മഞ്ഞിനുമപ്പുറം
രഥോത്സവം മാറ്റിമറിച്ച എന്റെ ജീവിതം
ഇന്ന് കല്‍പ്പാത്തി രഥ സംഗമമാണ്. ഓരോ കല്‍പ്പാത്തി രഥോത്സവ കാലത്തും ഓര്‍മ്മയില്‍ വരാറുള്ളത് 1989 ല്‍ കല്‍പ്പാത്തി ക്ഷേത്രത്തിലെ വിഗ്രഹ കവര്‍ച്ചയാണ്. കഴിഞ്ഞ ഒരാഴ്ചയായി പ്രയാണം നടത്തുന്ന ഏഴ് വിഗ്രഹങ്ങളെയുമായാണ് 1989ലെ രഥോത്സവ കാലത്ത് കവര്‍ച്ചക്കാരന്‍ പോയതത്.
അക്കാലത്ത് ഉത്തരമേഖലാ ഡിഐജി ആയിരുന്ന ജേക്കബ്ബ് പുന്നൂസിന്റെ നേതൃത്വത്തില്‍ ഒറ്റ ദിവസം കൊണ്ടാണ് അപൂര്‍വ്വങ്ങളായ ഏഴ് വിഗ്രഹങ്ങളും കണ്ടെടുത്തത്.
കേരളാ പൊലീസിന്റെ കുറ്റാന്വേഷണ ചരിത്രത്തില്‍ വലിയ സംഭവമായിരുന്നു ആ കണ്ടെത്തല്‍. മുഖ്യമന്ത്രിയായിരുന്ന ഇ.കെ നായനാര്‍ നേരിട്ടാണ് പുന്നൂസിനെ കല്‍പ്പാത്തിയിലേക്ക് അയച്ചത്. ഉച്ചകഴിഞ്ഞപ്പോഴാണ് അന്ന് കാസര്‍കോഡായിരുന്ന പുന്നൂസ് പാലക്കാട് എത്തിയത്. ജില്ലയില്‍ എസ്.പിയായിരുന്ന കാലം മുതല്‍ അദ്ദേഹവുമായി സൗഹൃദം ഉണ്ടായിരുന്നു. അതുകൊണ്ടാവണം ക്ഷേത്രപരിസരത്ത് എത്തിയ സമയം മുതല്‍ അദ്ദേഹത്തോടൊപ്പം കൂടിയത്. ക്ഷേത്രത്തില്‍ നിന്നും കല്‍പ്പാത്തി പുഴ ഒഴുകിപ്പോകുന്ന പരിസരങ്ങളിലേക്കായിരുന്നു ഡിഐജി നടന്നത്. മറ്റ് പൊലീസ് സംഘങ്ങള്‍ പല വഴിക്ക് പോയി. ബസ് സ്റ്റാന്‍ഡിലും റെയില്‍വേ സ്‌റ്റേഷനിലും കോയമ്പത്തൂരിലേക്കുമെല്ലാം അന്വേഷണം വ്യാപിപ്പിച്ചു. സംസാരിച്ചുകൊണ്ട് നടക്കുന്നതിനിടയില്‍ പുന്നൂസിന്റെ കണ്ണുകള്‍ പരിസരത്തെ പൊന്തക്കാടുകളില്‍ ഉടക്കി. കാടുകള്‍ വകഞ്ഞുമാറ്റി അതിനുള്ളിലേക്ക് അദ്ദേഹം നടന്നു. തിരച്ചിലിന്റെ ദൃശ്യങ്ങള്‍ കയ്യിലുണ്ടായിരുന്നു ക്ലിക്ക് ത്രീ ക്യാമറയില്‍ പകര്‍ത്തി ഒപ്പം നടന്നു. അപ്പോഴാണ് വാടി നില്‍ക്കുന്ന ചെടികള്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അടുത്തുണ്ടായിരുന്ന എ.ആര്‍ ക്യാമ്പിലെ പൊലീസുകാരെ വിളിച്ച് ആ ഭാഗം കുഴിക്കാന്‍ പറഞ്ഞു. ക്ഷേത്രപരിസരത്തു നിന്നും മണ്‍വെട്ടിയും മറ്റുമായി ഒന്നുരണ്ട് പൊലീസുകാര്‍ ഓടിയെത്തി. പൊന്തക്കാട് വെട്ടിമാറ്റി കുഴിച്ചു. മാധ്യമ പ്രവര്‍ത്തകനായി ഞാനും ഡിഐജിയും നാലഞ്ച് പൊലീസുകാരും മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. പെട്ടന്നാണ് മണ്‍വെട്ടി ഏതോ ലോഹത്തില്‍ പതിക്കുന്ന ശബ്ദം കേട്ടത്. ഞൊടിയിടയ്ക്കുള്ളില്‍ ഒരോന്നായി ഏഴ് വിഗ്രഹങ്ങളും പൊലീസ് പുറത്തെടുത്തു. അത്യപൂര്‍വ്വമായി വീണുകിട്ടിയ ആ നിമിഷങ്ങളെല്ലാം ക്യാമറയില്‍ പകര്‍ത്തി. വിഗ്രഹങ്ങള്‍ കിട്ടിയതറിഞ്ഞ് മറ്റ് ഫോട്ടോ ഗ്രാഫറുമാരും ലേഖകന്മാരും എത്തുമ്പോഴേക്കും വിഗ്രഹങ്ങളെല്ലാം അടുത്തുണ്ടായിരുന്ന പൊലീസ് വാനിലേക്ക് മാറ്റിക്കഴിഞ്ഞിരുന്നു.
