കോളം
‘വീര മുസൽമാൻ’; കേരള രാഷ്ട്രീയത്തിൻ്റെ ഒരു യുഗാന്ത്യത്തിൻ്റെ ഓർമ്മ ദിനം
ആർ.രാഹുൽ
“മുസൽമാനുമാത്രമായി സ്വാതന്ത്ര്യമില്ല,അവന് മാത്രമായി ദാരിദ്യമില്ല, പോരാട്ടം മനുഷ്യർക്ക് വേണ്ടിയാവണം . മുസൽമാന് വേണ്ടിയാവരുത് “
– മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ്
1898- ഇന്ത്യൻ മണ്ണിൽ ദ്വിരാഷ്ട്ര വാദത്തിൻ്റെ വിത്തുകൾ പാകി; സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും വലിയ കരിനിഴൽ വീഴ്ത്തിയ സംഭവത്തിന് തുടക്കം കുറിച്ചവർഷം. ഇതേ വർഷത്തിലാണ് ദ്വിരാഷ്ട്ര വാദത്തിനെതിരെ പോരാടാനുള്ള ദൗത്യവുമായി കൊടുങ്ങല്ലൂർ അഴിക്കോടിനടുത്തുള്ള കറുകപ്പാടത്ത് പുന്നച്ചാൽ വീട്ടിൽ അബ്ദു റഹ്മാൻ്റെയും കൊച്ചൈശുമ്മയുടെ മകനായി മുഹമ്മദ് അബ്ദുറഹ്മാൻ എന്ന ഇതിഹാസപുരുഷൻ ജൻമംകൊണ്ടത്. ഒരർത്ഥത്തിൽ വർഗ്ഗീയ രാഷ്ട്രീയവും ദേശീയ രാഷ്ട്രീയവാദവും നേരിട്ട് ഏറ്റുമുട്ടൽ ആരംഭിച്ച വർഷം കൂടിയായിരുന്നു അത്.
വിദ്യാഭ്യാസം
അഴിക്കോട് പ്രൈമറി സ്കൂളിലും കൊടുങ്ങല്ലൂർ ഹൈസ്കൂളിലുമായിരുന്നു മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബിൻ്റെ പ്രാഥമിക വിദ്യാഭ്യാസം. കോഴിക്കോട് ബാസല്‍ മിഷന്‍ കോളെജില്‍ നിന്നും ഇന്റര്‍മീഡിയേറ്റ് പാസായതിന് ശേഷം തുടര്‍ന്ന് മദ്രാസ് മുഹമ്മദന്‍സ് കോളേജിലും പിന്നീട് മദ്രാസ് പ്രിസിഡന്‍സി കോളേജിലും പഠനം നടത്തി. അന്നത്തെ കാലത്ത് വിദ്യാഭ്യാസം ലഭിച്ച ഏതൊരു യുവാവിന്റെയും സ്വപ്നമായിരുന്നു ഇന്ത്യന്‍ സിവില്‍ സര്‍വ്വീസ് എന്ന ലക്ഷ്യത്തോടെയാണ് ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രശസ്ത കോളെജായ മദ്രാസ് പ്രിസിഡന്‍സി കോളേജിൽ ഓണേഴ്‌സ് കോഴ്‌സിന് ചേര്‍ന്നത് എന്നാല്‍, ചരിത്ര നിയോഗം ദേശീയപ്രസ്ഥാനത്തിന്റെ നേതൃനിരയിലേക്ക് എത്തിപ്പെടുകയെന്നതായിരുന്നു. നാലാം റാങ്കില്‍ പാസ്റ്റായ സിവില്‍ സര്‍വ്വീസ് ഉപേക്ഷിച്ചാണ് നേതാജി സുഭാഷ് ചന്ദ്രബോസ് ഇന്ത്യന്‍ സ്വാതന്ത്യ സമരത്തിന്റെ തീച്ചൂളയിലേക്ക് എടുത്തുചാടിയത് എങ്കില്‍ കേരള സുഭാഷ് ചന്ദ്ര ബോസ് എന്നറിയപ്പെടുന്ന അബ്ദുറഹ്മാൻ സാഹിബ് സിവില്‍ സര്‍വ്വീസ് എന്ന ലക്ഷ്യത്തിലേക്കുള്ള പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചാണ് ദേശീയ സ്വാതന്ത്യസമര പ്രസ്ഥാനത്തിലേക്ക് കാലെടുത്ത് വയ്ക്കുന്നത്.

അതിന് വഴിയൊരുക്കിയത് കൂട്ടുകാരനായ കെ.മുഹമ്മദായിരുന്നു. അലിഗഢ് മുസ്ലിം യൂണിവേഴ്‌സ് സിറ്റി അധികൃതരുടെ ബ്രിട്ടീഷ് അനുകൂല നിലപടുകളോട്
വിയോജിച്ചവര്‍ രൂപം കൊടുത്ത ജാമിയ്യ മില്ലിയ യൂണിവേഴ്‌സിറ്റിയില്‍ ചേരാന്‍ പോയെങ്കില്‍ അവിടെയും അധികനാള്‍ തുടര്‍ന്നില്ല.
പഠനം ഉപേക്ഷിച്ച് കോഴിക്കോട്ടേക്ക്…
1919 ജാലിയൻവാലാബഗ് ഉൾപ്പെടെ നിരവധി ചരിത്ര സംഭവങ്ങൾ ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ അരങ്ങേറിയ വർഷം. 1919: ഏപ്രിൽ 6 ന് റൗലറ്റ് ആക്ടിനെതിരെ ഗാന്ധിജി നിസ്സഹകരണ ആരംഭിച്ചു.ഈ സമരവുമായി ബന്ധപ്പെട്ട് 1919 ഏപ്രിൽ 10 ന് ഗാന്ധിയെ അറസ്റ്റുചെയ്തു. ഇന്ത്യയിൽ വെച്ചുള്ള ഗാന്ധിയുടെ ആദ്യ അറസ്റ്റായിരുന്നു ഇത്. തുടർന്ന് ഏപ്രിൽ 11 നു തന്നെ മോചിപ്പിക്കുകയും ചെയ്തു.
‘അല്‍ ഹിലാല്‍’ എന്ന പത്രവുമായി മൗലാനാ അബുല്‍ കലാം ആസാദ് സജീവമാകുന്നതുമായ ഈ കാലഘട്ടത്തിലായിരുന്നു അബ്ദു റഹ്മാൻ സാഹിബിന്റെ കോളേജ് വിദ്യാഭ്യാസ കാലഘട്ടം .
പി.മുഹമ്മദ് എന്ന സുഹൃത്തില്‍നിന്നും ലഭച്ച സ്വാതന്ത്ര്യസമരത്തെക്കുറിച്ചും ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിനെക്കുറിച്ചുമുള്ള സ്വാതന്ത്ര്യസമരത്തിന്റെ ആവേശം നിറക്കുന്ന പത്രവാര്‍ത്തകളും അബ്ദുൾ കലാം അസാദിനിന്റെ ലേഖനങ്ങളും മുഹമ്മദ് അബ്ദുറഹ്മാന്റെ മനസ്സിനെ സ്വാധീനിച്ചു.കൂടാതെ ‘ഖിലാഫത്ത് ആന്റ് ജസീറത്തുല്‍ അറബ് ‘എന്ന മൗലാനാ അബുല്‍ കലാം ആസാദ് എഴുതിയ ലഘുലേഖ പഠനമുപേക്ഷിച്ച് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാനുള്ള തീരുമാനത്തിലേക്ക് എത്താൻ അദ്ദേഹത്തെ ഏറെ സ്വാധീനിച്ചു.
അതിൽ ആസാദ് ഇങ്ങനെ കുറിച്ചിരുന്നു.
”നിങ്ങള്‍ വിഷവള്ളികളില്‍ കടിച്ചീമ്പുന്നു, ഈ കലാശാലകള്‍ വിഷം നിറച്ച പാനപാത്രങ്ങളാണ്. ശുദ്ധമായ പാല്‍ നിറച്ച കോപ്പകള്‍ നിങ്ങളുടെ മുമ്പില്‍ വെക്കുന്നതു വരെ ഈ വിഷ വള്ളികളില്‍ വലിച്ചീമ്പുന്നതില്‍ നിന്ന് നിങ്ങള്‍ പിന്മാറുകയില്ലെന്നോ!. എന്നാല്‍ അതേറ്റവും വലിയ വിഡ്ഢിത്തമായിരിക്കും. സഹോദരന്മാരേ, ഒന്ന് മനസ്സിലാക്കൂ, ഇന്ന് ദേശീയ വിദ്യാലയങ്ങളില്ല എന്നു വെച്ച് നിങ്ങള്‍ക്ക് കിട്ടുന്ന വിദ്യാഭ്യാസം സ്വീകരിക്കുന്നത് വിഡ്ഢിത്തമാണ്. അത് ഒരിക്കലും പാടില്ലാത്തതാണ്.”

അതിലെ ഈ വരികളായിരിക്കാം അബ്ദു റഹ്മാന്റെ മനസ്സിലേക്ക് പഠനം ഉപേക്ഷിക്കാൻ തക്ക രീതിയിൽ തറച്ച് കയറിയിട്ടുണ്ടാവുക.1920 നവംബറില്‍ കോളജ് പ്രിന്‍സിപ്പലിന് പഠനം നിര്‍ത്തുന്നതായി കത്തുനല്‍കി ദേശീയപ്രസ്ഥാനത്തിന്റെ പോരാളിയായി കര്‍മരംഗത്തിറങ്ങി.ഉറ്റവര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല.
1920 കളില്‍ മഹാത്മാഗാന്ധിയുടെ നേതൃത്വത്തില്‍ ദേശീയ പ്രസ്ഥാനം ശക്തി പ്രാപിച്ച സമയത്തായിരുന്നു പഠനം ഉപേക്ഷിച്ച് മുഹമ്മദ് അബ്ദു റഹ്മാൻ എന്ന 22 വയസ്സുകാരൻ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ അണിചേരാൻ വേണ്ടിയുള്ള കോഴിക്കോട്ടേക്ക് തീവണ്ടി കയറുന്നത്.1921 ല്‍ ഒറ്റപ്പാലത്ത് നടന്ന കേരള സംസ്ഥാന കോണ്‍ഗ്രസ് സമ്മേളനത്തില്‍ പങ്കെടുത്തു കൊണ്ടായിരുന്നു മുഹമ്മദ് അബ്ദു റഹ്മാൻ സാഹിബിന്റെ രാഷ്ട്രീയ രംഗപ്രവേശം.
ദേശീയ സ്വാതന്ത്ര്യ സമര പ്രസ്ഥാനത്തിൽ സജീവമാകുന്നു.
അൽ അമീൻ പത്രം ആരംഭിക്കുന്നു….

1920 ഡിസംബറില്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ നാഗ്പൂര്‍ വാര്‍ഷികസമ്മേളനത്തില്‍ പങ്കെടുത്ത് മാതൃഭൂമി സ്ഥാപകനും പ്രഥമ മാനേജിങ് ഡയറക്ടറുമായ കെ. മാധവന്‍നായരുമായി ചേര്‍ന്നു കോൺഗ്രസ് നേതൃത്വത്തിന് കേരളത്തിന് ഭാഷാടിസ്ഥാനത്തിൽ അംഗീകാരം നൽകണം എന്നാവശ്യവുമായി മുഹമ്മദ് അബ്ദുൾ റഹ്മാൻ ഒരു നിവേദനം സമര്‍പ്പിക്കുന്നു.
അതിനെ തുടർന്ന് നാഗ്പൂർ വാർഷിക സമ്മേളനം കേരളത്തിന് ഒരു സംസ്ഥാനപദവി കോണ്‍ഗ്രസ് ഭരണഘടനയില്‍ അനുവദിച്ചു നൽകി.അതിനായി അബ്ദുൾ റഹ്മാൻ എന്ന ഇരുപത്തിമൂന്നുകാരന്‍ നടത്തിയ കാമ്പുള്ള പ്രസംഗം കോണ്‍ഗ്രസ് സമ്മേളനം അത്ഭുതത്തോടെ കേട്ടിരുന്നതും പിന്നിട് ആ സമ്മേളനത്തിൽ എടുത്ത തീരുമാന പ്രകാരം രൂപം കൊണ്ട കെ.പി.സി.സി യുടെ ആദ്യത്തെ സെക്രട്ടറിയായി മാധവന്‍ നായരെ തിരഞ്ഞെടുത്തതും ചരിത്രം.
1920ലെ നാഗ്പുര്‍ കോണ്‍ഗ്രസ് യോഗത്തിന്റെ തീരുമാനമനുസരിച്ച് മാഹാത്മാഗാന്ധിയുടെ നിർദ്ദേശപ്രകാരം ഭാഷാടിസ്ഥാനത്തില്‍ കേരള പ്രൊവിന്‍ഷ്യന്‍ കോണ്‍ഗ്രസ് കമ്മിറ്റി (കെ.പി.സി.സി.) ഇതാണ് പിന്നീട് കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയായി മാറുന്നത്.
പാലക്കാട്, കോഴിക്കോട്, തലശ്ശേരി, കൊച്ചി, തിരുവിതാംകൂര്‍ എന്നീ അഞ്ച് ജില്ലാ കമ്മിറ്റികളായിരുന്നു കെ.പി.സി.സി.ക്ക് ഉണ്ടായിരുന്നത്. ഒറ്റപ്പാലത്ത് 1921 ഏപ്രില്‍ 23മുതല്‍ ആരംഭിച്ച കെ.പി.സി.സി.യുടെ പ്രഥമസമ്മേളനത്തിൽ സജീവ സാന്നിധ്യമായിക്കൊണ്ട് മുഹമ്മദ് അബ്ദുൾ റഹ്മാൻ ദേശീയ പ്രസ്ഥാനത്തിൽ നിറഞ്ഞ് നിൽക്കാൻ ആരംഭിച്ചു.

