Connect with us

ശ്യാമിന്റെ അകാല യാത്രാമൊഴി

മഞ്ഞിനുമപ്പുറം

ശ്യാമിന്റെ അകാല യാത്രാമൊഴി

ലസ്ഥാനത്തെ പ്രതിഭാ ശാലിയായ ഒരു മാധ്യമ പ്രവര്‍ത്തകന്‍ കൂടി അകാലത്തില്‍ യാത്രയായി.

കലാകൗമുദി ബ്യൂറോ ചീഫായിരുന്ന എസ്.എല്‍ ശ്യാമാണ് ഇന്ന് നമ്മോട് യാത്ര പറഞ്ഞത്. രോഗബാധിതനായി കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു ശ്യാം.

നന്മയുടെ ആള്‍രൂപമായിരുന്ന ശ്യാമെന്ന കുട്ടിയെ ഞാന്‍ ആദ്യമായി കാണുന്നത് നാല്‍പത്തിയൊന്ന് വര്‍ഷം മുമ്പാണ്. യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായിരിക്കെ കേസില്‍ അകപ്പെട്ട് ഒളിവില്‍ പോകേണ്ടിവന്ന കാലം. എന്നോടൊപ്പം യൂണിയനില്‍ ആര്‍ട്‌സ് ക്ലബ് സെക്രട്ടറിയായിരുന്ന പിന്നീട് പിആര്‍ഡി ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച എസ്. സുധീറിന്റെ ചെറിയമ്മ ലളിത കുമാരി ടീച്ചറുടെ മകനായിരുന്നു ശ്യാം. ഞങ്ങള്‍ അഞ്ചുപേരോളം വരുന്ന പ്രതികള്‍ക്കെല്ലാം ഒളിവില്‍ താമസിക്കാന്‍ ഇടം നല്‍കിയത് ശ്യാമിന്റെ അഛന്‍ ശിവചന്ദ്രന്‍ പിള്ള ആയിരുന്നു. സോഷ്യല്‍ വെല്‍ഫെയര്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ അഡീഷണല്‍ ഡയറക്ടറായിരുന്നു അന്ന് അദ്ദേഹം. വികലാംഗ കോര്‍പ്പറേഷന്‍ എം.ഡിയായിട്ടാണ് സര്‍വ്വീസില്‍ നിന്നും വിരമിച്ചത്. അധ്യാപികയായ ശ്യാമിന്റെ അമ്മയും ഗസറ്റഡ് ഉദ്യോഗസ്ഥനായിരുന്ന അച്ഛനും വിദ്യാര്‍ത്ഥി നേതാക്കളായ ഞങ്ങള്‍ക്ക് ദിവസങ്ങളോളമാണ് താമസവും ഭക്ഷണവും നല്‍കിയിരുന്നത്. അന്ന് എസ്.എം.വി സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്നു ശ്യാം. ഇളയ സഹോദരി സൗമ്യ തീരെ ചെറിയ കുട്ടിയായിരുന്നു. ഒരു പക്ഷേ ഒളിവില്‍ കഴിയാനെത്തിയ ഞങ്ങളെ അത്ഭുതത്തോടെയാണ് ഈ കുട്ടികള്‍ അന്ന് കണ്ടിരുന്നത്. വിപ്ലവകാരികളായ ആളുകളാണ് ഞങ്ങളെന്ന് ശ്യാമും സൗമ്യയും കരുതിക്കാണും. അനിയന്‍ ചേട്ടന്‍ എന്ന് ഈ കുട്ടികള്‍ വിളിച്ചിരുന്ന സുധീറും മാധ്യമ രംഗത്ത് പിന്നീട് സജീവമായി. സമതാളത്തിലും മറ്റൊരു സായാഹ്ന പത്രത്തിലും ജോലി ചെയ്തിരുന്ന സുധീറിനെയും ജേണലിസ്റ്റുകളായി മാറിയ എന്നെയും എം.എം. സുബൈറിനെയും മറ്റും കണ്ടിട്ടാവണം മാധ്യമ രംഗത്തേക്ക് ശ്യാം കടന്നുവന്നത്. എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും മാധ്യമ പ്രവര്‍ത്തനത്തോടുള്ള പാഷന്‍ ഒന്നുകൊണ്ടുതന്നെയാണ് കോളജ് വിദ്യാഭ്യാസം കഴിഞ്ഞയുടന്‍ ആ ചെറുപ്പക്കാരന്‍ ദീപികയില്‍ പത്രപ്രവര്‍ത്തനം ആരംഭിച്ചത്. കാലങ്ങള്‍ ഏറെ കഴിഞ്ഞ് കേരള കൗമുദി വിട്ടശേഷം സ്വന്തമായി ഒരു പത്രവും നടത്തി കലാകൗമുദിയിലേക്ക് മടങ്ങിയെത്തിയപ്പോള്‍ ശ്യാം എന്റെ സഹപ്രവര്‍ത്തകനായി.

