അന്തര്‍ദേശീയം
ആവേശത്തിരയിലെ വള്ളംകളിക്ക് കാത്തിരിപ്പിന്റെ കൂട്ട് മാത്രം
ആലപ്പുഴ: ആളും ആരവവും ആര്‍പ്പുവിളികളുമില്ലാതെ ഇക്കൊല്ലത്തെ വള്ളംകളിയും ഓര്‍മ്മകളിലേക്ക് ചേക്കേറുന്നു. ഓഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ച ആലപ്പുഴ പുന്നമടക്കായലില്‍ നടക്കുന്ന നെഹ്രു ട്രോഫി വള്ളംകളി ഇത്തവണയും നടത്താന്‍ കഴിയാത്ത അവസ്ഥയാണ്. കോവിഡ് ഭീഷണിയില്‍ കഴിഞ്ഞ വര്‍ഷം വള്ളംകളി മാറ്റിവെച്ചപ്പോള്‍ ഇക്കൊല്ലം പ്രതീക്ഷയുടെ തീരത്ത് ആവേശത്തിരയില്‍ കാത്തിരുന്നവര്‍ക്ക് ദുഖം മാത്രമാണ്. വള്ളംകളി ഒരു ജനതയുടെ വികാരമായിമാറുന്ന കാഴ്ചയാണ് ആലപ്പുഴയില്‍ എന്നുമുള്ളത്.
കലക്ടര്‍ അധ്യക്ഷനായ നെഹ്റു ട്രോഫി ബോട്ട് റേസ് (എന്‍ടിബിആര്‍) സൊസൈറ്റി ആണ് നെഹ്റു ട്രോഫി ജലോത്സവം സംഘടിപ്പിക്കുന്നത്. ഇത്തവണ നെഹ്റു ട്രോഫി ജലോത്സവത്തെക്കുറിച്ച് ആലോചനപോലും നടത്തിയിട്ടില്ല. വാക്സിനേഷന്‍ സമ്പൂര്‍ണമായാല്‍ ഇനി നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ വള്ളംകളി നടത്താനാകുമെന്ന് പ്രതീക്ഷമാത്രമാണ് മുന്നിലുള്ളത്. എണ്‍പതോളം ആളുകള്‍ കയറുന്ന ചുണ്ടന്‍വള്ളത്തില്‍ സാമൂഹിക അകലം നടപ്പാക്കാനാവില്ല. കാണികളുടെ ആവേശമില്ലാതെ അവരെങ്ങനെ തുഴയാനാണ്. മാത്രമല്ല, ടൂറിസ്റ്റുകള്‍ എത്തുമെന്ന് യാതൊരു ഉറപ്പുമില്ല. കൊവിഡ് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിക്കിടെ സ്പോണ്‍സര്‍മാരെ കണ്ടെത്തുകയെന്നത് ഏറെ ദുഷ്‌കരം. ഒരു വള്ളമിറക്കാന്‍ അരക്കോടിയോളം ചിലവുവരുമെന്നിരിക്കെ നിലവിലെ സാഹചര്യത്തില്‍ ബോട്ട്ക്ലബ്ബുകള്‍ക്ക് കണ്ടെത്താന്‍ സാധ്യമല്ലാത്ത ഒരു ഭീമമായ തുകമാത്രമാണിത്. ഇങ്ങനെ നീളുന്നു വള്ളംകളിക്ക് കോവിഡ് തീര്‍ത്ത പ്രതിസന്ധികളുടെ പട്ടിക…
പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ പേരില്‍ ഏര്‍പ്പെടുത്തിയിട്ടുള്ള വള്ളംകളിയില്‍ കായല്‍തീരം ഒരു ലക്ഷത്തോളം കാണികളെ വഹിച്ചിരുന്നു. ഇതില്‍ വിദേശ സഞ്ചാരികളും ഉള്‍പ്പെടും എന്നത് ആവേശത്തിരകള്‍ക്ക് കൂടുതല്‍ കരുത്താണ്. ഈ മത്സര വള്ളം കളിയിലെ പ്രധാന ഇനം ചുണ്ടന്‍ വള്ളങ്ങളുടെ മത്സരമാണ്. ഏകദേശം 100 അടിയ്ക്കുമേല്‍ നീളവും ഉയര്‍ന്ന മുന്‍ഭാഗവുമുള്ള ചുണ്ടന്‍ വള്ളങ്ങള്‍ക്കുള്ള ആരാധകരേറെയാണ്.
പരിശീലന തുഴച്ചിലുകാരുടെ ആര്‍പ്പുവിളിയും ആവേശവും ആലപ്പുഴയുടെ ജലാശയങ്ങളെ എത്രയോ പുളകംകൊള്ളിച്ചിരിക്കുന്നു. മത്സരങ്ങള്‍ അവസാനിച്ചാലും ആവേശമൊട്ടും ചോരാതെ, വരും വര്‍ഷത്തേക്കുള്ള കാത്തിരിപ്പായിരുന്നു എക്കാലത്തേയും വള്ളകളികള്‍. ഇപ്പോള്‍ കായലും കായലോരങ്ങളും ശാന്തമാണ്. പോയകാലത്തിന്റെ ഓര്‍മ്മകളില്‍, വഞ്ചിപ്പാട്ടൊഴുകിയിറങ്ങിയ കായലോളങ്ങള്‍ മാത്രം ശേഷിക്കുന്നു, പ്രതീക്ഷയാണ് കൂട്ട്, അടുത്തകൊല്ലമെങ്കിലും ആവേശമൊട്ടും ചോരാത്ത ഒരു ജലോത്സവം കാണാനാകുമെന്ന പ്രതീക്ഷ.
