Connect with us

പിങ്ക്‌പൊലീസിന്റെ വാഹനത്തിന് പൊങ്കാലയിടുന്നവര്‍ ശ്രദ്ധിക്കണേ

കേരളം

പിങ്ക്‌പൊലീസിന്റെ വാഹനത്തിന് പൊങ്കാലയിടുന്നവര്‍ ശ്രദ്ധിക്കണേ

കൊച്ചി: യൂട്യൂബര്‍മാരായ ഈ ബുള്‍ജെറ്റ് സഹോദരന്‍മാരെ നിയമ ലംഘനത്തിന്റെ പേരില്‍ പൊലീസ് കസ്റ്റഡിയിലെടുത്തതുമുതല്‍ സൈബറിടങ്ങളില്‍ അനുകൂലിച്ചും പ്രതികൂലിച്ചും വരുന്നവര്‍ ധാരാളമാണ്. അതില്‍ പ്രതികൂലിക്കുന്നവരുടെ കണ്ണുകള്‍ എന്തുകൊണ്ടോ പിങ്ക്‌പൊലീസിന്റെ വാഹനത്തിനു പിന്നാലെയാണ്. പിങ്ക് പൊലീസിന്റെ വാഹനത്തിന് എന്തരലോ കൊഴപ്പങ്ങളുണ്ടെന്നു പറഞ്ഞു പൊങ്കാലയിടുന്നവര്‍ അതിന്റെ യാഥാര്‍ത്ഥ്യം തേടിപ്പോകാന്‍ വഴിയില്ല.

പിങ്ക് പൊലീസിന്റെ വാഹനത്തിലെ പിങ്ക് നിറം തെറ്റാണോ? ഒരിക്കലുമല്ല, അതിന് വ്യക്തമായ കാരണമുണ്ട്. സര്‍ക്കാര്‍ വാഹനങ്ങള്‍ക്കും മറ്റ് വാഹനത്തെപ്പോലെ ഘടനാപരമായ മാറ്റം വരുത്താന്‍ കഴിയില്ല. എന്നാല്‍, പൊലീസ് പോലുള്ള സുരക്ഷാ ഏജന്‍സികള്‍ക്ക് ഭാഗികമായി കളര്‍ മാറ്റാം. പിങ്ക് പൊലീസിന്റെ വാഹനങ്ങളിലെ പിങ്ക് കളര്‍ നിയമവിരുദ്ധമല്ല. പട്രോളിങിനിടെ ജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. മറ്റ് വാഹനങ്ങളില്‍ നിന്ന് ജനങ്ങള്‍ക്ക് പെട്ടെന്ന് സേവനം നല്‍കുന്ന പോലീസ് വാഹനം തിരിച്ചറിയണം. പൊലീസും, മറ്റു സുരക്ഷാ ഏജന്‍സികളും ഉപയോഗിക്കുന്ന ലോഗോയും, കളറും മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ല. വാഹനത്തിന്റെ നിറത്തില്‍ ചെറിയ മാറ്റം വരുത്തുന്നതിനോ, സ്റ്റിക്കര്‍ ഒട്ടിക്കുന്നതിനോ സാധാരണക്കാര്‍ക്കും നിയമ തടസമില്ല. സുപ്രീംകോടതി വിധി അനുസരിച്ച് മറ്റുള്ളവരുടെ ശ്രദ്ധ തെറ്റിക്കുന്ന തരത്തിലാകരുത് മാറ്റമെന്നു മാത്രം.

