Connect with us

മണി സാര്‍ അനുഗ്രഹിച്ച ശിഷ്യന്‍മാര്‍

മഞ്ഞിനുമപ്പുറം

മണി സാര്‍ അനുഗ്രഹിച്ച ശിഷ്യന്‍മാര്‍

നെഹ്റു കുടുംബത്തിന്റെ പിന്തുടര്‍ച്ചക്കാരെ തോല്‍പ്പിക്കാന്‍ ബിജെപി എടുത്ത നിലപാട് ജനസംഘത്തിന്റെയും ബിജെപിയുടെയും നേതാക്കളുടെ പിന്‍ഗാമികള്‍ക്ക് ഒരു തിരിച്ചടിയാണ്. പാരമ്പര്യത്തെ കണ്ണടച്ച് എതിര്‍ത്തപ്പോള്‍ ആദ്യകാല സ്വാതന്ത്ര്യ സമര സേനാനികളുടെ മക്കള്‍ പോലും രാഷ്ട്രീയത്തില്‍ നിന്ന് വഴിമാറി നടന്നു.

സ്വാതന്ത്ര്യ സമര സേനാനിയും ജനസംഘത്തിന്റെ സ്ഥാപക നേതാവുമായിരുന്ന എ.കെ ശങ്കരമേനോന്റെ മകന്‍ ശരത് ലാലിന്റെ കഥ ഇതാണ്. അച്ഛന്റെ രാഷ്ട്രീയ പാരമ്പര്യം മുതുകത്ത് ഒരു കൂനായി മാറിയപ്പോള്‍ കെ.എസ് ശരത് ലാല്‍ കണ്ടെത്തിയ വഴി മാധ്യമ പ്രവര്‍ത്തനമായിരുന്നു. ജന്മഭൂമിയിലും കേരള കൗമുദിയിലും ഡല്‍ഹി ബ്യൂറോ ചീഫായിരുന്ന കെ.എസ് ശരത് ലാല്‍ വീണ്ടും തലസ്ഥാനത്ത് ദൃശ്യ മാധ്യമ രംഗത്ത് എത്തുകയാണ്. ന്യൂസ് മലയാളം 24*7ന്റെ ഡല്‍ഹി ബ്യൂറോ ചീഫായി ഇദ്ദേഹം ചാര്‍ജ്ജെടുത്തു. ഇന്ത്യാ വിഷന്‍ എഡിറ്ററായിരുന്ന എംപി ബഷീറാണ് പുതിയ ചാനലിന്റെ ചീഫ് എഡിറ്റര്‍.

ശ്യാമപ്രസാദ് മുഖര്‍ജി

ശ്യാമപ്രസാദ് മുഖര്‍ജിയോടും ദീനദയാല്‍ ഉപാധ്യയയോടും ഒപ്പം ജയില്‍വാസം അനുഭവിച്ച ശങ്കരമേനോന്‍ കേരളത്തിലെ ജനസംഘത്തിന്റെയും ബിജെപിയുടെയും സ്ഥാപക നേതാവായിരുന്നു. അച്ഛന്റെ പാരമ്പര്യം അനുസരിച്ച് കോണ്‍ഗ്രസിലായിരുന്നെങ്കില്‍ ഒരു കേന്ദ്രമന്ത്രി സ്ഥാനമെങ്കിലും ശരത് ലാലിന് എത്തിപ്പിടിക്കാമായിരുന്നു. ശ്യാമപ്രസാദ് മുഖര്‍ജിയും ദീനദയാല്‍ ഉപാധ്യയയുമെല്ലാം ശങ്കരമേനോന്റെ വീട്ടിലെത്തിയിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി എ.ബി വാജ്പേയി, എല്‍.കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി അടക്കം ഇദ്ദേഹത്തിന്റെ സുഹൃത്തുക്കളായിരുന്നു. ഈ നേതാക്കളെല്ലാം പലവട്ടം എത്തിയ വീടാണ് ശരത് ലാലിന്റെ കുടുംബവീട്.

ദീനദയാല്‍ ഉപാധ്യയ

ഗോവ വിമോചന സമരത്തിലും അടിയന്തരാവസ്ഥക്കാലത്തും ജയിലിലായിരുന്നു ശങ്കരമേനോന്‍. ഏറ്റവും വിചിത്രം ശങ്കരമേനോന്റെ അച്ഛന്‍ കുഞ്ഞിക്കണ്ണന്‍ ബ്രിട്ടീഷ് പോലീസില്‍ കോഴിക്കോട് ഇന്‍സ്പെക്ടറായിരുന്നു. ആ ബ്രിട്ടീഷ് ഇന്‍സ്പെക്ടറുടെ മകനാണ് മഹാത്മജിയെ കാണാനായി വിദ്യാര്‍ത്ഥിയായിരിക്കേ പുറപ്പെട്ടത്. അതോടെ വീട്ടില്‍ നിന്ന് പുറത്തായി. ജനസംഘത്തിന്റെ സ്ഥാപക നേതാക്കളായ ശ്യാമപ്രസാദ് മുഖര്‍ജിയും ദീനദയാല്‍ ഉപാധ്യയയുമായുള്ള അടുപ്പമായിരുന്നു ശങ്കരമേനോനെ ജനസംഘത്തിലേക്ക് ആകര്‍ഷിച്ചത്.

