Connect with us

ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി…’

മഞ്ഞിനുമപ്പുറം

ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി…’

 

രവി മേനോന്‍

 

രാഷ്ട്രീയ ലോകത്തെ അപൂര്‍വം ആദര്‍ശധീരന്മാരില്‍ ഒരാളായ പി.ടി തോമസിന്റെ അന്ത്യാഭിലാഷങ്ങളില്‍ ഒന്ന് മനസ്സിനെ തൊട്ടു: ഭൗതികശരീരം പൊതുദര്‍ശനത്തിനു വെക്കുമ്പോള്‍ വയലാറിന്റെ ”ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം, ഇന്ദ്രധനുസിന്‍ തൂവല്‍ പൊഴിയും തീരം” എന്ന ഗാനം പതിഞ്ഞ ശബ്ദത്തില്‍ പശ്ചാത്തലത്തില്‍ കേള്‍പ്പിക്കണം….

”ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി” എന്ന് പറയാതെ പറയുകയായിരുന്നോ പ്രിയ പി ടി ?
എട്ടു വര്‍ഷം മുന്‍പത്തെ സംഗീതസാന്ദ്രമായ ഒരു തീവണ്ടിയാത്രയിലേക്ക് മടങ്ങിപ്പോകുന്നു മനസ്സ്. സുഹൃത്തും ഗായകനുമായ ജി വേണുഗോപാല്‍, മാതൃഭൂമിയിലെ സഹപ്രവര്‍ത്തകരായ മന്‍സൂര്‍, ജയ്ദീപ് എന്നിവരാണ് ഒപ്പം. കോഴിക്കോട് മുതല്‍ എറണാകുളം വരെയുള്ള ആ രാത്രിയാത്രയിലുടനീളം ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു പി.ടി തോമസ്, രാഷ്ട്രീയക്കാരനായ പി.ടി അല്ല, വയലാറിന്റെ ജീവിതഗന്ധിയായ രചനകളെ ഹൃദയത്തോട് ചേര്‍ത്തുവെക്കുന്ന സംഗീതപ്രേമിയായ പി.ടി.

ആദ്യം തിരിച്ചറിയുകയായിരുന്നു പി.ടിയിലെ ആ ഗാനാസ്വാദകനെ. ”വ്യക്തിജീവിതത്തിലെയും രാഷ്ട്രീയ ജീവിതത്തിലെയും എല്ലാ പ്രതിസന്ധികളെയും അതിജീവിക്കാന്‍ വയലാറിന്റെ ഒരു പാട്ട് കേള്‍ക്കുകയേ വേണ്ടൂ എനിക്ക്..” — ഇടക്കൊരിക്കല്‍ പി.ടി പറഞ്ഞു. വേണുവിന്റെ ഗാനങ്ങളുടെ നല്ലൊരു ആരാധകന്‍ കൂടിയാണ് അദ്ദേഹം എന്നറിഞ്ഞതും അന്നുതന്നെ.

രാത്രിയേറെ വൈകിയിട്ടും ഇഷ്ടഗാനങ്ങളെ കുറിച്ച് സംസാരിച്ചുകൊണ്ടിരുന്നു പി.ടി. പാട്ടുകള്‍ ജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനത്തെ പറ്റി, സിനിമയിലെ സന്ദര്‍ഭത്തിനപ്പുറത്തേക്ക് വളര്‍ന്ന് സാധാരണക്കാരന്റെ ഹൃദ്‌സ്പന്ദമായി മാറുന്ന വയലാര്‍ രചനകളെ പറ്റി… വിസ്മയത്തോടെ ആ വാക്കുകള്‍, നിരീക്ഷണങ്ങള്‍ കേട്ടിരുന്നു വേണുവും ഞങ്ങളും….

