Connect with us

എം.എന്‍ ബാലഗോപാല്‍  ദീപ്തമായ ഓര്‍മ്മ

മഞ്ഞിനുമപ്പുറം

എം.എന്‍ ബാലഗോപാല്‍  ദീപ്തമായ ഓര്‍മ്മ

 

ഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 25ന് നിര്യാതനായ കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന എം.എന്‍ ബാലഗോപാല്‍ ഇന്നും അനവധിപേരുടെ മനസില്‍ ജീവിക്കുന്നു.  ദീര്‍ഘകാലം വൈദ്യുതി ബോര്‍ഡിന്റെ തലപ്പത്ത് ഇരിക്കുമ്പോള്‍ അദ്ദേഹം നടത്തിയ പ്രവര്‍ത്തനങ്ങളാണ് പാലക്കാട്ടെ ജനങ്ങള്‍ ഇന്നും ഓര്‍ക്കുന്നത്. വര്‍ഷങ്ങളായി രാവിലെ നടക്കാന്‍ പോകുമ്പോള്‍ പ്രായമായ ഒരാള്‍ ചിരിച്ചുകൊണ്ട് സ്ഥിരമായി എന്നെ അഭിവാദ്യം ചെയ്യുമായിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അറിയുന്ന ആരോ എന്നാണ് കരുതിയത്. എന്നാല്‍ കഴിഞ്ഞ ദിവസം അദ്ദേഹം ആദ്യമായി എന്നോട് സംസാരിച്ചു. നാല്‍പത് വര്‍ഷം മുന്‍പ് അസിസ്റ്റന്റ് എഞ്ചിനീയറായിരുന്ന കാലത്ത് ബാലഗോപാലന്‍ സാര്‍ ചെയ്തുകൊടുത്ത സഹായത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. കഴിഞ്ഞ വര്‍ഷം മരണ ദിവസം ചടങ്ങുകള്‍ക്ക് ആ മനുഷ്യന്‍ എത്തിയിരുന്നത് ഞാന്‍ ശ്രദ്ധിച്ചിരുന്നു. അതിനുശേഷവും പലവട്ടം കണ്ടെങ്കിലും ഒന്നും പറയാതിരുന്ന അദ്ദേഹം വാചാലനായി. എന്തായിരുന്നു ആ സഹായം? ചോദിച്ചപ്പോള്‍ പുള്ളി പറഞ്ഞതുകേട്ട് ഞാന്‍ അത്ഭുതപ്പെട്ടുപോയി. പാലക്കാട് പഴയ ന്യൂ തിയേറ്ററിനടുത്താണ് പുള്ളിയുടെ വീട്. എല്‍.ഐ.സിയിലെ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ ഗര്‍ഭിണിയായപ്പോള്‍ വീട്ടില്‍ കറന്റില്ലാത്തത് പ്രശ്നമായി. ഉദ്യോഗസ്ഥനായ അദ്ദേഹം അപേക്ഷ നല്‍കി കാത്തിരുന്നിട്ടും കറന്റ് കിട്ടിയില്ല. പ്രസവം അടുത്തപ്പോള്‍ ഇരട്ടക്കുട്ടികളാണെന്ന് ഡോക്ടര്‍ പറഞ്ഞു. മറ്റ് മാര്‍ഗ്ഗമില്ലാതെ ബാലഗോപാലന്‍ സാറിനെ കണ്ട് കാര്യങ്ങള്‍ പറഞ്ഞു. അടുത്ത ദിവസം തന്നെ പ്രസവം നടന്നാല്‍ കറന്റില്ലാതെ കഷ്ടത്തിലാകും. ശരിയാക്കാം എന്നായിരുന്നു മറുപടി. വൈകുന്നേരമായപ്പോള്‍ വൈദ്യുതി ബോര്‍ഡ് ലൈന്‍മാന്‍മാര്‍ ആ വീട്ടില്‍ ചെന്ന് ലൈനില്‍ നിന്ന് നേരിട്ട് ആ വീട്ടിലേക്ക് വൈദ്യുതി കണക്ഷന്‍ നല്‍കി. അനധികൃതമായിരുന്നു ആ നടപടി. നിയമത്തിന്റെ നൂലാമാല നോക്കാതെ നാല്‍പത് കൊല്ലം മുന്‍പ് ചെയ്ത ആ സഹായത്തെക്കുറിച്ച് പറയുമ്പോള്‍ എണ്‍പതുകാരനായ ആ വൃദ്ധന്റെ കണ്ണുകള്‍ കലങ്ങിയിരുന്നു. ബാലഗോപാലന്‍ സാര്‍ വലിയ മനുഷ്യനായിരുന്നു. ഒരുപാട് പേരെ അദ്ദേഹം സഹായിച്ചിട്ടുണ്ട് – ഇത്തരത്തിലായിരുന്നു ആ മനുഷ്യന്റെ നാല്‍പത് കൊല്ലം മുന്‍പുള്ള ഓര്‍മ്മ. ഇതുകേട്ടപ്പോള്‍ ഓര്‍മ്മ വന്നത് അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ റിട്ടയര്‍ ചെയ്യുമ്പോള്‍ തന്നെ ജനങ്ങള്‍ അവരെ മറക്കാറുണ്ട്. സര്‍വ്വീസില്‍ ഇരിക്കുമ്പോള്‍ ജനങ്ങള്‍ക്കു വേണ്ടി നല്ല കാര്യങ്ങള്‍ ചെയ്ത ഉദ്യോഗസ്ഥര്‍ മരിച്ചാലും അവരെ ജനങ്ങള്‍ മനസ്സില്‍ കൊണ്ടുനടക്കും.  ഉറ്റവരായാലും സുഹൃത്തുക്കളായാലും അവര്‍ മരിച്ചു കഴിയുമ്പോഴാണ് ആ വ്യക്തികള്‍ നമ്മെ എത്രത്തോളം ആഴത്തില്‍ സ്വാധീനിച്ചിട്ടുണ്ടെന്ന് തിരിച്ചറിയുക.  പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അദ്ദേഹത്തെ പരിചയപ്പെടുമ്പോള്‍ പാലക്കാട് കെ.എസ്.ഇ.ബി എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്നു. എന്റെ സുഹൃത്തും സോഴ്സുമായി മാറിയ എം.എന്‍ ബാലഗോപാല്‍ വര്‍ഷങ്ങള്‍ക്കു ശേഷമാണ് എന്റെ ഭാര്യാ പിതാവായി മാറിയത്. ഭാര്യ ബിന്ദുവിന്റെ അമ്മ പ്രൊഫസര്‍ ആര്‍.സുമംഗലക്കുട്ടിയായിരുന്നു ഞങ്ങള്‍ മാധ്യമ പ്രവര്‍ത്തകരുടെ ആദ്യ സുഹൃത്ത്. ആ സൗഹൃദം വളര്‍ന്നപ്പോഴാണ് അവരുടെ ഭര്‍ത്താവായ എം.എന്‍ ബാലഗോപാലിനെ പരിചയപ്പെട്ടത്. അതോടെ അദ്ദേഹം ഏറ്റവും അടുത്ത സുഹൃത്തായി മാറി. ഞാന്‍ അവരുടെ കുടുംബസുഹൃത്തായി തന്നെ മാറുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബിന്ദുവിനെ ഞാന്‍ വിവാഹം കഴിക്കുന്നത്.
ഒരു പത്രപ്രവര്‍ത്തകന് അവാര്‍ഡുകളെക്കാള്‍ വിലപ്പെട്ടതാണ് വിശ്വസിക്കാന്‍ കഴിയുന്ന സോഴ്സുകള്‍. അത്തരം സോഴ്സുകള്‍ ആരുമാകാം. സമൂഹത്തിന്റെ താഴെത്തട്ടിലുള്ള മനുഷ്യര്‍ മുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ വരെ അക്കൂട്ടത്തിലുണ്ടാകും. എന്നാല്‍ ചില വ്യക്തികള്‍ വാര്‍ത്താ സോഴ്സുകള്‍ എന്നതിനപ്പുറം നമ്മുടെ വ്യക്തിജീവിതത്തിലേക്ക് കടന്നുവരും. എക്സിക്യൂട്ടീവ് എഞ്ചിനീയറായിരുന്ന എം.എന്‍ ബാലഗോപാല്‍ അത്തരത്തിലുള്ള സുഹൃത്തായിരുന്നു.
