മഞ്ഞിനുമപ്പുറം
രാമന് ഇനി കാണാമറയത്ത്
ജീവിതം കൊണ്ട് കോണ്‍ഗ്രസുകാരനാണെങ്കിലും, കര്‍മ്മം കൊണ്ട് കമ്യൂണിസ്റ്റുകാരനായിരുന്നു ഇന്ന് യാത്ര പറഞ്ഞ എ. രാമദാസ്. എന്റെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു രാമദാസ്. ഏറെ അടുപ്പമുള്ളവര്‍ വേര് പിരിയുമ്പോള്‍ എഴുതേണ്ടിവരുന്നത് എന്നെപ്പോലെയുള്ളവരുടെ കര്‍മ്മനിയോഗമാണ്.
കമ്യൂണിസ്റ്റ് ഈറ്റില്ലമായ കണ്ണാടിയില്‍ സഖാക്കളോട് പൊരുതാന്‍ ചങ്കൂറ്റമുണ്ടായിരുന്ന അപൂര്‍വ്വം കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാള്‍. ആലത്തൂര്‍ എസ്.എന്‍ കോളേജില്‍ എസ്.എഫ്.ഐയോട് പൊരുതിക്കൊണ്ടാണ് കെ.എസ്.യുവിലൂടെ ഇദ്ദേഹം രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്നത്. കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി പദവി പോലും തനിക്ക് ഒരു ഭാരമാണെന്ന് സ്വകാര്യമായി പറയുമായിരുന്നു രാമദാസ്. സുഹൃത്തുക്കള്‍ക്കുവേണ്ടി, പാര്‍ട്ടിക്കുവേണ്ടി എന്ത് ത്യാഗവും ചെയ്യാന്‍ സന്നദ്ധനായതുകൊണ്ടാവണം കണ്ണാടി, കുഴല്‍മന്ദം പ്രദേശങ്ങളിലെല്ലാം നൂറു കണക്കിന് സുഹൃത്തുക്കളും അതിലേറെ അനുയായികളും രാമദാസിനുണ്ടായിരുന്നു. വേണമെന്ന് വിചാരിച്ചിരുന്നെങ്കില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഒരു എം.എല്‍.എയോ അതല്ലെങ്കില്‍ ഡിസിസി അധ്യക്ഷപദമോ രാമദാസിന് എന്നും കയ്യെത്താവുന്ന ദൂരത്തായിരുന്നു. സൗഹൃദ സദസുകളില്‍ വെച്ച് എത്രയോ വട്ടം ഇതിന്റെ പേരില്‍ രാമദാസിനെ നേതാക്കള്‍ പലരും ശാസിക്കുന്നത് കണ്ടിട്ടുണ്ട്. ഇരുപത് വര്‍ഷം മുമ്പ് രാമദാസിനെ കാണുമ്പോള്‍ത്തന്നെ അദ്ദേഹം ജില്ലയിലെ അറിയപ്പെടുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്നു. ബാല്യത്തില്‍ത്തന്നെ അച്ഛന് നഷ്ടപ്പെട്ട രാമദാസായിരുന്നു വലിയ ഒരു കുടുംബത്തിന്റെ ഭാരം ഏറ്റെടുത്തത്. അമ്മയായിരുന്നു രാമദാസിന്റെ മാതൃകയും ദൗര്‍ബല്യവും. അതുകൊണ്ടാവണം പാര്‍ട്ടിയുടെ ഭാരിച്ച ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാതെ ഇദ്ദേഹം വഴിമാറി നടന്നത്.
സിപിഎമ്മിന്റെ കോട്ടയായ കണ്ണാടി പഞ്ചായത്തില്‍ ആദ്യമായി ഭരണം പിടിച്ചെടുത്തത് രാമദാസിന്റെ നേതൃത്വത്തിലായിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കണ്ണാടി പഞ്ചായത്ത് കോണ്‍ഗ്രസിന് നഷ്ടപ്പെട്ടത് അദ്ദേഹത്തെ തളര്‍ത്തിയിരുന്നു. പൊതു പ്രവര്ത്തകന് എന്ന നിലയില്‍ രാഷ്ട്രീയം നോക്കാതെ ആര്‍ക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും കയറി ചെല്ലാവുന്ന വീടാണ് രാമദാസിന്റേത്. രാഷ്ട്രീയത്തിന് അതീതമായ ബന്ധങ്ങളും ഇദ്ദേഹത്തിനുണ്ടായിരുന്നു. കോണ്‍ഗ്രസിന്റെ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലുമായും മുന്‍ പ്രതിപക്ഷ നേതാവ് ചെന്നിത്തലയുമായും ഏറെ അടുത്ത ബന്ധമായിരുന്നു ഇദ്ദേഹത്തിന്. ചെന്നിത്തല ആയാലും കെ.സി ആയാലും പാലക്കാട് എത്തിയാല്‍ രാമദാസിനെ കാണാതെ പോകുക വിരളമായിരുന്നു. ഇപ്പറഞ്ഞ ബന്ധങ്ങള്‍ മാത്രം മതിയായിരുന്നു അദ്ദേഹത്തിന് കൂടുതല്‍ ഉയരങ്ങളില്‍ എത്താന്‍.