ഫോട്ടോഗ്രാഫറുടെ പ്രാധാന്യം എന്താണെന്ന് ജീവിതത്തില്‍ ആദ്യമായി തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്. മനോരമയും മാതൃഭൂമിയും അടക്കമുള്ള എല്ലാ പത്രങ്ങളുടേയും ലേഖകന്മാര്‍ക്ക് ആ ഫോട്ടോകള്‍ വേണം. കൗമുദിക്ക് മാത്രം കിട്ടിയ ഫോട്ടോകള്‍ കൈമാറാന്‍ പാടില്ലെന്ന് അന്നത്തെ കോഴിക്കോട് റസിഡന്റ് എഡിറ്ററായിരുന്ന എന്‍.എന്‍ സത്യവൃതന്‍ സാറിന്റെ നിര്‍ദേശം. ഫോട്ടോയുമായി കോഴിക്കോട് എത്താനായിരുന്നു പറഞ്ഞത്. സമയം വൈകിയത് കാരണം പതിവുപോലെ കോഴിക്കോട്ടേക്കുള്ള ബസുകളില്‍ ഫോട്ടോ കൊടുത്തയയ്ക്കാനാവില്ല. വാഹനം പിടിച്ച് എത്തിക്കുക തന്നെ വേണം. കാറുപിടിച്ച് വരട്ടേ എന്ന ചോദ്യത്തിന് മറുപടി നല്‍കാം എന്നായി സത്യന്‍ സാര്‍. അപ്പോഴേക്കും മാതൃഭൂമി ലേഖകനായിരുന്ന എ. സഹദേവനും മനോരമയുടെ ആന്‍ഡ്രൂസ് ഫിലിപും കൗമുദി ഓഫീസില്‍ തമ്പടിച്ചിരുന്നു (ഇരുവരും ഇന്ന് നമ്മോടൊപ്പമില്ല). രാത്രി ഏഴുമണി കഴിഞ്ഞപ്പോള്‍ വാഹനം പിടിച്ച് ചെല്ലണ്ടെന്ന നിര്‍ദേശം ലഭിച്ചു. പക്ഷേ പടങ്ങള്‍ എങ്ങനെയും എത്തിക്കണം. അതിനുള്ള വഴിയും സത്യന്‍ സാര്‍ എനിക്ക് വിട്ടു. ദേഷ്യം പിടിച്ച അവസ്ഥയില്‍ ഫോട്ടോകള്‍ മനോരമയ്ക്കും മാതൃഭൂമിക്കും കൊടുത്തു. അവര്‍ ഇരുവരും കാറുകളില്‍ കോഴിക്കോട്ടേക്കും കോട്ടയത്തേക്കും പുറപ്പെടുകയും ചെയ്തു. വാര്‍ത്തകള്‍ എല്ലാം കൊടുത്ത് ഫോട്ടോ കൊടുക്കാന്‍ മാര്‍ഗ്ഗമില്ലാതെ ഓഫീസില്‍ ഇരിക്കുമ്പോള്‍ വീണ്ടും സത്യന്‍ സാറിന്റെ വിളി പത്രം അടിക്കുന്നത് നീട്ടിവയ്ക്കാം എങ്ങനെയും പടങ്ങളുമായി എത്തണം. രണ്ടും കല്‍പ്പിച്ച് അന്നുണ്ടായിരുന്ന യമഹാ മോട്ടോര്‍ ബൈക്കില്‍ പുറപ്പെടാന്‍ തീരുമാനിച്ചു. ആ സമയം ഓഫീസിലേക്ക് കയറിവന്ന അന്നത്തെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഇന്നത്തെ കെ.പി.സി.സി സെക്രട്ടറി സി. ചന്ദ്രന്‍ ഒപ്പം വരാമെന്ന് ഏറ്റു. സുല്‍ത്താന്‍പേട്ട പെട്രോള്‍ ബങ്കില്‍ നിന്ന് ഫുള്‍ടാങ്ക് പെട്രോളുമടിച്ച് രാത്രി 9.30 ഓടെ യാത്ര പുറപ്പെട്ടു. ഓഫീസില്‍ എസ്.ടി.ഡി ഫോണ്‍ ഇല്ലാത്തതുകൊണ്ട് വരുന്ന വഴിക്ക് കല്‍പ്പാത്തിയിലുള്ള എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.