മറക്കാനാവാത്ത ഒരു സംഭവം എന്നെ അദ്ദേഹവുമായി ബന്ധിപ്പിക്കുന്നു. കല്‍പ്പാത്തി ക്ഷേത്രത്തിലെ ഏഴ് വിഗ്രഹങ്ങള്‍ കവര്‍ച്ച ചെയ്യപ്പെട്ട സംഭവമാണത്. കവര്‍ച്ച അന്വേഷിക്കാനായി അക്കാലത്ത് കോഴിക്കോട് ഡി.ഐ.ജിയായിരുന്ന ജേക്കബ് പുന്നൂസ് കല്‍പ്പാത്തിയിലെത്തി. പുന്നൂസുമായി അടുപ്പമുണ്ടായിരുന്നതുകൊണ്ട് അദ്ദേഹത്തോടൊപ്പം ക്ഷേത്രപരിസരങ്ങളിലും കല്‍പ്പാത്തി പുഴയിലും നടന്ന പരിശോധനയില്‍ ഒപ്പം കൂടാന്‍ കഴിഞ്ഞു. പുഴയുടെ പരിസരത്ത് പുന്നൂസിനോടൊപ്പം സംസാരിച്ച് നടക്കുന്നതിനിടയില്‍ അദ്ദേഹം പെട്ടെന്ന് നിന്നു. ദൂരെയുണ്ടായിരുന്ന പോലീസുകാരെ അരികിലേക്ക് വിളിച്ചു. പുഴയുടെ സമീപത്ത് ഒരു ഭാഗത്തെ ചെടികള്‍ വാടി നില്‍ക്കുന്നതാണ് ഡി.ഐ.ജിയുടെ ശ്രദ്ധയില്‍പെട്ടത്. ആ ഭാഗം പെട്ടെന്ന് കുഴിക്കാന്‍ അദ്ദേഹം പോലീസിന് നിര്‍ദ്ദേശം നല്‍കി. സംസാരത്തിനിടയില്‍ എത്ര സൂക്ഷ്മമായിട്ടാണ് അദ്ദേഹത്തിന്റെ നിരീക്ഷണം കടന്നുപോയതെന്ന് തെളിയിക്കുന്നതായിരുന്നു ആ രംഗം. മറ്റ് മാധ്യമ പ്രവര്‍ത്തകരെല്ലാം കല്‍പ്പാത്തിയുടെ പ്രധാന ക്ഷേത്രമായ കുണ്ടമ്പലത്തിലായിരുന്നു അപ്പോള്‍. അവിടെ നിന്നും 300 മീറ്റര്‍ അകലെ പുഴയോരത്ത് പുന്നൂസിനോടൊപ്പം ഉണ്ടായിരുന്നത് ഞാന്‍ മാത്രം. പ്രസ് ഫോട്ടോഗ്രാഫര്‍മാരും ഉണ്ടായിരുന്നില്ല. അക്കാലത്ത് എപ്പോഴും എന്റെ പോക്കറ്റില്‍ ചെറിയൊരു ക്യാമറ ഉണ്ടാകുമായിരുന്നു. പോലീസുകാര്‍ കുഴിച്ചുതുടങ്ങിയപ്പോള്‍ തന്നെ ശബ്ദം കേള്‍ക്കാന്‍ തുടങ്ങി. ഏഴ് വിഗ്രഹങ്ങളും നിമിഷങ്ങള്‍ക്കുള്ളില്‍ കുഴിച്ചെടുത്തു. ആ രംഗങ്ങളെല്ലാം ക്യാമറയില്‍ പകര്‍ത്തി. വിവരം അറിഞ്ഞ് മറ്റ് മാധ്യമ പ്രവര്‍ത്തകര്‍ എത്തുമ്പോഴേക്കും വിഗ്രഹങ്ങളെല്ലാം പോലീസ് വാഹനത്തിലേക്ക് കയറ്റിക്കഴിഞ്ഞിരുന്നു.