ഇന്ത്യയിൽ ആദ്യമായി 1920 ലെ നാഗ്പൂർ സമ്മേളനം മുന്നോട്ട് വെച്ച അക്രമരഹിത സമരത്തിലൂടെ നിസ്സഹകരണം എന്ന സമര പ്രമേയത്തെ അംഗീകരിച്ചതും ഈ സമ്മേളനത്തിലായിരുന്നു.ഖിലാഫത്ത് പ്രസ്ഥാനവും നിസ്സഹകരണപ്രസ്ഥാനവും കേരളജനതയുടെ ആവേശമായി മാറിയ കാലം.അബ്ദുൾ റഹ്മാന്റെ പ്രവർത്തനഫലമായി മലബാറിൽ നിന്നും ദേശീയപ്രസ്ഥാനത്തിലേക്കു ചെറുകിട കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ഒഴുകിയെത്തി.
1923 ഡിസംബറിൽ മുഹമ്മദ് അബ്ദുറഹ്മാൻ സാഹിബ് മാനേജിംഗ് ഡയറക്റ്ററായും ടി. ഹസ്സൻ കോയ മുല്ല അടക്കം ആറുപേർ ഡയറക്ടർമാരായും പ്രസിദ്ധീകരണങ്ങൾ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ ‘അൽ അമീൻ’ കമ്പനി രജിസ്റ്റർ ചെയ്തു.അക്കാലത്തു വടക്കൻ കേരളത്തിൽ മാതൃഭൂമി ഒഴികെയുള്ള പത്രങ്ങൾ (കേരള പത്രിക, കേരള സഞ്ചാരി, മിതവാദിതുടങ്ങിയ മലയാള പത്രങ്ങളും വെസ്റ്റ് കോസ്റ്റ്, സ്പെക്ടെറ്റർ, വെസ്റ്റ് കോസ്റ്റ് റിഫോർമർ, ചാമ്പ്യൻ തുടങ്ങിയ ഇംഗ്ലീഷ് പത്രങ്ങളും) ദേശീയ പ്രസ്ഥാനത്തിന് എതിരായിരുന്നു.
കോൺഗ്രസ്റ്റ് നേതാക്കളുടെ പ്രസ്താവനകളും ലഘുലേഖകളും അടിച്ചു കൊടുക്കാൻ പോലും ഒരു പ്രസ്സും തയ്യാറായിരുന്നില്ല.ഈ സന്ദർഭത്തിലാണ് 1924 ഒക്ടോബർ 15ന് കോഴിക്കോട്ടെ രണ്ടാമത്തെ പത്രമായി ‘അൽ അമീൻ’ എന്ന ത്രൈദിന പത്രം പ്രസിദ്ധീകരണമാരംഭിക്കുന്നത്( 1931 മുതലാണ് ദിനപത്രമായി മാറിയത് ).മുഹമ്മദ് അബ്ദുൾ റഹ്മാൻ സാഹിബായിരുന്നു അൽ അമീൻ പത്രത്തിന്റെ എഡിറ്റർ.
ആദ്യ ജയിൽവാസം
1921 ഏപ്രിലില്‍ ഒറ്റപ്പാലത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച രാഷ്ട്രീയ സമ്മേളനത്തിലൂടെയാണ് മുഹമ്മദ് അബ്ദുറഹ്മാന്‍ കേരള രാഷ്ട്രീയത്തില്‍ സജീവമാകുന്നത്. ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനം മലബാറിൽ ശക്തമായതോടെ കോൺഗ്രസ് സമിതികളുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിനായി രൂപവത്ക്കരിക്കപ്പെട്ട ഖിലാഫത്ത് കമ്മിറ്റികൾ അബ്ദുൾ റഹ്മാൻ സാഹിബിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു
തുടര്‍ന്ന് അദ്ദേഹം കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തനം ശക്തമാക്കുകയും ഖിലാഫത്ത് കമ്മിറ്റിയുടെ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു. നാടിനെ ബ്രിട്ടീഷ് രാജില്‍ നിന്നു മോചിപ്പിക്കാനുള്ള പോരാട്ടത്തില്‍ ശക്തമായി പ്രവര്‍ത്തിച്ചു.ബ്രിട്ടിഷ് വിരുദ്ധ സമരത്തിൽ ഹിന്ദുക്കളെയും മുസ്ലിംങ്ങളെയും ഒന്നിപ്പിച്ച ഖിലാഫത്ത് പ്രസ്ഥാനം പിന്നീട് 1921 ലെ കലാപത്തിലേയ്ക്ക് നീങ്ങിയപ്പോൾ കലാപകാരികളെ അനുനയിപ്പിക്കാനുള്ള ദൗത്യം അദ്ദേഹം ഏറ്റെടുത്തു.

1921 ലെ മലബാർ കലാപത്തെ അനുകൂലിക്കുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസ്സിൽ ഭിന്നിപ്പുണ്ടായി.കാലാപ ബ്രിട്ടീഷ് പട്ടാളം നരനായാട്ടുനടത്തി. മലബാറിലൊന്നടങ്കം ദാരിദ്ര്യവും പട്ടിണിയും ക്ഷാമവും മാത്രം. കോണ്‍ഗ്രസ്, ഖിലാഫത്ത് നേതാക്കള്‍ക്കൊപ്പം നാടിന് തെല്ല് ആശ്വാസം പകരാന്‍ റഹ്മാന്‍ സാഹിബ് ഓടി നടന്നു.ഖിലാഫത്തും കോണ്‍ഗ്രസ്സും ദീനീവിരുദ്ധമെന്ന് ഫത്‌വയിറക്കിയ മതപുരോഹിതര്‍ക്കെതിരെ 1921 ജൂലൈ 24 ന് പൊന്നാനിയിലെ പാതാറിൽ സമ്മേളനം സംഘടിപ്പിച്ചു.
നാടിന്റെ ദയനീയാവസ്ഥയെക്കുറിച്ച് അദ്ദേഹം കളക്ടര്‍ക്കു കത്തെഴുതി. മലബാര്‍ കലാപത്തിന്റെ ഭീകരാവസ്ഥ വിവരിച്ച് ‘ഹിന്ദു’ പത്രത്തില്‍ അബ്ദുര്‍ഹ്മാന്‍ സാഹിബ് എഴുതിയ റിപ്പോര്‍ട്ട് തെറ്റിദ്ധരിപ്പിക്കുന്നതും വസ്തുതാ വിരുദ്ധവുമാണ് എന്ന് മുദ്രകുത്തി കലാപം തുടങ്ങി 2 മാസങ്ങൾക്കുശേഷം 1921, ഒക്ടോബറിൽ പട്ടാളനിയമം ലംഘിച്ചു എന്നപേരിൽ അദ്ദേഹത്തിനെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തു തടവിലാക്കി. രണ്ടു കൊല്ലത്തെ കഠിന തടവിനു ശിക്ഷിക്കപ്പെട്ടു അദ്ദേഹത്തെ ബെല്ലാരി ജയിലിലേക്കയച്ചു. ഇതായിരുന്നു പിന്നീട് തുടർക്കഥയായി മാറിയ അബ്ദുൾ റഹ്മാൻ സാഹിബിന്റെ ആദ്യ ജയിൽ വാസം.ജയിലിലും അദ്ദേഹം അടങ്ങിയിരുന്നില്ല. തടവുകാരെ സംഘടിപ്പിച്ച് പലവിധ സമരങ്ങള്‍ നടത്തി.അതിന്റെ ഭാഗമായി 23 ദിവസം നിരാഹാരം കിടന്നു .ഇതേ തുടർന്ന് തടവുകാരുടെ പല ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടു.

1923 ഓഗസ്റ്റ് 9 ന് അബ്ദു റഹ്മാൻ സാഹിബ് ജയില്‍ മോചിതനായി കോൺഗ്രസ്-ഖിലാഫത്ത് പ്രവർത്തനങ്ങളിൽ വീണ്ടും സജീവമായി.
ആ വർഷം (1923) ഡിസംബറില്‍ കാക്കിനാഡയിൽ ചേർന്ന കോണ്‍ഗ്രസ്സ് – ഖിലാഫത്ത് സമ്മേളനങ്ങള്‍ക്ക് ശേഷം അദ്ദേഹം ഉത്തരേന്ത്യയിലെ എല്ലാ സ്ഥലങ്ങളും സന്ദർശിച്ച് രാജ്യത്തെ പ്രധാന കോൺഗ്രസ് – ഖിലാഫത്ത് നേതാക്കളെയും സന്ദർശിച്ച് ദേശീയ പ്രസ്ഥാനത്തിന് വേണ്ടിയും മലബാറില്‍ ലഹളയ്ക്ക് ശേഷം പ്രയാസങ്ങളനുഭവിക്കുന്നവരെ സഹായിക്കുന്നതിനുമായുള്ള ആവശ്യകത അറിയിച്ചു.
1924 ഒക്ടോബർ 15ന് മഹാകവി വള്ളത്തോൾ നാരായണമേനോന്റ ആശംസയോടെ പുറത്തിറങ്ങിയ പ്രഥമ ലക്കത്തിന് ശേഷം അബ്ദു റഹ്മാൻ സാഹിബിന്റെ എഡിറ്റോറിയലിൽ പുറത്തിറക്കിയ ‘അൽ അമീൻ’ പത്രം ബ്രിട്ടീഷ് അധികാരികളെയും, അവരുടെ പാദസേവകരായ തദ്ദേശീയരെയും അല്‍ – അമീനിന്റെ നിശിത വിമര്‍ശനങ്ങള്‍ തെല്ലൊന്നുമല്ല പ്രകോപിപ്പിച്ചത്. മുസ്ലിം വര്‍ഗീയ പത്രമെന്ന് കോണ്‍ഗ്രസ്സിലെ സവര്‍ണ നേതാക്കളാല്‍ വിശേഷിപ്പിക്കപ്പെട്ട പത്രം ഏറ്റവും കൂടുതല്‍ എതിര്‍പ്പുകള്‍ ഏറ്റു വാങ്ങിയത് മുസ്ലിം പ്രമാണിമാരില്‍ നിന്നായിരുന്നു എന്നതാണ് ഏറെ രസകരം.
മതത്തെപ്പറ്റിയുള്ള കാഴ്ച്ചപ്പാടുകൾ…
മത മൂല്യങ്ങളാല്‍ പ്രചോദിതമായ ഒരു വ്യക്തിത്വമായിരുന്നു അത് പൊതുപ്രവർത്തനത്തിലായാലും മുഹമ്മദ് അബ്ദുൾ റഹ്മാന്‍ സാഹിബിന്റേത്. അദ്ദേഹത്തിനെ സംബന്ധിച്ചിടത്തോളം മതം എന്നത് എന്തെങ്കിലും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വേണ്ട ഉപകരണമോ, വ്യക്തിപരമായി നേട്ടമുണ്ടാക്കാൻ വേണ്ടിയതോ ആയിരുന്നില്ല. അത് ദൈവവും അബ്ദു റഹ്മാൻ എന്ന വ്യക്തിയും തമ്മിലുള്ള ഒരു സ്വകാര്യ ഇടപാടുകളോ ആയിരുന്നില്ല.ഏത് പ്രതികൂല സാഹചര്യത്തിലും നിര്‍വഹിക്കാന്‍ ബാധ്യസ്ഥമായ നീതിക്കു വേണ്ടിയുള്ള സാക്ഷ്യത്തിന്റെ നിര്‍വഹണമായിരുന്നു അദ്ദേഹത്തിന് മതം.
രണ്ടു കൊല്ലത്തെ കഠിന തടവിനു ശിക്ഷിക്കപ്പെട്ടു ബെല്ലാരി ജയിലിൽ കഴിയുന്ന കാലഘട്ടത്തിൽ തടവുകാരുടെ അവകാശങ്ങൾക്ക് വേണ്ടി തടവുകാരെ സംഘടിപ്പിച്ച് പലവിധ സമരങ്ങള്‍ നടത്തിയിരുന്നു.അതിന്റെ ഭാഗമായി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അദ്ദേഹം 23 ദിവസം ജയിനുകളിൽ നിരാഹാരം കിടന്നു .ഇതേ തുടർന്ന് തടവുകാരുടെ പല ആവശ്യങ്ങളും അംഗീകരിക്കപ്പെട്ടു.ആ ആവശ്യങ്ങളിലൊന്നായിരുന്നു എല്ലാ മുസ്ലീം തടവുകാർക്കും നമസ്‌കാരം നിര്‍വഹിക്കാന്‍ പാകത്തില്‍ ഫുള്‍ ട്രൗസര്‍ വേണം ജയില്‍ വേഷമായി അനുവദിക്കണം എന്നത്. അദ്ദേഹത്തിന്റെ നിരാഹാര സമരത്തിന്റെ ഫലമായി മറ്റ് ആവശ്യങ്ങൾക്കൊപ്പം അതും അനുവദിച്ച് നൽകുകയും ചെയ്തു.
“മുസൽമാനുമാത്രമായി സ്വാതന്ത്ര്യമില്ല, അവന് മാത്രമായി ദാരിദ്യമില്ല, പോരാട്ടം മനുഷ്യർക്ക് വേണ്ടിയാവണം .മുസൽമാന് വേണ്ടിയാവരുത് “
എന്ന് പല തവണ ആഹ്വാനം ചെയ്ത ആ മനുഷ്യന് പ്രധാനമായും മാറ്റിയെടുക്കാനുണ്ടാക്കുന്നത് 1921ലെ കലാപത്തിന്റെ ഫലമായി കഷ്ടപ്പാടും മര്‍ദനവും അനുഭവിച്ച മുസ്ലിം സമുദായത്തിന്റെ നിരാശയും ദേശീയ പ്രസ്ഥാനത്തത്തിനോട് അവർക്ക് തോന്നിയ അവിശ്വാസവുമായിരുന്നു.
ഹിന്ദു -മുസ്ലിം ഭിന്നിപ്പ് എന്ന കൊളോണിയൽ അജണ്ടയിൽ വീണ്ട വഴിതെറ്റലിന്റെ വക്കിലേക്ക് വഴുതി വീണു കൊണ്ടിരുന്ന ആ സമുദായത്തിലെ യുവാക്കന്മാരെയും ബഹുജനങ്ങളെയുമാണദ്ദേഹത്തിന് ദേശീയവാദികളാക്കാനുണ്ടായിരുന്നത്.അതിന് മുസ്ലിം സമുദായത്തിലെ പ്രമാണിമാരോടും അതിന് വേണ്ടി പുരോഹിതന്മാര്‍ പടച്ചുവിട്ട് പ്രചരിപ്പിച്ചിരുന്ന അന്ധവിശ്വാസങ്ങളോടുകൂടിയാണ് അദ്ദേഹത്തിന് അദ്ദേഹം പോരാടിയത്.