ഒരുപക്ഷേ, കേരളത്തിലെ ഒരു ബിജെപി നേതാവിനും അവകാശപ്പെടാന്‍ കഴിയാത്ത പാരമ്പര്യത്തിന്റെ മടിത്തൊട്ടിലിലാണ് കെ.എസ് ശരത് ലാല്‍ വളര്‍ന്നത്. അച്ഛന്റെ ജയില്‍വാസവും രാഷ്ട്രീയ പ്രവര്‍ത്തനവും വീടിന് സമ്മാനിച്ചത് സാമ്പത്തിക ദുരിതങ്ങള്‍ മാത്രമായിരുന്നു. രണ്ട് സഹോദരിമാരും ശരത് ലാലും അടങ്ങുന്ന കുടുംബത്തിന് ഉണ്ടായിരുന്ന സ്വത്തുക്കളെല്ലാം രാഷ്ട്രീയ പ്രവര്‍ത്തനത്തിനു വേണ്ടി ശങ്കരമേനോന്‍ നഷ്ടപ്പെടുത്തി. രാഷ്ട്രീയ പ്രവര്‍ത്തനം തനിക്ക് പറ്റിയ വഴിയല്ലെന്ന് വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ തിരിച്ചറിയാന്‍ ശരത്തിനെ പ്രേരിപ്പിച്ചത് ഈ സാമ്പത്തിക ദുരിതങ്ങളായിരുന്നു. എന്നാലും അച്ഛന്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തിന്റെ ഭാഗമായിട്ടാണ് പാര്‍ട്ടി പത്രമായ ജന്മഭൂമിയിലെത്താന്‍ ശരത്തിനെ പ്രേരിപ്പിച്ചത്. ഒ.രാജഗോപാല്‍ കേന്ദ്രമന്ത്രിയായിരിക്കേ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാനും ശരത് ലാലിന് കഴിഞ്ഞു.

എം.എസ് മണി

ഈ സന്ദര്‍ഭത്തിലാണ് കേരള കൗമുദി ഡല്‍ഹി ബ്യൂറോയില്‍ ഒരാളെ വേണമെന്ന കാര്യം പത്രാധിപര്‍ മണി സാര്‍ എന്നോട് പറഞ്ഞത്. തികച്ചും അപ്രതീക്ഷിതമായി പിറ്റേദിവസം രാവിലെ ഡല്‍ഹിയില്‍ നിന്ന് ശരത് ലാലിന്റെ വിളി വന്നു. ജന്മഭൂമി വിടുകയാണെന്നും ഒരു പണി അത്യാവശ്യമായി വേണമെന്നുമായിരുന്നു ആവശ്യപ്പെട്ടത്. തലേദിവസം മണി സാര്‍ പറഞ്ഞ കാര്യം പെട്ടെന്ന് ഓര്‍ത്തു. ഇപ്പോള്‍ തന്നെ തിരിച്ചുവിളിക്കാം എന്നുപറഞ്ഞ് ഞാന്‍ മണി സാറിനെ വിളിച്ചു. വിവരം പറഞ്ഞപ്പോള്‍ ശരത് ലാലിനോട് നാളെ തന്നെ തിരുവനന്തപുരത്ത് എത്താനായിരുന്നു പത്രാധിപരുടെ നിര്‍ദ്ദേശം. ക്ഷിപ്രപ്രസാദിയായ മണി സാര്‍ പറഞ്ഞു, ഫ്ളൈറ്റ് ടിക്കറ്റും മറ്റും അയച്ചുകൊടുക്കാം. അതായിരുന്നു ശരത് ലാലിന്റെ കേരള കൗമുദിയിലേക്കുള്ള വരവ്.