കവര്‍ച്ചക്കാര്‍ സംഭവ ദിവസം കൊണ്ടുപോകാന്‍ കഴിയാതെ വലുതും ചെറുതുമായ എല്ലാ വിഗ്രഹങ്ങളും പുഴയോരത്ത് കുഴിച്ചിടുകയായിരുന്നു. കുഴിയുടെ പുറത്ത് അവര്‍ പറിച്ചുമാറ്റിയ ചെടികള്‍ പൂര്‍വ്വസ്ഥിതിയില്‍ വെച്ച് പിടിപ്പിച്ചിരുന്നു. ആ ചെടികളാണ് ഒറ്റ ദിവസം കൊണ്ട് വാടിപ്പോയത്. സൂക്ഷ്മദൃക്കായ ഒരു ഉദ്യോഗസ്ഥന് മാത്രമേ ഒറ്റനോട്ടത്തില്‍ ഇത്തരം ഒരു കുറ്റകൃത്യം കണ്ടുപിടിക്കാന്‍ കഴിയൂ. വിഗ്രഹങ്ങളുമായി പോലീസ് സംഘം പോയിക്കഴിഞ്ഞപ്പോള്‍ മാതൃഭൂമിയുടെ ലേഖകനായിരുന്ന എ.സഹദേവനും മനോരമയുടെ ലേഖകനായിരുന്ന ആന്‍ഡ്രൂസും മലയാളം എക്സ്പ്രസ് ലേഖകനായിരുന്ന സി.എ കൃഷ്ണനും അടക്കമുള്ള സുഹൃത്തുക്കള്‍ വിഗ്രഹങ്ങള്‍ കണ്ടെടുക്കുന്ന ഫോട്ടോ ആവശ്യപ്പെട്ടു. അപ്പോഴേക്കും സമയം വൈകുന്നേരം ആറുമണി കഴിഞ്ഞിരുന്നു. അക്കാലത്ത് കോഴിക്കോട് നിന്നുമാണ് കേരള കൗമുദി അച്ചടിച്ചിരുന്നത്. മൂന്നുമണിക്കെങ്കിലും പുറപ്പെടുന്ന വാഹനങ്ങളില്‍ ഫോട്ടോ കൊടുത്തയച്ചാലേ അന്നത്തെ പത്രത്തില്‍ അച്ചടിക്കാന്‍ കഴിയൂ. ഇന്നത്തെ പോലെ ആധുനിക സംവിധാനങ്ങളൊന്നും ഇല്ലാത്ത കാലം. ഫോട്ടോയോ, നെഗറ്റീവോ എത്തിക്കുക മാത്രമാണ് മാര്‍ഗ്ഗം. മാതൃഭൂമിയില്‍ നിന്ന് എത്തിയ പ്രശസ്ത പത്രപ്രവര്‍ത്തകന്‍ എന്‍.എന്‍ സത്യവ്രതനായിരുന്നു അന്ന് കേരള കൗമുദിയുടെ കോഴിക്കോട് റസിഡന്റ് എഡിറ്റര്‍.

ഇനിയാണ് സംഭവത്തിലേക്ക് സുഹൃത്ത് എം.എന്‍ ബാലഗോപാല്‍ കടന്നുവരുന്നത്. കല്‍പ്പാത്തി ക്ഷേത്രത്തിന് തൊട്ടടുത്ത് ചാത്തപുരത്താണ് ബാലഗോപാല്‍ സാറിന്റെ പുഷ്പാഞ്ജലി എന്ന വീട്. കേരള കൗമുദിക്ക് അക്കാലത്ത് എസ്.ടി.ഡി ഫോണില്ലാത്ത കാലം. ഇന്നത്തെ പോലെ ഗ്രൂപ്പ് ഡയലിംഗ് നിലവില്‍ വന്നിട്ടുമില്ല. മൊബൈല്‍ എന്ന സാധനം പ്രത്യക്ഷപ്പെട്ടിട്ടുമില്ല. എക്സിക്യൂട്ടീവ് എഞ്ചിനീയറായ ഇദ്ദേഹത്തിന്റെ വീട്ടില്‍ എസ്.ടി.ഡി ഫോണ്‍ ഉണ്ടെന്ന് സുഹൃത്തായ എനിക്കറിയാം. ആ ഫോണില്‍ നിന്ന് സത്യവ്രതന്‍ സാറിനെ വിളിക്കാനായി ഞാന്‍ പുഷ്പാഞ്ജലിയില്‍ എത്തി. ഫോണ്‍ വിളിച്ച് സംഭവങ്ങള്‍ പറഞ്ഞു. എത്രയും വേഗം ഫോട്ടോകള്‍ എത്തിക്കാനാണ് അദ്ദേഹം നല്‍കിയ നിര്‍ദ്ദേശം. ടാക്സി പിടിച്ച് പോകുകയല്ലാതെ മാര്‍ഗ്ഗമില്ലെന്ന് മറുപടി