Connect with us

മറവിയുടെ കടലാഴങ്ങളില്‍

മഞ്ഞിനുമപ്പുറം

മറവിയുടെ കടലാഴങ്ങളില്‍

കെ. കരുണാകരന് സര്‍ സിപിയുടെ അധികാരമുണ്ടായിരുന്നെങ്കില്‍ സ്വദേശാഭിമാനിയെ പോലെ നാടുകടത്തപ്പെടുമായിരുന്ന പത്രാധിപരാണ് എന്‍ആര്‍എസ് ബാബു.

കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്ത് എന്‍ആര്‍എസും എസ്. ജയചന്ദ്രന്‍ നായരും ചേര്‍ന്ന് കേരള കൗമുദിയില്‍ എഴുതിയ ‘കാട്ടുകള്ളന്‍മാര്‍’ എന്ന പരമ്പരയാണ് മലയാള മാധ്യമ ചരിത്രത്തിലെ ലക്ഷണമൊത്ത ആദ്യ അന്വേഷണാത്മക റിപ്പോര്‍ട്ട്. അന്ന് വനം മന്ത്രിയായിരുന്ന ഡോ. കെ.ജി അടിയോടിയുടെ രാജിക്ക് വഴിവച്ചെങ്കിലും കരുണാകരന്‍ സര്‍ക്കാര്‍ കേരള കൗമുദിക്കെതിരെ കേസ് കൊടുത്തു. സംസ്ഥാന സര്‍ക്കാര്‍ വാര്‍ത്തയുടെ പേരില്‍ ഒരു പത്രത്തിനെതിരെ മാനനഷ്ടക്കേസ് കൊടുത്തത് ചരിത്രത്തില്‍ ആദ്യ സംഭവമായിരുന്നു. ഇന്നും ജേര്‍ണലിസം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ഒന്നാണ് കേരള കൗമുദി വേഴ്സസ് കേരള ഗവണ്‍മെന്റ് കേസ്.

പത്രാധിപരായിരുന്ന എം.എസ് മണിയെയും എന്‍ആര്‍എസിനെയും എസ്.ജയചന്ദ്രന്‍ നായരെയും ഹൈക്കോടതി കുറ്റവിമുക്തരാക്കിയെങ്കിലും ലീഡര്‍ക്കുണ്ടായ ശത്രുത പതിറ്റാണ്ടുകളോളം കേരള കൗമുദിയെ വേട്ടയാടി. കേരളം എന്നല്ല രാജ്യം തന്നെ കണ്ട എണ്ണപ്പെട്ട പത്രാധിപന്‍മാരില്‍ ഒരാളാണ് എന്‍ആര്‍എസ്. കേരള കൗമുദിയുടെ ഡെപ്യൂട്ടി എഡിറ്ററായും കലാകൗമുദിയുടെ പത്രാധിപരായും ദീര്‍ഘകാലം പ്രവര്‍ത്തിച്ച എന്‍ആര്‍എസ് എന്നറിയപ്പെടുന്ന എന്‍.ആര്‍ സുഭാഷ് ബാബു ഇന്ന് എല്ലാ ഓര്‍മ്മകളും നഷ്ടപ്പെട്ട അവസ്ഥയിലാണ്.

എന്‍ ആര്‍ എസ്, സംവിധായകന്‍ ഫാസില്‍, എഴുത്തുകാരി ഡോ. ഓമനാ ഗംഗാധരന്‍, കള്ളിക്കാട് രാമചന്ദ്രന്‍. ഒരു പഴയകാല ചിത്രം

ഒരര്‍ത്ഥത്തില്‍ മകള്‍ ചിത്രയ്ക്കു വേണ്ടി മാത്രമായിരുന്നു എന്‍ആര്‍എസിന്റെ ജീവിതം. നട്ടെല്ല് വളഞ്ഞുപോകുന്ന അപൂര്‍വ്വരോഗം ബാധിച്ച മകളെയും കൊണ്ട് ലോകത്തെ വിവിധ ആശുപത്രികളിലാണ് എന്‍ആര്‍എസ് പോയത്. വര്‍ഷങ്ങളുടെ ചികിത്സയിലൂടെ മകളുടെ അസുഖം ഭേദമാക്കാന്‍ അച്ഛന് കഴിഞ്ഞു. അപൂര്‍വ്വരോഗം പോലെ തന്നെ അത്യപൂര്‍വ്വമായ തിരിച്ചുവരവാണ് മകള്‍ ചിത്ര നടത്തിയത്.