അദ്ദേഹത്തിന്റെ അവസാന പ്രസംഗത്തിൽ വരെ അദ്ദേഹം അതിന് വേണ്ടി ശബ്ദമുയർത്തി
“നിങ്ങളോട് പലരും പലതും പറഞ്ഞ് തെറ്റിദ്ധരിപ്പിക്കാന്‍ നോക്കും. അതൊന്നും നിങ്ങള്‍ ചെവിക്കൊള്ളരുത്.ഞാന്‍ പറയുന്നതു തന്നെയും നിങ്ങള്‍ കേള്‍ക്കണമെന്നില്ല. ദൈവ വചനമായ ഖുര്‍ ആനും നബി വചനവും മാത്രം നോക്കി നടക്കുക. അയല്‍വാസികളായ ഹിന്ദുക്കളോട് ഒരിക്കലും ശത്രുതയില്‍ വര്‍ത്തിക്കരുത്. അത് നമുക്ക് ദോഷമേ ചെയ്യൂ ”
( 1945 നവംബർ 23ന് കൊടിയത്തൂരിൽ നടത്തിയ അവസാന പ്രസംഗം.
ഉപ്പുസത്യാഗ്രഹത്തെ കുറിച്ച് 1930 ജൂലൈ 6 ന് അൽ അമീനിൽ എഴുതിയ സ്‌തോഭ ജനകമായ ആമുഖ ലേഖനത്തിന് – ‘ജിഹാദുല്‍ അക്ബര്‍ ‘ അറബി തലക്കെട്ടാണ് അദ്ദേഹം നല്‍കിയത്. അതിൽ അദ്ദേഹം ഇപ്രകാരം എഴുതി
”സ്വരാജ്യ സ്‌നേഹം സത്യവിശ്വാസത്തിന്റെ അംശമാണെങ്കില്‍, സ്വാതന്ത്ര്യ സന്ദേശത്തെ പ്രകീര്‍ത്തനം ചെയ്യുന്ന മതമാണ് ഇസ്‌ലാമെങ്കില്‍, മാതൃരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും മോക്ഷത്തിനും വേണ്ടി സര്‍വസ്വവും ബലി കഴിച്ചു കൊണ്ട് ദൈവമാര്‍ഗത്തില്‍ ജീവത്യാഗം ചെയ്യേണ്ടത് യഥാര്‍ഥ മുസ്ലിംങ്ങളുടെ കര്‍ത്തവ്യ കര്‍മ്മമത്രെ. അടിമത്തത്തെയും അന്യായമായ കയ്യേറ്റത്തേയും അടക്കിയമര്‍ത്തി, സ്വേച്ഛാപ്രഭുക്കളുടെ ദുരഹങ്കാര പ്രമത്തതയെ തട്ടിത്തകര്‍ത്ത്, ലോകത്തിന്റെ പുരോഗതിക്ക് വിഘാതമായി നിലകൊണ്ടിരുന്ന സിംഹാസനങ്ങളെ അവയുടെ മഹിമ പോലും നോക്കാതെ അടിച്ചുടച്ച്, ശാശ്വതമായ സമാധാനത്തെയും നിത്യമായ സൗഭാഗ്യത്തെയും ലോകത്ത് നിലനിര്‍ത്തിയ പൗരാണിക മുസല്‍മാന്മാരുടെ അനന്തരസന്താനങ്ങള്‍, ജീവകാരുണ്യവും കണ്ണില്‍ചോരയും കെട്ട വൈദേശിക ദുര്‍ഭൂതത്തിന്റെ മുമ്പില്‍ ജീവനുള്ളിടത്തോളം കാലം തലകുനിക്കില്ലെന്നുള്ളത് തീര്‍ച്ചയാണ്. നീതിയും ധര്‍മവും കൈവെടിഞ്ഞ ദുര്‍ഭരണ മേധാവികളോട് ധീരധീരം പൊരുതി, സത്യത്തിനു സാക്ഷ്യം വഹിച്ചു കൊണ്ട് രക്തസാക്ഷികളായി വീരസ്വര്‍ഗം പൂകിയ വീരയോദ്ധാക്കളുടെ പിന്‍ഗാമികളാണ് ഇന്നത്തെ മുസ്‌ലിംകളെങ്കില്‍ സ്വാതന്ത്ര്യത്തിനു വേണ്ടി സമാരംഭിച്ചിരിക്കുന്ന ഈ സമരാങ്കണത്തില്‍ അവര്‍ അണിനിരന്നു നില്‍ക്കട്ടെ. ധീരനായ ഖാലിദും പ്രഭാവശാലിയായ ഉമറും ഈ സ്വാതന്ത്ര്യസമരത്തില്‍ നമുക്ക് മാര്‍ഗദര്‍ശികളാകുന്നു”.

തന്റെ പത്രത്തിനെ വർഗ്ഗീയപത്രം എന്ന് വിളിച്ച് ആക്ഷേപിച്ചവരോട് മറുപടിയായി 1930 ജൂലൈ 29 ന് പ്രസിദ്ധീകരിച്ച അൽ അമീന്റെ മുഖപ്രസംഗത്തില്‍ ഇങ്ങനെ കാണാം: ‘ പരിഷ്‌കൃത ഭരണകൂടങ്ങള്‍ പൊതുജന ജിഹ്വകളായ വര്‍ത്തമാന പത്രങ്ങള്‍ക്ക് നല്‍കുന്ന സ്ഥാനത്തെപ്പറ്റി ഇവടത്തെ അധികൃതര്‍ക്ക് നിശ്ചയമുണ്ടോ എന്ന കാര്യം സംശയമാണ്. സത്യം തുറന്നുപറയുന്ന പത്രങ്ങള്‍ ഇവിടെ അല്‍പായുസ്സുകളാക്കപ്പെടുന്നു. ‘നിങ്ങള്‍ക്ക് ദോഷകരമായിത്തീരുമെങ്കില്‍ പോലും സത്യം പറയണം’ എന്നാണ് മുഹമ്മദ് നബി അനുശാസിച്ചിട്ടുള്ളത്. എന്നാല്‍, ഇന്നത്തെ പരിതസ്ഥിതിയില്‍ മലബാറില്‍ പ്രത്യേകിച്ചും, പ്രവാചകന്റെ വിശുദ്ധ വചനമനുസരിച്ച് പത്രം നടത്തിക്കൊണ്ടു പോവുക അസാധ്യമായിത്തോന്നും. അഭിപ്രായ പ്രകടനത്തില്‍ സത്യം ഒളിച്ചു വെക്കുന്നവന്‍ ചെകിടനായ ചെകുത്താനാണെന്ന് പ്രവാചക പ്രഭു അരുളിയിട്ടുണ്ട്. റസൂല്‍ തിരുമേനിയുടെ പ്രസ്തുത വചനം മനസ്സില്‍ ഉറപ്പിച്ചുകൊണ്ടു തന്നെയാണ് അല്‍ അമീന്‍ ഇന്നോളവും നിലനിന്നു പോന്നത്. പക്ഷെ, അമീനെ ചെകിടനായ ചെകുത്താനാക്കുവാനാണ് ചില തല്‍പ്പര കക്ഷികള്‍ ശ്രമിക്കുന്നതെന്ന് വിചാരിക്കേണ്ടിയിരിക്കുന്നു. ഇത്തരമൊരവസ്ഥ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാവുകയാണങ്കില്‍ ഭരണാധികാരികളുടെ ഏത് മൂര്‍ച്ചയേറിയ ആയുധത്തിനും സസന്തോഷം, സധൈര്യം കഴുത്തു കാണിച്ച് കൊടുക്കുകയല്ലാതെ ഒരൊറ്റ നിമിഷം കൂടുതല്‍ ജീവിക്കുവാന്‍ അല്‍ അമീന്‍ ആഗ്രഹിക്കുകയില്ല.”
പിന്നീട് ജയിൽ മോചിതനായി 1945ൽ നടത്തിയ മറ്റൊരു പ്രസംഗത്തിൽ ദ്വിരാഷ്ട്ര വാദത്തിനെതിരെ അദ്ദേഹം ഇപ്രകാരം പ്രസംഗിച്ചു.
”പാക്കിസ്ഥാനാകേണ്ടത് വടക്കു പടിഞ്ഞാറും വടക്ക് കിഴക്കും ഉള്ള മുസ്‌ലിം ഭൂരിപക്ഷ സംസ്ഥാനങ്ങളാണല്ലോ. അവര്‍ അത് സ്ഥാപിച്ച്, അവര്‍ക്ക് സ്വാതന്ത്യം കിട്ടി എന്ന് തന്നെ വരട്ടെ. മദിരാശിക്കാരായ, ഹിന്ദു ഭൂരിപക്ഷ സംസ്ഥാനത്തിലെ വെറും ഏഴ് ശതമാനം മാത്രം വരുന്ന ന്യൂനപക്ഷക്കാരായ നമുക്ക്, മുസ്ലിങ്ങള്‍ക്ക് അത് കൊണ്ട് കാര്യമെന്തുണ്ട്? നാം ഇവിടെ നിന്ന് അങ്ങോട്ട് കെട്ടുംകെട്ടി അങ്ങോട്ട് പോകാന്‍ തയ്യാറുണ്ടോ? അതില്ലെങ്കില്‍ ഏക ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന് എതിരു നിന്ന് ഭൂരിപക്ഷത്തിന്റെ അതൃപ്തി സമ്പാദിക്കുവാന്‍ മാത്രം നാം പാക്കിസ്ഥാന്‍ മുറവിളി കൂട്ടുന്നത് ശരിയാണോ? അയല്‍വാസിയുടെ വിദ്വേഷം സമ്പാദിച്ചു കൊണ്ട് ഇവിടെ ജീവിക്കുന്നത് സുഖകരമാണോ? മലബാറില്‍ മൂന്നിലൊരു ഭാഗം മുസ്ലിംകളാണ്. മലബാറിനെ ഒരു പാക്കിസ്ഥാനാക്കുക സാധ്യമാണോ? മൂന്നില്‍ രണ്ടു ഭാഗം ജനങ്ങളെ മൂന്നില്‍ ഒരു ഭാഗം അടക്കി ഭരിക്കുമെന്ന വാദം സ്വബാധമുള്ളവര്‍ കൊണ്ടുവരുമെന്ന് തോന്നുന്നില്ല”.
തന്റെ നിലപാടിൽ ഉറച്ചുനിന്ന അബ്ദു റഹ്മാൻ സാഹിബിന് കേരളത്തിലെ മുസ്ലിം വലിയൊരു വിഭാഗത്തെ കൊളോണിയൽ ബുദ്ധിയുടെ ഭിന്നിപ്പിച്ചു ഭരിക്കുക എന്ന അജണ്ടയിൽ വീഴാതെ ദേശീയധാരയിൽ നിലനിർത്തുവാൻ കഴിഞ്ഞു.അതോടൊപ്പം തന്നെ മുസ്ലിങ്ങൾക്കിടയിലെ അന്ധവിശ്വാസങ്ങളെയും അബ്ദു റഹ്മാൻ സാഹിബ് ശക്തിയുക്തം എതിർത്തു.
മലബാറിലെ ഉപ്പുസത്യാഗ്രഹത്തിൽ കൊടുങ്കാറ്റായി അബ്ദുറഹ്മാൻ…
മലബാർ കലാപകാലത്ത് പട്ടാളനിയമ ഓർഡിനൻസ് ഉപയോഗിച്ച് ബ്രിട്ടീഷ് അധികാരികൾ അബ്ദു റഹ്മാൻ സാഹിബിനെ അറസ്റ്റ് ചെയ്തു ജയിലിലടച്ചു. കൈകളിൽ ആമവും അരയിൽ ചങ്ങലയുമിട്ട് സാഹബിനെ അറസ്റ്റുചെയ്തുകൊണ്ടുപോകുന്ന കാഴ്ച, വികാരവായ്പോടെ കെ. മാധവൻനായർ വിവരിക്കുന്നുണ്ട്. അറസ്റ്റിലായ കേളപ്പനും മൊയ്തുമൗലവിയും കെ.വി. രാമൻമേനോനും മോഴിക്കുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടും ആ ധീരന്റെ വരവ് കണ്ടു. മിഠായിത്തെരുവിലൂടെ നടത്തിക്കൊണ്ടുപോയ സാഹബ് ഖിലാഫത്തുപ്പാപ്പ എന്നറിയപ്പെടുന്ന കരിമാടത്ത് മമ്മദ്ഹാജിയുടെ പുകയിലക്കടയുടെ മുമ്പിലെത്തിയപ്പോൾ പറഞ്ഞു, ഖിലാഫത്തുപ്പാപ്പ എനിക്കൊരഞ്ചു രൂപ വേണം. മമ്മദ്ഹാജി നിറകണ്ണുകളോടെ പത്തുരൂപ നീട്ടിക്കൊണ്ടു പറഞ്ഞു: ”അബ്ദുറഹ്മാനേ, ന്റെ ഖൽബല്ലേ നിനക്ക് തന്നത്.”
1921 ലെ മലബാര്‍ കലാപത്തിന് ശേഷം മുസ്ലീംങ്ങളെ ബ്രിട്ടീഷ് ഭരണകൂടം തെരഞ്ഞുപിടിച്ച് ആക്രമിച്ചപ്പോള്‍ അതിനെതിരെ പ്രതികരിക്കാനും പ്രശ്നത്തില്‍ ഗാന്ധിയെ ഇടപെടീക്കാനും കഴിഞ്ഞത് അബ്ദു റഹിമാന്‍ സാഹിബിന്‍റെ ശ്രമഫലമായിട്ടായിരുന്നു. എന്നിട്ടും അദ്ദേഹം കാഫിറാണെന്ന് മുസ്ലിം പ്രമാണിമാര്‍ ഹത് വ ഇറക്കി.1923 ആഗസ്റ്റിൽ സാഹിബ് ജയില്‍മോചിതനായി. അന്നു തന്നെ സമരബാധിത പ്രദേശങ്ങളിലേക്കു യാത്ര തിരിച്ചു. മലബാറിലെ പ്രശ്‌നങ്ങള്‍ ഗാന്ധിയുടെ ശ്രദ്ധയില്‍കൊണ്ടുവന്നു. ‘യങ് ഇന്ത്യയിലും’, ‘നവജീവനിലും’ ഗാന്ധിയുടെ സഹായാഭ്യര്‍ഥന വന്നതിന്റെ വന്നതിന്റെ അടിസ്ഥാനത്തില്‍ ദുരിതാശ്വാസ നിധിയിലേക്കു സഹായമൊഴുകിയെത്തി.
പൊന്നാനിയിൽ ഖിലാഫത്ത് പ്രവർത്തകരും പോലീസും തമ്മിലുണ്ടായ രക്തച്ചൊരിച്ചിൽ ഒഴിവാക്കിയത് അവർക്കിടയിൽ സിംഹത്തെപോലെ അദ്ദേഹം ഗർജിച്ചതുകൊണ്ടാണെന്ന് മാതൃഭൂമി എഴുതി.
മാതൃഭൂമിയുടെ താളുകളിൽ ഏറ്റവുമധികം പ്രത്യക്ഷപ്പെട്ട പേരുകളിലൊന്നാണ് മുഹമ്മദ് അബ്ദുൾ റഹ്മാൻ സാഹബ്. മലബാർ കലാപകാലത്ത് സമാധാനം പുനഃസ്ഥാപിക്കാൻ 24 പേർ തിരൂരങ്ങാടിയിലേക്ക് പുറപ്പെട്ടപ്പോൾ കേശവമേനോൻ, മൊയ്തുമൗലവി എന്നിവരോടൊപ്പം ആദ്യത്തെ ജസ്കവണ്ടിയിൽ കയറിയിരുന്നയാളാണ് അബ്ദുറഹ്മാൻ സാഹബ്. മലബാറിൽ കലാപത്തിനുശേഷം അബ്ദു റഹ്മാൻ സാഹബ് ഉത്തരേന്ത്യയിൽനിന്നുപോലും സഹായങ്ങൾ എത്തിച്ചു.