നല്‍കി. അതിന് വകുപ്പില്ലെന്നായി റസിഡന്റ് എഡിറ്റര്‍. അപ്പോള്‍ എന്തുചെയ്യും എന്ന ചോദ്യത്തിന് ഒരു മറുപടിയും പറഞ്ഞുമില്ല. നിരാശനായ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, മാതൃഭൂമിയിലെയും മനോരമയിലെയും ലേഖകന്‍മാര്‍ എന്റെ സുഹൃത്തുക്കളാണ്. അവര്‍ക്ക് ഈ ഫോട്ടോ കിട്ടിയിട്ടില്ല. ഞാന്‍ അവര്‍ക്ക് കൊടുക്കട്ടെ. വേണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദ്ദേശം. നിരാശ കൊണ്ട് കാര്യമില്ല എന്നറിയാമായിരുന്ന ഞാന്‍ മോട്ടോര്‍ ബൈക്കില്‍ ഓഫീസിലെത്തി വിശദമായ വാര്‍ത്ത ടെലിപ്രിന്ററിലൂടെ നല്‍കി. അതിനിടയില്‍ ഫോട്ടോയ്ക്ക് വേണ്ടി മറ്റ് പത്രക്കാരെല്ലാം പലവട്ടം വിളിച്ചിരുന്നു. സമയം ഒമ്പതുമണി കഴിയുമ്പോഴും കാറെടുത്ത് ഫോട്ടോ എത്തിക്കാനുള്ള അനുമതി കിട്ടിയില്ല. ക്ഷുഭിതനായ ഞാന്‍ ഫോട്ടോയുടെ കോപ്പികള്‍ മറ്റ് സുഹൃത്തുക്കള്‍ക്ക് നല്‍കി. മനോരമ കോട്ടയത്തേക്ക് ഫോട്ടോയുമായി കാറില്‍ പുറപ്പെട്ടു. മാതൃഭൂമിയും അതുതന്നെ ചെയ്തു. കേരള കൗമുദിക്ക് മാത്രം കിട്ടിയ ഒരു ഫോട്ടോ നമുക്ക് മാത്രം അച്ചടിക്കാന്‍ കഴിയില്ല എന്ന നിരാശയില്‍ ഇരിക്കുമ്പോഴാണ് അന്നത്തെ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്, ഇന്നത്തെ കെ.പി.സി.സി സെക്രട്ടറി സി.ചന്ദ്രന്‍ ഓഫീസിലേക്ക് കയറി വന്നത്. ആ സമയം സത്യവ്രതന്‍ സാര്‍ വീണ്ടും വിളിച്ചു. എങ്ങനെയെങ്കിലും പടം എത്തിക്കണം എന്നായി അദ്ദേഹം. ബൈക്കോടിച്ച് വരട്ടെ എന്ന് ഞാന്‍ ചോദിച്ചു. അത് പറ്റുമോ എന്ന ആശങ്കയാണ് അദ്ദേഹം പ്രകടിപ്പിച്ചത്. ഇത് കേട്ടുകൊണ്ടിരുന്ന സി.ചന്ദ്രനോട് ഞാന്‍ വിവരങ്ങള്‍ പറഞ്ഞു. ഫോട്ടോയുമായി കോഴിക്കോട്ടേക്ക് ബൈക്കില്‍ തിരിച്ചാല്‍ 12 മണിക്ക് മുന്‍പ് കോഴിക്കോട് എത്താനാകും. കൂടെ വരാന്‍ തയ്യാറുണ്ടോ? ചന്ദ്രനോട് ചോദിച്ചു. അടുത്ത സുഹൃത്തായ ചന്ദ്രന്‍ രണ്ടും കല്‍പ്പിച്ച് എന്നോടൊപ്പം പുറപ്പെട്ടു. കോഴിക്കോട്ടേക്കുള്ള വഴിയില്‍ ഒരിക്കല്‍ കൂടി പുഷ്പാഞ്ജലിയില്‍ കയറി സത്യവ്രതന്‍ സാറിനെ വീണ്ടും വിളിച്ചു. ട്രങ്ക് കോള്‍ ബുക്ക് ചെയ്ത് കാത്തിരിക്കാന്‍ സമയം ഉണ്ടായിരുന്നില്ല. ബൈക്കില്‍ പുറപ്പെടുകയാണ്. പത്രം പ്രിന്റ് ചെയ്യുന്നത് ഞാന്‍ എത്തിയ ശേഷം മതി എന്ന് ആവശ്യപ്പെട്ടു. അങ്ങനെ ചെയ്യാമെന്ന് അദ്ദേഹം ഉറപ്പും നല്‍കി. ഈ സംഭാഷണമെല്ലാം കേട്ടുകൊണ്ട് അടുത്ത് നിന്നിരുന്ന എം.