സോഫ്റ്റ്വെയര്‍ എഞ്ചിനീയറായി വളര്‍ന്ന മകള്‍ക്കു വേണ്ടി പ്രശസ്തമായ ഒരു സ്റ്റുഡിയോ എന്‍ആര്‍എസ് സ്ഥാപിച്ചു. അത്ഭുതകരമായ വളര്‍ച്ചയാണ് ഈ സ്ഥാപനത്തിനുണ്ടായത്. സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ റിച്ച് മോഹനെ മരുമകനായി കണ്ടെത്താനും അദ്ദേഹത്തിന് കഴിഞ്ഞു. മകള്‍ക്ക് ഒരു പെണ്‍കുട്ടിയാണുള്ളത്, ആര്‍ച്ച.

എല്ലാ ചികിത്സയും നല്കി രക്ഷിച്ചെടുത്ത മകള്‍ മാസങ്ങള്‍ക്കു മുന്‍പ് മരിച്ചപ്പോള്‍ അതു തിരിച്ചറിയാന്‍ പോലുമാകാതെ മകളുടെ ചേതനയറ്റ ദേഹത്തിനരികില്‍ എന്‍ആര്‍എസ് ഇരുന്നു. പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്ന എന്‍ആര്‍എസിനെ കണ്ട് എല്ലാവരും സ്തബ്ധരായി. ഒരുപക്ഷേ, എല്ലാമെല്ലാമായ മകളുടെ വിയോഗം ദീര്‍ഘദര്‍ശിയായ ഈ മനുഷ്യന്‍ മുന്‍കൂട്ടി കണ്ടിട്ടുണ്ടാകാം. എല്ലാ ഓര്‍മ്മകളും മായ്ച്ചുകളഞ്ഞ് മകളുടെ വേര്‍പാടു പോലും അറിയാതെ വിസ്മൃതിയുടെ ലോകത്ത് കഴിയുന്ന ഈ മനുഷ്യന്‍ മറ്റൊരര്‍ത്ഥത്തില്‍ ഭാഗ്യവാനാണ്. വേദനിപ്പിക്കുന്ന ഇന്നലെകളും വേട്ടയാടുന്ന വര്‍ത്തമാനവും പേടിപ്പെടുത്തുന്ന ഭാവിയും ഒന്നും മുന്നിലില്ല.

ഓര്‍മ്മകളുടെ രാജാവായിരുന്നു എന്‍ആര്‍എസ്. എന്നെ എസ്എസ്എല്‍സിക്കും പ്രീഡിഗ്രിക്കും ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന അധ്യാപകന്‍ കൂടിയാണ്. ആറ്റിങ്ങലില്‍ സുഹൃത്തായ രാജശേഖരന്‍ നായരുമൊന്നിച്ച് എന്‍ആര്‍എസ് നടത്തിയിരുന്ന യൂണിവേഴ്സല്‍ അക്കാദമി. ഒരു സര്‍ക്കാര്‍ കോളേജിനെക്കാള്‍ വിദ്യാര്‍ത്ഥികളും പ്രഗല്ഭരായ അധ്യാപകരും ഉണ്ടായിരുന്ന വിദ്യാലയം. മലയാളവും ഇംഗ്ലീഷും ചരിത്രവും തമാശയും എല്ലാം അനായാസം വിദ്യാര്‍ത്ഥികളിലേക്ക് സന്നിവേശിപ്പിച്ചിരുന്ന അധ്യാപകന്‍. ഒറ്റ മുണ്ടും മുറിക്കയ്യന്‍ ഷര്‍ട്ടുമായി എസ്ഡി മോട്ടോര്‍ ബൈക്കില്‍ വന്നിറങ്ങുന്ന കറുത്ത കുറിയ മനുഷ്യന്‍. തിളങ്ങുന്ന കാന്തശക്തിയുള്ള കണ്ണുകളായിരുന്നു എന്‍ആര്‍എസിന്റെ സൗന്ദര്യം. കേരള കൗമുദിയില്‍ സബ് എഡിറ്ററായിരിക്കുമ്പോള്‍ തന്നെ പാരലല്‍ കോളേജില്‍ പഠിപ്പിക്കലും തുടര്‍ന്നിരുന്നു.