ഒരു നേതാവ് എങ്ങനെയാണു കര്‍മനിരതനായി പ്രവര്‍ത്തിക്കേണ്ടതെന്നു സാഹിബിന്റെ ഈ പ്രവര്‍ത്തനം തെളിയിക്കുന്നു. മുസ്ലിം സമുദായത്തെ പുരോഗതിയിലേക്കു നയിക്കുകയും ദേശീയ പ്രസ്ഥാനത്തോടു കണ്ണിചേര്‍ക്കുകയും ചെയ്യുകയെന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് അല്‍ അമീന്‍ എന്ന പത്രം ആരംഭിച്ചത്. ഒട്ടേറെ ത്യാഗപൂര്‍ണമായ പരിശ്രമങ്ങള്‍കൊണ്ട് പ്രതിബന്ധങ്ങള്‍ സഹിച്ച് ‘അല്‍ അമീന്‍’ പടവാളായി മാറി. ആദര്‍ശപത്രപ്രവര്‍ത്തനത്തിന്റെ ധാര്‍മികത സാഹിബ് വെളിവാക്കി. മലബാര്‍ കലാപത്തില്‍ ഏര്‍പെട്ട മുസ്ലിംങ്ങളെ നാടുകടത്താന്‍ ബ്രിട്ടിഷ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച ‘ആന്തമാന്‍ പദ്ധതി’ പരാജയപ്പെടുത്താനും ‘മാപ്പിള ഒബ്‌റേജസ് ആക്ടി’നെതിരേ നടത്തിയ ധീരോധാത്തമായ പോരാട്ടങ്ങളും വൈക്കം സത്യഗ്രഹസമരഭൂവില്‍ നടത്തിയ പോരാട്ടങ്ങളും വൈക്കം സത്യഗ്രഹസമരഭൂവില്‍ നടത്തിയ പോരാട്ടങ്ങളും സാഹിബിന്റെ ഉദാത്തമായ മനുഷ്യസ്‌നേഹത്തിന്റെ സ്പന്ദിക്കുന്ന ചരിത്രസത്യങ്ങളാണ്. ധീരദേശാഭിമാനി മുഹമ്മദ് അബ്ദുറഹ്മാന്‍സാഹിബിന്റെ ചരിത്രം എന്നും മതേതര കേരളത്തിന് ഉണര്‍ത്തുപാട്ടാണ്.
തന്റെ സമുദായത്തിന് പ്രബുദ്ധത പകരനാണ് അബ്ദുൾ റഹ്മാൻ അൽ അമീൻ പത്രം തുടങ്ങിയത്.അതിന്റെ ആദ്യ പ്രസ്താവന 1924 സെപ്റ്റംബർ 16 ന് മാതൃഭൂമി പ്രസിദ്ധീകരിച്ചു. കൊളോണിയൽ ഭരണകൂടത്തിനെതിരേ മാതൃഭൂമിക്കൊപ്പംനിന്ന പത്രമാണ് അൽ അമീൻ. ‘മാതൃഭൂമി’യുടെ സഹോദരനാണ് ഈ പത്രമെന്ന് തിരിച്ച് അബ്ദുൾ റഹ്മാൻ സാഹിബും പ്രഖ്യാപിച്ചു.
ആന്തമാന്‍ സ്‌കീം: ഔട്ട് റേജസ് ആക്ട്..
അല്‍ അമീനിന്റെ തിരക്കുകള്‍ക്കിടയില്‍ തന്നെ, 1921 ലെ കലാപത്തെ തുടര്‍ന്ന് പ്രതികാരമെന്ന നിലയില്‍ മാപ്പിളമാരെ ആന്തമാനിലെ നരകയാതനകളിലേക്ക് നാടുകടത്താനായി ഗവണ്‍മെന്റ് ആവിഷ്‌കരിച്ച ‘ആന്തമാന്‍ സ്‌കീമി’നെതിരില്‍ അദ്ദേഹം പൊരുതി. 1925 സെപ്തംബറില്‍ അമൃത്‌സറില്‍ നടന്ന സര്‍വകക്ഷി മുസ്ലിം സമ്മേളനത്തില്‍ സെമീന്ദാര്‍മാരുടെയും സര്‍ക്കാര്‍ അനുകൂല പ്രമാണിമാരുടെയും എതിര്‍പ്പുകളെ അതിജീവിച്ച് അന്തമാന്‍ സ്‌കീമിനെതിരായ പ്രമേയം പാസ്സാക്കിക്കാന്‍ സാഹിബിന് കഴിഞ്ഞു. മുസ്ലിംങ്ങളെ, പരമ്പരാഗത കുറ്റവാളി സമുദായമായിക്കണ്ട് അവരെ നിലക്ക് നിര്‍ത്താനായി ആവിഷ്‌കരിച്ച 1859 ലെ മാപ്പിള ഔട്ട്‌റേജസ് ആക്ട് എന്ന കാടന്‍ നിയമത്തിനെതിരിലും സാഹിബ് രംഗത്തു വന്നു. മാപ്പിളമാരുടെ പ്രധാന കേന്ദ്രങ്ങളില്‍ എം. എസ്. പിയെ കൊണ്ട് റോന്തുചുറ്റിക്കുക, പോലീസ് റിപ്പോര്‍ട്ടിനെ മാത്രം ആധാരമാക്കി ഏറനാട് – വള്ളുവനാട് താലൂക്കുകളിലെ മുസ്ലിംങ്ങള്‍ക്ക് നാടുകടത്തല്‍ വരെയുള്ള ശിക്ഷകള്‍ നല്‍കുക തുടങ്ങിയവ ആക്ടിന്റെ ഭാഗമായിരുന്നു. (പിന്നീട് അബ്ദുൾ റഹ്മാൻ സാഹിബിന്റെയും അനുയായികളുടെയും നിരന്തര പരിശ്രമത്തിന്റെ ഫലമായി 1937 ല്‍ സി.രാജഗോപാലാചാരി മുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് മന്ത്രിസഭ ഈ നിയമം നിര്‍ത്തലാക്കി)
1930 മെയ് 12ന് ഉപ്പ് ഗാന്ധിയിൽ നിന്നും ആവേശം കണ്ട് മലബാറും ഉപ്പ് സത്യാഗ്രഹത്തിൽ പങ്ക് ചേർന്നു.കേരളത്തിലെ ഉപ്പ് സത്യാഗ്രഹ കേന്ദ്രങ്ങൾ പയ്യന്നൂർ , ബേപ്പൂർ എന്നിവയായിരുന്നു. പയ്യന്നൂരിലെ ഉപ്പ് സത്യാഗ്രഹ നേതാവ് കേരള ഗാന്ധി എന്ന് പിൽക്കാലത്ത് അറിയപ്പെട്ട കെ. കേളപ്പനും ബേപ്പൂരിൽ ഉപ്പ് സത്യാഗ്രഹം നയിച്ചത് കേരളാ സുഭാഷ് ചന്ദ്ര ബോസ് എന്നറിയപ്പെട്ട
മുഹമ്മദ് അബ്ദു റഹ്മാൻ സാഹിബും ആയിരുന്നു. സൈമണ്‍ കമ്മീഷന്‍ വിരുദ്ധ സമരത്തിലും ഉപ്പു സത്യാഗ്രഹത്തിലും നേതൃനിരയിലായിരുന്നു അദ്ദേഹം. 1930 മെയ് 12 ന് കോഴിക്കോട് ഉപ്പു സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്ത അദ്ദേഹം പോലീസിന്റെ ക്രൂരമര്‍ദ്ദനത്തിനിരയായി.
1930മെയ് 12. ഉപ്പുസത്യാഗ്രഹജാഥ കോഴിക്കോട് കടപ്പുറത്ത് തിരകളുടെ ഗർജനവും മറികടന്ന് മുഴങ്ങുന്നു. പോലീസിന്റെ ലാത്തിയടിയിൽ ജനങ്ങൾ ചിതറുമ്പോഴും നേതാക്കൾ മുന്നാക്കം നടക്കുകയാണ്. ഏറ്റവും മുമ്പിൽ മുഹമ്മദ് അബ്ദു റഹ്മാൻ സാഹിബ്. തൊട്ടുപിന്നിൽ കെ. മാധവനായർ.
അവരുടെ ശരീരത്തിൽ ലാത്തികൾ വീണുകൊണ്ടിരുന്നു. മണൽത്തരികളിൽ അബ്ദു റഹ്മാൻ സാഹബിന്റെ രക്തംവീഴുന്നത് മാധവൻ നായർ കണ്ടു. തൂവെള്ള ഖദർവസ്ത്രം രക്തത്തിൽ കുതിർന്നു. എന്നിട്ടും അദ്ദേഹം മുന്നാക്കം നടക്കുകയാണ്. സത്യാഗ്രഹികൾ അതുകണ്ടു. ആയിരക്കണക്കിന് സത്യാഗ്രഹികൾ മുദ്രാവാക്യം വിളിച്ചു പിന്നാലെയെത്തി. നിർദയമായ ലാത്തികൾക്ക് അതു തടുക്കാനായില്ല. പാവനമായൊരു ധർമസമരത്തെ രക്തപങ്കിലമാക്കിയ നടപടികണ്ട് സഹിക്കാതെ എം.പി. ഭട്ടതിരിപ്പാട് (പ്രേംജി) പിറ്റേന്ന് എഴുതി.
”കേരളസിംഹമാം അബ്ദുറഹ്മാന്റെ
വീരകണ്ഠത്തിലും ലാത്തിചാർത്തിയതാർ
ആ മുഴു മുഠാള പോലീസ് സൂപ്രണ്ട്
ആ മൂസാഹബ്ബിന്റെ നാടാണു കേരളം”
ഉപ്പുസത്യാഗ്രഹസമരക്കാലത്ത് സാഹിബിനെ ജയിലിൽ കൊണ്ടുപോയപ്പോൾ കെ. മാധവൻനായർ മാതൃഭൂമിയിൽ എഴുതി. അബ്ദുൾ റഹിമാന്റെ സ്വരാജ്യസ്നേഹവും കേളപ്പന്റെ ധൈര്യവും കൃഷ്ണസ്വാമി അയ്യരുടെ സഹനവും ഉറങ്ങിക്കിടന്ന കേരളത്തെ ഉണർത്തി. ഭീരുക്കളെ ധീരന്മാരാക്കി, അലസന്മാരെ ഉത്സാഹമുള്ളവരാക്കി. മറ്റുള്ളവരെ ജയിൽമുക്തരാക്കിയപ്പോഴും അബ്ദുൾ റഹ്മാനെ വിട്ടയച്ചില്ല ബ്രിട്ടീഷുകാർ.
തുടര്‍ന്ന് കണ്ണൂര്‍, വെല്ലൂര്‍, രാജമന്ദ്രി, ബെല്ലാരി ജയിലുകളിലായി ഒമ്പത് മാസത്തെ തടവും ഡിസംബര്‍ 22 ന് മോചനവും. തുടര്‍ന്ന് കോണ്‍ഗ്രസ്സിനെ ജനകീയ പ്രസ്ഥാനമാക്കി മാറ്റാനായി ശ്രമം. ‘കോണ്‍ഗ്രസ്സിന്റെ ഉദ്ദേശ്യം ലഡുവും ജിലേബിയും ശാപ്പിട്ട് സുഖമായി വിശ്രമിക്കുകയാണെന്ന് വരുന്ന പക്ഷം ഇന്നുള്ളതിലധികം കോണ്‍ഗ്രസ്സില്‍ കണ്ടേക്കാം’ എന്ന് കെ. കേളപ്പന്‍ രാഷ്ട്രീയ സമ്മേളനത്തില്‍ പ്രസംഗിക്കുമാര്‍ സുഖാലസ്യത്തിലും അവധി ദിന പ്രവര്‍ത്തനങ്ങളില്‍ മാത്രം പരിമിതപ്പെട്ട് ഞായറാഴ്ച്ച കോങ്കറസ്സ് എന്ന് ഇരട്ടപ്പേര് വീഴുന്ന അവസ്ഥയിലുമായിരുന്ന മലബാറിലെ കോണ്‍ഗ്രസ്സിനെ ബഹുജനങ്ങളിലേക്കിറക്കിയതില്‍ അബ്ദു റഹിമാൻ സാഹിബിന്റെ പങ്ക് വളരെ വലുതാണ്.
കോഴിക്കോട് മുനിസിപ്പാലിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നു.
കോൺഗ്രസിൽ ഉണ്ടായ അഭിപ്രായ ഭിന്നതയെ തുടർന്ന്
ചെയർമാൻ സ്ഥാനത്ത് നിന്നും മാറി നിൽക്കുന്നു….
1930 ജൂൺ 25 മുതൽ ത്രൈദിനപത്രമായി പുറത്തിറങ്ങിയിരുന്ന ‘അൽ അമീൻ’ ദിനപത്രമായി. എന്നാൽ ആ വർഷം തന്നെ ആഗസ്റ്റ് 4ന് സർക്കാർ പുറത്തിറക്കിയ ഓർഡിനൻസ് പ്രകാരം 2000രൂപ കെട്ടിവെക്കാൻ ഗവൺമെന്റ് ഉത്തരവിറങ്ങിയെങ്കിലും ആ സമയത്ത് ജയിലിലായിരുന്ന അബ്ദു റഹ്മാൻ സാഹിബ് അന്യായമായ ആ കൽപ്പന അനുസരിക്കേണ്ടെന്നു സഹപ്രവർത്തകരെ അറിയിച്ചു. തുടർന്ന് പത്രം കണ്ടുകെട്ടി. നിരോധനം നീക്കി 1930 ന് നവംബർ 20ന് പ്രസിദ്ധീകരണം പുനരാരംഭിച്ച അൽ അമീൻ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വീണ്ടും ത്രൈദിന പത്രമാക്കി.
മലബാര്‍ ജില്ലയിലെ മുനിസിപ്പല്‍ – ലോക്കല്‍ ബോഡികളിൽ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനുള്ള കോണ്‍ഗ്രസ്സ് തീരുമാനത്തിന്റെ ഭാഗമായി 1931 ല്‍ കോഴിക്കോട് മുനിസിപ്പാലിറ്റിയിലേക്കുള്ള തെരെഞ്ഞെടുപ്പില്‍, പാര്‍ട്ടി മത്സരിക്കുകയും 32 ല്‍ 16 സീറ്റോടെ വിജയിക്കുകയും ചെയ്തു. വിജയത്തെ തുടര്‍ന്ന് ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസ്സിലുണ്ടായ രൂക്ഷമായ തര്‍ക്കത്തിൽ ചെയർമാൻ സ്ഥാനത്ത് നിന്ന് അദ്ദേഹം വിട്ടുനിന്നു.
മുസ്ലിം പ്രമാണിമാരുടെ സാമ്രാജ്യത്വ ദാസ്യത്തിനെതിരില്‍ കടുത്ത നിലപാടുകളെടുത്ത അദ്ദേഹം ,മുസ്ലിം താല്‍പര്യങ്ങളെ കോണ്‍ഗ്രസിനെക്കൊണ്ട് ഗീകരിപ്പിച്ച് മുഴുവൻ ജനതയെയും തങ്ങൾ പ്രതിനിധാനം ചെയ്യുന്നു എന്ന കോൺഗ്രസ്സിന്റെ അവകാശവാദത്തോട് നീതി പുലര്‍ത്താന്‍ സംഘടനയെ പ്രേരിപ്പിച്ചു. മലബാർ കലാപവുമായി ബന്ധപ്പെട്ട് കോൺഗ്രസ്സിലുള്ള വിശ്വാസം നഷ്ടപ്പെട്ട മലബാറിലെ മുസ്ലിം സമുദായത്തെ മൊത്തം കോൺഗ്രസിനൊപ്പം ദേശീയ പ്രസ്ഥാനത്തിൽ തിരിച്ചെത്തിക്കാനും ഇത് വഴി അദ്ദേഹത്തിനു കഴിഞ്ഞു.ഇതിനുദാഹരണമായിരുന്നു മുഹമ്മദ് അബ്ദു റഹ്മാൻ സാഹിബിന്റെ നേതൃത്വത്തിൽ കോഴിക്കോട് നടന്ന ഉപ്പ് സത്യാഗ്രഹം.ഇതിൽ മുസ്ലിം യുവാക്കളുടെ പ്രാതിനിധ്യം വളരെ വലുതായിരുന്നു എന്ന് മാത്രമല്ല മലബാർ കലാപവുമായി ബന്ധപ്പെട്ട് കോൺഗ്രസിന് നഷ്ടപ്പെട്ട വിശ്വാസ്യത തിരികെ കിട്ടുവാൻ ഇത് സഹായിച്ചു.
1930ല്‍ അണ്‍ ട്രെയിൻഡ് അധ്യാപകനായി കാപ്പില്‍ സ്കൂളില്‍ ജോലിക്കു കയറിയ കവി കമ്പളത്ത് ഗോവിന്ദന്‍ നായര്‍, മുഹമ്മദ് അബ്ദു റഹിമാന്‍ സാഹിബിനൊപ്പം ചേര്‍ന്ന് മലബാര്‍ ടീച്ചേഴ്സ് യൂണിയന് രൂപം നല്‍കി. അബ്ദുൾ റഹിമാന്‍ സാഹിബ് പ്രസിഡന്റും കമ്പളത്ത് വോവിന്ദൻ നായർ സെക്രട്ടറിയുമായാണ് ഏറനാട് താലൂക്ക് മലബാര്‍ ടീച്ചേഴ്സ് യൂണിയൻ നിലവില്‍ വരുന്നു.
1931 സെപ്റ്റംബര്‍ 19 ന് മലബാറിൽ അങ്ങോളം ഇങ്ങോളം കെ.പി.സി.സി യെ കൊണ്ട് ‘മാപ്പിളദിനം’ ആചരിപ്പിച്ചത് അദ്ദേഹമായിരുന്നു. താന്‍ കൂടി ഭാഗമായ സമൂഹത്തിന്റെ പ്രശ്‌നങ്ങളെ പൊതുമണ്ഡലത്തിലവതരിപ്പിക്കുന്നത് തന്റെ ദേശീയപ്രവര്‍ത്തകനെന്ന പ്രതിച്ഛായക്ക് കോട്ടം തട്ടിക്കുമെന്ന് കരുതി മൗനിയായിരിക്കുന്ന ഭീരുവോ മാപ്പുസാക്ഷിയോ ആയിരുന്നില്ല അദ്ദേഹം.
മലബാര്‍ ലഹളയുമായി ബന്ധപ്പെട്ട് വളരെക്കാലമായി കാരാഗൃഹത്തിലും ആന്തമാന്‍ ദ്വീപിലും മറ്റുമായി നരകിക്കുന്ന നമ്മുടെ സഹോദരന്മാരുടെ മോചനമാണ് മാപ്പിള ദിനത്തിന്റെ ഉദ്ദേശ്യമെന്ന് കോഴിക്കോട് താലുക്ക് കോണ്‍ഗ്രസ്സ് സെക്രട്ടറി, പി. കുമാരന്റെ പ്രസ്താവന സെപ്തംബര്‍ 4 ന്റെ ‘മാതൃഭൂമി’യില്‍ പ്രസിദ്ധീകരിച്ചു.
നോമ്പു കാലത്ത് ഏറനാട്ടിലെ മുസ്ലിം കേന്ദ്രങ്ങളില്‍ സ്‌പെഷ്യല്‍ പോലീസിനെ നിര്‍ത്തുന്നതിനെതിരെയും പിന്നീട് വാഗൺ ട്രാജഡി ദുരന്തത്തിനു കാരണക്കാരനായ അന്നത്തെ പോലിസ് സൂപ്രണ്ട് ഹിച്ച്കോക്കിന്റെ സ്മാരകം സ്മാരകം പൊളിക്കുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾ അബദുൾ റഹ്മാൻ സാഹിബ് നടത്തുന്നു.
മുസ്ലീം സമുദായത്തിനുള്ളില്‍ നിന്ന് വഹാബിയും കാഫിറുമെന്ന പ്രചാരണം, പുറത്തുനിന്ന് മുസ്ലിം വര്‍ഗ്ഗീയ വാദി എന്ന ആരോപണം. രണ്ട് വിരുദ്ധ പ്രചരണങ്ങളെ ഒരേ സമയം അഭിമുഖീകരിക്കേണ്ടി വന്നു അക്കാലയളവിൽ അബ്ദു റഹ്മാൻ സാഹിബിന്.
കേരളാ ഗാന്ധി കേളപ്പനുമായുള്ള അഭിപ്രായ ഭിന്നത രൂക്ഷമാകുന്നു.
മലബാർ കോൺഗ്രസ്സിൽ ഇടത് ചേരി ശക്തമാവുന്നു….
1931 മാര്‍ച്ച് 23 ന്ഭഗത്സിങ്, രാജ്ഗുരു, സുഖദേവ് എന്നിവരെ തൂക്കിക്കൊന്നതിനെതിരെ മലബാറില്‍ പ്രതിഷേധം അബ്ദുൾ റഹ്മാൻ സാഹിബിന്റെ നേതൃത്വത്തിൽ പ്രതിഷേധം അലയടിക്കുന്നു.
1931ആഗസ്ത് 22 ന് തലശ്ശേരിയില്‍ ദേശീയ മുസ്ലീങ്ങളുടെ സമ്മേളനത്തിൽ അബ്ദു റഹ്മാന്‍, മൊയ്തു മൗലവി തുടങ്ങിയവര്‍ പങ്കെടുക്കുന്നു.
1934
മെയ് മാസത്തിൽ മലബാറില്‍ കോണ്‍ഗ്രസ്സില്‍ ഇടതു-ഗാന്ധിയൻ വിഭാഗങ്ങൾ രൂപംകൊണ്ടു അബ്ദു റഹ്മാൻ സാഹിബ് .ഇ.എം.എസ്, പി. കൃഷ്ണപിള്ള തുടങ്ങിയ ചെറുപ്പക്കാരുടെ നേതൃത്വത്തിൽ കോൺഗ്രസിലെ ഇടത് ചേരി സജീവമായി.
1934 ഒക്ടോബർ മാസത്തിൽ കെ.പി.സി.സി. തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷവിഭാഗത്തിന് വിജയം. ഇ.എം.എസ്. നമ്പൂതിരിപ്പാടും സി.കെ. ഗോവിന്ദന്‍നായരും സെക്രട്ടറിമാരായി. പി. കൃഷ്ണപിള്ള കെ.പി.സി.സി.പ്രവര്‍ത്തക സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നു. ഇടതുപക്ഷ വിഭാഗത്തിന്റെ നീക്കത്തില്‍ പ്രതിഷേധിച്ച് കോങ്ങാട്ടില്‍ രാമന്‍മേനോന്‍ കെ.പി.സി.സി പ്രസിഡന്‍റ് സ്ഥാനം രാജിവച്ചു. എ.കെ.ജി. താത്ക്കാലികപ്രസിഡന്‍റായി.എന്നാൽ കെ. പി.സി.സി യിലേക്കുള്ള തെരെഞ്ഞെടുപ്പില്‍ അബ്ദുസ്സത്താര്‍ സേട്ടുവിനോടുള്ള മത്സരത്തില്‍ അബ്ദുൾ റഹ്മാൻ സാഹിബ് 322 വോട്ടുകള്‍ക്ക് തോൽക്കുന്നു.
1935 മെയ് മാസത്തിൽ കെ.പി.സി.സി. യിലെ ഇടത് പക്ഷക്കും ഗാന്ധിയൻ മാരുമായുള്ള സംഘര്‍ഷം രൂക്ഷമാകുന്നു. മെയ് 28ന് കോഴിക്കോട് നടന്ന സംസ്ഥാന രാഷ്ട്രീയസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ ആന്ധ്രാ സിംഹം എന്നറിയപ്പെടുന്ന തങ്കുതൂരി പ്രകാശം എന്ന ടി. പ്രകാശത്തിന്റെ മധ്യസ്ഥതയില്‍ രണ്ട് വിഭാഗത്തെയും ഒത്തുതീര്‍പ്പിലാക്കാന്‍ ശ്രമിച്ചു. ഇതനുസരിച്ച് ഇ.എം.എസ്. സെക്രട്ടറി സ്ഥാനം രാജിവെച്ചു. ഇതോടെ കോങ്ങാട്ടില്‍ രാമന്‍ മേനോന്‍ പ്രസിഡന്‍റും കോഴിപ്പുറത്ത് മാധവമേനോന്‍ സെക്രട്ടറിയുമായി. ഒത്തുതീര്‍പ്പിന് അധിക ആയുസ്സ് ഉണ്ടായിരുന്നില്ല.
1936ൽ മദ്രാസ് നിയമസഭയിലേക്കുള്ള സ്ഥാനാർത്ഥികളായി മലബാറില്‍നിന്ന് മുഹമ്മദ് അബ്ദു റഹ്മാൻ സാഹിബിനൊപ്പം കോങ്ങാട്ടില്‍ രാമന്‍മേനോന്‍, ആര്‍. രാഘവമേനോന്‍, എം.പി. ദാമോദരന്‍, പി. അച്യുതന്‍, പോത്തേരി മാധവന്‍, സി.കെ. ഗോവിന്ദന്‍നായര്‍, അമ്പലക്കാട്ടു കരുണാകരമേനോന്‍, ഇ. കണ്ണന്‍, എ.വി. കുട്ടിമാളുഅമ്മ എന്നിവരെ തിരഞ്ഞെടുത്തു. അസംബ്ലി തിരഞ്ഞെടുപ്പിനു മുമ്പ് നടന്ന ഡിസ്ട്രിക്ട് ബോര്‍ഡിലും നാലു മുനിസിപ്പല്‍ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് വിജയം. കെ. കേളപ്പന്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡന്‍റായി.
1937ൽ ഇന്ത്യാ ആക്ട് പ്രകാരം നടന്ന തെരെഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിലെ സവര്‍ണ – ജാതി ശക്തികളും അബ്ദുൾ റഹ്മാൻ സാഹിബിനെതിരെ കിട്ടിയ അവസരങ്ങളിലെല്ലാം പ്രചരണങ്ങള്‍ അഴിച്ചുവിട്ടിട്ടും കാഫിറാണെന്ന പ്രചരണത്തെയൊക്കെ അതിജീവിച്ച് അബ്ദുൾ റഹ്മാൻ സാഹിബ് വിജയിക്കുന്നു.