എന്‍ ബാലഗോപാല്‍ എന്റെ തലയില്‍ കൈവെച്ച് ചോദിച്ചു. അത്രയ്ക്ക് വേണോ മോനേ? വേണമെന്ന് എന്റെ മറുപടി. അതിനിടയില്‍ ചായയുമായി ബിന്ദുവിന്റെ അമ്മ വരുന്നുണ്ടായിരുന്നു. ചായ കുടിക്കാന്‍ സമയമില്ലെന്ന് പറഞ്ഞ് ഞാനും ചന്ദ്രനും പുറത്തിറങ്ങി ബൈക്കില്‍ കോഴിക്കോട്ടേക്ക് പുറപ്പെട്ടു. അതിവേഗത്തിലായിരുന്നു യാത്ര. തച്ചമ്പാറ എന്ന സ്ഥലത്തെത്തിയപ്പോള്‍ റോഡില്‍ അപകടമേഖല തിരിച്ചറിയാനുള്ള അറിയിപ്പുകള്‍ വെച്ചിട്ടുണ്ടായിരുന്നു. വലിയ തിരിവും വളവുമായിരുന്നു ആ മേഖല. ആ സമയം പിന്നില്‍ ഇരുന്ന നേതാവ് ചന്ദ്രന്‍ ചോദിച്ചു. ഞാന്‍ ഇവിടെ ഇറങ്ങിയാല്‍ ജഗദീഷ് എന്തുചെയ്യും? പേടിയുണ്ടോ? എന്നായി എന്റെ ചോദ്യം. അതെ എന്നായിരുന്നു മറുപടി. ബൈക്ക് നിര്‍ത്തി ചന്ദ്രനെ തച്ചമ്പാറയില്‍ ഇറക്കി എന്റെ യാത്ര കൂടുതല്‍ വേഗത്തില്‍ തുടര്‍ന്നു. 12 മണിയോടടുത്ത് തൊണ്ടയാട് ഓഫീസിലേക്ക് ബൈക്കോടിച്ച് കയറ്റുമ്പോള്‍ കൗമുദിയുടെ മുറ്റത്ത് പുറകില്‍ കയ്യും കെട്ടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്ന സത്യവ്രതന്‍ സാറിനെയാണ് കണ്ടത്. എന്നെ കണ്ടതും ഓടി വന്ന് ആശ്വാസത്തോടെ അദ്ദേഹം കെട്ടിപ്പിടിച്ചു. ഫോട്ടോകളും വാങ്ങി ഓഫീസിനകത്തേക്ക് സത്യവ്രതന്‍ സാര്‍ പാഞ്ഞുപോയി. രണ്ട് എഡിഷനുകള്‍ പ്രിന്റ് ചെയ്യും വരെ ഓഫീസില്‍ തന്നെ ഞാന്‍ വിശ്രമിച്ചു. പിറ്റേദിവസം എന്റെ സുഹൃത്ത് വിക്ടോറിയാ കോളേജിലെ ഇംഗ്ലീഷ് അധ്യാപകനായ ടി.വി സെബാസ്റ്റ്യന്റെ വിവാഹം ഏറ്റുമാനൂരില്‍ വെച്ച് നടക്കും. ആ കല്ല്യാണത്തിന് പങ്കെടുക്കാന്‍ വേണ്ടി രാത്രി ഒരുമണി കഴിഞ്ഞപ്പോള്‍ പാലക്കാട്ടേക്ക് പുറപ്പെട്ടു. മലപ്പുറം പിന്നിടുമ്പോള്‍ എന്റെ വണ്ടി നിയന്ത്രണത്തില്‍ അല്ലെന്ന് ബോധ്യപ്പെട്ടു. കാഴ്ച മങ്ങുന്നതുപോലെ തോന്നി. അടുത്തുകണ്ട ഒരു ഹോട്ടലില്‍ വണ്ടി നിര്‍ത്തി മുറിയെടുത്തു. ഹോട്ടല്‍ മാനേജരോട് പുലര്‍ച്ചെ അഞ്ചുമണിക്ക് വിളിക്കാന്‍ പറഞ്ഞു. അഞ്ചുമണിക്ക് അവര്‍ വിളിച്ചുണര്‍ത്തി.