ഒ എന്‍ വിയുമൊത്ത് എന്‍ ആര്‍ എസ്‌

പത്രാധിപര്‍ കെ. സുകുമാരന്റെ അനുമതിയോടെയായിരുന്നു അധ്യാപനം. പത്രാധിപരുടെ വലംകൈകളായിരുന്ന നോവലിസ്റ്റ് പി.കെ ബാലകൃഷ്ണനും ആദ്യകാല സോഷ്യലിസ്റ്റ് നേതാവ് കെ. വിജയരാഘവനും എന്‍. രാമചന്ദ്രനുമായിരുന്നു അന്നത്തെ ത്രിമൂര്‍ത്തികള്‍. അവര്‍ക്ക് പിന്നാലെ പത്രപ്രവര്‍ത്തക യൂണിയന്‍ കെട്ടിപ്പടുത്ത ജി.വേണുഗോപാലും സഹോദരന്‍ ജി.യദുകുലകുമാറും കൗമുദിയുടെ മുന്നണിപ്പോരാളികളായി. അവര്‍ക്ക് ശേഷമാണ് പത്രാധിപരുടെ മൂത്ത മകനായ എംഎസ് മണിയും എന്‍ആര്‍എസും ജയചന്ദ്രന്‍ നായരും അടങ്ങുന്ന ത്രിമൂര്‍ത്തികളുടെ കാലം തുടങ്ങുന്നത്.

പത്രാധിപരുടെ രണ്ടാമത്തെ മകനായിരുന്ന എം.എസ് മധുസൂദനന്‍ സഞ്ജയ് ഗാന്ധിയുടെ അടുത്ത സുഹൃത്തായിരുന്നു. അടിയന്തരാവസ്ഥക്കാലത്ത് സഞ്ജയ് ഗാന്ധിയുടെ അഭിമുഖം മധുസൂദനന്‍ നടത്തി. സ്പെഷ്യല്‍ പതിപ്പായി പത്രത്തോടൊപ്പം പുറത്തുവരേണ്ട ആ അഭിമുഖം എംഎസ് മണിയുടെ നേതൃത്വത്തില്‍ ബലമായി എടുത്ത് ഗോഡൗണില്‍ പൂട്ടിയിട്ടു. സപ്ലിമെന്റില്ലാതെ പത്രം പുറത്തിറങ്ങി. ഈ സംഭവത്തിന്റെ തുടര്‍ച്ചയായിരുന്നു കേരള കൗമുദിയില്‍ നിന്നുള്ള എംഎസ് മണിയുടെയും എന്‍ആര്‍എസിന്റെയും ജയചന്ദ്രന്‍ നായരുടെയും രാജി. മൂവരും ചേര്‍ന്ന് കേരള കൗമുദിയുടെ പുറകിലുള്ള പഴയ ഓഫീസ് കേന്ദ്രീകരിച്ച് പുറത്തിറക്കിയ കലാകൗമുദി വാരിക കേരളത്തിന്റെ ചരിത്രമായി മാറുകയും ചെയ്തു.

കവി എം. ഗോവിന്ദനും ശില്‍പിയും എഴുത്തുകാരനുമായ എം.വി ദേവനും എഴുത്തുകാരനായ എം.പി നാരായണ പിള്ളയുമായിരുന്നു പിന്നണിയില്‍. ഒ.വി വിജയനും എംടിയും കോവിലനും എം.കൃഷ്ണന്‍ നായരും ആര്‍ട്ടിസ്റ്റ് നമ്പൂതിരിയും എം. മുകുന്ദനും പുനത്തില്‍ കുഞ്ഞബ്ദുള്ളയും അടക്കമുള്ള എഴുത്തുകാരെല്ലാം കലാകൗമുദിയില്‍ അണിനിരന്നു. അതോടെ സാഹിത്യ – സാംസ്‌കാരിക – സാമൂഹ്യ – രാഷ്ട്രീയ രംഗത്ത് കലാകൗമുദി എന്തുപറയുന്നു എന്നു കേള്‍ക്കാന്‍ മലയാളി കാത്തിരുന്നു. ഒ.വി വിജയന്റെ കാര്‍ട്ടൂണുകളും എംടിയുടെ രണ്ടാമൂഴവും സക്കറിയയുടെ നോവലും കടമ്മനിട്ടയുടെയും അയ്യപ്പപ്പണിക്കരുടെയും എ. അയ്യപ്പന്റെയും കവിതകളും തുടങ്ങി പുതിയ എഴുത്തുകാരുടെ ആവാസ കേന്ദ്രമായി കലാകൗമുദി മാറി. എംഎസ് മണിയുടെ നേതൃത്വത്തില്‍ എന്‍ആര്‍എസും ജയചന്ദ്രന്‍ നായരും നടത്തിയ മാധ്യമ പ്രവര്‍ത്തനം ആവേശത്തോടെയല്ലാതെ മലയാളിക്ക് ഓര്‍ക്കാനാവില്ല.