1937 ജൂലൈ – മദ്രാസില്‍ സി.രാജഗോപാലാചാരിയുടെ (രാജാജി ) നേതൃത്വത്തിൽ മന്ത്രിസഭയില്‍ മലബാറിനെ പ്രതിനിധീകരിച്ച് കോങ്ങാട്ടില്‍ രാമന്‍ മേനോന്‍ നിയമസഭയില്‍ മന്ത്രിയായി. നിയമസഭയിൽ അബ്ദുൾ റഹ്മാൻ സാഹിബ് അന്തമാന്‍ സ്‌കീം: ഔട്ട് റേജസ് ആക്ടിനെതിരെ ബിൽ അവതരിപ്പിക്കുകയും.രാജാജിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്സ് മന്ത്രിസഭ അന്തമാന്‍ സ്‌കീം: ഔട്ട് റേജസ് ആക്ട് നിര്‍ത്തലാക്കുകയും ചെയ്തു.ഈ കാലയളവിൽ കോണ്‍ഗ്രസ്സിലെ ഇടത് – ഗാന്ധിയൻ ചേരികള്‍ക്കിടയിലെ വിടവ് വര്‍ദ്ധിക്കുന്നു.
ആയിരത്തി തൊള്ളായിരത്തി മുപ്പതുകളുടെ അന്ത്യമായപ്പോഴേയ്‌ക്കും മലബാറിലെ കോണ്‍ഗ്രസ്സ് രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞിരുന്നു .അബ്‌ദുള്‍ റഹ്‌മാന്‍ സാഹിബിന്റെ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരുടെ ഇടതു ചേരിയും വിഭാഗം, ഗാന്ധിമാര്‍ഗ്ഗികളുടെ ഗാന്ധിയൻ ചേരിയും. ഏറെക്കുറെ തുല്യശക്തികളായിരുന്നു ഇരുവിഭാഗവും.ഇതില്‍ അബ്‌ദുറഹ്‌മാന്‍ സാഹിബിന്റെ നേതൃത്വത്തിലുള്ള ഇടത് ചേരി പിന്നീട് തിരഞ്ഞെടുപ്പിലൂടെ പരാജയപ്പെടുത്തി കെ.പി.സി.സിയുടെ നേതൃത്വം പിടിച്ചെടുത്ത് അബ്ദുൾ റഹ്മാൻ സാഹിബ് പ്രസിഡന്റാകുന്നതിലേക്ക് വരെയെത്തി കാര്യങ്ങൾ.
കെ.പി.സി.സി.യുടെ പ്രസിഡന്റാകുന്നു…
1938 ലെ ഹരിപുര കോൺഗ്രസ് സമ്മേളനത്തിൽ നേതാജി സുഭാഷ് ചന്ദ്ര ബോസ് കോൺഗ്രസ് പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെടുന്നു. ഹരിപുര സമ്മേളനതീരുമാനപ്രകാരം തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് രൂപംകൊണ്ടു. അതിനെതിരെ തിരുവിതാംകൂർ ദിവാന്‍ സര്‍.സി.പി. രാമസ്വാമിഅയ്യരുടെ അടിച്ചമര്‍ത്തലില്‍ മലബാറിലും പ്രതിഷേധം.
1938 ൽ കോൺഗ്രസിലെ ഇടത്- ഗാന്ധിയൻ വിഭാഗിയത മൂർച്ഛിക്കുന്നു.ഏറെക്കുറെ തുല്യശക്തികളായിരുന്ന ഗാന്ധിയൻ വിഭാഗവും അബ്‌ദുൾ റഹ്‌മാന്‍ സാഹിബിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റുകളും തമ്മിൽ കെ.പി.സി.സി യിലേക്ക് വാശിയേറിയ മത്സരം നടക്കുന്നു. ഗാന്ധിയൻ നേതൃത്വത്തെ പരാജയപ്പെടുത്തി ഇടത് ചേരി കെ.പി.സി.സി നേതൃത്വം പിടിച്ചെടുക്കുന്നു. അങ്ങനെ മുഹമ്മദ് അബ്‌ദുറഹ്‌മാന്‍ സാഹിബ് പ്രസിഡന്റും ഇം.എം.എസ് .തമ്പൂതിരിപ്പാട് സെക്രട്ടറിയും പി.നാരായൺ നായർ ഖജാൻജിയായും കെ.പി.സി.സി. പുന:സംഘടിപ്പിക്കപ്പെട്ടു.
മേൽത്തട്ടിൽ മാത്രമുണ്ടായിരുന്നകോണ്‍ഗ്രസ്സ് പ്രവര്‍ത്തനം ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിച്ചത് സാഹിബ് പ്രസിഡന്റായ ഇക്കാലത്താണ്.കർഷകർ, തൊഴിലാളികൾ, വിദ്യാർത്ഥികൾ, അദ്ധ്യാപകർ തുടങ്ങിയ വിഭാഗങ്ങളെ അണിനിരത്തിക്കൊണ്ട് കോൺഗ്രസ്സിനെ ഒരു ബഹുജനപ്രസ്ഥാനമാക്കി മാറ്റാൻ കെ.പി.സി.സി. പ്രസിഡന്റ് എന്ന നിലയ്ക്ക് അബ്ദു റഹ്മാൻ സാഹിബിന് സാധിച്ചു.
മലബാറിൽ കർഷക പ്രസ്ഥാനം ശക്തിപ്രാപിച്ചത് അബ്ദുൾ റഹ്മാൻ സാഹിബിന്റെ നേതൃത്വത്തിൽ കോൺഗ്രസിലെ ഇടതു ചേരി ശക്തമാകുന്ന അദ്ദേഹം കെ.പി.സി.സി പ്രസിഡന്റായ 1938 ന്റെ അവസാനത്തിലാണ്.ഇക്കാലയളവില്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രഡിഡണ്ടായിരുന്ന കേരള ഗാന്ധി കേളപ്പനുമായി അഭിപ്രായ വ്യത്യാസങ്ങൾ ശക്തമാകുന്നു.
കേരളാ ഗാന്ധി കെ.കേളപ്പനെ തോൽപ്പിച്ച് വീണ്ടും കെ.പി.സി.സി.യുടെ പ്രസിഡന്റാകുന്നു
കോൺഗ്രസിൽ ഇടത് – ഗാന്ധിയൻ ഗ്രൂപ്പ് രാഷ്‌ട്രീയത്തിന്റെ അഖിലേന്ത്യാടിസ്ഥാനത്തിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ കാറ്റ് സ്വാഭാവികമായി കേരളത്തിലും ആഞ്ഞ് വീശി. അഖിലേന്ത്യാതലത്തിൽ മഹാത്മാ ഗാന്ധിയും സുഭാഷ് ചന്ദ്ര ബോസും തമ്മിലായിരുന്നു ശീതയുദ്ധം എങ്കിൽ മലബാറിൽ കേരള ഗാന്ധി എന്നറിയപ്പെടുന്ന കെ. കേളപ്പനും പിൽക്കാലത്ത് കേരളാ സുഭാഷ് ചന്ദ്ര ബോസ് എന്നറിയപ്പെട്ട മുഹമ്മദ് അബ്ദു റഹ്മാൻ സാഹിബും തമ്മിലായിരുന്ന് അത്.