വാര്‍ത്തകള്‍ കണ്ടെത്താനും അത് അവതരിപ്പിക്കാനും അസാധ്യമായ മിടുക്കായിരുന്നു ശ്യാമിന്. എത്ര വലിയ സംഭവമുണ്ടായാലും സമചിത്തത വിടാതെ വസ്തുനിഷ്ഠമായി റിപ്പോര്‍ട്ട് ചെയ്യാന്‍ ശ്യാമിന് കഴിഞ്ഞിരുന്നു. പത്രാധിപര്‍ എം.എസ് മണിസാറിനാടായാലും എക്‌സിക്യൂട്ടീവ് എഡിറ്ററായിരുന്ന പ്രസാദ് ലക്ഷ്മണോടായാലും ഡെപ്യൂട്ടി എഡിറ്റര്‍മാരായിരുന്ന ബീന രഞ്ജിനിയോടും വി.ഡി ശെല്‍വരാജിനോടും കെ. ബാലചന്ദ്രനോടും ഉള്‍പ്പെടെ ഏറ്റവും പുതുതായി ഓഫീസില്‍ എത്തിയ ജേണലിസ്റ്റ് ട്രെയിനികളോട് പോലും ഒരുപോലെ പെരുമാറാനും ശ്യാമിന് കഴിഞ്ഞു. തമാശകള്‍ പറഞ്ഞും പൊട്ടിച്ചിരിപ്പിച്ചും ഓഫീസിലെ വരിഞ്ഞു മുറുകിയ അന്തരീക്ഷത്തിലെ ചിരിക്കുന്ന മുഖമായിരുന്നു ഈ മാധ്യമ പ്രവര്‍ത്തകന്‍.

ഒരുപക്ഷേ, ശ്യാം ആദ്യം കണ്ട കമ്മ്യൂണിസ്റ്റുകളായ  സുധീറും സുബൈറും സി.എന്‍ ഹരിയും സതീഷ് ചന്ദ്രബാബുവും സുരേഷ് കുമാറുമെല്ലാം എസ്.എഫ്.ഐ വിട്ടപ്പോഴും പിന്നാലെ വന്ന ശ്യാം എസ്.എഫ്‌ഐയിലും ഡിവൈഎഫ്‌ഐയിലും പാര്‍ട്ടിയിലും സജീവമായി. സിപിഎമ്മിനെ നിശിതമായി വിമര്‍ശിച്ചുകൊണ്ട് എഴുതുമ്പോള്‍ വിയോജിപ്പ് പ്രകടിപ്പിക്കാന്‍ മടിച്ചിരുന്നില്ല, എഴുതിയത് സത്യമാണെന്ന് അറിയുന്നതുകൊണ്ടാകാം മയത്തിലായിരുന്നു ആ വിയോജിപ്പ്.