കൗമുദിയുടെ ബ്യൂറോ ചീഫായിരുന്ന നരേന്ദ്രന്‍ സാറിനോടൊപ്പമായിരുന്നു തുടക്കം. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന പ്രഗത്ഭ ജേര്‍ണലിസ്റ്റായിരുന്നു നരേന്ദ്രന്‍. ഡല്‍ഹിയിലെ ആ സ്‌കൂള്‍ ശരത് ലാലിനെ നല്ല പത്രപ്രവര്‍ത്തകനായി മാറ്റിത്തീര്‍ക്കുകയും ചെയ്തു. ശരത്തിനെക്കുറിച്ച് പറയുമ്പോള്‍ മറ്റൊരു ശിഷ്യനായ പി.ആര്‍ സുനിലിനെക്കുറിച്ച് കൂടി പറയാതെ വയ്യ. കേരള കൗമുദിയുടെ പാലക്കാട് ടെലിപ്രിന്റര്‍ ഓപ്പറേറ്ററായിരുന്നു അക്കാലത്ത് സുനില്‍. വിക്ടോറിയ കോളേജില്‍ മാസ്റ്റര്‍ ബിരുദം ചെയ്യുന്നതിനിടയിലായിരുന്നു സുനിലിന്റെ പാര്‍ട് ടൈം ടെലിപ്രിന്റര്‍ ജോലി. ഡല്‍ഹിയില്‍ പോയി ജേര്‍ണലിസം പഠിക്കണമെന്ന് പറഞ്ഞപ്പോള്‍ മണി സാര്‍ തന്നെയായിരുന്നു ഏക ആശ്രയം. ഡല്‍ഹി ബ്യൂറോയിലേക്ക് സുനിലിനെ സ്ഥലം മാറ്റി. ശരത് ലാലിനോടൊപ്പം താമസിച്ചുകൊണ്ടാണ് സുനില്‍ ജേര്‍ണലിസം പഠിച്ച് അവിടെ നിന്നും കൈരളിയിലേക്കും ഏഷ്യാനെറ്റിലേക്കും ഇപ്പോള്‍ ദി ഫോര്‍ത്തിലേക്കും എത്തിയത്.

പി.ആര്‍ സുനില്‍

ഒരു ടെലിഫോണ്‍ കോളിലൂടെ പത്രാധിപരായിരുന്ന എം.എസ് മണി എന്ന പത്രാധിപര്‍ അനുഗ്രഹിച്ച രണ്ട് വ്യക്തികളാണ് ശരത് ലാലും പി.ആര്‍ സുനിലും. അതിന് ഒരു നിമിത്തമാകാന്‍ കഴിഞ്ഞു എന്നത് വലിയ കാര്യമായി കരുതുന്നു. ഇവര്‍ ഇരുവരും രാഷ്ട്രീയത്തിലേക്ക് പോകേണ്ടവരായിരുന്നു. അച്ഛന്റെ പാരമ്പര്യം ശരത് ലാലിന് ഒരു തടസ്സമായി. സുനിലാകട്ടെ, ആലത്തൂര്‍ എസ്എന്‍ കോളേജിലും പാലക്കാട് വിക്ടോറിയ കോളേജിലും എസ്എഫ്ഐയുടെ മാഗസിന്‍ എഡിറ്ററും ചെയര്‍മാനുമായിരുന്നു. ടെലിപ്രിന്റര്‍ ഓപ്പറേറ്ററായി കേരള കൗമുദിയില്‍ എത്തിയിരുന്നില്ലെങ്കില്‍ സുനിലിന്റെ വഴിയും ഇടതുപക്ഷ രാഷ്ട്രീയമാകുമായിരുന്നു. മാധ്യമ പ്രവര്‍ത്തനം കേവലം ഒരു തൊഴില്‍ മാത്രമല്ല എന്നുതിരിച്ചറിയാന്‍ ഇവര്‍ക്ക് രണ്ടുപേര്‍ക്കും കഴിഞ്ഞിട്ടുണ്ടെന്നാണ് വിശ്വാസം.

കേരളത്തിലും പുറത്തുമായി നൂറുകണക്കിന് പത്രപ്രവര്‍ത്തകരെയാണ് പത്രാധിപര്‍ എംഎസ് മണി ഇത്തരത്തില്‍ സംഭാവന ചെയ്തിട്ടുള്ളത്. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രസിദ്ധീകരണങ്ങള്‍ ആരംഭിച്ച പത്രാധിപര്‍ എന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ പേര്‍ വരേണ്ട ആളാണ് എം.എസ് മണി. ശിഷ്യന്മാരുടെ കണക്കെടുത്താല്‍ അത് ആയിരക്കണക്കിന് വരും. ഒന്നാമത്തെ പത്രങ്ങളായ വന്‍കിട പത്രങ്ങളുടെ പത്രാധിപന്‍മാര്‍ക്ക് അവകാശപ്പെടാനാകാത്ത ഒന്നാണ് അമൂല്യമായ ഈ ശിഷ്യ സമ്പത്ത്.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in മഞ്ഞിനുമപ്പുറം

Trending News

To Top