1939 ൽ ത്രിപുരി കോൺഗ്രസ് സമ്മേളത്തിലൂടെ തിരഞ്ഞെടുപ്പിലൂടെ മഹാത്മാഗാന്ധിയുടെ സ്ഥാനാർത്ഥിയെ തോൽപിച്ചു കോൺഗ്രസ് പ്രസിഡന്റായ വർഷം തന്നെ മലബാറിലും സംഘടനാ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരുന്നു. എന്നാൽ ഇടതുപക്ഷ ചിന്താഗതിക്കാർ മുൻകൂട്ടി തന്നെ മുഹമ്മദ് അബ്‌ദു റഹിമാൻ സാഹിബിനെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ചാലപ്പുറം ഗ്യാങ്ങെന്നും ഞായറാഴ്‌ച കോൺഗ്രസ്സെന്നും അറിയപ്പെടുന്ന വലതുപക്ഷ ഗാന്ധിയൻ ചിന്താഗതിക്കാർ മൗനം പൂണ്ടു. അങ്ങനെ മുഹമ്മദ് അബ്‌ദുറഹിമാൻ സാഹിബ് രണ്ടാം വട്ടം വീണ്ടും കെ.പി. സി.സിയുടെ പ്രസിഡന്റായി. സമരാവേശം ജനങ്ങളിലെത്തിക്കാനും പാർട്ടി പ്രചരണത്തിനുമായി പ്രസിഡന്റ് ഒരു മലബാർ പര്യടനത്തിന് തീരുമാനമെടുത്തു.
കോൺഗ്രസിലെ ഗാന്ധിയൻ നേതൃത്വത്തെ ശക്തമായി ‘അൽ അമീനി’ലൂടെയും നേരിട്ടും അബ്ദു റഹ്മാൻ സാഹിബ് വിമർശിക്കാൻ ആരംഭിച്ചു.ഇക്കാലയളവിൽ അൽ അമീനിൽ കോൺഗ്രസിലെ ഇടത് ചേരിയുടെ നേതാവായ സുഭാഷ് ചന്ദ്ര ബോസിനുകൂലമായ ലേഖനങ്ങളും മറ്റ് ഇടത് നേതാക്കളുടെ ലേഖനങ്ങളും തൊഴിലാളി – കർഷക – അധ്യാപക സംഘടനാ വാർത്തകളും കൃത്യമായി പ്രസിദ്ധീകരിച്ചിരുന്നു. 1939 മാർച്ച് 15 മുതൽ അൽ അമീൻ വീണ്ടും ദിനപത്രമായി പ്രസിദ്ധീകരിക്കാൻ തുടങ്ങി.

മഹാത്മഗാന്ധിയുമായിയുള്ള അഭിപ്രായ വ്യത്യാസം മൂലം ഒടുവിൽ സുഭാഷ് ചന്ദ്രബോസ് കോൺഗ്രസ് പ്രസിഡന്റ് പദവി ഒഴിയുന്നു.ബല്പൂരിലെ സമ്മേളനത്തിനു ശേഷം സുഭാഷ് ചന്ദ്ര ബോസ് കോൺഗ്രസ്സ് പ്രസിഡന്റുസ്ഥാനം രാജിവയ്ക്കുകയും ഫോർവേഡ് ബ്ലോക്ക് സ്ഥാപിക്കുകയും ചെയ്തു. 1939 മെയ് 3 ഫോർവേഡ് ബ്ലോക്ക് പാർട്ടി സുഭാഷ് ചന്ദ്ര ബോസ് പ്രഖ്യാപിക്കുന്നു.ഇന്ത്യയിലെ പുരോഗമന – ഇടത് പ്രസ്ഥാനങ്ങളെ ഏകോപിപ്പിക്കുവാനുള്ള ഉദ്ദേശത്തോടെ കോൺഗ്രസ്സിനുള്ളിലെ ഇടത്പക്ഷമായി ഫോർവേഡ് ബ്ലോക്ക് പ്രവർത്തിക്കാനരംഭിക്കുന്നു.
1939 ജൂൺ 22ന് ബോംബെയിൽ വച്ചാണ് ഫോർവേഡ് ബ്ലോക്കിന്റെ ഒന്നാം അഖിലേന്ത്യാ സമ്മേളനം നടന്നത്.അബ്ദു റഹ്മാൻ സാഹിബ് ഈ സമ്മേനത്തിൽ പങ്കെടുക്കുകയും ഫോർവേഡ് ബ്ലോക്കിന്റെ പ്രവർത്തക സമിതിയിൽ അംഗമാകുകയും ചെയ്യുന്നു.
1939 ൽ ഡിസ്ട്രിക്ട് ബോര്‍ഡിലേക്ക് മത്സരിച്ച അബ്ദു റഹ്മാൻ സാഹിബിനെതിരെ കേളപ്പന്റെ നേതൃത്വത്തിൽ ഗാന്ധി സേവാ സംഘം എന്ന പേരില്‍ ഇക്കൂട്ടര്‍, ‘യഥാര്‍ത്ഥ കോണ്‍ഗ്രസ്സുകാരന്‍ വോട്ടുചെയ്യുക’ എന്നൊരു ലഘുലേഖ അടിച്ചിറക്കി. അവരുടെ ദൃഷ്ടിയില്‍ വിപ്ലവ ഇടത് ചിന്താഗതിക്കാരനായ സുഭാഷ് ചന്ദ്ര ബോസ് അനുകൂലിയായ അബ്ദുൾ റഹിമാന്‍ യഥാര്‍ത്ഥ കോണ്‍ഗ്രസ്സുകാരനായിരുന്നില്ല. എന്തായാലും ആ തെരെഞ്ഞെടുപ്പില്‍ സാഹിബ് തോറ്റു.
വള്ളുവമ്പ്രത്തുണ്ടായിരുന്ന വാഗൺ ട്രാജഡിക്ക് കാരണക്കാരനായ ബ്രിട്ടീഷ് ഓഫീസർ ഹിച്ച് കോക്കിന്റെ പ്രതിമ സ്വാതന്ത്ര്യസമരസേനാനികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതായിരുന്നു. നാട്ടുകാരെ വേണ്ടുവോളം ദ്രോഹിച്ചിട്ടുള്ള ഹിച്ച് കോക്ക് എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥന്റെ പ്രതിമ നീക്കം ചെയ്യുക കോണ്‍ഗ്രസുകാരുടെ അഭിമാനത്തിന്റെ പ്രശ്‌നം കൂടിയായിരുന്നു.
‘ഹിച്ച് കോക്ക് സ്മാരകം
പൊളിക്കണം, നീക്കണം’
തുടങ്ങിയ ഈരടികള്‍ അക്കാലത്ത് വ്യാപകമായിരുന്നു.
ഫോർവേഡ് ബ്ലോക്ക് രൂപീകരിച്ച സുഭാഷ് ചന്ദ്ര ബോസ് ബ്രിട്ടീഷുകാരുടെ സ്മാരകങ്ങൾ എല്ലാം അടിച്ചുടയ്ക്കാൻ ആഹ്വാനം ചെയ്ത പ്രകാരം1939ല്‍ മലപ്പുറത്ത് മോങ്ങത്ത് അബ്ദുറഹ്മാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ ദേശാഭിമാനികള്‍ യോഗം ചേര്‍ന്ന് വള്ളുവമ്പ്രത്തേക്ക് പ്രകടനമായി നീങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍ പോലീസ് ലാത്തി വീശി പ്രകടനക്കാരെ തുരത്തി.
1939 സപ്തംബർ 3ന് മദ്രാസിലെ കടപ്പുറത്ത് ഫോർവേഡ് ബ്ലോക്കിന്റെ വൻ പൊതുയോഗത്തിൽ പ്രസംഗിക്കാൻ സുഭാഷ് ചന്ദ്ര ബോസ് എത്തുന്നു.ഈ യോഗത്തിൽ അബ്ദു റഹ്മാൻ സാഹിബും പങ്കെടുക്കുന്നു. യോഗത്തിൽ പ്രസംഗിച്ചുകൊണ്ടിരിക്കെയായിരുന്നു ബ്രിട്ടനും ജർമനിയും തമ്മിൽ യുദ്ധമാരംഭിച്ച കാര്യം സുഭാഷ് ചന്ദ്ര ബോസ് അറിയുന്നത്. അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു: ‘ഇന്ത്യയുടെ സുവർണാവസരം സമാഗതമായിരിക്കുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടി അധീശശക്തിയുടെ നേർക്ക് നാം ഉടനെ ആഞ്ഞടിക്കണം’.

