കുറിച്ച് ഓര്‍മ്മിക്കാനാവില്ല.
പതിറ്റാണ്ടുകളുടെ ആത്മബന്ധമാണ് ഇരുവരോടും ഉണ്ടായിരുന്നത്. മലയാളി യാത്രയായപ്പോള്‍ കേരള കൗമുദിയില്‍ ആ വേര്‍പാട് റിപ്പോര്‍ട്ട് ചെയ്യേണ്ടി വന്നു. ഇന്ന് അഷറഫിന്റെ യാത്ര എക്‌സ്‌ക്ലൂസീവിലാണ് എഴുതേണ്ടി വന്നത്.

അഷറഫ് മലയാളി
പത്രപ്രവര്‍ത്തകരോട് അഷറഫിനുണ്ടായിരുന്ന അടുപ്പം ആഴമുള്ളതായിരുന്നു. വിക്ടോറിയ കോളേജിലെ ഡിഗ്രി വിദ്യാര്‍ത്ഥിയായിരുന്ന കാലം മുതല്‍ പാലക്കാട്ടെ എല്ലാ പത്രപ്രവര്‍ത്തകരും അഷറഫിന്റെ സൗഹൃദവലയത്തിലായിരുന്നു. മലയാളം പ്രൊഫസറും പ്രശസ്ത എഴുത്തുകാരിയുമായ സാറാ ജോസഫായിരുന്നു അഷറഫിനെ ഏറ്റവും സ്വാധീനിച്ച എഴുത്തുകാരി. ഒ.വി വിജയനും വികെഎന്നും തുടങ്ങിയ എഴുത്തുകാരെല്ലാം അവര്‍ ജീവിച്ചിരുന്ന കാലത്ത് അഷറഫുമായി ഇടപഴകിയിരുന്നു. കവികളായ ഒഎന്‍വിയോടും വിനയചന്ദ്രനോടും ഏറ്റവും ഒടുവില്‍ ബാലചന്ദ്രന്‍ ചുള്ളിക്കാടിനോടും ഇദ്ദേഹത്തിനുണ്ടായിരുന്ന ബന്ധം ആത്മബന്ധം തന്നെയായിരുന്നു. ഒ.വി വിജയന്റെ മരണശേഷം അദ്ദേഹത്തിന് തസ്‌റാക്കില്‍ സ്മാരകം ഒരുക്കുന്നതിന്റെ തുടക്കം മുതല്‍ അസുഖബാധിതനായി കിടക്കും വരെയും മുന്നണിയിലുണ്ടായിരുന്നു അഷറഫ്.
അപ്രിയ സത്യങ്ങള്‍ ആരുടെ മുഖത്ത് നോക്കിയും പറഞ്ഞിരുന്ന വിമര്‍ശകനായിരുന്നു അഷറഫ്. മലയാള സാഹിത്യത്തിലും കവിതയിലും ഇദ്ദേഹത്തിനുണ്ടായിരുന്ന അറിവ് അഗാധമായിരുന്നു. ചങ്ങമ്പുഴയുടെയും ഇടപ്പള്ളിയുടെയും പി.കുഞ്ഞിരാമന്‍ നായരുടെയും വൈലോപ്പിള്ളിയുടെയും കവിതകള്‍ മനഃപാഠമായിരുന്നു. ഒരു വര്‍ഷം മുന്‍പ് ബിന്ദുവിന്റെ ഇംഗ്ലീഷ് കവിതാ പുസ്തകം ഇന്ദ്രപ്രസ്ഥ ഓഡിറ്റോറിയത്തില്‍ പ്രകാശിപ്പിച്ചപ്പോള്‍ സംഘാടകനായും ഫോട്ടോഗ്രാഫറായും പാട്ടുകാരനായും അഷറഫും ഇമ്പിച്ചിബാവയുടെ മകന്‍ ഇ.കെ ജലീലും ആദ്യാവസാനക്കാരായിരുന്നു. പുസ്തകം പ്രകാശിപ്പിച്ച സാറാ ജോസഫും രവിമേനോനും തുടങ്ങി പരിപാടി ആങ്കര്‍ ചെയ്ത 13 വയസ്സുകാരി അനന്യ ഉള്‍പ്പെടെ വന്നവരുടെയെല്ലാം ഓരോ ചലനവും അഷറഫിന്റെ ക്യാമറകള്‍ ഒപ്പിയെടുത്തു. എന്നാല്‍ മറ്റ് പ്രസ് ഫോട്ടോഗ്രാഫര്‍മാര്‍ പകര്‍ത്തിയ ചിത്രങ്ങളില്‍ പോലും അഷറഫിന്റെ മുഖം കാണാനില്ല. അഷറഫിന്റെ വേര്‍പാട് അറിഞ്ഞപ്പോള്‍ ആ ദിവസത്തെ ഫോട്ടോ ശേഖരത്തില്‍ അഷറഫിന്റെ ചിത്രത്തിനായി തിരഞ്ഞപ്പോഴാണ് എല്ലാവരുടെയും ചിത്രങ്ങള്‍ പകര്‍ത്തിയ അഷറഫ് ക്യാമറയ്ക്ക് പിന്നിലല്ലാതെ മുന്നിലൊരിക്കലും വന്നിരുന്നില്ലെന്ന് ഓര്‍മ്മിച്ചത്.