കുലപതി എന്ന പ്രയോഗത്തിന് അദ്ദേഹത്തിന്റെ സമകാലികരില്‍ ഏറ്റവും അര്‍ഹനാണ് എന്‍ ആര്‍ എസ്. ഭാഷാചാതുരി, നിരീക്ഷണപാടവം, എഡിറ്റിംഗിനെ ഒരു കലയാക്കി മാറ്റുന്ന അപാരമായ കഴിവ്… ഇവയില്‍ എന്‍ ആര്‍ എസിനെ വെല്ലുന്നവര്‍ ചുരുക്കമെന്നു തന്നെ പറയാം.

കടുകട്ടി ശാസ്ത്ര വിഷയങ്ങള്‍ പോലും കവിത തുളുമ്പുന്ന ഭാഷയില്‍ അദ്ദേഹം എഴുതുമ്പോള്‍ പലവുരു അതു വായിക്കാന്‍ തോന്നും. ഡോ. ഹമീദ് ഖാന്റെ പേരില്‍ കലാകൗമുദിയില്‍ ബാബു സാര്‍ എഴുതിയിരുന്ന പംക്തി മലയാളിക്ക് മറക്കാനാവുമെന്നു തോന്നുന്നില്ല. വി എസ് എസ് സിയുടെ വളര്‍ച്ചയുടെ കാലത്ത് ബാബു സാറിന്റെ ശാസ്ത്രലേഖനങ്ങള്‍ നമുക്കു പകര്‍ന്ന അറിവുകളും അവബോധവും ചെറുതല്ല.

അയ്യപ്പപ്പണിക്കര്‍, ഒഎന്‍.വി തുടങ്ങിയ മഹാരഥന്മാര്‍ സൃഷ്ടി തയ്യാറായാല്‍ ആദ്യം വായിച്ചു കേള്‍പ്പിച്ചിരുന്നവരില്‍ ഒരാള്‍ എന്‍ ആര്‍ എസായിരുന്നു. എസ് ജയചന്ദ്രന്‍ നായര്‍ സാഹിത്യകാരന്മാരുമായി ആത്മബന്ധം പുലര്‍ത്തിയിരുന്നെങ്കില്‍ എംടിയെ പോലും പിടിച്ചിരുത്തി എഴുതിക്കാന്‍ എന്‍ ആര്‍ എസിനേ കഴിഞ്ഞിരുന്നുള്ളൂ. ഒരേ മനസ്സെങ്കിലും രണ്ടു ധ്രുവങ്ങളിലായിരുന്ന എന്‍ ആര്‍ എസിനെയും ജയചന്ദ്രന്‍ നായരെയും ഒരു ഡെസ്‌കിന്റെ രണ്ടു വശങ്ങളിലുമിരുത്തി പത്രപ്രവര്‍ത്തനത്തില്‍ ചരിത്രമെഴുതി എന്നതാണ് എം എസ് മണി എന്ന പത്രാധിപരുടെ മിടുക്ക്.

ഇ വി ശ്രീധരന്‍, കെ വേലപ്പന്‍, നെടുമുടി വേണു, കള്ളിക്കാട് രാമചന്ദ്രന്‍, ഫോട്ടോഗ്രാഫര്‍മാരായ എന്‍ ശങ്കരന്‍കുട്ടി, എന്‍ എല്‍ ബാലകൃഷ്ണന്‍ തുടങ്ങി കലാകൗമുദിയിലൂടെ വലിയൊരു രണ്ടാം നിരയെ വാര്‍ത്തെടുക്കുന്നതിലും എന്‍ആര്‍എസ് വഹിച്ച പങ്ക് നിസ്തുലമാണ്. മേല്‍പ്പറഞ്ഞവരെല്ലാം അവരവരുടെ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിച്ചവരാണെങ്കിലും അവരിലെ പ്രതിഭയെ തേച്ചുമിനുക്കുന്നതില്‍ ബാബുസാര്‍ ഏറെ പങ്ക് വഹിച്ചിട്ടുണ്ട്.

രാഷ്ട്രീയ ലോകത്തും എന്‍ആര്‍എസിനെ കണ്ട് അടുത്ത നീക്കത്തിന് അഭിപ്രായം ചോദിക്കാന്‍ എത്തിയിരുന്ന നേതാക്കളുടെ എണ്ണം പറഞ്ഞാല്‍ തീരില്ല.

ഇങ്ങനെ ഒരു എഡിറ്റര്‍ വിസ്മൃതിയിലാണ്ട് സ്വയം ഒറ്റപ്പെടുന്നത് സഹിക്കാനാവുന്ന കാര്യമല്ല.