മലബാറിൽ തിരിച്ചെത്തിയ അബ്ദു റഹ്മാൻ സാഹിബ് അൽ അമീനിലുലെ രണ്ടാം ലോകമഹാ യുദ്ധത്തിൽ ബ്രിട്ടനോട് നിസ്സഹകരിച്ചു നിയമലംഘനത്തിനും സ്വാതന്ത്ര സമരത്തിനും ആക്കം കൂട്ടാൻ ആഹ്വാനം ചെയ്തു. “കോൺഗ്രസ്സും യുദ്ധവും ” എന്ന പേരിൽ ബ്രിട്ടനെതിരെ മുഖപ്രസംഗം പ്രസിദ്ധീകരിച്ചതിനെ തുടർന്ന് 1939 സെപ്റ്റംബർ 29 സർക്കാർ ‘അൽ അമീൻ’ വീണ്ടും നിരോധിച്ചു.
1940 ൽ വീണ്ടും കോൺഗ്രസ്സിൽ സംഘടനാ തിരഞ്ഞെടുപ്പ്. ഇത്തവണ അബ്ദു റഹ്മാൻ സാഹിനെ പ്രസിഡന്റ് ആക്കില്ല എന്ന ദൃഢനിശ്ചയത്തിൽ പ്രവർത്തിക്കാനാരംഭിക്കുന്നു. ഇടത് ചേരി അബ്ദു റഹ്മാൻ സാഹിബിനെ പ്രസിഡൻറ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുന്നു. എന്നാൽ ഇത്തവണ യാതൊരു വിട്ട് വീഴ്ച്ചക്കും തയ്യാറാകാതിരുന്ന ഗാന്ധിയൻമാർ സാഹിബിനെതിരെ ഏറ്റവും ശക്തനായ സ്ഥാനാർത്ഥിയെ തന്നെ നിർത്തുന്നു. സാക്ഷാൽ കെ. കേളപ്പൻ അബ്ദുൾ റഹ്മാനെതിരെ സ്ഥാനാർത്ഥിയാവുന്നു. വാശിയേറിയ തിരഞ്ഞെടുപ്പ് നടക്കുന്നു. കേരളാ ഗാന്ധി കെ.കേളപ്പനെ തോൽപിച്ച് അബ്ദു റഹ്മാൻ സാഹിബ് മൂന്നാം തവണ കോൺഗ്രസ് പ്രസിഡന്റാകുന്നു.
അബ്ദു റഹ്മാൻ സാഹിബ് അറസ്റ്റ് ചെയ്യപ്പെടുന്നു…
രണ്ടാം ലോകമഹായുദ്ധത്തിലേക്ക് ഇന്ത്യയുടെ സമ്മതമില്ലാതെ ഭാഗഭാക്കാക്കിയതിന് ബ്രിട്ടനെതിരെയുള്ള പ്രക്ഷോഭം നേതാജിയുടെ നേതൃത്വത്തിൽ ശക്തമാക്കുന്നു. സുഭാഷ് ചന്ദ്ര ബോസും ഫോർവേഡ് ബ്ലോക്ക് നേതാക്കളും തങ്ങളുടെ പ്രതിഷേധം ബ്രിട്ടനെ നേരിട്ടറിയിച്ചു. മുസ്ലിം ലീഗ് യുദ്ധത്തെ പിന്തുണച്ചെങ്കിലും, കോൺഗ്രസ്സ് ആദ്യം അതിനു തയ്യാറായില്ല.
എന്നാൽ കോൺഗ്രസ്സിന്റെ വാർദ്ധാ സമ്മേളനത്തിൽവെച്ച് യുദ്ധത്തിൽ ബ്രിട്ടനോടൊപ്പം പങ്കുചേരാൻ കോൺഗ്രസ്സ് സമ്മതിച്ചു.സുഭാഷ് ചന്ദ്രബോസും അബ്ദു റഹ്മാൻ സാഹിബും അടക്കമുള്ള നേതാക്കൾ യുദ്ധം സാമ്രാജ്യത്വത്തിന്റെ ഭാഗമാണെന്നു പറഞ്ഞ് യുദ്ധത്തിൽ ചേരാൻ വിസമ്മതിച്ച് ബ്രിട്ടനെതിരെ യുദ്ധവിരുദ്ധ പ്രേക്ഷോഭങ്ങൾ ആരംഭിച്ചു.ബ്രിട്ടനെ ഇന്ത്യയുടെ മണ്ണിൽ നിന്നും പുറത്താക്കാൻ ഇതൊരു സുവർണ്ണാവസരമാണെന്നതായിരുന്നു സുഭാഷ് ചന്ദ്രബോസിന്റെയും ഫോർവേഡ് ബ്ലോക്കിന്റെയും നിലപാട്.
മലബാറിൽ യുദ്ധവിരുദ്ധപ്രവർത്തനവും തീക്ഷ്ണമായ സമരത്തിനുവേണ്ടിയുള്ള പ്രചാരണത്തിന്റെ നേതൃത്വം ഫോർവേഡ് ബ്ലോക്ക് പ്രസിഡൻറായ അബ്ദു റഹ്മാൻ സാഹിബിന്റെ നേതൃത്വത്തിൽ നടക്കുന്നു. ഈ അവസരത്തിൽ കേരളത്തിലെ കമ്മ്യൂണിസ്റ്റുകളുടെ പിന്തുണയും അബ്ദുൾ റഹ്മാൻ സാഹിബിനും ഫോർവേഡ് ബ്ലോക്കിനുമുണ്ടായിരുന്നു.(രണ്ടാം ലോകയുദ്ധത്തിന്റെ രണ്ടാം ഘട്ടത്തിൽ അനാക്രമണ സന്ധി ലംഘിച്ച് ജർമ്മനി സോവിയറ്റ് യൂണിയനെ ആക്രമിച്ചപ്പോൾ കമ്മ്യുണിസ്റ്റുകൾ ഫോർവേഡ് ബ്ലോക്കിനെതിരെ നിന്നതും പിൽക്കാല ചരിത്രം)
1940ൽ ബീഹാറിലെ രാംഖറിൽവച്ച് നടന്ന ഫോർവേഡ് ബ്ലോക്കും കിസാൻ സഭയിലെ അംഗങ്ങളും ‘അഖിലേന്ത്യാ അനുരഞ്ജന വിരുദ്ധ സമ്മേളനത്തിന് ശേഷം ബ്രിട്ടീഷുകാർ ഫോർവേഡ് ബ്ലോക്ക് പ്രവർത്തകരെ വേട്ടയാടാൻ തുടങ്ങി. 1940 ജൂണിൽ സുഭാഷ് ചന്ദ്ര ബോസ് നാഗ്പൂരിൽ ഫോർവേഡ് ബ്ലോക്കിന്റെ രണ്ടാം സമ്മേളനം സംഘടിപ്പിച്ചു. ‘എല്ലാ അധികാരങ്ങളും ഇന്ത്യൻ ജനതയിലേക്ക്’ എന്ന മുദ്രാവാക്യമുയർത്തി ബ്രിട്ടനെതിരെ പോരാടാൻ അദ്ദേഹം വീണ്ടും ആഹ്വാനം ചെയ്തു.

ഫോർവേഡ് ബ്ലോക്കിന്റെ രണ്ടാം സമ്മേളനത്തിന് ശേഷം മലബാറിൽ അബ്ദു റഹ്മാൻ സാഹിബിന്റെ നേത്യത്വത്തിൽ ഫോർവേഡ് ബ്ലോക്ക് പ്രവർത്തനങ്ങൾ ശക്തമായി. അപകടം മണത്ത ബ്രിട്ടീഷുകാർ സുഭാഷ് ചന്ദ്ര ബോസിനെ അറസ്റ്റ് ചെയ്ത ശേഷം അദ്ദേഹത്തിന് മേൽ ചാർത്തിയ ബ്രിട്ടീഷ് സർക്കാറിനെതിരെ കലാപത്തിന് ആഹ്വാനം ചെയ്തു എന്ന പേരിൽ രാജ്യ രക്ഷാ നിയമം 26 വകുപ്പ് പ്രകാരം 1940 ജൂലൈ 2 ന് അബ്ദു റഹ്മാൻ സാഹിബും അറസ്റ്റ് ചെയ്യപ്പെടുന്നു. ഫോർവേഡ് ബ്ലോക്ക് ഇന്ത്യയിൽ നിരോധിക്കപ്പെട്ടു. പിന്നീട് 5 വർഷം വെല്ലൂര്‍, ബെല്ലാരി, രാജമന്ദ്രി ജയിലുകളിൽ മാറി മാറി ഫോർവേഡ് ബ്ലോക്ക് സ്ഥാപക പ്രസിഡന്റ് തടവിലാക്കപ്പെടുന്നു.
നേതാജിയുടെ തിരോധാനത്തിന് ശേഷം മാത്രം അബ്ദുൾ റഹ്മാൻ സാഹിബിനെ
ബ്രിട്ടീഷ് സർക്കാർ ജയിൽ മോചിതനാക്കുന്നു
സന്ധിയില്ലാത്ത സമരമായിരുന്നു സുഭാഷ്ചന്ദ്ര ബോസിന്റ രീതി. അതിനദ്ദേഹം കെട്ടിപ്പടുത്തതാണ് ഫോർവേഡ് ബ്ലോക്ക്. ഫോർവേഡ് ബ്ലോക്ക് രാജ്യമെങ്ങും സജീവമാകാൻ തുടങ്ങി.മലബാറിൽ അബ്ദു റഹ്മാൻ സാഹിബ് ഫോർവേഡ് ബ്ലോക്കിന്റെ യുദ്ധവിരുദ്ധ പ്രചരണാർത്ഥം ഓടി നടന്നു പ്രസംഗിച്ചു.1939 ൽ അദ്ദേഹം കെ.പി.സി.സി പ്രസിഡന്റായിരിക്കെ അന്ന് ദേശീയ പ്രസിഡന്റായിരുന്ന സുഭാഷ് ചന്ദ്ര ബോസിന്റെ കേരള പര്യടനം നടത്താൻ തീരുമാനിച്ചിരുന്നു. നിർഭാഗ്യവശാൽ അത് നടന്നിരുന്നില്ല.എന്നാൽ അബ്ദു റഹ്മാൻ സാഹിബ് ഫോർവേഡ് ബ്ലോക്കിന്റെ പ്രചരണാർത്ഥം മുടങ്ങിപ്പോയ ആ പരിപാടി വീണ്ടും സംഘടിപ്പിക്കാൻ തീരുമാനിക്കുന്നു.
സുഭാഷ് ചന്ദ്ര ബോസിന്റെയും ബംഗാളിൽ നിന്നുള്ള നേതാവ് ഹേമന്ദ് ബസുവിന്റെയും അബ്ദുൾ റഹ്മാൻ സാഹിബിന്റെയും ദക്ഷിണേന്ത്യൻ നേതാജി പശുംപൊൻ മുത്തുരാമലിംഗ തേവേരുടെയും നേതൃത്വത്തിൽ ഇന്ത്യയൊട്ടാകെ നടക്കുന്ന പ്രവർത്തനങ്ങളെ ബ്രിട്ടീഷ് സർക്കാർ ഭയപ്പെട്ടു.1940 ജൂലായ് 2ന് സുഭാഷ് ചന്ദ്ര ബോസിനെ അറസ്റ്റ് ചെയ്ത് ജയിലാക്കുന്നു .അതേ ദിവസം ദിവസം 1940 ജൂലൈ 2 ന് തന്നെ രാജ്യരക്ഷാ നിയമം 26-ാവകുപ്പുപ്രകാരം ഫോർവേഡ് ബ്ലോക്ക് കേരള ഘടകം പ്രസിഡന്റ് അബ്ദുൾ റഹ്മാൻ സാഹിബും അറസ്റ്റ് ചെയ്യപ്പെട്ടു. മുത്ത് രാമലിംഗ തേവരെ അറസ്റ്റ് ചെയ്ത് തിരുച്ചിറപ്പള്ളി സെൻട്രൽ ജയിലിൽ അടയ്ക്കുന്നു.കോൺഗ്രസിനെക്കാൾ തങ്ങൾക്ക് തലവേദനയായ ഫോർവേഡ് ബ്ലോക്കിനെ ബ്രിട്ടീഷ് സർക്കാർ നിരോധിച്ചു.