എന്‍ ബാലഗോപാലന്റെ വീട്ടില്‍ കയറി സത്യന്‍ സാറിനെ ഫോണ്‍ ചെയ്തു. പുറപ്പെട്ട വിവരം അറിയിച്ചു. സുഹൃത്തായിരുന്ന ബാലഗോപാലന്‍ സാര്‍ യാത്രാ വിവരം കേട്ട്, അത്രയ്ക്കു വേണോ എന്ന് ചോദിച്ച് തലയില്‍ കൈവെച്ചു. ആ സമയം ബിന്ദുവിന്റെ അമ്മ പ്രൊഫ. സുമംഗലക്കുട്ടി ചായയുമായി ഓടിവന്നു. സമയമില്ല എന്നു പറഞ്ഞ് ഞങ്ങള്‍ പുറത്തേക്കിറങ്ങി. അതിവേഗതയില്‍ വണ്ടി വിട്ടു. തച്ചംപാറയില്‍ അന്നത്തെ എം.എല്‍.എ ആയിരുന്ന പി. ബാലന്റെ വീട്ടിനുമുന്നില്‍ എത്തിയപ്പോള്‍ പുറകിലിരുന്ന ചന്ദ്രന്‍ ചോദിച്ചു – ഞാന്‍ ഇവിടെ ഇറങ്ങിയാല്‍ ബാബു എന്ത് ചെയ്യും?. വണ്ടി നിര്‍ത്തി ചന്ദ്രനെ ബസ്‌സ്‌റ്റോപ്പില്‍ ഇറക്കി. ചിരിച്ചുകൊണ്ട് യാത്ര പറഞ്ഞു. ഒറ്റയ്ക്കായയപ്പോള്‍ ആക്‌സിലറേറ്ററിലെ കൈ ഒന്നുകൂടി വേഗത്തിലായി. ഇറങ്ങിപ്പോകുമെന്ന് പറയാന്‍ മറ്റൊരാള്‍ ഇല്ലാത്ത ധൈര്യം. രാത്രി 11.30 കഴിഞ്ഞപ്പോള്‍ കോഴിക്കോട് ഉള്ള കേരളകൗമുദി ഓഫീസിന്റെ ഗേറ്റ് കടക്കുമ്പോള്‍ മുറ്റത്ത് അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന സത്യന്‍ സാര്‍ അരികിലേക്ക് ഓടിവന്ന് കെട്ടിപ്പിടിച്ചു. ഫോട്ടോകളുമായി പാഞ്ഞ് അകത്തേക്ക് പോയി. ഓഫീസിനു പിന്നിലുണ്ടായിരുന്ന ക്യാന്റീനില്‍പ്പോയി ചായയും കഴിച്ച് പ്രസിലേക്ക് കയറിയപ്പോള്‍ പാലക്കാട്ടേക്കുള്ള ഒന്നാമത്തെ എഡിഷനും മലപ്പുറത്തേക്കും വയനാട്ടിലേക്കുമുള്ള രണ്ടാമത്തെ എഡിഷനും അടിച്ച് കഴിഞ്ഞിരുന്നു. രണ്ട് എഡിഷന്റെയും ഓരോ പ്രതി എടുത്ത് തിരിച്ച് പാലക്കാട്ടേക്ക് പുറപ്പെടുമ്പോള്‍ 12.30 കഴിഞ്ഞിരുന്നു. പിറ്റേദിവസം വിക്ടോറിയ കോളേജിലെ ഇംഗ്ലീഷ് അധ്യാപകനായിരുന്ന ടി.വി സെബാസ്റ്റ്യന്റെ കല്യാണമാണ്. ഏറ്റുമാനൂരിലായിരുന്നു വിവാഹം. രാവിലെ വാഹനം പുറപ്പെടും അതുകൊണ്ടാണ് കോഴിക്കോട്ടെ സുഹൃത്തുക്കളൊടൊപ്പം താമസിക്കാതെ പാലക്കാട്ടേക്ക് വെച്ചുപിടിച്ചത്. മലപ്പുറം കഴിയുമ്പോഴേക്കും കാഴ്ച മങ്ങിത്തുടങ്ങി. വണ്ടിയുടെ നിയന്ത്രണം വിട്ടുപോകുന്നപോലെ തോന്നി. അടുത്തുകണ്ട ഒരു ഹോട്ടലില്‍ യാത്ര അവസാനിപ്പിച്ചു. ഒരു മുറിയെടുത്തു. റിസപ്ഷനിലുണ്ടായിരുന്ന ആളിനോട് 5 മണിക്ക് വിളിക്കണമെന്ന് ചട്ടംകെട്ടി