തിരിച്ച് വീണ്ടും യാത്ര പാലക്കാട്ടേക്ക്. തച്ചമ്പാറ പിന്നിടുമ്പോള്‍ സി.ചന്ദ്രനെ ഓര്‍മ്മ വന്നു. ഇറങ്ങിപ്പോയ ചന്ദ്രന്‍ അന്ന് ജോലി ചെയ്തിരുന്നത് മുണ്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിലാണ്. മുണ്ടൂരിലെത്തുമ്പോള്‍ ചന്ദ്രനെ കാണണമെന്ന് മനസ്സില്‍ കുറിച്ചു. ഒമ്പതു മണിയോടടുത്ത് മുണ്ടൂരിലെത്തി. കുത്തനെയുള്ള ഇറക്കമിറങ്ങി വരുമ്പോള്‍ ചന്ദ്രനെ എന്ത് തെറി പറയണം എന്ന് ആലോചിച്ചു. അപ്പോഴാണ് തലേദിവസം ചായയുമായി വന്ന ബിന്ദുവിന്റെ അമ്മയുടെ മുഖം ഓര്‍മ്മ വന്നത്. രാവിലത്തെ ഭക്ഷണം പുഷ്പാഞ്ജലിയില്‍ കയറി കഴിക്കാമെന്ന് മനസ്സില്‍ ഓര്‍ത്തു. പിന്നെ കണ്ണ് തുറക്കുമ്പോള്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പരിക്കേറ്റ് കിടക്കുകയാണ് ഞാന്‍. വിവരം അറിഞ്ഞ് മാധ്യമ സുഹൃത്തുക്കളും നാട്ടുകാരും ബാലഗോപാലന്‍ സാറുമെല്ലാം എത്തിയിരുന്നു.

പിന്നീടുള്ള സംഭവം ചന്ദ്രന്‍ പറഞ്ഞാണ് ഞാന്‍ അറിയുന്നത്. തച്ചമ്പാറയില്‍ വെച്ച് ഇറങ്ങിപ്പോയ ചന്ദ്രനെ കുറ്റബോധം പിടികൂടി. രാവിലെ ഉണര്‍ന്ന് കേരള കൗമുദി പത്രം സംഘടിപ്പിച്ചു. അപ്പോള്‍ കല്‍പ്പാത്തി വിഗ്രഹങ്ങളുടെ പടം ഒന്നാം പേജിലുണ്ട്. അതോടെ ചന്ദ്രന് ആശ്വാസമായി. കേരള കൗമുദി പത്രവും കക്ഷത്ത് വെച്ച് ബാങ്കിലേക്ക് എത്തിയപ്പോള്‍ ബാങ്കിന് മുന്നില്‍ ഒരു ആള്‍ക്കൂട്ടം. ആള്‍ക്കൂട്ടത്തിലേക്ക് കയറി നോക്കുമ്പോള്‍ ഒരു നീല യമഹ ബൈക്ക് ഇടിച്ച് തകര്‍ന്നു കിടക്കുന്നു. രണ്ടുമൂന്ന് കേരള കൗമുദി പത്രങ്ങള്‍ റോഡില്‍ ചിതറിക്കിടക്കുന്നു. പരിഭ്രമിച്ച ചന്ദ്രന്‍ ബാങ്കിലേക്ക് ഓടിക്കയറുമ്പോള്‍ ബാങ്കിലെ ഒരു ബെഞ്ചില്‍ അബോധാവസ്ഥയിലായ എന്നെ കിടത്തിയിട്ടുണ്ട്. ജീപ്പ് പിടിച്ച് ചന്ദ്രന്റെ നേതൃത്വത്തില്‍ തന്നെ ജില്ലാ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. അബോധാവസ്ഥയിലായിരുന്നെങ്കിലും എന്റെ തോളിലേക്ക് ചന്ദ്രന്‍ കൈവെച്ചപ്പോള്‍ ഞാന്‍ ചന്ദ്രന്റെ കൈ തട്ടിമാറ്റിയതായി ചന്ദ്രന്‍ ഓര്‍ക്കുന്നു.