10 വര്‍ഷം മുമ്പ് എക്സ്ക്ല്യൂസീവ് ദിന പത്രം ആരംഭിച്ചപ്പോള്‍ പത്രത്തിന്റെ ഡയക്ടര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. കണ്ണാടി സഹകരണ ബാങ്ക് പ്രസിഡന്റായതോടെയാണ് പത്ര രംഗത്തുനിന്നും അദ്ദേഹം വിട്ടുനിന്നത്. കേരളകൗമുദി കാലത്തും എക്സക്ല്യൂസീവ് കാലത്തും ഞങ്ങള്‍ ഒന്നിച്ച് കേരളത്തിനകത്തും പുറത്തും ഒട്ടേറെ യാത്രകള്‍ നടത്തിയിട്ടുണ്ട്. ബിരുദധാരി ആയിരുന്നിട്ടും അവസരങ്ങള്‍ കൈ എത്തും ദൂരത്ത് ഉണ്ടായിരുന്നിട്ടും അവയെല്ലാം വേണ്ടന്നുവെച്ച രാമദാസിനെ ചീത്ത പറയുക എന്റെ സ്ഥിരം പരിപാടിയായിരുന്നു. അപ്പോഴെല്ലാം ചിരി മാത്രമായിരുന്നു മറുപടി. പാര്‍ട്ടിക്കകത്തുള്ള പല നേതാക്കളും അഴിമതിയിലൂടെ കാശുണ്ടാക്കിയപ്പോള്‍ സ്വന്തം പോക്കറ്റിലെ കാശ് പാര്‍ട്ടിക്കായി ചിലവിടുന്നതിലായിരുന്നു രാമദാസിന്െ സന്തോഷം. തിരഞ്ഞെടുപ്പ് കാലങ്ങളില്‍ ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും രാമദാസും സുഹൃത്തുക്കളും സജീവ സാന്നിധ്യമായിരുന്നു. സിപിഎമ്മിന്റെ പ്രമുഖ നേതാക്കളുമായും ഇദ്ദേഹത്തിന് നല്ല സൗഹൃമാണ് ഉണ്ടായിരുന്നത്. എന്നാല്‍, കണ്ണാടി, കുഴല്‍മന്ദം മേഖലകളില്‍ രാഷ്ട്രീയ സംഘട്ടനങ്ങള്‍ ഉണ്ടാകുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു മുന്നില്‍ത്തന്നെ അവരുടെ രാമേട്ടന് ഉണ്ടായിരുന്നു. ഒരു സ്വകാര്യ ദുഖം കൂടി പറഞ്ഞുകൊണ്ട് ഈ ഓര്‍മ്മയ്ക്ക് അര്‍ദ്ധവിരാമം ഇടുകയാണ്. രാമദാസിന്റെ പോക്കറ്റില്‍ ആധാര്‍ കാര്‍ഡിനൊപ്പം എന്നും സൂക്ഷിച്ചിരുന്നത് എക്സ്ക്ല്യൂസീവിന്റെ തിരിച്ചറിയല്‍ കാര്‍ഡാണ്. ഒരുമാസം മുമ്പ് ആ കാര്‍ഡ് പുതുക്കാനായി പുതിയൊരു ഫോട്ടോ അദ്ദേഹം ഏല്‍പ്പിച്ചിരുന്നു. തിരക്കുകള്‍ക്കിടയില്‍ അത് പുതുക്കി നല്കാന് കഴിഞ്ഞില്ല. ”ബാബുവേട്ടാ ആ കാര്‍ഡ് കിട്ടിയില്ലല്ലോ” എന്ന് ഒരു വിളി ഉണ്ടായതുമില്ല. കഴിഞ്ഞ ഒരാഴ്ചയായി കിടപ്പിലായിരുന്നിട്ടും ആ വിവരം അറിയാതെ പോയത് അപരാധം തന്നെയാണ്. രാമദാസും ഭാര്യ കനകലതയും ഒന്നിച്ച് വീട്ടിലേക്ക് ഉച്ചഭക്ഷണത്തിന് എത്താമെന്ന് ഒരു വാക്കുണ്ടായിരുന്നു. കാണുമ്പോഴെല്ലാം അടുത്തയാഴ്ച വരുമെന്ന് ഭീഷണിപോലെ ആവര്‍ത്തിക്കും. ഇനി അത്തരമൊരു ഭീഷണിമുഴക്കാനും രാമന് ഇല്ലല്ലോ.
