അന്തര്‍ദേശീയം
പ്രധാനമന്ത്രിക്ക് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാള്‍
ന്യുഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് എഴുപത്തിയഞ്ചാം പിറന്നാള്‍. എഴുപത്തിയഞ്ചാം ജന്മദിനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടി 21 ഭാഷകളില്‍ ഗാനം തയ്യാറാക്കിരിക്കുകയാണ് ഡല്‍ഹി സര്‍ക്കാര്‍. സാമൂഹികമാധ്യമമായ എക്‌സിലാണ് ഡല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത ഗാനം പങ്കു വെച്ചത്.
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഫോണില്‍ വിളിച്ച് ജന്മദിനാശംസകള്‍ നേര്‍ന്നു. അധികചുങ്കവിഷയത്തില്‍ ഇന്ത്യയും അമേരിക്കയും തമ്മില്‍ രൂപപ്പെട്ട അകല്‍ച്ച പരിഹരിക്കപ്പെടുമെന്ന സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകര്‍ ട്രംപിന്റെ ഫോണ്‍വിളിയെ കാണുന്നത്. റഷ്യ-യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിങ്ങളുടെ പിന്തുണയ്ക്ക് നന്ദിയെന്നും പിന്നീട് ട്രംപ് തന്റെ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
”ഇപ്പോള്‍ എന്റെ സുഹൃത്ത് നരേന്ദ്ര മോദിയുമായി ഫോണില്‍ സംസാരിച്ചിരുന്നു. അദ്ദേഹത്തിന് ജന്മദിനാശംസകള്‍ നേര്‍ന്നു. അദ്ദേഹം ഗംഭീരമായ ജോലിയാണ് ചെയ്തു കൊണ്ടിരിക്കുന്നത്. നരേന്ദ്ര: റഷ്യ–യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള നിങ്ങളുടെ പിന്തുണയ്ക്ക് നന്ദി”ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ട്രംപിന് നന്ദി അറിയിച്ച് പ്രധാനമന്ത്രിയും സമൂഹമാധ്യമങ്ങളില്‍ കുറിപ്പ് പങ്കുവച്ചു. ട്രംപിനെപ്പോലെ തന്നെ ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്രവും ആഗോളവുമായ പങ്കാളിത്തത്തെ പുതിയ ഉയരത്തിലെത്തിക്കാന്‍ പ്രതിജ്ഞാബദ്ധനാണെന്നും മോദി പറഞ്ഞു. ‘എന്റെ സുഹൃത്ത് പ്രസിഡന്റ് ട്രംപ്, നിങ്ങളുടെ ഫോണ്‍ കോളിനും ജന്മദിനാശംസയ്ക്കും നന്ദി. നിങ്ങളെപ്പോലെ തന്നെ, ഇന്ത്യയും യുഎസും തമ്മിലുള്ള സമഗ്രവും ആഗോളവുമായ പങ്കാളിത്തത്തെ പുതിയ ഉയരത്തിലെത്തിക്കാന്‍ ഞാന്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധനാണ്. യുക്രെയ്ന്‍ യുദ്ധത്തിന് സമാധാനപരമായ പരിഹാരം കാണാനുള്ള നിങ്ങളുടെ ശ്രമങ്ങളെ ഞങ്ങള്‍ പിന്തുണയ്ക്കും’മോദി പറഞ്ഞു.
റഷ്യയില്‍നിന്ന് എണ്ണ വാങ്ങുന്നതിനുള്ള പിഴയായി യുഎസ് ഇന്ത്യയ്ക്ക് 25 ശതമാനം അധിക തീരുവ ചുമത്തിയതിനു പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. തീരുവ വര്‍ധനവിനുശേഷം ആദ്യമായി ഇന്ത്യ – യുഎസ് വ്യാപാര ചര്‍ച്ച നടന്നിരുന്നു. ചര്‍ച്ച ‘ശുഭകരം’ എന്നായിരുന്നു ഇരുവിഭാഗത്തിന്റെയും പ്രതികരണം. ഇതിനു പിന്നാലെയാണ് മോദിയുമായുള്ള ട്രംപിന്റെ ടെലിഫോണ്‍ സംഭാഷണം.
പ്രധാനമന്ത്രിയുടെ 75-ാം ജന്മദിനത്തോടനുബന്ധിച്ച് ഡല്‍ഹി നിയമസഭ അദ്ദേഹത്തിന്റെ ‘ജീവിതയാത്ര’ പ്രദര്‍ശിപ്പിക്കാനൊരുങ്ങുകയാണ്. ‘നിങ്ങളുടെ പ്രധാനമന്ത്രിയെ അറിയുക’ എന്ന പേരിലാണ് പ്രത്യേക പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. വിധാന്‍സഭാ പരിസരത്ത് പൊതുജനങ്ങള്‍ക്കായി ഒക്ടോബര്‍ 2 വരെ പ്രദര്‍ശനം സംഘടിപ്പിക്കുമെന്ന് ഡല്‍ഹി സ്പീക്കര്‍ വിജേന്ദര്‍ ഗുപ്ത പറഞ്ഞു. പ്രദര്‍ശനം ഒരു ആഘോഷം മാത്രമല്ലെന്നും, പുതിയ ഇന്ത്യയുടെ കഥയില്‍ നിന്ന് വേര്‍തിരിക്കാനാകാത്ത ദാര്‍ശനികനായ നേതാവിനോടുള്ള ആദരവാണെന്നും സ്പീക്കര്‍ വ്യക്തമാക്കി.