അറസ്റ്റിലാക്കപ്പെട്ട സുഭാഷ് ചന്ദ്ര ബോസ് ജയിലിൽ നിരാഹാരസമരം ആരംഭിച്ചു. ജലപാനമില്ലാതെ ജയിലിൽ കിടന്ന് സുഭാഷ് മരിച്ചാലുള്ള അപകടമോർത്ത് അദ്ദേഹത്തെ ജയിലിൽ നിന്നും കൽക്കട്ടയിലെ വസതിയിലേക്ക് മാറ്റി കടുത്ത പോലീസ് നിരീക്ഷണത്തിൽ വീട്ടുതടങ്കലിൽ വെയ്ക്കുന്നു.1941 ജനുവരി 19 ന് തന്റെ അനന്തരവനായ ശിശിർ .കെ ബോസിനോടൊപ്പം കണ്ണ് വെട്ടിച്ച് നിരീക്ഷകരുടെ കണ്ണു വെട്ടിച്ച് സുഭാഷ് ഐതിഹാസികമായി രക്ഷപ്പെട്ട് ഇന്ത്യൻ നാഷണൽ ആർമിയുടെ (ഐ.എൻ.എ) നേതൃത്വം ഏറ്റെടുക്ക് സ്വതന്ത്ര ഭാരത സർക്കാർ (ആസാദ് ഹിന്ദ് ) ബ്രിട്ടീഷ് സർക്കാരിനെതിരെ യുദ്ധം പ്രഖാപിക്കുന്നു.
സുഭാഷ് ചന്ദ്ര ബോസുമായുള്ള ബന്ധവും ഫോർവേഡ് ബ്ലോക്ക് കേരള ഘടകത്തിന്റെ പ്രസിഡന്റ് എന്ന നിലയിൽ ആ സമയം അബ്ദു റഹ്മാൻ സാഹിബിനെ മോചിപ്പിക്കാൻ ബ്രിട്ടീഷ് സർക്കാർ തയാറാവുന്നില്ല. മഹാത്മാഗാന്ധി പോലും ജയിലിന് പുറത്തായിരുന്നു ആ സമയം എന്നോർക്കണം. ഫോർവേഡ് ബ്ലോക്കിനെയും അബ്ദു റഹ്മാൻ സാഹിബടക്കമുള്ള നേതാക്കളെയും ആ സമയം ബ്രിട്ടൻ എത്രത്തോളം ഭയപ്പെട്ടിരുന്നു എന്നതിന്റെ മാത്രം ഉദാഹരണമായിരുന്നു അത്.ക്വിറ്റ് ഇന്ത്യാ സമരത്തിൽ അറസ്റ്റ് ചെയ്തവരെ വരെ വിട്ടയച്ചിട്ടും.അബ്ദു റഹ്മാൻ സാഹിബിനെയും മുത്ത് രാമലിംഗ തേവരെയും ഹേമന്ദ ബസുവിനെയും ഒന്നും വിട്ടയക്കാൻ ബ്രിട്ടീഷ് സർക്കാർ തയ്യാറായില്ല. ഐ.എൻ.എയുടെ പടനീക്കത്തിനൊപ്പം ഇന്ത്യക്കകത്ത് നിന്നും ബ്രിട്ടീഷ് സർക്കാറിനെതിരെ ഒരു ബഹുജന പ്രക്ഷോഭം ഉണ്ടായാൽ വരാൻ പോകുന്ന അവസ്ഥയെ ഓർത്തുള്ള മുൻകരുതലിന്റെ ഭാഗമായിരുന്നു ഇത്.
അങ്ങനെ പിൽക്കാലത്ത് ക്വിറ്റ് ഇന്ത്യാ സമരത്തിൽ അറസ്റ്റ് ചെയ്യവട്ടവരെ അടക്കം പലരെയും ജയിൽ മോചിതരാക്കിയെങ്കിലും അബ്ദുൾ റഹിമാനെ വിട്ടയച്ചില്ല. മഹാത്മാ ഗാന്ധിയും പണ്ഡിറ്റ് ജവഹർലാൽ നെഹ്രുവും അടക്കം ജയിൽ മോചിതരായി കഴിയുന്ന സമയത്ത് ഒരു കാരണവും കൂടാതെ അബ്ദു റഹ്മാനെ അനന്തമായി ജയിലിൽ ഇട്ടിരിക്കുന്നതിനെതിരെ 1945 ന് മാതൃഭൂമിയുടെ വീറുറ്റ മുഖപ്രസംഗം എഴുതി.അതിന്റെ തലക്കെട്ട് “മി. മുഹമ്മദ് അബ്ദുറഹിമാൻ ” എന്നുമാത്രമായിരുന്നു. ആ സിംഹത്തെ തടയാനാവില്ലെന്ന് അധികാരികൾക്ക് ആ മുഖപ്രസംഗത്തിലൂടെ മാതൃഭൂമി മുന്നറിയിപ്പ് നൽകി . ഈ ജയിൽവാസത്തെ പിന്നീട് ദേശീയപ്രശ്നമായി മാറ്റിയ മാതൃഭൂമി അക്കാലത്ത് മാതൃഭൂമിയുടെ പിന്തുണയോടെ സാഹിബിന്റെ മോചനത്തിനായി നടത്തിയ അബ്ദു റഹിമാൻ ദിനാചരണത്തിൽ പതിനായിരങ്ങളാണ് അണിചേർന്നത്.
രണ്ടാം ലോകയുദ്ധത്തിൽ ജപ്പാന്റെ കീഴങ്ങലിനും 1945 ആഗസ്റ്റ് 18ന് സുഭാഷ് ചന്ദ്ര ബോസിന്റെ തിരോധാനത്തിനും ശേഷം 1945 സെപ്തംബർ 6 ന് വെല്ലൂര്‍, ബെല്ലാരി, രാജമന്ദ്രി ജയിലുകളിലെ 5 വർഷത്തെ ജയിൽവാസത്തിനുശേഷം മോചിതനായ അദ്ദേത്തിന് അഭിമുഖീകരിക്കേണ്ടിവന്നത് മലബാറിലെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളെയായിരുന്നു. ഫോർവേഡ് ബ്ലോക്കിന് മേലുള്ള നിരോധനം ബ്രിട്ടീഷ് സർക്കാർ അപ്പോഴും നീക്കിയിരുന്നില്ല.
“അബ്ദുറഹ്മാന്റെ തലയെടുക്കുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നു. എന്റെ തല ഇവര്‍ വിചാരിച്ചാല്‍ എടുക്കാന്‍ കഴിയുകയില്ല” -നേതാജിയുടെ തിരോദ്ധാനത്തിന് ശേഷം ജയിൽ മോചിതനായ അബ്ദുൾ റഹ്മാൻ സാഹിബ് വിഭജനവാദത്തിനെതിരെ കൊടുങ്കാറ്റാവുന്നു.
1945 സെപ്തംബര്‍ 4 ന് രണ്ടാം ലോകയുദ്ധത്തിൽ ജപ്പാന്റെ പതനത്തിനും നേതാജി സുഭാഷ് ചന്ദബോസിന്റെ തിരോത്ഥാനത്തിന് ശേഷം സാഹിബ് മോചിതനായി. വര്‍ഷങ്ങള്‍ നീണ്ട തടവുശിക്ഷ കഴിഞ്ഞ് അദ്ദേഹം പുറത്തു വന്നപ്പോള്‍ ഇവിടെ ദ്വിരാഷ്‌ട്രവാദം ശക്തിപ്പെട്ടു കഴിഞ്ഞിരുന്നു. പിന്നീട് ആ രാഷ്ട്രിയ സാഹചര്യത്തിനെതിരെയുള്ള പോരാട്ടമായിരുന്നു ജയിൽ മോചിതനായ സാഹിബിന് പിന്നീടുള്ള ഓരോ ദിവസവും.
ഇന്ത്യയില്‍ നിന്നുമാറി ഒരു മാപ്പിളസ്ഥാന്‍ എന്ന മട്ടില്‍ മലബാറിലെ മുസ്ലീങ്ങളില്‍ ഒരു വിഭാഗത്തിനിടയിലും വിഭജനബോധം കടന്നു വന്നു കഴിഞ്ഞിരുന്നു. മോചിതനായി മരണംവരെയുള്ള ദിവസങ്ങളിൽ ഒരു കൊടുങ്കാറ്റായി ആ വിധ്വംസക മനോഭാവത്തിനെതിരെയായിരുന്നു അബ്‌ദുൾ റഹ്‌മാന്‍ സാഹിബിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനം. ആ മട്ടില്‍ വിഭജന മനോഭാവത്തിനെതിരെയുള്ള ഉദ്‌ബോധനമായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ പ്രസംഗം പോലും.
അഞ്ച് വർഷത്തെ ജയിൽവാസത്തിനുശേഷം മോചിതനായ അബ്ദുൾ റഹ്മാൻ സാഹിബിന് അഭിമുഖീകരിക്കേണ്ടിവന്നത് മലബാറിലെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളെയായിരുന്നു. ഇതിനോടകം ശക്തിപ്രാപിച്ചിരുന്ന മസ്ലിംലീഗിന്റെ ഇന്ത്യാ വിഭജനവാദത്തെ അനുകൂലിക്കാത്തതിനാൽ അവരുടെ ശക്തമായ എതിർപ്പിനെ അദ്ദേഹത്തിനു നേരിടേണ്ടി വന്നു. എങ്കിലും തന്റെ നിലപാടിൽ ഉറച്ചുനിന്ന് നിന്ന് മത രാഷ്ട്രീയത്തിനും ദ്വിരാഷ്ട്ര വാദത്തിനുമെതിരെ പോരാടിയ അബ്ദുൾ റഹ്മാൻ സാഹിബിന് കേരളത്തിലെ മുസ്ലിംങ്ങൾ വലിയൊരു വിഭാഗത്തെ ദ്വിരാഷ്ട്ര വിഭജനം എന്ന കെണിയിൽ വീഴാൻ അനുവദിക്കാതെ തന്നെ തന്റെ പ്രവർത്തനങ്ങൾ കൊണ്ട് ദേശീയധാരയിൽ നിലനിർത്തുവാൻ കഴിഞ്ഞു.
മൗലാനാ ആസാദിന്റെ മാതൃക പിന്തുടര്‍ന്ന് സാഹിബും വിഭജന വിരുദ്ധ പക്ഷത്ത് നിലകൊണ്ടു. അതേസമയം കോണ്‍ഗ്രസ്സിന്റെ ചില രാഷ്ട്രീയ തീരുമാനങ്ങള്‍, നേരത്തേ ദേശീയ പ്രസ്ഥാനത്തോടൊപ്പം നിന്നിരുന്ന പല മുസ്ലിംങ്ങളെയും ലീഗിന്റെ വിഭജനാനുകൂല പാളയത്തിലേക്ക് തെളിച്ചതായി ഖിന്നതയോടെ സാഹിബ് കാണുന്നുണ്ടായിരുന്നു. മുമ്പ് ജയിലറകളില്‍ തങ്ങള്‍ക്ക് നമസ്‌കരിക്കാനും, അംഗശുദ്ധി വരുത്താനും, നമസ്‌കരിക്കാന്‍ പാകത്തില്‍ മാന്യമായ വസ്ത്രം ലഭ്യമാക്കാനും വേണ്ടി സമരം നയിച്ച അബ്ദുറഹ്മാന്‍ സാഹിബെന്ന മതഭ വിശ്വാസി, മുസ്ലീങ്ങള്‍ക്കായൊരു ഗേഹം എന്ന ആശയത്തെ എതിര്‍ക്കുന്നത് സാധാരണക്കാരായ മുസ്ലിംങ്ങള്‍ക്കു മനസ്സിലായതുമില്ല. അതിനാല്‍ തന്നെ, വിഭജന വിരോധിയും, അതിനാല്‍ തന്നെ ‘സമുദായ ഭ്രഷ്ടിനര്‍ഹനു’മായ അബ്ദുറഹ്മാന്, ഗോബാക്ക് വിളിക്കാനും, കറുപ്പുകൊടി കാണിക്കാനും, പല മുസ്ലിം സാധാരണക്കാരെയും രംഗത്തിറക്കാന്‍, മുസ്ലിം ലീഗിന്റെ പ്രമാണി നേതൃത്വത്തിനു കഴിഞ്ഞു.
മുസ്ലിം ലീഗിന്റെ ലാഹോര്‍ പ്രമേയം ആവശ്യപ്പെട്ട പോലെ ഇന്ത്യയുടെ കിഴക്കും പടിഞ്ഞാറുമുള്ള മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് മുസ്ലിം ഒള്‍ക്കായി ഒരു പ്രത്യേക രാജ്യം വാങ്ങിച്ചെടുക്കുന്നതില്‍, രാജ്യത്തിന്റെ തെക്കേയറ്റത്ത് സ്ഥിതി ചെയ്യുന്ന മാപ്പിളമാര്‍ക്കെന്ത് കാര്യം എന്നാലോചിക്കാന്‍ മലബാറിലെ ലീഗ് നേതൃത്വത്തിന് കഴിയുന്നില്ലല്ലോ എന്നതാണ് സാഹിബിനെ ഏറെ ദു:ഖിതനാക്കിയത്.
1945 ഒക്‌ടോബറില്‍ തലശ്ശേരിയിലും, മാങ്കാവിലും സാഹിബ് പങ്കെടുത്ത പൊതുയോഗങ്ങള്‍ വിഭജനാനുകൂലികളുടെ പ്രതിഷേധങ്ങളാല്‍ സംഘര്‍ഷഭരിതമായി. അബ്ദുറഹ്മാന്‍ ഗോ ബാക്ക്, അബ്ദുറഹ്മാന്റെ തലയെടുക്കും തുടങ്ങിയ പ്ലക്കാര്‍ഡുകളും പരസ്യപ്പലകകളും നിറഞ്ഞിരുന്നു. മാങ്കാവില്‍ വധഭീഷണികള്‍ക്ക് മുന്നില്‍ നിന്ന് സാഹിബ് പറഞ്ഞു:
”അബ്ദുറഹ്മാന്റെ തലയെടുക്കുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയിരിക്കുന്നു. എന്റെ തല ഇവര്‍ വിചാരിച്ചാല്‍ എടുക്കാന്‍ കഴിയുകയില്ല. അല്ലാഹു വിചാരിച്ചാല്‍ മാത്രമെ എന്റെ തലയെടുക്കാന്‍ കഴിയൂ. സര്‍വശക്തനായ അല്ലാഹു എന്റെ തലയെടുക്കാന്‍ തീരുമാനിച്ചാല്‍ എനിക്കോ അശക്തരായ ഇവിടെ കൂടിയ എന്റെ സഹോദരങ്ങള്‍ക്കോ എന്റെ തല ഉടലില്‍ വെച്ച് എനിക്ക് ജീവന്‍ നല്‍കാന്‍ സാധ്യമല്ല”.
പിന്നീട് കേരളത്തിലും തെക്കേ ഇന്ത്യ ഒട്ടാകെയും മുഴങ്ങിയത് മതസൗഹാർദത്തിനു വേണ്ടിയും സാമ്രാജ്യത്വത്തിനുമെതിരായ അണമുറിയാത്ത ആഹ്വാനമായിരുന്നു;ദ്വിരാഷ്ട്ര വാദത്തിനെതിരെയുള്ള സിംഹഗർജ്ജനമായിരുന്നു.
കേരള രാഷ്ട്രീയത്തിലെ ഒരു യുഗാന്ത്യം
1945ലെ റംസാൻ മാസത്തില്‍; മതിലകത്ത് വെച്ച് അബ്ദു റഹ്മാന്‍ സാഹിബിനെ പ്രസംഗിക്കാന്‍ അനുവദിക്കാതെ ദ്വിരാഷ്ട്ര വാദികളും രാഷ്ട്രീയ എതിരാളികളും ചേർന്ന് പൊതുയോഗം അലങ്കോലമാക്കിയത് മതിലകത്തെ രാഷ്ട്രീയസാംസ്‌കാരിക പ്രവര്‍ത്തകനായിരുന്ന അന്തരിച്ച പിഎംകാദര്‍ ഖേദപൂർവ്വം കുറിച്ചിട്ടുണ്ട്. അന്ന് വളരെ വികാരഭരിതനായ സാഹിബ്, ‘ഞാന്‍ വീണ്ടും വരും. അത് സ്വതന്ത്ര ഇന്ത്യയിലായിരിക്കും. അന്ന് നമുക്ക് വീണ്ടും കാണാം. ഇന്‍ശാ അളളാ’ എന്ന് പറഞ്ഞു കൊണ്ടാണ് അന്ന് പ്രസംഗവേദി വിട്ടത്.
എന്നാൽ സ്വാതന്ത്ര്യത്തിൻ്റെ വസന്തം വിടരുന്നത് കാണാൻ നിൽക്കാതെ 1945 നവംബര്‍ 23 ന് കൊടിയത്തൂരിലെ പൊതുയോഗത്തിലെ വർഗ്ഗീയതക്കെതിരെയുള്ള പ്രസംഗശേഷമുള്ള യാത്രയിൽ നാല്‍പ്പത്തി ഏഴാം വയസ്സില്‍ അദ്ദേഹം കുഴഞ്ഞു വീണു മരിക്കുകയായിരുന്നു. അങ്ങനെ അക്ഷരാർത്ഥത്തിൽ കേരള രാഷ്ട്രീയത്തിലെ ഒരു യുഗാന്ത്യം തന്നെയായിരുന്നു വീരപുത്രൻ്റെ മരണം.
