കേരളം
കേരള മീഡിയ അക്കാഡമി അഥവാ ആർ.എസ്. ബാബുവിൻ്റെ ചക്കരക്കുടം
തിരുവനന്തപുരം: പിണറായി ഭരണത്തിൽ വേണ്ടപ്പെട്ടവർ സർക്കാർ സ്ഥാപനങ്ങളെ എങ്ങനെ ചക്കരക്കുടങ്ങളാക്കി എന്നതിന് ഉത്തമ ഉദാഹരണമായി മാറിയിരിക്കയാണ് കേരള മീഡിയ അക്കാഡമി.
കഴിഞ്ഞ പത്തു വർഷങ്ങളിൽ കേരള മീഡിയ അക്കാഡമിയിൽ നടന്ന ചട്ടലംഘനങ്ങളും ധൂർത്തും വെളിപ്പെടുത്തുന്നതാണ് അക്കൗണ്ടൻ്റ് ജനറൽ (എ ജി) റിപ്പോർട്ട്.
കേരള മീഡിയ അക്കാഡമി ഭാരവാഹിത്വത്തിൽ തുടർച്ചയായി രണ്ടു ടേമിലധികം പാടില്ലെന്ന അക്കാഡമി ഭരണഘടനയിലെ 6 ( 3) വകുപ്പ് ലംഘിച്ചാണ് ആർ എസ് ബാബുവിനു തുടർച്ചയായ മൂന്നും നാലും ടേം അനുവദിച്ചത്. ഇക്കാര്യത്തിൽ സർക്കാരിനോടു വിശദീകരണം തേടിയിരിക്കയാണ് എ ജി. അനധികൃതമായി ലഭിച്ച ടേമുകളിൽ ആർ.എസ് ബാബു ശമ്പളം കൈപ്പറ്റുകയും അക്കാഡമിയുടെ തീരുമാനങ്ങൾ എടുക്കുകയും ചെയ്തത് ഗുരുതരമായ ക്രമക്കേടായി എജി ചൂണ്ടിക്കാട്ടുന്നു.
അക്കാഡമി പരിപാടികൾ സംഘടിപ്പിക്കാൻ സ്വന്തമായി വേദികൾ ഉണ്ടായിട്ടും പഞ്ച നക്ഷത്ര ഹോട്ടലുകളിൽ നടത്തിയത് ധൂർത്തിൻ്റെ തെളിവായി എജി റിപ്പോർട്ടിലുണ്ട്.
അക്കാഡമിയുടെ കരുതൽ ഫണ്ടിൽ നിന്നു പദ്ധതി, പദ്ധതിയിതര ചെലവുകൾക്കായി മുൻകൂറായി എടുത്ത 72 ലക്ഷം രൂപ തിരിച്ചടച്ചിട്ടില്ലെന്ന ഗുരുതരമായ സാമ്പത്തിക ക്രമക്കേടും കണ്ടെത്തിയിട്ടുണ്ട്. ഫണ്ട് ദുർവിനിയോഗത്തിനു വഴിയൊരുക്കുന്നതാണ് ഇത്തരം രീതികളെന്നാണ് ആരോപണം.
അക്കാഡമിയുടെ പഠന ഗവേഷണ സൗകര്യങ്ങൾ വികസിപ്പിക്കാൻ ബജറ്റിൽ നിന്ന് അനുവദിച്ച തുക വിനിയോഗിക്കാതെ വകമാറ്റിയെന്നും ഓഡിറ്റ് പരിശോധനയിൽ കണ്ടെത്തി.
വനിതാ ഹോസ്റ്റൽ കെട്ടിടത്തിൽ യഥാസമയം അറ്റകുറ്റപ്പണികൾ നടത്താതെ ഉപയോഗ ശൂന്യമാക്കിയെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്. ഹോസ്റ്റൽ കെട്ടിടം ഉപേക്ഷിച്ച ശേഷവും അനാവശ്യ അറ്റകുറ്റപ്പണികളുടെ പേരിൽ 7.68 ലക്ഷം രൂപ ചെലവഴിച്ചതായാണ് കണക്കിൽ കാണിക്കുന്നത്.
വിദ്യാർഥികളുടെ കോഷൻ ഡെപ്പോസിറ്റ് തുക തിരിച്ചു നൽകുന്നതിലും കൃത്യവിലോപമുണ്ടായി. അഞ്ചു ലക്ഷത്തോളം രൂപ വിദ്യാർഥികൾക്ക് തിരിച്ചു നൽകാതെ അക്കാഡമി ഫണ്ടിലുണ്ട്.
മാധ്യമ പ്രവർത്തകരെ പരിശീലിപ്പിക്കുന്ന സ്ഥാപനം അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കേന്ദ്രമായി മാറി.