പി.ടിയുടെ അന്ത്യാഭിലാഷം, മറ്റൊരോര്‍മ്മയിലേക്ക് തിരികെ നടത്തുന്നു മനസ്സിനെ. പാട്ടുകാരന്‍ ജയചന്ദ്രന്‍ വിവരിച്ച ഹൃദയസ്പര്‍ശിയായ അനുഭവം. പത്തനംതിട്ടയിലെ വന്ദ്യവയോധികനായ ഒരു അഭിഭാഷകന്‍ ഗുരുതര രോഗബാധിതനായി കിടക്കുന്നു. അന്ത്യനിമിഷങ്ങള്‍ അടുത്തു എന്നുറപ്പായ ഘട്ടത്തില്‍ അടുത്ത ബന്ധുക്കളെ വിളിച്ചുകൂട്ടി മൂന്നു നിര്‍ദേശങ്ങള്‍ നല്‍കി അദ്ദേഹം. ഒന്ന്: മരണശേഷം എന്റെ ശരീരം ദഹിപ്പിക്കരുത്; അടക്കം ചെയ്യാനേ പാടൂ. രണ്ട്: മരണത്തില്‍ ആരും ദുഃഖം പ്രകടിപ്പിക്കരുത്.

മൂന്നാമത്തെ നിര്‍ദേശമാണ് ഏറ്റവും കൗതുകകരം: ”നിശ്ചലമായ എന്റെ ശരീരത്തിനരികെ ഒരു മ്യൂസിക് സിസ്റ്റം പാടിക്കൊണ്ടിരിക്കണം. അതില്‍ നിന്ന് ഒരൊറ്റ പാട്ടിന്റെ ശീലുകളേ ഒഴുകിവരാവൂ; അതും വളരെ നേര്‍ത്ത ശബ്ദത്തില്‍: ”ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ എന്നോമല്‍ ഉറക്കമായ് ഉണര്‍ത്തരുതേ….” ഒ.എന്‍.വി കുറുപ്പ് എഴുതി ദേവരാജന്‍ സംഗീതം പകര്‍ന്ന് ജയചന്ദ്രന്‍ ഭാവാര്‍ദ്രമായി പാടിയ കാവ്യഗീതി.

ഗുരുവും മാര്‍ഗദര്‍ശിയും എല്ലാമായ രാമനാഥന്‍ മാഷാണ് പരേതന്റെ ബന്ധുക്കള്‍ പറഞ്ഞറിഞ്ഞ കാര്യം അപ്പോള്‍ത്തന്നെ ജയചന്ദ്രനുമായി ഫോണില്‍ പങ്കുവെച്ചത്. ”മാഷ് വിളിക്കുമ്പോള്‍ ഡ്രൈവ് ചെയ്യുകയാണ് ഞാന്‍.,”- ജയചന്ദ്രന്‍ പറഞ്ഞു. ”കാര്‍ റോഡരികില്‍ ഒതുക്കിനിര്‍ത്തി എല്ലാം ശ്രദ്ധയോടെ കേട്ടു. ആകെ ഒരു മരവിപ്പാണ് തോന്നിയത്. ചിരിക്കണോ കരയണോ അതോ അഭിമാനം കൊള്ളണോ എന്നൊന്നും അറിയില്ലായിരുന്നു. ആ പാട്ടെഴുതിയ ഒ.എന്‍.വി സാറിനെയും പ്രിയപ്പെട്ട ദേവരാജന്‍ മാഷിനെയും മനസ്സു കൊണ്ട് നമിച്ചു. ആത്യന്തികമായി അവരുടെ സൃഷ്ടിയാണല്ലോ ആ ഗാനം. അത് പാടാന്‍ ഈശ്വരന്‍ എന്നെ തിരഞ്ഞെടുത്തു എന്നത് ഏറ്റവും വലിയ സൗഭാഗ്യം..”
പാട്ടുകള്‍ എത്ര തീവ്രമായി മനുഷ്യമനസ്സിനെ സ്വാധീനിക്കുന്നു എന്നതിന് ഇതില്‍പ്പരം തെളിവുകള്‍ വേണോ?

ആദരാഞ്ജലികള്‍, പ്രിയ പി ടി തോമസ്…

 

Continue Reading
You may also like...
Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in മഞ്ഞിനുമപ്പുറം

Trending News

To Top