വാഹനങ്ങളില്‍ സ്റ്റിക്കര്‍ ഒട്ടിക്കുന്നതോ, പേരെഴുതുന്നതോ, ചെറിയ ബീഡിങ് വയ്ക്കുന്നതോ നിയമവിരുദ്ധമല്ല. മക്കളുടെയോ, ആരാധനാലയങ്ങളുടെയോ പേരുകള്‍ സ്റ്റിക്കറായി പതിപ്പിക്കാം. മറ്റുള്ള വാഹനങ്ങളിലെ ഡ്രൈവര്‍മാരുടെ ശ്രദ്ധ തെറ്റിക്കുന്ന രീതിയിലാകരുത് ഒന്നും. അതിപ്രകാശമുള്ള ലൈറ്റുകളും ശ്രദ്ധതിരിക്കുന്ന ഗ്രാഫിക്‌സുകളുമെല്ലാം വാഹനത്തില്‍ ചേര്‍ക്കുന്നത് നിയമപരമായി തെറ്റാണെങ്കിലും ഹൈവേ പെട്രോളിന്റേയും, പിങ്ക് പൊലീസിന്റേയും വാഹനങ്ങള്‍ ചൂണ്ടിക്കാണിച്ച്  പൊലീസും മറ്റുള്ളവര്‍ക്കും വാഹനങ്ങളില്‍ ഗ്രാഫിക്‌സ് ചെയ്യാമെങ്കില്‍ തങ്ങള്‍ക്കും ചെയ്യാം എന്ന് മുറവിളി കൂട്ടുന്നവര്‍ ഒന്നോര്‍ക്കുക നിയമപാലനത്തിനും അടിയന്തിര ആവശ്യങ്ങള്‍ക്കുമുള്ള ഔദ്യോഗിക സര്‍വീസുകളില്‍ മോഡിഫിക്കേഷനുകള്‍ അനുവദനീയമാണ് എന്നതാണ് യാഥാര്‍ത്ഥ്യം.സേവനങ്ങള്‍ക്കനുസരിച്ച് അവയ്ക്ക് മാറ്റവുമുണ്ടാകും. ഇത് നിയമവിധേയവുമാണ്. പൊലീസ് വാഹനങ്ങളേയും, മറ്റു സര്‍ക്കാര്‍ വാഹനങ്ങളേയും എളുപ്പത്തില്‍ തിരിച്ചറിയുന്നതിന് വേണ്ടിയാണ് ഇത്തരത്തിലുള്ള ഗ്രാഫിക്‌സുകള്‍ നല്‍കിയിട്ടുള്ളത്. പൊലീസിന്റേയും  മറ്റും സാന്നിധ്യം നിയമ ലംഘനം കുറയ്ക്കും എന്നതാണ് ഇതിനുള്ള കാര്യം. ഉദാഹരണമായി  സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ യൂണിഫോമിട്ട പൊലീസുകാര്‍ നില്‍ക്കുന്നതാണ് മഫ്തിയിലെ പൊലീസുകാരേക്കാള്‍ കൂടുതല്‍ ഫലപ്രദം. ഇവിടെയും അതേ യുക്തിയാണ് വാഹനങ്ങളുടെ കാര്യത്തിലും ഉപയോഗിക്കുന്നത്. ഇവയുടെ സാന്നിധ്യം നിയമലംഘനം കുറയ്ക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഹൈവേ പൊലീസിന്റേയും, പിങ്ക് പെട്രോളിന്റേയും, മോട്ടര്‍ വാഹന വകുപ്പിന്റെയും വാഹനങ്ങള്‍ക്കും അതാത് വകുപ്പിന്റെ വ്യത്യാസമനുസരിച്ച് ഒരേ തരത്തിലുള്ള ഡിസൈനായിരിക്കും ഉപയോഗിക്കുന്നത്. ആംബുലന്‍സിന്റെയും ഫയര്‍ ഫോഴ്‌സിന്റെയും കെഎസ്ആര്‍ടിസിയുടേയും നിറവ്യത്യാസം പെട്ടന്നുതരിച്ചറിയാന്‍ വേണ്ടിത്തന്നെയാണ് വരുത്തിയിരിക്കുന്നത്. ഇതിന് സര്‍ക്കാറിന് നിയമപരമായ അംഗീകാരവുമുണ്ട്.

സൈബറിടങ്ങളില്‍ ഒളിഞ്ഞും തെളിഞ്ഞും വാക്‌പോരുകള്‍ നടത്തുന്നവര്‍ നമ്മുടെ നാടിന്റെ സുരക്ഷയില്‍ പിങ്ക് പൊലീസ് അടക്കമുള്ള സുരക്ഷാ പാലകര്‍ക്കുള്ള പങ്കും അതിന്റെ അത്യാവശ്യവും മനസിലാക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മാടമ്പള്ളിയിലെ യഥാര്‍ത്ഥ മനോരോഗിയെ തിരിച്ചറിയാന്‍ അവരിനിയും വൈകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in കേരളം

Trending News

To Top