ഉറങ്ങി. പറഞ്ഞതുപോലെ 5.30 ന് റൂം ബോയി വിളിച്ചുണര്‍ത്തി. വീണ്ടും യാത്ര തുടങ്ങി. എട്ടരയോടടുത്ത് പാലക്കാട് മുണ്ടൂരിലെത്തി. അപ്പോഴാണ് തലേ രാത്രിയില്‍ പകുതിക്കുവെച്ച് ഇറങ്ങിപ്പോയ ചന്ദ്രന്‍ ജോലി ചെയ്യുന്ന മുണ്ടൂര്‍ ബാങ്കില്‍ ഒന്നു കയറിയാലോ എന്ന് ചിന്തിച്ചത്. ചന്ദ്രനെ കണ്ട ശേഷം തലേ രാത്രിയില്‍ വേണ്ടെന്നു പറഞ്ഞ ചായ കഴിക്കാന്‍ ബാലഗോപാലന്‍ സാറിന്റെ വീട്ടില്‍ കയറണമെന്ന് ചിന്തിച്ചു. പിന്നീടുള്ള സംഭവങ്ങള്‍ പറഞ്ഞുകേട്ട ഓര്‍മ്മയേയുള്ളൂ. ഓര്‍മ്മ വരുമ്പോള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ കിടക്കുകയാണ്. വലതുകയ്യുടെ കോളര്‍ ബോണും സോക്കറ്റും പൊട്ടിപ്പോയിരുന്നു. ചന്ദ്രന്റെ ബാങ്കിന്റെ മുന്നിലെ ഇറക്കത്തിലായിരുന്നു അപകടം. ഒരു സ്ത്രീ കുറുകെ ചാടിയപ്പോള്‍ അവരെ രക്ഷിക്കാന്‍ ബ്രേക്ക് ചവിട്ടിയപ്പോഴാണ് അപകടമെന്ന് ദൃക്‌സാക്ഷികള്‍ പിന്നീട് പറഞ്ഞു. ചന്ദ്രന്‍ ബാങ്കിലേക്ക് എത്തുമ്പോള്‍ ബാങ്കിനു മുന്നില്‍ ഒരാള്‍ക്കൂട്ടം. വീണു കിടക്കുന്നത് എന്റെ നീല യമഹ, അതില്‍ നിന്ന് ചിതറികിടക്കുന്ന കേരളകൗമുദി പത്രങ്ങള്‍. പരിചയമുള്ളതുകൊണ്ട് ചന്ദ്രന്റെ ബാങ്കിലെ ജീവനക്കാര്‍ എന്നെ എടുത്ത് ബാങ്കിന്റെ മുന്നിലെ തിട്ടില്‍ കിടത്തിയിരുന്നു. ജീപ്പില്‍ എന്നെ കയറ്റിയപ്പോള്‍ ചന്ദ്രനും ഒപ്പം കയറിയത്രേ. ഇടയ്ക്ക് വെള്ളം തരാന്‍ ശ്രമിച്ചപ്പോള്‍ ചന്ദ്രന്റെ കൈ തട്ടിമാറ്റി ചീത്തപറഞ്ഞതായും പിന്നീട് ചന്ദ്രന്‍ പറഞ്ഞു. രണ്ടു മാസത്തോളം ചികിത്സയിലായിരുന്നു. ആ സമയത്താണ് അന്ന് ട്രെയിനിയായിരുന്ന കെ.എ ആന്റണി എനിക്ക് പകരം ബ്യൂറോയില്‍ എത്തിയത്. അപകട വിവരം അറിഞ്ഞ് മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണിയും വി.എസ് അച്യുതാനന്ദനും റസ്റ്റ് ഹൗസില്‍ കാണാന്‍ എത്തിയിരുന്നു. അസുഖം മാറി എന്റെ താമസസ്ഥലമായ മുറിയിലേക്ക് തിരിച്ചെത്തിയ ശേഷമാണ് ബാലഗോപാലന്‍ സാറിനെയും സുമംഗലക്കുട്ടി ടീച്ചറേയും കാണാന്‍ ബിന്ദുവിന്റെ വീട്ടിലേക്ക് എത്തിയത്. ഒരു പക്ഷേ എന്റെ ജീവിതത്തിലേക്ക് ബിന്ദു കടന്നുവരാന്‍ ഇടയാക്കിയത് കല്‍പ്പാത്തിയിലെ വിഗ്രഹ കവര്‍ച്ചയും തുടര്‍ന്നുണ്ടായ അപകടവും ആയിരുന്നില്ലേ?.
