കോളം
ചികിത്സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയി
തിരുവനന്തപുരം: തുടര്‍ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക് പോയി. പുലര്‍ച്ചെ കുടുംബത്തോടൊപ്പമാണ് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് യാത്ര തിരിച്ചത്. ദുബായ് വഴിയാണ് യാത്ര.
മയോ ക്ലിനിക്കില്‍ പത്തു ദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും. പകരം ചുമതല പതിവുപോലെ ആര്‍ക്കും നല്‍കിയിട്ടില്ല. ആരോഗ്യമേഖലയിലെ വിവാദങ്ങളില്‍ സര്‍ക്കാര്‍ വലിയ വിമര്‍ശനം നേരിടുമ്പോഴുള്ള മുഖ്യമന്ത്രിയുടെ അമേരിക്കന്‍ യാത്രയ്‌ക്കെതിരെ പ്രതിപക്ഷത്തെ ചില നേതാക്കള്‍ ഇതിനകം വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.
അതേസമയം, ആരോഗ്യ രംഗത്ത് കേരളം ഒന്നാം സ്ഥാനത്താണെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോള്‍ മുഖ്യമന്ത്രി ചികിത്സക്ക് വിദേശത്തേക്ക് പോകുന്നതിനെ വിമര്‍ശിച്ച് എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി. രംഗത്തെത്തി. സാധാരണക്കാര്‍ ആശ്രയിക്കുന്ന പൊതുജനാരോഗ്യ കേന്ദ്രങ്ങള്‍ ഇടിഞ്ഞു വീഴുമ്പോള്‍ മുഖ്യമന്ത്രി വിദഗ്ധ ചികിത്സയ്ക്ക് അമേരിക്കയ്ക്ക് പോകുകയാണെന്ന് എം.പി കുറ്റപ്പെടുത്തി. മുഖ്യമന്ത്രി വിദേശത്തേക്ക് ചികിത്സയ്ക്ക് പോകുന്നതില്‍ തെറ്റില്ലെന്നും പക്ഷേ ആരോഗ്യ രംഗത്ത് കേരളം ഒന്നാം സ്ഥാനത്താണെന്ന അവകാശവാദം ഉന്നയിക്കരുതെന്നും പ്രേമചന്ദ്രന്‍ തുറന്നടിച്ചു.