നിര്‍ബന്ധിച്ചപ്പോള്‍ അഷ്‌റഫ് മലയാളി പ്രസംഗിച്ചു
ജീവിതത്തിലും അങ്ങനെ തന്നെയായിരുന്നു ഈ മനുഷ്യന്‍. സാഹിത്യകാരന്‍മാരുടെയും രാഷ്ട്രീയ നേതാക്കളുടെയും സാംസ്‌കാരിക നായകന്‍മാരുടെയും സുഹൃത്തും സഹയാത്രികനുമായിരുന്നെങ്കിലും എപ്പോഴും അയാള്‍ അവരുടെയെല്ലാം പുറകില്‍ മാത്രം നടന്നു. അതുകൊണ്ടുതന്നെയാകണം ഭൗതിക ജീവിതത്തില്‍ അഷറഫ് മലയാളി എന്തുനേടി എന്ന് ചോദിച്ചാല്‍ ഒന്നും നേടിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഇടതു സഹയാത്രികനായിരുന്ന അഷറഫ് ഒരു ജ്യേഷ്ഠ സഹോദരനെ പോലെ എന്നെ കണ്ടിരുന്നു. എപ്പോള്‍ കണ്ടാലും കേരള കൗമുദിയില്‍ നിന്ന് രാജി വെച്ചത് ശരിയായില്ലെന്ന് ഓര്‍മ്മപ്പെടുത്തും. സിപിഎമ്മില്‍ നിന്ന് തെറ്റിപ്പിരിഞ്ഞതും ഇടതുപക്ഷത്തെ വിമര്‍ശിക്കുന്ന നിലപാട് സ്വീകരിക്കുന്നതും ശരിയല്ലെന്ന് ഓര്‍മ്മപ്പെടുത്തും. ഇത് രണ്ടും ചെയ്തിരുന്നില്ലെങ്കില്‍ ബാബുവേട്ടന്‍ എത്ര ഉയരങ്ങളില്‍ എത്തുമായിരുന്നു എന്നാകും ചോദ്യം. അഷറഫും ഇതുതന്നെയല്ലേ ചെയ്യുന്നത്? അല്ലെങ്കില്‍ എന്തെല്ലാം വെട്ടിപ്പിടിക്കാന്‍ നിനക്കും കഴിയുമായിരുന്നു എന്ന മറുചോദ്യം കൊണ്ടാണ് അഷറഫിന്റെ വായ് അടപ്പിക്കുക.
ഒരാഴ്ച മുന്‍പ് അഷറഫ് കോവിഡ് ബാധിതനായി ആശുപത്രിയിലാണെന്ന വിവരം വിളിച്ചുപറഞ്ഞത് എഴുത്തുകാരനായ രവിമേനോനാണ്. പാലക്കാടുള്ള ഞാന്‍ അറിയും മുന്‍പ് അഷറഫിന്റെ അസുഖവിവരം തിരുവനന്തപുരത്ത് ഇരുന്നുകൊണ്ട് രവി അറിഞ്ഞു. രവിയുടെയും അഷറഫിന്റെയും സൗഹൃദത്തിന്റെ രഹസ്യം സംഗീതമാണ്. പാട്ടിനെ സ്‌നേഹിക്കുന്ന എല്ലാവരുമായും ഇത്തരത്തില്‍ ഒരു ആത്മബന്ധം അഷറഫിനുണ്ടായിരുന്നു.