മണി സാര്‍ രണ്ടുകൊല്ലം മുന്‍പ് യാത്ര പറഞ്ഞു. എന്‍ആര്‍എസാകട്ടെ, ഒരു വര്‍ഷത്തിലേറെയായി ഓര്‍മ്മ നഷ്ടപ്പെട്ട അവസ്ഥയിലുമാണ്. ജയചന്ദ്രന്‍ നായര്‍ വാര്‍ദ്ധക്യത്തിലും എഴുത്തും വായനയുമായി നമ്മോടൊപ്പമുണ്ട്.


തിരുവനന്തപുരം ജേര്‍ണലിസം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടറായിരുന്നു എന്‍ ആര്‍ എസ്. ഈ കാലയളവില്‍ അദ്ദേഹം പഠിപ്പിച്ച നൂറുകണക്കിന് ശിഷ്യന്‍മാരാണ് ഇന്ന് കേരളത്തിലും രാജ്യ തലസ്ഥാനത്തും മാധ്യമങ്ങളുടെ തലപ്പത്തുള്ളത്.

ശ്രീനാരായണ ഗുരു ഉള്‍പ്പെടെയുള്ള യുഗ പുരുഷന്‍മാരെക്കുറിച്ചുള്ള ഒരു പുസ്തക രചനയിലായിരുന്നു ഓര്‍മ്മ നഷ്ടപ്പെടും വരെ എന്‍ആര്‍എസ്. ശിവഗിരിയുടെയും കേരള കൗമുദിയുടെയും ചരിത്രം എഴുതണമെന്ന് പലപ്പോഴും സാറിനെ നിര്‍ബന്ധിച്ചിരുന്നു. അപ്പോഴെല്ലാം ഈ പുസ്തകം കഴിയട്ടെ എന്നായിരുന്നു മറുപടി. എകെജിയുമായും ഇഎംഎസുമായും വിഎസുമായും എകെ ആന്റണിയുമായും എന്‍ആര്‍എസിനുണ്ടായിരുന്ന അടുപ്പം ദൃഢമായിരുന്നു. അടുത്ത കാലം വരെ വിഎസും ആന്റണിയും പിണറായിയും എന്‍ആര്‍എസിനെ കാണാന്‍ ആ വീട്ടില്‍ എത്തുമായിരുന്നു. ഒരേസമയം കമ്മ്യൂണിസ്റ്റ് നേതാക്കളുമായും കോണ്‍ഗ്രസ് നേതാക്കളുമായും ആഴത്തിലുള്ള ബന്ധമാണ് ഇദ്ദേഹത്തിനുള്ളത്.

മകളുടെ ചികിത്സക്കായി പത്രത്തിലെ വരുമാനം പോരെന്ന് തോന്നിയപ്പോള്‍ ആരംഭിച്ച സ്റ്റുഡിയോ ഇന്ന് വന്‍ ലാഭത്തിലാണ്. ബാങ്ക് ബാലന്‍സുള്ളതുകൊണ്ടാകാം ഇപ്പോള്‍ എന്‍ആര്‍എസിന്റെ ഭൗതിക സ്വത്തിനെക്കുറിച്ച് തര്‍ക്കങ്ങള്‍ വന്നിരിക്കുന്നു. ഓര്‍മ്മകള്‍ നഷ്ടപ്പെട്ടതു കൊണ്ട് ആ വലിയ മനുഷ്യന്‍ ഇതൊന്നും അറിയുന്നില്ല. എന്‍ആര്‍എസിന്റെ മൂത്ത മകന്‍ ശങ്കരനാരായണന്‍ യുഎസിലാണ്.

മാധ്യമ സുഹൃത്തുക്കളും രാഷ്ട്രീയ കേരളവും എന്‍ആര്‍എസിന്റെ ഈ അവസ്ഥയില്‍ വെറും കാഴ്ചക്കാരാകരുത്. തര്‍ക്കങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിനു വേണ്ട ചികിത്സയൂം പരിചരണവും ലഭിക്കുന്നുണ്ടോ എന്ന് മുഖ്യമന്ത്രി അടക്കമുള്ളവര്‍ ഉറപ്പാക്കണം.

എന്‍ആര്‍എസിന്റെ സുഹൃത്ത് കുടിയായ എംടി ഒരിക്കല്‍ എഴുതിയതുപോലെ ഓര്‍മ്മ ഒരു ശാപവും മറവി ഒരു അനുഗ്രഹവുമാവാതിരിക്കട്ടെ.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in മഞ്ഞിനുമപ്പുറം

Trending News

To Top