കെയുഡബ്ല്യുജെയുടെ പ്രവര്‍ത്തകനായും തിരുവനന്തപുരം പ്രസ്‌ക്ലബ് സെക്രട്ടറിയായും പ്രവര്‍ത്തിച്ച ശ്യാം നല്ല സംഘാടനുമായിരുന്നു. തിരക്കിനിടയിലും മകന്‍ മാധവിനെ സ്‌കൂളിലും കോളേജിലും എത്തിക്കാനും വൈകുന്നേരം അവനോടൊപ്പം കളിക്കാനും തിരക്കിട്ട് ശ്യാം പോകുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.
കലാകൗമുദിയില്‍ നിന്നും ഇറങ്ങിയാല്‍ നേരെ പ്രസ്‌ക്ലബിലേക്ക്, അവിടെ സുഹൃത്തുകളോടൊപ്പം ക്യാരംസ് കളിക്കുകയാണ് മറ്റൊരു പതിവ്. ഉച്ചക്ക് വീട്ടില്‍നിന്ന് കൊണ്ടുവരുന്ന പൊതിച്ചോറിലെ മീന്‍ കറിയും മറ്റ് വിഭവങ്ങളും എല്ലാവര്‍ക്കുമായി പങ്കിട്ട് നല്‍കും. ഇടയ്‌ക്കെങ്കിലും ഞാനും അതില്‍ പങ്കാളിയാകും.
ഒരുപക്ഷേ, മാധ്യമ രംഗത്തേക്ക് വന്നിലായിരുന്നെങ്കില്‍ ശ്യാം അകാലത്തില്‍ നമ്മെ വിട്ടു പോകുമായിരുന്നില്ല. കാരണം മറ്റൊന്നല്ല, സംഘര്‍ഷങ്ങളുടേയും പ്രസന്ധികളുടേയും മേഖലയാണ് മാധ്യമ രംഗം. സംഭവങ്ങളും അതുമായി ബന്ധപ്പെടുന്ന വ്യക്തികളും പലപ്പോഴും ശത്രുക്കളായി മാറും. അതേസമയം, സംരക്ഷിക്കാന്‍ മാധ്യമ സ്ഥാപനങ്ങള്‍ മുന്നോട്ട് വന്നെന്നും വരില്ല. മുഖ്യമന്ത്രിയടക്കം ഏത് ഉന്നതരോടും  ഇടപഴകാനും അടുപ്പം പുലര്‍ത്താനും കഴിയുന്നവരാണ് മാധ്യമപ്രവര്‍ത്തകര്‍. എന്നാല്‍ അവരുടെ സേവന- വേതന വ്യവസ്ഥകളെക്കുറിച്ചോ, അവര്‍ക്ക് വന്‍കിട മാധ്യമങ്ങളുള്‍പ്പെടെ മതിയായ പ്രതിഫലം നല്‍കുന്നുണ്ടോ എന്നൊന്നും ആരും അന്വേഷിക്കാറില്ല. അതിനുള്ള നിയമ സംവിധാനങ്ങള്‍ നമ്മുടെ നാട്ടില്‍പ്പോലും ഇല്ല. പല മാധ്യമങ്ങളിലേയും ജീവനക്കാര്‍ ഈ പ്രതിസന്ധികള്‍ മറികടക്കാന്‍ മറ്റ് പല കാര്യങ്ങളിലും അഭയം തേടും. ഇപ്പറഞ്ഞതെല്ലാം മാധ്യമ പ്രവര്‍ത്തനം പ്രതിബദ്ധതയോടെ ചെയ്യുന്ന ആളുകളെ കുറിച്ചാണ്. സമൂഹത്തോടും മാധ്യമ സ്ഥാപനത്തോടും കമ്മിറ്റ്‌മെന്റ് ഇല്ലാത്ത ആളുകളെ ഇതൊന്നും ബാധിക്കില്ല. അവര്‍ക്ക് മാധ്യമ പ്രവര്‍ത്തകന്‍ എന്ന സ്വാധീനത്തില്‍ പണമുണ്ടാക്കാനും സുഖ സൗകര്യങ്ങള്‍ നേടാനും കഴിയും. ഇവരില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തനായിരുന്നു ശ്യാം. ചെയ്യുന്ന കാര്യങ്ങളില്‍ നൂറുശതമാനവും സത്യസന്ധത പുലര്‍ത്താന്‍ ഇദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഒരുപക്ഷേ പ്രതിബദ്ധ പത്രപ്രവര്‍ത്തനത്തിന്റെ ഫലം തന്നെയാവാം ശ്യാമിന്റെ ഈ അകാല യാത്രാമൊഴിക്ക് കാരണം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

More in മഞ്ഞിനുമപ്പുറം

Trending News

To Top