പുസ്തക പ്രകാശന ചടങ്ങിനുശേഷം ആളുകളെല്ലാം പോയിക്കഴിഞ്ഞപ്പോള്‍ ഒഴിഞ്ഞ ഓഡിറ്റോറിയത്തില്‍ അഷറഫും ഞാനും ഇ.കെ ജലീലും ബാക്കിയായി. പഴയ പാട്ടുകള്‍ പാടിക്കൊണ്ട് ആ രാത്രി അവര്‍ സജീവമാക്കി. ചങ്ങമ്പുഴയുടെ രമണനും ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കവിതകളും കടമ്മനിട്ടയുടെ കുറത്തിയും അവര്‍ മത്സരിച്ച് ചൊല്ലി. കവിതകള്‍ക്കുപോലും ഇരുവരും കൊടുക്കുന്ന ഭാവവും ഗാംഭീര്യവും കണ്ട് മതിമറന്നിരുന്ന ഒരു രാത്രി. ഒരുപക്ഷേ അഷറഫ് എനിക്കായി സമ്മാനിച്ച അവസാന രാത്രിയായിരുന്നു അത്. പരിപാടി കഴിഞ്ഞ് ദിവസങ്ങള്‍ക്കകം അഷറഫ് പകര്‍ത്തിയ ചിത്രങ്ങള്‍ ആല്‍ബത്തിലാക്കി വിക്ടോറിയ കോളേജിന് മുന്നിലെ സിപിഎം ഓഫീസിന് മുന്നില്‍ വന്നതായിരുന്നു അവസാന കണ്ടുമുട്ടല്‍. ഫോട്ടോക്കും ആല്‍ബത്തിനുമുള്ള ബില്‍ നല്‍കാന്‍ ശ്രമിച്ചപ്പോള്‍ അത് വാങ്ങാന്‍ അഷറഫ് കൂട്ടാക്കിയില്ല. പറ്റില്ലെന്ന് ബലമായി പറഞ്ഞ് പണം പോക്കറ്റില്‍ വെച്ചുകൊടുക്കേണ്ടിവന്നു. പലപ്പോഴും അഷറഫ് സ്‌നേഹിതന്‍മാര്‍ക്കു വേണ്ടി ചെയ്യുന്ന കാര്യങ്ങള്‍ക്കൊന്നും പ്രതിഫലം ഇച്ഛിക്കാറുമില്ല. വാങ്ങാറുമില്ല. അടുത്തറിയുന്നവര്‍ നിര്‍ബന്ധിച്ച് അത് നല്‍കിയാല്‍ പോലും സ്വീകരിക്കാത്ത പ്രകൃതം.

കോവിഡിന്റെ രണ്ടാം വരവില്‍ ഒരിക്കല്‍ അഷറഫിനെ ഞാന്‍ വിളിച്ചിരുന്നു. നാലഞ്ച് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു ആ സംഭാഷണം. എക്‌സ്‌ക്ലൂസീവ് ഓണ്‍ലൈന്‍ ചാനല്‍ സജീവമാക്കുമ്പോള്‍ അഷറഫ് മുഴുവന്‍ സമയം വരണമെന്ന് ഞാന്‍ ആവശ്യപ്പെട്ടു. വരാമെന്ന് സമ്മതിച്ച അദ്ദേഹം പതിവുപോലെ ചില നിബന്ധനകള്‍ മുന്നോട്ടുവെച്ചു. ഇടതുപക്ഷത്തെ കടന്നാക്രമിക്കരുത്. അഷറഫായതുകൊണ്ട് തര്‍ക്കിക്കാന്‍ ശ്രമിച്ചില്ല. നമുക്ക് ആലോചിക്കാം എന്നുപറഞ്ഞ് ഞാന്‍ അവസാനിപ്പിച്ചു. സാഹിത്യത്തിനും കലയ്ക്കും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേകമായ ഒരിടം ചാനലില്‍ ഉണ്ടാകണമെന്ന് അഷറഫ് നിര്‍ദ്ദേശിച്ചു. അതാകാം എന്ന് സമ്മതിച്ചു. കോവിഡ് കഴിയട്ടെ എന്നുപറഞ്ഞാണ് സംസാരം അവസാനിപ്പിച്ചത്. കോവിഡ് പിടിപെട്ട് വീട്ടില്‍ തന്നെ ഒറ്റയ്ക്ക് കഴിയാന്‍ ശ്രമിച്ചപ്പോള്‍ വീട്ടുകാര്‍ നിര്‍ബന്ധിച്ചാണത്രെ അഷറഫിനെ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും ന്യൂമോണിയയും പിടിപെട്ടിരുന്നു. എന്തായാലും കോവിഡ് കഴിയാന്‍ കാത്തുനില്‍ക്കാതെ മലയാളി നമ്മോട് യാത്ര പറഞ്ഞു. മനുഷ്യ സ്‌നേഹത്തിന്റെ ആള്‍രൂപമായിരുന്ന അഷറഫ് സുഹൃത്തുക്കളുടെയും സാംസ്‌കാരിക പ്രവര്‍ത്തകരുടെയും മനസ്സില്‍ എന്നും ജീവിക്കും.