ഒരുപക്ഷേ കല്‍പ്പാത്തി വിഗ്രഹ കവര്‍ച്ചയും അതുകണ്ടുപിടിച്ച പുന്നൂസിന്റെ നടപടിയും എന്റെ കോഴിക്കോട് യാത്രയും അപകടവും അതിനെ തുടര്‍ന്ന് രണ്ടുമാസത്തോളമുള്ള ചികിത്സാ കാലവുമാണ് സുമംഗല ടീച്ചറും ബാലഗോപാലന്‍ സാറും മകള്‍ ബിന്ദുവും അനൂപും ഉള്‍പ്പെടെയുള്ള കുടുംബത്തോട് ഏറെ അടുക്കാന്‍ ഇടയാക്കിയത്.

ബോധം വന്നപ്പോള്‍ അപകടത്തിന് തൊട്ടുമുന്‍പ് ഞാന്‍ ഓര്‍ത്തിരുന്ന ചന്ദ്രനെ പറയാനുള്ള തെറിവാക്കുകളും പുഷ്പാഞ്ജലിയിലെ കാപ്പി കുടിക്കാനുള്ള ആഗ്രഹവും ഓര്‍മ്മ വന്നു. തലേദിവസം രാത്രി ചായയുമായി വന്നപ്പോള്‍ അത് വേണ്ടെന്ന് പറഞ്ഞ് ഇറങ്ങിയല്ലോ എന്നോര്‍ത്താണ് രാവിലത്തെ ഭക്ഷണം ആ വീട്ടില്‍ നിന്ന് കഴിക്കാമെന്ന് ഓര്‍മ്മിച്ചത്. ചന്ദ്രനെ തെറി പറയാനും പറ്റിയില്ല. രാവിലത്തെ ഭക്ഷണം പുഷ്പാഞ്ജലിയില്‍ കയറി കഴിക്കാനും കഴിഞ്ഞില്ല. ഒരുപക്ഷേ ആ അപകടമാകാം ജീവിതത്തിലെ നിര്‍ണ്ണായകമായ വഴിത്തിരിവ്.

വിവാഹത്തിന് മുന്‍പും അതിനുശേഷവും എത്രയോ യാത്രകള്‍ ഞങ്ങള്‍ നടത്തിയിട്ടുണ്ട്. വാര്‍ത്തകള്‍ തേടിയുള്ള യാത്രകള്‍ക്ക് പലപ്പോഴും വൈദ്യുതി ബോര്‍ഡ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ വാഹനവും പ്രയോജനപ്പെട്ടിട്ടുണ്ട്. അപകടത്തിന്റെ തലേന്ന് തലയില്‍ കൈവെച്ച് ‘അത്രയ്ക്ക് വേണോ’ എന്ന് ചോദിച്ച അദ്ദേഹം ഒരിക്കല്‍ കൂടി അങ്ങനെ തലയില്‍ കൈവെച്ച് സംസാരിച്ചിട്ടുണ്ട്. അത് സന്തോഷത്തിന്റെ ഒരു മുഹൂര്‍ത്തത്തിലാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in മഞ്ഞിനുമപ്പുറം

Trending News

To Top